7 August 2019

ഉണ്ണായിവാര്യര്‍

ഉണ്ണായിവാര്യര്‍

സുപ്രസിദ്ധമായ നളചരിതം ആട്ടക്കഥയുടെ രചയിതാവായ പ്രശസ്‌ത കേരളീയ കവി. ഇദ്ദേഹത്തിന്റെ ജീവിതകാലം, യഥാര്‍ഥനാമം, സാഹിത്യകൃതികള്‍ എന്നിവയെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ സാഹിത്യചരിത്രകാരന്മാര്‍ക്കിടയില്‍ നിലനില്‌ക്കുന്നു.

കുടുംബപ്പേര്‌ "അകത്തൂട്ട്‌ വാരിയം' എന്നാണെന്നും പാരമ്പര്യമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിലെ മാലകെട്ടാണ്‌ ഇദ്ദേഹത്തിന്റെ കുലത്തൊഴില്‍ എന്നും ചില പണ്ഡിതന്മാര്‍ പരാമര്‍ശിക്കുന്നുണ്ട്‌.

ഇദ്ദേഹത്തിന്റെ യഥാര്‍ഥപേര്‌ രാമന്‍ എന്നായിരുന്നുവെന്നും രാമന്‍, ഉണ്ണിരാമന്‍, ഉണ്ണാമന്‍, ഉണ്ണാമി, ഉണ്ണാവി, ഉണ്ണായി എന്നിങ്ങനെ പല പദപരിണാമങ്ങളും സംഭവിച്ച്‌ ഒടുവില്‍ ഉണ്ണായി എന്നായിത്തീര്‍ന്നുവെന്നും ഉള്ളൂര്‍ പ്രസ്‌താവിക്കുന്നു.

ഉണ്ണായിവാര്യര്‍ കാവ്യനാടകാദികളില്‍ ഉപരിപഠനത്തിനായി കുറേക്കാലം തമിഴ്‌നാട്ടില്‍ താമസിച്ചിരുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ രചയിതാവ്‌ രാമപുരത്തുവാര്യര്‍ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നുവെന്നു വാദിക്കുന്ന സാഹിത്യചരിത്രകാരന്മാരുണ്ട്‌.

ഉണ്ണായിവാര്യരും കുഞ്ചന്‍ നമ്പ്യാരും തമ്മില്‍ നടത്തിയിട്ടുള്ളതായി പ്രചരിക്കപ്പെടുന്ന കാതിലോല-നല്ലതാളി, കരികലക്കിയകുളം-കളഭം കലക്കിയ കുളം തുടങ്ങിയ നര്‍മോക്തി പ്രത്യുക്തികളുടെ കഥയും ഇക്കൂട്ടത്തില്‍പ്പെടുന്നു.

കൊച്ചി മഹാരാജാവിനെ ആശ്രയിച്ചു കഴിഞ്ഞ കാലത്താണ്‌ നളചരിതം നാലു ദിവസത്തെ കഥകളും ഉച്ചായി രചിച്ചതെന്നും പറയപ്പെടുന്നു.

പിന്നീട്‌ വാര്യര്‍ തിരുവനന്തപുരത്തുചെന്ന്‌ മാര്‍ത്താണ്ഡവര്‍മയെയും കാര്‍ത്തികതിരുനാളിനെയും മുഖംകാണിക്കുകയും ഇവരെ ആശ്രയിച്ച്‌ രാജസഭാംഗമായി ഇവിടെ വസിക്കുകയും ചെയ്‌തു.

കൊ.വ. 927-ാമാണ്ട്‌ (1752 എ.ഡി.) മീനമാസത്തില്‍ തിരുവനന്തപുരം ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍, നളചരിതം രണ്ടാം ദിവസം അരങ്ങേറിയതായി കൊട്ടാരം വക ഗ്രന്ഥവരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇത്‌ വാര്യരുടെ കാലനിര്‍ണയത്തിനുതകുന്ന തെളിവായി സ്വീകരിക്കാവുന്നതാണ്‌.

ഉണ്ണായിവാര്യരുടെ അത്യുത്‌കൃഷ്‌ടകൃതിയാണ്‌ നളചരിതം ആട്ടക്കഥ. ഇദ്ദേഹം നാലുഭാഗങ്ങളില്‍ രചിച്ച നളചരിതം എക്കാലത്തെയും മികച്ച ആട്ടക്കഥയാണ്‌. ഭാഷയിലുള്ള തഴക്കം, നാടകാഭിരുചി, നൃത്ത-സംഗീതജ്ഞാനം, മനുഷ്യമനഃശാസ്‌ത്രമറിയാനുള്ള കഴിവ്‌ എന്നിവ ഉണ്ണായിയെ അതുല്യനാക്കി.

മഹാഭാരതത്തിലെ (ആരണ്യപര്‍വത്തിലെ അധ്യായം 52 മുതല്‍ 79 വരെ) ഒരു കഥയെ ആസ്‌പദമാക്കിയാണ്‌ നളചരിതം തയ്യാറാക്കിയത്‌. ആരണ്യപര്‍വത്തിലെ നളകഥ ദൃശ്യകാവ്യത്തിനനുയോജ്യമായ രീതിയില്‍ ചിട്ടപ്പെടുത്തിയാണ്‌ ഇദ്ദേഹം ആട്ടക്കഥ രചിച്ചത്‌. ഭാവാഭിനയ പ്രധാനമായ കഥകളിയില്‍ രസാഭിനയത്തിനുള്ള സാധ്യതകള്‍ ഉള്‍പ്പെടുത്തി. ആദിമധ്യാന്തങ്ങളോടുകൂടിയ ലക്ഷണയുക്തമായ ഇതിവൃത്തം, ധീരോദാത്ത നായകന്‍, രസസംയോജനം എന്നിങ്ങനെ നാടകലക്ഷണങ്ങള്‍ ഒത്തിണക്കി കഥകളിയെന്ന കലാരൂപത്തെ നാടകത്തിന്റെ സീമയിലേക്കുയര്‍ത്തുക എന്ന മഹത്തായ കൃത്യം ഇദ്ദേഹം നിര്‍വഹിച്ചു.

രാമപഞ്ചശതി (സംസ്‌കൃതം)യും ഗിരിജാകല്യാണം കിളിപ്പാട്ടും ഉച്ചായിയുടേതാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്‌. സുഭദ്രാഹരണം ആട്ടക്കഥയും ഉണ്ണായിയുടേതായിരിക്കാം എന്ന്‌ ഉള്ളൂര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

വടക്കുംനാഥനെപ്പറ്റി ഇദ്ദേഹം രചിച്ച ചില സ്‌ത്രാതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്‌. നളചരിതത്തിനു കാന്താരതാരകം എന്ന വിഖ്യാതമായ വ്യാഖ്യാനം രചിച്ച ഏ.ആര്‍. രാജരാജവര്‍മ നളചരിതം ആട്ടക്കഥയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു. സംഗീത സാഹിത്യങ്ങള്‍ രണ്ടും ഒന്നുപോലെ നയിക്കാവുന്നതിനാലുള്ള സര്‍വതോന്മുഖത, പ്രകൃതിസിദ്ധമായ ഗാംഭീര്യം, ആലോചിക്കുന്തോറും അവസാനിക്കാതെ നീണ്ടുപോകുന്ന വ്യംഗ്യാര്‍ഥബാഹുല്യം, പ്രയോഗവൈചിത്ര്യങ്ങളാലുള്ള വ്യുത്‌പാദകത, എല്ലാ വിഷയത്തിലുമുള്ള ക്ഷോഭക്ഷമത - എന്നിവ ഈ രചനയെ മണിപ്രവാളകൃതികളില്‍ പ്രഥമഗണനീയമാക്കിയിരിക്കുന്നു.

ഇരിങ്ങാലക്കുടയില്‍ കഥകളി അഭ്യസിപ്പിക്കുന്ന കലാനിലയമായി ഉണ്ണായി സ്‌മാരകം പ്രവര്‍ത്തിച്ചുവരുന്നു.

No comments:

Post a Comment