6 June 2019

ശതാഭിഷേകം

ശതാഭിഷേകം

ശതാഭിഷേകം എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ  ആയിരം പൂർണ്ണചന്ദ്രന്മാരെ ദർശിച്ചതായി കണക്കാക്കി( ആയിരം പൗർണമികൾ) എൺപത്തിനാലാം വയസിൽ ആഘോഷിക്കുന്ന ആണ്ടുപിറന്നാളാണ്.  അപ്പോൾ ശതം എന്നാൽ നൂറ് അല്ലേ സഹസ്രാഭിഷേകം എന്നല്ലേ വേണ്ടത് സംശയം സ്വഭാവികം..

അപ്പോൾ  ശതത്തിന് എന്താണ് അർത്ഥം,  അതായത് നൂറ് നിത്യയോഗ വർഷങ്ങൾ പൂർത്തിയാക്കുന്നതാണ്  ശതാഭിഷേകം. 83 വയസ്സും 6 മാസവും 18 ദിവസവും കഴിയുമ്പോൾ നൂറ് നിത്യയോഗ വർഷം പൂർത്തിയാകുന്നു എന്നാണ്.

എന്താണ് നിത്യയോഗവർഷം?

സൂര്യസിദ്ധാന്തമനുസരിച്ചു് ഒരു ശരാശരി സായനയോഗചക്രം ഏകദേശം 50 നാഴിക സമയമാണ്.

ഓരോ 50 നാഴികയിലും ഒരു നിത്യയോഗദിനം കടന്നുപോവുന്നു,...

എന്നാൽ ഒരു സൗരദിനം 60 നാഴികയാണ്   ..

അപ്പോൾ  ഒരു നിത്യയോഗശതാബ്ദി എന്ന് പറഞ്ഞാൽ... 50 / 60 x 100 = 83.33333333 ... എന്ന് വരുന്നു. 

ഈ പ്രായത്തോടുകൂടി 'നിഷ്ക്രമണസംസ്കാരം' എന്ന പേരിൽ മൂന്നുമാസം കൂടി ചേർക്കാനുണ്ട്. ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷതൃതീയയിലോ അതല്ലെങ്കിൽ നാലാം മാസത്തിലെ ജന്മതിഥിയിലോ രാവിലെ, സൂര്യോദയസമയത്തു് തെളിഞ്ഞ അന്തരീക്ഷത്തിൽ ശിശുവിനെ വീടിനകത്തുനിന്നും പുറത്തു് കൊണ്ടുവന്നു് പ്രകൃതിദർശനം ചെയ്തുകൊണ്ടാണു് നിഷ്ക്രമണം ആരംഭിക്കുന്നതു്.  അന്നു വൈകുന്നേരം തന്നെ, ശിശുവിനെ മൂന്നാംപിറയായിക്കാണാവുന്ന അമ്പിളിക്കലയും കാണിച്ചുകൊടുക്കുന്നു. കുഞ്ഞിനെ സംബന്ധിച്ച്, ഇതാണു് പ്രഥമചന്ദ്രദർശനം.

അന്ന് ചൊല്ലുന്ന മന്ത്രവും അതിൻ്റെ അർത്ഥവും ശ്രദ്ധിക്കൂ...

"സഹസ്രായുഷാഽസൗ ജീവശരദഃ ശതം" ,
"പശ്യേന ശരദഃ ശതം,
ജീവേമ ശരദഃ ശതം,
പ്രബ്രവാമ ശരദഃ
ശതമദീനൗസ്യാമ ശരദഃ
ശതം, ഭൂയശ്ച ശരദഃശതാത്"
എന്നിങ്ങനെ, നൂറു ശരദൃതുക്കൾ ഇന്ദ്രിയസ്വാധീനത്തോടും ആരോഗ്യത്തോടും ജീവനോടും കൂടെ തുടർന്നുപോവാനുള്ള പ്രാർത്ഥനാമന്ത്രങ്ങളാണ്...

ആയിരം പൗർണ്ണമിമാസങ്ങൾ കടന്നുപോകണമെങ്കിൽ 1000/12 = 83.333333 വർഷങ്ങൾ വേണമെന്ന് കാണാം , അങ്ങനെയാണു് (നിത്യയോഗ)ശതാഭിഷേകവും സഹസ്രപൂർണ്ണിമയും തമ്മിൽ ഏതാണ്ടൊരേ പ്രായത്തിൽ ഒത്തുപോകുന്നത്.

No comments:

Post a Comment