15 September 2019

ഭക്ത ഹനുമാൻ - ഭാഗം - 07

ഭക്ത ഹനുമാൻ

ഭാഗം - 07

ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത, ദുഷ്കരമായ സൈനികവ്യൂഹമാണ് രാവണഗൃഹം കാത്തുരക്ഷിക്കുന്നത്. പലതരത്തിലുള്ള പല്ലക്കുകൾ, വിചിത്രങ്ങളായ വള്ളിക്കുടിലുകൾ, ദീനന്മാർക്ക് വിശ്രമിക്കാനുള്ള മനോഹരഹർമ്മ്യങ്ങൾ എന്നിവയൊക്കെ രാവണന്റെ അരമനയ്ക്ക് ഗാംഭീര്യം പകരുന്നു. തനി തങ്കം കൊണ്ട് നിർമ്മിച്ച പള്ളിക്കട്ടിലുകളും സിംഹാസനങ്ങളും കൊണ്ട് ആ കൊട്ടാരം പ്രശോഭിക്കുന്നു. ഇങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാത്ത വിശേഷങ്ങളോടുകൂടിയ രാവണകൊട്ടാരത്തിൽ സീതാദേവിയെ തന്നെ മനസ്സിൽ പ്രതിഷ്ഠിച്ച് പ്രവേശിച്ച മാരുതി ആശ്ചര്യകരമായ ഒരു കാഴ്ച്ച കണ്ടു.

ദേവേന്ദ്രന്റെ അമരാപുരിയിൽപ്പോലും കാണാത്ത തരത്തിലുള്ള ഉജ്ജ്വലകാന്തിയോടു കൂടിയ രത്നങ്ങൾ പതിച്ച, രാജഹംസങ്ങൾ വഹിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന, കലാമൂല്യമുള്ള ചിത്രപ്പണികളെക്കൊണ്ട് അലംകൃതമായ പുഷ്പകവിമാനം. അത്യുഗ്രതപസ്സിനാൽ ലഭിച്ച ശക്തികൊണ്ട് തന്റെ സഹോദരനായ കുബേരനെ തോൽപ്പിച്ച് രാവണൻ കരസ്ഥമാക്കിയതാണ് പുഷ്പകവിമാനം. പുഷ്പകവിമാനം സ്വയംഭൂവാണ്. അതിനെ ആർക്കും നശിപ്പിക്കാനോ തടുക്കാനോ കഴിയില്ല. മനോഗതിക്കനുസരിച്ച് സഞ്ചരിക്കുന്നതും, കൊടുങ്കാറ്റിന്റെ വേഗതയുള്ളതും, അനശ്വരയശസ്സ് അക്ഷയധനം എന്നിവ സമ്പാദിച്ച മഹാശയന്മാർക്ക് എത്ര പേർക്ക് വേണമെങ്കിലും ഇരിക്കാൻ കഴിയുന്നതുമാണ് ഈ അതിശയയാനം. അങ്ങിനെയുള്ള പുഷ്പകവിമാനത്തെ കപിവര്യനായ ശ്രീഹനുമാൻ സമീപത്ത് ചെന്ന് കൗതുകത്തോടെ വീക്ഷിച്ച് സാദരം വന്ദിച്ചു.

ത്രികൂടപർവ്വതത്തിന്റെ മുകൾപ്പരപ്പിൽ കുബേരനുവേണ്ടി വിശ്വകർമ്മാവ് സുന്ദരമായ ലങ്കാനഗരം പണിതുകൊടുത്തു. കുബേരൻ സകലരാലും സമാരാദ്ധ്യനായി അവിടെ കഴിഞ്ഞുകൂടുന്ന ഘട്ടത്തിൽ ഒരിക്കൽ അദ്ദേഹം പുഷ്പകവിമാനത്തിൽ കയറി ആകാശത്തിലൂടെ യാത്ര ചെയ്തു. ഇത് രാവണന്റെ മാതാവായ കൈകസി കണ്ടു. അസൂയ കൊണ്ട് കൈകസി രാവണനെ അടുത്തു വിളിച്ച് ലങ്ക എങ്ങനെയെങ്കിലും തട്ടിയെടുക്കണമെന്ന് ഉപദേശിച്ചു. രാവണൻ അനുജന്മാരുമൊരുമിച്ച് ഹിമാലയത്തിൽ പോയി തപസ്സ് ചെയ്യുകയും പരമശിവനിൽ നിന്ന് വരങ്ങൾ സമ്പാദിക്കുകയും ചെയ്തു. അതിനു ശേഷം രാവണൻ വരബലത്താൽ ജൈത്രയാത്ര നടത്തുകയും കുബേരനെ ലങ്കയിൽനിന്ന് ആട്ടിപ്പായിച്ച് അതിനെ സ്വന്തം രാജധാനിയാക്കുകയും ചെയ്തു. പാതാളവാസികളായ രാക്ഷസരെ മുഴുവൻ രാവണൻ ലങ്കയിൽ കൊണ്ടുവന്ന് പാർപ്പിച്ചു.

ഇങ്ങനെയുള്ള അത്യത്ഭുതകരമായ ലങ്കയിലെത്തിയ ഹനുമാന് പോലും അതാണ് സ്വർഗ്ഗമെന്ന് തോന്നിപ്പോയി. പക്ഷെ അടുത്ത ക്ഷണം തന്നെ മാരുതിയുടെ ഹൃദയം വ്യസനഭരിതമായി. ഇത്രയേറെ വീടുകളിൽ സസൂക്ഷ്മം നോക്കിയിട്ടും സീതാദേവിയെ മാത്രം കാണുന്നില്ല. മഹാനുഭാവനായ ഹനുമാൻ ദേവിയെ കാണാത്തതിൽ അതീവ ദുഃഖിതനായിത്തീർന്നു.

രാവണരാജധാനിയിൽ എല്ലാവരും ആലസ്യത്തോടെ ഗാഢനിദ്രയിലാണ്ട് കിടക്കുകയാണ്.  പവനസുതനാകട്ടെ നിദ്രാവിഹീനനായി സീതാദേവിയെ അന്വേഷിച്ച് അന്തഃപുരങ്ങൾ തോറും  തിരഞ്ഞുനടന്നു. അങ്ങിനെ ഓരോന്നായി ശ്രദ്ധയോടു കൂടി നോക്കി നടക്കുന്നതിനിടയിൽ ഒരിടത്ത് ദിവ്യരത്നങ്ങൾ പതിച്ച ഒരു പളുങ്ക്കട്ടിൽ കണ്ടു. ആനക്കൊമ്പുകളാലും കനകം കൊണ്ടും നിർമ്മിച്ച വിചിത്രരൂപങ്ങൾ ആ കട്ടിലിനെ അലങ്കരിച്ചിരുന്നു. വൈഡൂരും കൊണ്ടുള്ള മാലകൾ അണിഞ്ഞ, പൂർണ്ണചന്ദ്രന് തുല്യമായ വെൺകൊറ്റക്കുട ആ ശയ്യയെ അലങ്കരിച്ചിരുന്നു. സുഗന്ധദ്രവ്യങ്ങൾ പൂശിയ പട്ടുമെത്തയിൽ മഹാബാഹുവും, ഉജ്വലമായ മണികുണ്ഡലങ്ങൾ അണിഞ്ഞവനും, കാമരൂപനും, സുന്ദരനും, മധുപാനം കൊണ്ട് മയങ്ങിയവനുമായ മഹാശയൻ വീരലങ്കേശ നായ രാവണനാണെന്ന് മഹാവീരനും രാമഭക്തനുമായ മാരുതിക്ക് ഗ്രഹിക്കാൻ പ്രയാസമുണ്ടായില്ല.

ആ അന്തഃപുരത്തിൽ രാവണന് ചുറ്റും പട്ടുമെത്തയിലും മറ്റുള്ളിടത്തും പ്രിയ പത്നിമാർ കിടക്കുന്നുണ്ട്. അവരിൽ വിശേഷപ്പെട്ട കർണ്ണാഭരണങ്ങൾ അണിഞ്ഞവരുണ്ട്, വാടാമല്ലിപ്പൂമാല ധരിച്ചവരുണ്ട്, നൃത്തക്കാരികളുണ്ട്, വാദ്യവിദഗ്ദ്ധകളുണ്ട്. ഈ അസുരതരുണികളെല്ലാം ലങ്കാധിപന്റെ മടിയിലും ചുറ്റുപാടും വീണുറങ്ങുകയാണ്.

ഇങ്ങനെ കിടക്കുന്ന മദവിവശകളായ തരുണീമണികളിൽ നിന്ന് അൽപ്പം മാറി പ്രൗഢമായൊരു പള്ളിമഞ്ചത്തിൽ ഒറ്റയ്ക്ക് ശയിക്കുന്ന അതീവസുന്ദരിയായ ഒരു കൃശഗാത്രി കപീശ്വരന്റെ ദൃഷ്ടിയിൽപ്പെട്ടു. അതുല്ലരൂപസൗഭാഗ്യമുള്ള ആ സുന്ദരീരത്നത്തെ കണ്ടപ്പോൾ ഹനുമാന്റെ ഹൃദയം മന്ത്രിച്ചു. "സാക്ഷാൽ സീതാദേവി തന്നെ".

അത് യഥാർത്ഥത്തിൽ രാവണന്റെ അന്തഃപുര നായികയും പട്ടമഹിഷിയുമായ മണ്ഡോദരിയായിരുന്നു. പക്ഷെ വിഭ്രമം ബാധിച്ചവനെപ്പോലെ മാരുതി മണ്ഡോദരിയെ കണ്ട് സീതാദേവിയാണെന്ന് കരുതുകയും, അടക്കാൻ കഴിയാത്ത തരത്തിൽ ആനന്ദവിവശനാവുകയും ചെയ്തു. വാനരചാപല്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും കുതിച്ചുചാടുകയും, തുണിന്മേൽ കയറുകയും നിലത്തേക്ക് ചാടുകയും മറ്റും ചെയ്തു.

വാനരനാണെങ്കിലും ഹനുമാൻ അതീവബുദ്ധിമാനാണ്. വിവേകശാലിയാണ്. സത്വഗുണപ്രധാനിയാണ്. താൻ സീതാദേവിയാണെന്ന് കരുതിയ സുന്ദരി സത്യത്തിൽ ദേവി തന്നെയാണോ!? ശ്രീരാമസ്വാമിയെ പിരിഞ്ഞിരിക്കുന്ന സീതാദേവി ഉറങ്ങുമോ? ഭക്ഷണം കഴിക്കുമോ? ഒരിക്കലുമില്ല. ജലപാനം പോലും ചെയ്യില്ല. ആഭരണങ്ങൾ അണിയാൻ ദേവിക്ക് കഴിയില്ല. ദേവേന്ദ്രന്റെ അമരാപുരിയാണെങ്കിൽപ്പോലും ദേവി രാമനെക്കൂടാതെ അകത്ത് പ്രവേശിക്കുകയില്ല. തീർച്ചയായും ഈ കിടക്കുന്നത് വൈദേഹീദേവിയല്ല. വേറെയേതോ കുലീനസ്ത്രീയാണ്. ഇങ്ങനെ നിശ്ചയിച്ച് വീണ്ടും സീതാദേവിയെ അന്വേഷിക്കാൻ തുടങ്ങിയ ആഞ്ജനേയന്റെ മനസ്സ് പൊടുന്നനെ താൻ എന്തോ അധർമ്മം ചെയ്തുപോയി എന്ന ശങ്കയാൽ മ്ലാനമായി.

ഹനുമാന്റെ ആത്മഗതം ഇങ്ങനെയായിരുന്നു. "മതിമറന്നുറങ്ങിക്കിടക്കുന്ന പരദാരങ്ങളെയാണ് ഞാൻ നോക്കിക്കണ്ടത്. അത് ശരിയല്ല; അതൊരു ധർമ്മച്യുതി തന്നെ".

പക്ഷെ ഒന്ന് വിചിന്തനം ചെയ്തപ്പോൾ മാരുതി ഓർത്തു. "എന്റെ കാര്യത്തിൽ ഈ പ്രവൃത്തി അധർമ്മമാണെന്ന് പറയാമോ? രാവണന്റെ അന്തപ്പുരത്തിൽ നിശ്ശങ്കം ഉറങ്ങിക്കൊണ്ടിരുന്ന  ഒട്ടേറെ രാക്ഷസസ്ത്രീകളെ ഞാൻ കണ്ടു എന്നത് സത്യം. ഒരു വൈദേഹിയെ അന്വേഷിച്ചു പുറപ്പെട്ട ഞാൻ മറ്റെവിടെ പോകണമായിരുന്നു? സ്ത്രീകളുടെ കൂട്ടത്തിലല്ലേ സ്ത്രീയെ തിരയാൻ പറ്റൂ? മനുഷ്യസ്ത്രീയെ തിരയാൻ മാൻകൂട്ടത്തിൽ പോയിട്ട് എന്ത് കാര്യം? എന്തായാലും സകല ഇന്ദ്രിയങ്ങളും പ്രവർത്തിക്കുന്നത് മനസ്സ് മൂലമല്ലേ? ശുഭാശുഭാവസ്ഥകളിൽ അത് പാളം തെറ്റാതിരുന്നാൽ പോരേ? എന്റെ മനസ്സിലാണെങ്കിൽ ഒരു വൈകൃതവും പൊട്ടി വിരിഞ്ഞില്ല. എനിക്കതുമതി".

ഹനുമാന്റെ മനസ്സ് വിവിധചിന്തകളുടെ വിഹാരരംഗമായിരിക്കുന്നു. മാരുതി വീണ്ടും ആലോചനാമഗ്നനായി. "ഈ അന്തഃപുരം മുഴുവൻ ഞാൻ കണ്ടു. ലങ്കേശന്റെ പത്നിമാരെയെല്ലാം ശ്രദ്ധിച്ചു. സീതാദേവിയെ മാത്രം കണ്ടില്ല. എന്റെ ശ്രമമെല്ലാം വിഫലമായോ? ഇനി ദേവി മരിച്ചുപോയിരിക്കുമോ? ദുഷ്ട രാക്ഷസർ വൈദേഹിയെ വധിച്ചിരിക്കുമോ?  തിരികെ പോയാൽ എന്നെക്കാത്തിരിക്കുന്ന വാനരന്മാരോട് ഞാനെന്ത് പറയും?"

ഇങ്ങനെ ചിന്തിച്ചിരിക്കവേ, ഉത്തരക്ഷണത്തിൽ ആ വാനരവീരന്റെ ആത്മവിശ്വാസം വീണ്ടും ഉണർന്നു കഴിഞ്ഞു. "സർവ്വവിധത്തിലുമുള്ള ഐശ്വര്യങ്ങൾക്കും ബീജമായിട്ടുള്ളത് സ്ഥിരോൽസാഹമാണ്. ഒരിക്കലും ഇച്ഛാഭംഗമില്ലാതിരിക്കുന്നതാണ് ഉത്തമസുഖം. ഇച്ഛാഭംഗമില്ലാതിരിക്കുന്നവന്റെ ഏതൊരു പ്രവൃത്തിയും സഫലമായിത്തീരും". രാവണന്റെ അധീനതയിലുള്ള എല്ലാ സ്ഥലങ്ങളിലും ദേവിയെ അന്വേഷിക്കാൻ ആഞ്ജനേയൻ നിശ്ചയിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിലും വായുതനയന്റെ മനസ്സ് കാറ്റിലിളകുന്ന ദീപം പോലെ ചഞ്ചലമായിക്കൊണ്ടിരുന്നു. സീതാന്വേഷണത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പക്ഷിരാജൻ സമ്പാതിയെ കണ്ടതും, സമ്പാതി പറഞ്ഞ കാര്യങ്ങളും പെട്ടെന്ന് ആഞ്ജനേയൻ ഓർത്തു.

ജടായുവിന്റെ ശേഷക്രിയകള്‍ക്കു ശേഷം പക്ഷിരാജനായ സമ്പാതി സ്വസ്ഥാനത്ത് തിരിച്ചെത്തി. മറുകരകാണാനാവാതെ പരന്നു കിടക്കുന്ന സമുദ്രത്തിലേക്ക് കണ്ണു പായിച്ചു. അതിനു ശേഷം  വാനരനായകന്മാരോട് സംസാരിച്ചു തുടങ്ങി. "വാനരപ്രവരരേ, ദക്ഷിണ സമുദ്രത്തില്‍ സുവേലം എന്നൊരു മഹാഗിരി വലിയൊരു ദ്വീപായി സ്ഥിതി ചെയ്യുന്നുണ്ട്. അതിന്റെ ഉന്നതതലം അണ്ഡാകൃതിയില്‍ കാണാം. അതാണ് ലങ്ക. അതിന്റെ മധ്യത്തിലാണ് രാവണരാജധാനി. അതിന്റെ അന്തഃപുരത്തിന് സമീപം അശോകോദ്യാനം. അതിലുള്ള ശിംശിപാ വൃക്ഷച്ചുവട്ടില്‍ ദേവിയിരിപ്പുണ്ട്. നിങ്ങള്‍ക്കെന്നെ വിശ്വസിക്കാം. നിങ്ങള്‍ തിരികെപ്പോയി രാമനെ ഈ വിവരമറിയിക്കുക. അല്ലെങ്കില്‍ അതുവേണ്ട. ദേവിയെ ആശ്വസിപ്പിച്ച് തിരിച്ചു വന്ന് കാര്യങ്ങള്‍ ദേവനെ ഗ്രഹിപ്പിക്കുക. അദ്ദേഹത്തിന് അതോടെ വിശ്വാസവും ആശ്വാസവുമാകും."

ജീവന്‍ പ്രാപ്‌നോതി ഭദ്രകം
തസ്മാത് പ്രാണന്‍ ധരിഷ്യാമി

ജീവിക്കുന്നവര്‍ക്കല്ലെ മംഗളം വരൂ? അതിനാല്‍ ജീവിക്കാം.

ദേവിയെ കണ്ടെത്തുക എന്ന ലക്ഷ്യം നിറവേറ്റണം. കണ്ടെത്തുന്ന മാത്രയില്‍ സീതാപതിയെ അറിയിക്കണം. ഹനുമാന്റെ ബുദ്ധിയുണര്‍ന്നു. സമ്പാതിയുടെ വാക്കുകൾ വീണ്ടും ഓർത്തു. അതേ മാത്രയില്‍ ഹനുമാന്റെ ശ്രദ്ധ ഒട്ടകലെയുള്ള അശോകവനികയിലേക്ക് പതിഞ്ഞു. ആ അശോക മലര്‍ക്കാവില്‍ താന്‍ ദേവിയെ അന്വേഷിച്ചില്ലല്ലോ. അശേകം എന്നാൽ ശോകമില്ലാത്ത അവസ്ഥ.  എന്നിലെ ശോകം തുടച്ചുമാറ്റാന്‍ ആ അശോകവനികയ്ക്കാവില്ലെന്ന് ആര്‍ക്ക് പറയാനാകും? അങ്ങനെയാണ് അതിന്റെ പേര് അന്വര്‍ത്ഥമാകുന്നതെങ്കിലോ? ആ ചിന്ത മനസ്സില്‍ അങ്കുരിച്ച നിമിഷം ഹര്‍ഷത്തിന്റെ ഒരു കുളിര് ദേഹമാസകലം പടര്‍ന്നുവെന്ന് തോന്നി.

അത്യുത്സാഹത്തോടെ ഹനുമാൻ എഴുന്നേറ്റ് നിന്നു. കൈകൂപ്പി കണ്ണുകളടച്ച് ധ്യാനിച്ചു.

നമോസ്തു രാമായ സലക്ഷ്മണായ
ദേവ്യൈ ച തസ്യൈ ജനകാത്മജായൈ
നമോസ്തു രുദ്രേന്ദ്രയമാനിലേഭ്യോ
നമോസ്തു ചന്ദ്രാർക്കമരുത്ഗണേഭ്യഃ

ശ്രീ രാമചന്ദ്രപ്രഭോ, വിനീതനായ ഈ ദാസൻ നമസ്കരിക്കുന്നു. സുമിത്രാനന്ദനനായ ലക്ഷ്മണകുമാരാ, ഞാൻ സവിനയം നമസ്കരിക്കുന്നു. ജനകരാജർഷി സുതയായ ദേവി, അടിയനിതാ നമസ്കരിക്കുന്നു. ദേവദേവനായ രുദ്രനെയും അമരാധിപനായ ഇന്ദ്രനെയും വിശ്വവ്യാപിയായ പിതാവ് അനിലദേവനെയും ശ്രീരാമദൂതനായ ഞാൻ ഭക്തിപൂർവ്വം പ്രണമിക്കുന്നു. കർമ്മസാക്ഷികളായ ചന്ദ്രൻ ആദിത്യൻ മരുത്തുക്കൾ എന്നീ ദേവന്മാരെയും വായുപുത്രനായ ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നു.

ലങ്കാധിപന്റെ അരമനയിൽ നിന്ന് പുറത്തേക്ക് ചാടിയ ഹനുമാൻ ഞാൺവിട്ട ശ്രീരാമബാണം പോലെ അശോകവനികയിലേക്ക് അതിദ്രുതം എത്തിച്ചേർന്നു...

തുടരും........

No comments:

Post a Comment