നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 18/108
കുന്നപ്രം കുന്നത്ത് മഹാദേവ ക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ പേരൂർക്കടയിൽ നിന്നും മണ്ണന്തലയ്ക്ക് പോകുന്നവഴിയിൽ കുടപ്പനക്കുന്ന് പഞ്ചായത്ത് ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങണം. കുറച്ചു നടന്നാൽ ക്ഷേത്രത്തിലെത്താം.
തികച്ചും മറ്റുള്ള മഹാദേവക്ഷേത്രങ്ങളിൽ നിന്നും ഭിന്നമാണ് കുന്നത്ത് ക്ഷേത്രം. നിബിഡമായ വനത്തിൽ പാറയുടെ മുകളിലാണ് ക്ഷേത്രം. പ്രകൃതിയോട് ലയിച്ച് മഹാദേവൻ കിഴക്കോട്ട് ദർശനമായി ഉദയസൂര്യനെ കടാക്ഷിച്ചുകൊണ്ട് വാണരുളുന്നു. പ്രവേശിക്കാൻ മുൻഭാഗത്ത് തുറസ്സായ സ്ഥലം ഉണ്ടെങ്കിലും മറ്റു ഭാഗങ്ങളിലെല്ലാം വൻ വൃക്ഷങ്ങളും പാറക്കെട്ടുകളുമാണ്. ക്ഷേത്രമിരിക്കുന്നിടം പണ്ട് ധാരാളം വൻവൃക്ഷങ്ങളും കുടപ്പനകളും വളർന്നു നിന്നിരുന്ന സ്ഥലമായിരുന്നു. കുടപ്പനക്കുന്ന് എന്ന സ്ഥലനാമംതന്നെ കുന്നിൻപുറത്തെ ഉദ്ദേശിച്ചായിരുന്നു. കുന്നപ്രം – കുന്നുംപുറം – പിന്നീട് കുടപ്പനക്കുന്നായി രൂപാന്തരപ്പെട്ടു. ആദ്യകാലത്ത് ആ കുന്നും കാടും വളരെ വിസ്തൃതിയിൽ ആയിരുന്നു. കാലാന്തരത്തിൽ ക്ഷേത്രം വക മൂന്ന് നാല് ഏക്കറിലേക്ക് ചുരുങ്ങി. കൊച്ചു ക്ഷേത്രമാണെങ്കിലും അത് തല ഉയർത്തി തന്നെ നിന്നുകൊണ്ട് മഹാദേവചൈതന്യം സർവത്ര വർഷിച്ച് വിരാജിക്കുന്നു. ക്ഷേത്രത്തിന്റെ തിരുമുറ്റത്തേക്ക് പ്രവേശിക്കാൻ ഇന്ന് ബുദ്ധിമുട്ടില്ല. ഭംഗിയായി കൽപടവുകൾ കെട്ടിയിട്ടുണ്ട്. ചതുര ശ്രീകോവിലാണ് .ശില്പകലാ മേന്മയൊന്നും ഇല്ലെങ്കിലും കേരളത്തനിമയും ഗ്രാമീണ ഭംഗിയും നിർമ്മാണശൈലിയിൽ കാണാം. ഓട് മേഞ്ഞതാണ് ശ്രീകോവിൽ. വൃത്തിയുള്ള അകത്തളം കരിങ്കല്ലു പാകി മനോഹരമാക്കിയിരിക്കുന്നു. പുരാതനകാലത്ത് കുന്നത്ത് മoക്കാരുടെ വകയായിരുന്നു ക്ഷേത്രമെന്ന് പറയപ്പെടുന്നു. ഭാഗങ്ങളിൽ മഠം പോറ്റി മാരുടെയും നമ്പൂതിരിമാരുടെയും വാസസ്ഥലമായതുകൊണ്ട് ബ്രാഹ്മണരുടെ വകയായിരുന്നു ക്ഷേത്രമെന്ന് കരുതാം. കുന്നത്തു മഠം സവർണ നായരുടേതായിരുന്നു എന്നും ഭിന്നാഭിപ്രായമുണ്ട്. മൂന്ന് പൂജയും ക്ഷേത്ര ചടങ്ങുകളും മുടക്കം കൂടാതെ നടന്നുവരുന്നുണ്ട്. ഉപദേവനായി ഗണപതി മാത്രമേയുള്ളൂ .ശിവരാത്രിയാണ് ആഘോഷം. ആദ്യ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നും പിന്നീട് കാലങ്ങൾക്ക് ശേഷം ആ കൊടുംകാട്ടിൽ ചൈതന്യം കണ്ടെത്തിയത് അവിടെ തപസ്സുചെയ്യാനെത്തിയ മുനിമാരാണെന്നും വിശ്വസിക്കപ്പെടുന്നു.
No comments:
Post a Comment