എന്താണ് ചാതുര്‍വര്‍ണ്യം ?
ചാതുര്‍വ്വര്‍ണ്യം മയാ സൃഷ്ടം
ഗുണകര്‍മ്മ വിഭാഗശഃ
(ഗുണകര്‍മ്മവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ചാതുര്‍വ്വര്‍ണ്യം എന്നാല്‍ സൃഷ്ടിക്കപ്പെട്ടു
ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉപയോഗിക്കുന്ന ഭഗവത്ഗീതയിലെ വരികളാണിവ. അനുകൂലിക്കുന്നവര്‍ ആദ്യത്തെ ഒരു വരി മാത്രമേ പറയൂ. എതിര്‍ക്കുന്നവര്‍ രണ്ടുവരികളും പറയും എന്നൊരു വ്യത്യാസം മാത്രം. ഗുണവും കര്‍മ്മവും അനുസരിച്ചാണ് ആളുകളെ നാലായി തരംതിരിക്കുന്നത് എന്ന് മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ. അല്ലാതെ ഒരു വിഭാഗത്തെ മുഴുവന്‍ ഒരു പ്രത്യേകജാതിയായി തരംതിരിച്ച് സൃഷ്ടിക്കുന്നു എന്ന് പറഞ്ഞിട്ടില്ല.
എന്തൊക്കെയാണ് ആ നാല് വര്‍ണ്ണങ്ങള്‍ ?
1. ബ്രാഹ്മണന്‍
2. ക്ഷത്രിയന്‍
3. വൈശ്യന്‍
4. ശൂദ്രന്‍
എന്നിങ്ങനെ നാലാണ് അവ.
ഹിന്ദുപ്രമാണങ്ങളെ ആസ്പദമാക്കി അവ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണെന്നും നോക്കാം..
ആദൗ കൃതയുഗേ വര്‍ണ്ണോ
നൃണാം ഹംസ ഇതി സ്മൃതഃ’ (ഭാഗവതം)
അര്‍ത്ഥം: ആദിയില്‍ കൃതയുഗത്തില്‍ മനുഷ്യര്‍ എല്ലാവരും ഹംസന്മാര്‍ എന്നു പറയപ്പെടുന്ന ഒരു വര്‍ണ്ണം മാത്രമായിരുന്നു.
ന വിശേഷോസ്തി വര്‍ണ്ണാനാം
സര്‍വ്വം ബ്രഹ്മമിദം ജഗദ്’ (മഹാഭാരതം)
അര്‍ത്ഥം: വര്‍ണ്ണഭേദംകൂടാതെ ലോകം ഒരേ ജാതിയായിരുന്നു.
ത്രേതായുഗേ ഭിന്നധിയോ’ (ഭാഗവതം)
അര്‍ത്ഥം: ത്രേതായുഗത്തില്‍ (മനുഷ്യര്‍) വിപരീതബുദ്ധികളായി ഭവിച്ചു.
‘ബ്രഹ്മണാ പൂര്‍വ്വസൃഷ്ടം ഹി
കര്‍മ്മഭിര്‍വര്‍ണ്ണതാം ഗതം’ (മഹാഭാരതം)
അര്‍ത്ഥം: ബ്രഹ്മാവിനാല്‍ പണ്ട് (എല്ലാ മനുഷ്യരും) സൃഷ്ടിക്കപ്പെട്ടു. കര്‍മ്മംകൊണ്ട് (പല) വര്‍ണ്ണങ്ങളെ പ്രാപിച്ചു.
കര്‍മ്മക്രിയാ വിശേഷേണ
ചാതുര്‍വ്വര്‍ണ്യം പ്രതിഷ്ഠിതം’ (ഗായത്രീതന്ത്രം)
അര്‍ത്ഥം: കര്‍മ്മങ്ങളുടെ ഭേദഗതികൊണ്ട് ചാതുര്‍വ്വര്‍ണ്യം പ്രതിഷ്ഠിക്കപ്പെട്ടു.
കാമ ഭോഗപ്രിയസ്തീക്ഷ്ണാഃ ക്രോധനാഃ പ്രിയസാഹസാഃ
ത്യക്തസ്വധര്‍മ്മരക്താംഗാഃ തേ ദ്വിജാഃ ക്ഷത്രതാം ഗതാഃ’
അര്‍ത്ഥം: വിഷയസുഖത്തില്‍ ഇച്ഛയോടുകൂടിയവരും സാഹസത്തില്‍ പ്രിയമുള്ളവരും കോപിഷ്ഠന്മാരും ആയി സ്വധര്‍മ്മങ്ങളെ വിട്ടു രജോഗുണത്തോടിരുന്ന ബ്രാഹ്മണര്‍ ക്ഷത്രിയരായി ഭവിച്ചു.
ഗോഭ്യോ വൃത്തിം സമാസ്ഥായ പീതാ കൃഷ്ട്യുപജീവിനഃ
സ്വധര്‍മ്മാന്നാനുതിഷ്ഠന്തി തേ ദ്വിജാ വൈശ്യതാം ഗതാഃ’
അര്‍ത്ഥം: പശുപാലനവും ഉഴവും തന്റെ വൃത്തിയായിട്ടു വച്ചുകൊണ്ടു രജോഗുണവും തമോഗുണവും ഉള്ളവരായി സ്വധര്‍മ്മത്തെ ത്യജിച്ചവരായ ബ്രാഹ്മണര്‍ വൈശ്യരായി ഭവിച്ചു.
ഹിംസാനൃതക്രിയാലുബ്ധാഃ സര്‍വ്വകര്‍മ്മോപജീവിനഃ
കൃഷ്ണാശ്ശൗചപരിഭ്രഷ്ടാസ്‌തേ ദ്വിജാഃ ശൂദ്രതാം ഗതാഃ’ (മഹാഭാരതം)
അര്‍ത്ഥം: ‘കൊലയും കളവും പ്രവര്‍ത്തിക്കുന്നവരും ലോഭികളും ഉപജീവനത്തിന് എന്തു കര്‍മ്മത്തേയും അനുഷ്ഠിക്കാന്‍ മടിയില്ലാത്തവരും തമോഗുണശീലന്മാരും ശൗചമില്ലാത്തവരും പരിഭ്രഷ്ടന്മാരുമായ ബ്രാഹ്മണര്‍ ശൂദ്രരായിത്തീര്‍ന്നു.’
ന വിശേഷോസ്തി വര്‍ണ്ണാനാം
സര്‍വ്വം ബ്രഹ്മമിദം ജഗത്
ബ്രഹ്മണാ പൂര്‍വ്വസൃഷ്ടം ഹി
കര്‍മ്മണാ വര്‍ണ്ണതാം ഗതം’ (മഹാഭാരതം)
അര്‍ത്ഥം: ‘വര്‍ണ്ണഭേദമില്ല, ലോകംമുഴുവനും ബ്രഹ്മസംബന്ധമായത് ആകുന്നു. ബ്രഹ്മാവിനാല്‍ പൂര്‍വ്വം സൃഷ്ടിക്കപ്പെട്ടു. അവനവന്റെ കര്‍മ്മംനിമിത്തം വര്‍ണ്ണങ്ങളെ സമ്പാദിച്ചു.’
‘ശൂദ്രോ ബ്രാഹ്മണതാമേതി
ബ്രാഹ്മണശ്ചൈതി ശൂദ്രതാം
ക്ഷത്രിയാജ്ജാതമേവന്തു
വിദ്യാദൈ്വശ്യാത്തഥൈവച’ (മനുസ്മൃതി)
അര്‍ത്ഥം: ‘ശൂദ്രരും ബ്രാഹ്മണരാകുന്നു. ബ്രാഹ്മണരും ശൂദ്രരാകുന്നു. ക്ഷത്രിയരും വൈശ്യപുത്രരും ഇപ്രകാരം തന്നെ ആകുന്നു എന്ന് അറിയണം.’
അങ്ങനെ ധര്‍മ്മിഷ്ടരായ മനുഷ്യര്‍ വിപരീതബുദ്ധികളായതിനാല്‍ അവരുടെ പ്രവൃത്തികള്‍ അനുസരിച്ച് അവരെ നാലായി തരംതിരിക്കേണ്ടി വന്നു. അങ്ങനെയാണ് ഈ ചാതുര്‍വര്‍ണ്യം എന്ന വ്യവസ്ഥയുണ്ടായത്.
No comments:
Post a Comment