തിരുനെല്ലി ശ്രീ മഹാവിഷ്ണുക്ഷേത്രം
ചേരരാജാവായ ഭാസ്ക്കര രവിവര്‍മ്മയുടെ കാലത്താണ് തിരുനെല്ലിക്ഷേത്രം പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറിയത്. മുന്‍പ് തിരുനെല്ലി ആമലകഗ്രാമം എന്നും അറിയപ്പെട്ടിരുന്നു. ആമലകം എന്നാല്‍ നെല്ലിക്ക എന്നാണര്‍ത്ഥം. ആമലകക്ഷേത്രം എന്നുപറഞ്ഞാല്‍ തിരുനെല്ലിക്ഷേത്രം...
വിശേഷ ദിവസങ്ങള്‍
വാവു ബലി
കാശിയും ഗയയും ഹരിദ്വാറും കഴിഞ്ഞാല്‍ പിതൃകര്‍മ്മത്തിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് തെക്കന്‍കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലിയിലെ പാപനാശിനി. മരണാനന്തരം ആത്മാവ് വിഷ്ണു പാദത്തിലാണ് സായൂജ്യം ചേരേണ്ടതെന്നും, ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിതമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ചെയ്യുന്ന പിതൃകര്‍മ്മത്തോളം ഗുണം വേറൊന്നിനില്ല എതാണു ദൃഢമായ ഹൈന്ദവ വിശ്വാസം. ഈ പ്രാധാന്യം മനസിലാക്കിയാണ് ജമദഗ്നി മഹര്‍ഷി, പരശുരാമന്‍, ശ്രീരാമന്‍ തുടങ്ങി പല മുനിശ്രേഷ്ഠന്മാരും ഐതിഹാസിക പുരുഷന്മാരും പാപനാശിനിയില്‍ വാവു ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തിയത് എന്നുമാണ് പറയപ്പെടുന്നത്. ഇവിടെവെച്ച് പിതൃക്രിയ നടത്തുന്നത് വംശവൃദ്ധിക്കും ഐശ്വര്യത്തിനും പിതൃപ്രീതിക്കും ബഹുവിശേഷമെന്നുമാണ് വിശ്വാസം. പിതൃക്കളെ ഉദ്ദേശിച്ച് നാം നല്‍കുന്ന നിത്യഭക്ഷണമാണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്‍കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബലിക്ക് ശ്രാദ്ധം എന്ന പേര്‍ വന്നത്. ഓരോ വര്‍ഷവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസത്തിലാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം അല്ലെങ്കില്‍ ആണ്ട് ബലി എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ബഹുദ്ദിഷ്ട ശ്രാദ്ധം എന്നും പറയുന്നു. ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസിയാണ്. അതുകൊണ്ട് തന്നെ ബഹുദ്ദിഷ്ട ശ്രാദ്ധം വാവുബലി എന്നും അറിയപ്പെടുന്നു. പൊതുവെ ഏറ്റവും തിരക്കനുഭവപ്പെടാറുള്ളത് കര്‍ക്കിടകം, തുലാം, കുംഭം, മേടം മാസങ്ങളിലെ അമാവാസികള്‍ക്കാണ്. ഒരു ചന്ദ്രമാസത്തിലെ 28 ദിവസങ്ങളില്‍ നമ്മുടെ വെളുത്തപക്ഷം പിതൃക്കള്‍ക്ക് രാത്രിയും, കറുത്തപക്ഷം പകലുമാണ്. പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാല്‍ പിതൃക്കള്‍ക്ക് നല്‍കുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണ്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. പിതൃയജ്ഞത്തെ ദേവസാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കര്‍ക്കിടക മാസത്തിലെ അമാവാസി. തദ്ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്ന വേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഓരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ ഇത്ര ഉത്തമമായ സമയം വേറെയില്ല. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലിക്ക് മറ്റ് അമാവാസികളേക്കാള്‍ പ്രാധാന്യമേറുന്നത്.
പ്രതിഷ്ഠാ ദിനം: മീന മാസത്തിലെ അശ്വതി നക്ഷത്രം
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ കൊല്ലവര്‍ഷം 1186 മീനമാസത്തില്‍ നടന്ന പുന:പ്രതിഷ്ഠാ നവീകരണകലശത്തിനു ശേഷം ഇപ്പോള്‍ മീനമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം കൊണ്ടാടുന്നത്. പ്രാസാദശുദ്ധി, അസ്ത്ര കലശം, രാക്ഷോഘന ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തു ബലി, വാസ്തു പുണ്യാഹം, ചതശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, കലാശാഭിഷേകങ്ങള്‍, ദ്രവ്യകലശം, അധിവാസ ഹോമം, കലശാധിവാസം, അധിവാസം വിടര്‍ത്തി പൂജ, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി എന്നിവയോടുകൂടി മീനമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് 3 ദിവസത്തെ പ്രതിഷ്ഠാദിനം അവസാനിക്കുന്നത്.
വിഷു ആഘോഷം
തെക്കന്‍കാശിയെന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവമാണ് വിഷു. ഈ മഹാക്ഷേത്രത്തെക്കുറിച്ചോര്‍ത്താല്‍ത്തന്നെ ഗയാശ്രാദ്ധം ഊട്ടിയ ഫലമാണെന്നാണ് ഐതീഹ്യം. അപ്പോള്‍ കണിയായി പെരുമാളെ ദര്‍ശ്ശിക്കാന്‍ കഴിഞ്ഞാലുള്ള ഭാഗ്യം പറയേണ്ടതില്ലല്ലൊ! അത്രയ്ക്കും പ്രധാനമാണ് ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ വിഷുക്കണി. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. രാവും പകലും തുല്യമായ ദിനമാണ് മേടം1. നരകാസുരനെ വധിച്ച് ഭഗവാന്‍ ശ്രീകൃഷണന്‍ ഭൂമിയില്‍ ധര്‍മ്മം പുന:സ്ഥാപിച്ച ദിനമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഐതീഹ്യം. മേടമാസത്തിന് മുന്‍പ് തന്നെ തിരുനെല്ലിക്കാട് മുഴുവന്‍ കണിക്കൊന്ന പൂത്തുലഞ്ഞ് നില്‍ക്കും. തിരുനെല്ലി മുഴുവന്‍ പൊന്‍നിറം ചാലിച്ച് കണിക്കൊന്ന പൂത്ത് നില്‍ക്കുന്നത് വിഷുവിന്‍റെ നിറസാന്നിദ്ധ്യമാണ്. വയനാട്ടില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും വിഷുക്കണി ദര്‍ശിക്കാന്‍ ആളുകള്‍ എത്തിചേരാറുണ്ട്. തിരുനെല്ലിയിലെ വിഷു ഉത്സവത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ് ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട തേന്‍കുറുമര്‍ (കാട്ടുനായ്ക്ക-പ്രാക്തന ഗോത്രവര്‍ഗ്ഗം) വിഭാഗത്തിന്‍റെ കോല്‍ക്കളി. ഗോത്രത്തിന്‍റെയും നാടിന്‍റെയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി വഴിപാടായാണ് തേന്‍കുറുമര്‍ കോല്‍ക്കളി നടത്തുത്. വിഷുവിനു തലേദിവസമാണ് കോല്‍ക്കളി ക്ഷേത്രമുറ്റത്ത് നടക്കാറുള്ളത്. 10 മുതല്‍ 12 പേരാണ് ഓരോ സംഘത്തിലും ഉണ്ടാകാറ്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വ്രതശുദ്ധിയുടെയും ചിട്ടയായ പരിശീലനത്തിന്‍റെയും പൂര്‍ണ്ണത നമുക്ക് അതില്‍ ദര്‍ശിക്കാന്‍ സാധിക്കും. ഈ ക്ഷേത്രം എത്രത്തോളം ആദിവാസി വിഭാഗവുമായും പഴമയുമായും ബന്ധപ്പെട്ടുകിടക്കുന്നുവെന്നുള്ളതിന് ഇതിലും വലിയ മറ്റൊരുദാഹരണം വെറെയില്ല. തിരുനെല്ലി എന്ന നാമോച്ചാരണത്താല്‍ ധര്‍മ്മം ലഭിക്കുമെന്നും ദര്‍ശനത്താല്‍ ധനവും പൂജനത്താല്‍ ആഗ്രഹവും കൈവരും എന്നാണ് വിശ്വാസം. ധ്യാനത്താല്‍ മോക്ഷമാണ് ലഭിക്കുക. കൊടുംപാപങ്ങള്‍ ചെയ്ത ഏത് മനുഷ്യരും ക്ഷേത്രത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ പാപവിമുക്തനായി സംസാരമോഹത്തില്‍ നിന്നും മോചിതനാവുമെന്നും പറയപ്പെടുന്നു. തലശ്ശേരിയിലെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറുന്നതിനു മുന്‍പ് തിരുനെല്ലിയില്‍ ഉത്സവം കഴിഞ്ഞ് കൊടിയിറങ്ങിയോ എന്ന് ചോദിക്കുന്ന ഒരു ചടങ്ങ് ഇന്നും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തിരുനെല്ലി ക്ഷേത്രത്തില്‍ നേരത്തെ കൊടിയേറ്റുത്സവം ഉണ്ടായിരുന്നു എന്നു വ്യക്തമാണ്.
വൃശ്ചികത്തിലെ തൃക്കാര്‍ത്തിക
ഗുണ്ഡിക ക്ഷേത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസമാണ് വൃശ്ചിക മാസത്തിലെ കാര്‍ത്തിക അല്ലെങ്കില്‍ തൃക്കാര്‍ത്തിക. ഭഗവാന്‍ സുബ്രഹ്മണ്യന്‍റെ ജന്മദിനമായ ഈ ദിവസം ദീപങ്ങളുടെ ഉത്സവമായാണ് നാം ആഘോഷിക്കുന്നത്. ശ്രീമഹാദേവന്‍ തന്‍റെ മൂന്നാം തൃക്കണ്ണാല്‍ സൃഷ്ടിച്ച ആറു നക്ഷത്രങ്ങളില്‍ നിന്ന് ശ്രീപാര്‍വ്വതി ദേവി സൃഷ്ടിച്ച പുത്രനാണ് ശ്രീ സുബ്രഹ്മണ്യന്‍ എന്നാണ് വിശ്വാസം. ഈ ആറു നക്ഷത്ര കൂട്ടമാണ് കാര്‍ത്തിക നക്ഷത്രം എന്നറിയപ്പെടുന്നത്. ഈ ദിവസം ഗുണ്ഡിക ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും കന്യകമാരുടെ നേതൃത്വത്തില്‍ സന്ധ്യാസമയത്ത് മണ്‍ചിരാതുകളിലും മറ്റും ദീപങ്ങള്‍ തെളിയിക്കാറുമുണ്ട്.
ധനുമാസത്തിലെ തിരുവാതിര
ശ്രീ മഹാദേവന്‍റെ സ്ഥാനമായ ഗുണ്ഡിക ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ധനു മാസത്തിലെ തിരുവാതിര. ഭഗവാന്‍റെ ജന്മദിനമായ ഈ ദിവസം ഗുണ്ഡികാക്ഷേത്രത്തില്‍ പ്രത്യേകം പൂജകളും മറ്റും നടത്താറുണ്ട്. സമീപവാസികളായ സ്ത്രീകളും കുട്ടികളും പ്രത്യേകിച്ച് കന്യകമാര്‍ ഈദിവസം സന്ധ്യാദീപം തെളിയിക്കാന്‍ എത്തിച്ചേരാറുണ്ട്. ദീപാലംകൃതമായ ഗുണ്ഡികക്ഷേത്രം കാണാന്‍ തന്നെ നല്ല രസമാണ്.
തിരുനെല്ലി ക്ഷേത്ര ചരിത്രം
ആധുനികതയുടേതായ ഈ കാലത്തും പരിഷ്കാരത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. ഇവിടെ പൊതുവെ ജനസാന്ദ്രത കുറവാണ്. ജനസംഖ്യയില്‍ അധികവും ആദിവാസികളാണ്. പതിനാറാം ശതകം വരെയും തിരുനെല്ലി കേരളത്തിലെ സമ്പന്നമായ പട്ടണങ്ങളില്‍ ഒന്നായിരുന്നുവെന്നതിന് ചരിത്രരേഖകളുണ്ട്. ചേര രാജാവായ ഭാസ്കര രവിവര്‍മ്മയുടെ കാലത്ത് തിരുനെല്ലി ദക്ഷിണേന്ത്യയിലെ പ്രമുഖ പട്ടണവും തിരുനെല്ലിക്ഷേത്രം പ്രധാന തീര്‍ത്ഥാടനകേന്ദ്രവുമായിരുന്നു. പുതുമഴ പെയ്തു കഴിഞ്ഞാല്‍ പന്ത്രണ്ടു രാശികള്‍ കൊത്തിയ രാശിപ്പൊന്ന് അടുത്ത കാലം വരെയും ഇവിടെനിന്നും കിട്ടിയിരുന്നതായി പഴമക്കാര്‍ പറയുന്നു. ഈ രാശിപ്പൊന്ന് കച്ചവടത്തിന്ന് ഉപയോഗിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ബ്രഹ്മഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന പാപനാശിനിയിലൂടെ പണ്ട് ധാരാളം ഓട്ടുവിളക്കുകളും കിണ്ടികളും ഒഴുകി വന്നിരുന്നു. ഒരിക്കല്‍ ഗണപതിയുടെ കരിങ്കല്‍ വിഗ്രഹവും ഒഴുകിയെത്തി. അതിന്നും പാപനാശിനി പ്രദേശത്തു കാണാം. ബ്രഹ്മഗിരി കയറി പക്ഷിപാതാളത്തിലേക്ക് യാത്രചെയ്യുന്നവര്‍ ഒരു വലിയ ഗ്രാമത്തിന്റെ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നമുക്കറിയുവാന്‍ കഴിയാത്ത ഏതെല്ലാമോ നിഗൂഢതകള്‍ ചൂഴ്ന്നു നില്‍ക്കുന്ന ഈ ഗ്രാമത്തില്‍ പണ്ട് പാപനാശിനി ഗ്രാമം, പഞ്ചതീര്‍ത്ഥഗ്രാമം എന്നീ പേരുകളില്‍ രണ്ടു ഗ്രാമങ്ങള്‍ നിലനിന്നിരുന്നുവത്രേ. ഈ രണ്ടു ഗ്രാമങ്ങളും അജ്ഞാതമായ കാരണങ്ങളാൽ പില്‍ക്കാലത്തു നാമാവശേഷമായി. പഞ്ചതീര്‍ത്ഥഗ്രാമത്തിലെ ആളുകള്‍ മാനന്തവാടിക്കടുത്ത് പൈങ്ങാട്ടിരി ഗ്രാമത്തിലേക്ക് താമസം മാറ്റിയതായും ആ കുടുംബത്തിലെ തലമുറയില്‍പ്പെട്ടവര്‍ ഇന്നും അവിടെ ഉണ്ടെന്നും കരുതുന്നു.
വയനാടിന്‍റെ ഉത്തരദേശത്ത് കുടക് മലനിരകളോടു ചേര്‍ന്ന് ആകാശം മുട്ടെ വ്യാപിച്ചുകിടക്കുന്ന ബ്രഹ്മഗിരിയുടെ താഴ്വരയില്‍ തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മാനന്തവാടിയാണ് തിരുനെല്ലിയുടെ ഏറ്റവും അടുത്തുള്ള ടൌൺ. ഇവിടെ നിന്നും തിരുനെല്ലിയിലേക്കുള്ള ദൂരം 32 കിലോമീറ്ററാണ്. ഈ റൂട്ടില്‍ ധാരാളം ബസ് സര്‍വീസുകള്‍ ഇന്ന് നിലവിലുണ്ട്. മൈസൂരിലേക്ക് പോകുന്ന പാതയില്‍ കാട്ടിക്കുളം എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞാല്‍ പിന്നെ ക്ഷേത്രത്തിലേക്കുള്ള യാത്ര നിക്ഷിപ്ത വനപ്രദേശങ്ങളിലൂടെയായി. ഇടതൂര്‍ന്നു റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍ക്കിടയില്‍ പലപ്പോഴും കാട്ടാനകളെ കാണാം. ഇരുണ്ടുകിടക്കുന്ന വഴിത്താരകള്‍ താണ്ടിയാല്‍ അപ്പപ്പാറ എന്ന സ്ഥലം. തുടര്‍ന്ന് തിരുനെല്ലി പോലീസ് സ്റ്റേഷന്‍, ഫോറസ്ററ് ഡിപ്പാര്‍ട്ടുമെന്റിന്റെ ബംഗ്ളാവ്, ഒടുവില്‍ ബ്രഹ്മഗിരിയുടെ തണലില്‍ സ്ഥിതി ചെയ്യുന്ന പുരാണപ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം. കാറ്റു മാത്രം കടന്നു ചെല്ലുന്ന വനഭൂമിക്ക് നടുവില്‍ ഏതു കാലത്തെന്നു പറയുവാന്‍ കഴിയാത്തത്രയും പഴക്കമാര്‍ന്ന ഭാരതത്തിലെ പുണ്യ ക്ഷേത്രങ്ങളിലൊന്ന്.
ഇവിടെ സ്ഥിതിയുടെ കര്‍ത്താവായ മഹാവിഷ്ണുവിന്റേയും, സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിന്റെയും ചൈതന്യധാരകളും, പ്രകൃതിയുടെ മനോഹാരിതയും ഒത്തുചേര്‍ന്നു പരിലസിക്കുന്നു. ഈ പുണ്യഭൂമിയിലാണ് മോക്ഷദായിനിയായി പാപനാശിനിയൊഴുകുന്നത്. ജമദഗ്നി മഹര്‍ഷി തൊട്ട് എത്രയോ പുണ്യാത്മാക്കള്‍ക്ക് മോക്ഷ സോപാനശിലയായ, വിശ്രുതമായ പിണ്ഡപ്പാറയുള്ളത് പാപനാശിനിയിലാണ്. ബ്രഹ്മഗിരിയിലെവിടെയോ പാപനാശിനി പിറവിയെടുക്കുന്നു. പാപനാശിനി കാളിന്ദിയിലാണ് ലയിക്കുന്നത്. ബ്രഹ്‌മാവിന്റെ പാദസ്പര്‍ശാനുഗ്രഹം സിദ്ധിച്ചതില്‍ ബ്രഹ്മഗിരി എന്ന പേരില്‍ ഈ പര്‍വതനിര പ്രസിദ്ധമായി. ബ്രഹ്മഗിരിയിലെ ദുര്‍ഗ്ഗമമായ വനാന്തരങ്ങളില്‍ പക്ഷിപാതാളം, ഗരുഡപ്പാറ, ഭൂതത്താന്‍കുന്ന്, തുടങ്ങിയ സ്ഥലങ്ങള്‍ സാഹസികരെ ആകര്‍ഷിക്കുന്നു. ഇതാണ് തിരുനെല്ലി. ഐതീഹ്യങ്ങളിലും പുരാണങ്ങളിലും വിളങ്ങിനില്‍ക്കുന്ന പുണ്യഭൂമി.
ക്ഷേത്ര പൂജ വിവരങ്ങള്‍
പിതൃ പൂജ
പരേതാത്മാക്കളുടെ മോക്ഷപ്രാപ്തിക്കും, പിതൃപ്രീതിക്കും ഭഗവത് സന്നിധിയില്‍ നടത്തുന്ന പൂജയാണ് പിതൃപൂജ. മരണപ്പെട്ടവരുടെ പേരും മരണപ്പെട്ട ദിവസത്തെ നക്ഷത്രവും കൗണ്ടറില്‍ കൊടുക്കണം. എന്നും രാവിലെ അഭിഷേകത്തിന് ശേഷം ക്ഷേത്രത്തില്‍ നടക്കുന്ന ആദ്യത്തെ പൂജയാണ് പിതൃപൂജ. അത് ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്.
ആയുഷ്കാല പൂജ
നിത്യജീവിതത്തിലുണ്ടാകുന്ന ദോഷ നിവാരണത്തിനും ദീര്‍ഘായുസ്സിനും ആയുരാരോഗ്യ സൗഖ്യത്തിനും ഒരാളുടെ ജന്മദിനത്തില്‍ എല്ലാ വര്‍ഷവും ഭഗവത് സന്നിധിയില്‍ ചെയ്യുന്ന പൂജയാണ് ആയുഷ്കാലപൂജ. പേരും ജന്മനക്ഷത്രവും, ജന്മമാസവും, തപാല്‍ വിലാസവും കൗണ്ടറില്‍ കൊടുക്കണം. പ്രസാദം തപാലില്‍ അയച്ചുതരുന്നതാണ്.
തൊട്ടില്‍ കുഞ്ഞ് ഒപ്പിക്കല്‍
സന്താനലബ്ധിയ്ക്കായി ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ പണ്ട് മുതല്‍ക്കേ നടത്തിവരുന്ന ഒരു വഴിപാടാണ് തൊട്ടില്‍ കുഞ്ഞ് ഒപ്പിക്കല്‍. കുട്ടികളില്ലാത്ത നിരാശരായ ദമ്പതികള്‍ സത്സന്താനങ്ങള്‍ക്കായി ക്ഷേത്രനടയില്‍ മേല്‍ശാന്തിയുടെ നിര്‍ദ്ദേശാനുസരണം നെയ് വിളക്ക് സമര്‍പ്പണത്തോടെ നടത്തുന്ന പ്രത്യേക ചടങ്ങും പ്രാര്‍ത്ഥനയുമാണിത്. ഈ ചടങ്ങിനു ശേഷം ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍ കുട്ടിയുമായി വന്ന് ഭഗവാനെ തൊഴുതുവണങ്ങുവന്നര്‍ ഇന്ന് നിത്യേനയെന്നോണമുള്ള കാഴ്ചയാണ്. പാപനാശിനിയില്‍ സന്തതിപിണ്ഡം വെച്ചതിനുശേഷം തൊട്ടില്‍ കുഞ്ഞ് ഒപ്പിക്കല്‍ നടത്തുന്നതാണ് ഏറ്റവും ഉത്തമം. പല ചികിത്സകളും ചെയ്ത് പരാജയപ്പെട്ടവര്‍ക്കാണ് ഇങ്ങനെ മനമുരുകി ഭഗവാനെ പ്രാര്‍ത്ഥിച്ച് സന്താനലബ്ധി ഉണ്ടാകുന്നത് എന്നുള്ളതുകൂടി ഇതിനോട് കൂട്ടി വായിക്കപ്പെടേണ്ടതാണ്.
പൂജ സമയ വിവരം
5.30 amഅഭിഷേകം
6.00 amഗണപതി ഹോമം (ക്ഷേത്രത്തില്‍) പാപനശിനിയില്‍ പിതൃ കര്‍മ്മം
7.00 amപിതൃ പൂജ ശേഷം ഉഷപൂജ
8.00 amഉഷശീവേലി ശേഷം ഗുണ്ഡിക ക്ഷേത്രത്തില്‍ പൂജ
9.30 amപന്തീരടി പൂജ തുടര്‍ന്നു ദൈവത്താര്‍ മണ്ഡപ പൂജ
11.00amനാവകാഭിഷേകം
11.30amഉച്ചപൂജ- തുടര്‍ന്നു ശീവേലി
12.30pmനട അടക്കല്‍
5.30pmനട തുറക്കല്‍
6.30pmദീപാരാധന ശേഷം ബലിക്കല്‍ പുരയില്‍ പ്രാര്‍ഥന
7.30pmഅത്താഴ പൂജ - ശീവേലി
8.00pmനട അടക്കല്‍
ഉപക്ഷേത്രങ്ങള്‍
ആകൊല്ലി അമ്മക്കാവ്, അപ്പപ്പാറ
ശ്രീ തിരുനെല്ലി ക്ഷേത്രത്തിന് ഏറ്റവും അടുത്ത് കിടക്കുന്ന ഉപക്ഷേത്രമാണ് ആകൊല്ലി അമ്മക്കാവ്. ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിക്കു പിന്നില്‍ രസകരമായ ഒരു ഐതീഹ്യമുണ്ട്. സന്താനലബ്ധിക്കായി ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ പണ്ട് മുതല്‍ക്കേ നടത്തിവരുന്ന ഒരു വഴിപാടാണ് 'തൊട്ടില്‍ കുഞ്ഞ് ഒപ്പിക്കല്‍'. കുട്ടികളില്ലാത്ത ദമ്പതികള്‍ സത്സന്താനങ്ങള്‍ക്കായി ക്ഷേത്രനടയില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനയാണിത്. ഒരിക്കല്‍ തിരുനെല്ലിയുടെ അടുത്ത പ്രദേശമായ കുടകില്‍ (തെക്കന്‍ കര്‍ണ്ണാടകയുടെ ഭാഗം) നിന്നും ഒരു സ്ത്രീ ക്ഷേത്രത്തില്‍ എത്തുകയും സന്താനലബ്ധിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രാര്‍ത്ഥനാവേളയില്‍ ഭാഷയുടെ പരിമിതികൊണ്ടോ എന്തോ, കുട്ടി ഉണ്ടായാല്‍ പെരുമാള്‍ക്ക് സമര്‍പ്പിക്കാം എന്നായിരുന്നത്രേ പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥിച്ച പ്രകാരം അവര്‍ക്ക് കുട്ടിയെ ലഭിക്കുകയും കുട്ടിയുമായി തിരുനെല്ലി ക്ഷേത്രത്തിലെത്തി ഭഗവാനെ വണങ്ങുകയും ചെയ്തു. എന്നാല്‍ ഭഗവാന്‍റെ ദര്‍ശനത്തോടെ ആ കുട്ടി മരണപ്പെടുകയും കുട്ടിയുടെ ആത്മാവ് ഭഗവാനില്‍ ലയിക്കുകയും ചെയ്തു. കുട്ടിയുടെ മരണത്തോടെ ആ സ്ത്രീയുടെ സമനില തെറ്റുകയും ക്ഷേത്രത്തില്‍ വെച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ആ പ്രേതാത്മാവ് ശല്യമാവുകയും കുപിതനായ ഭഗവാന്‍ അതിനെ തിരുനെല്ലിയില്‍ നിന്നും എടുത്തെറിയുകയും ചെയ്തു. അത് ചെന്നുവീണ സ്ഥലത്താണ് ഇന്ന് അമ്മക്കാവ് സ്ഥിതിചെയ്യുന്നത്. അവിടെ ചെന്നുവീണതിനു ശേഷം ആ പ്രേതം അവിടുത്തെ ജനങ്ങള്‍ക്ക് ശല്യമായി മാറുകയും ആറ് പേരെ വധിക്കുകയും ചെയ്തു. ആറുപേരെ വധിച്ചതിനാല്‍ ആ സ്ഥലം ആറാളെക്കൊല്ലി എന്നറിയപ്പെട്ടുവെന്നും പിന്നീടത് ലോപിച്ച് ആക്കൊല്ലി എന്നായെന്നും ഐതീഹ്യം. ക്രോധം ശമിക്കാത്ത ആ പ്രേതാത്മാവിനെ ശ്രീ ഭദ്രകാളിയില്‍ ലയിപ്പിച്ച് അമ്മയായി അവിടെ കുടിയിരുത്തുകയും അതിന്‍റെ അപേക്ഷ പ്രകാരം പെരുമാള്‍ക്കും ശിവനും അടുത്തടുത്തായി സ്ഥാനം നല്‍കുകയും ചെയ്തു. രൗദ്ര ഭാവത്തിലുള്ള ആ ദേവിക്ക് രൗദ്രത കുറയ്ക്കുതിനായി തൊട്ടുമുന്‍പില്‍ ശ്രീ അയ്യപ്പനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
തെനവരമ്പത്ത് ഭഗവതി - ശിവ ക്ഷേത്രം
വയനാട് ജില്ലയില്‍ മീനങ്ങാടിക്കടുത്തുളള ചെമ്മണം കുഴിയിലാണ് തെനവരമ്പത്ത് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു കുന്നിന്മുകളില്‍ സ്വയംഭൂവായ ശിവനും കൂടാതെ ശ്രീരാമനും, ഗണപതിയും, അയ്യപ്പനും, നന്ദിയും. തൊട്ടടുത്ത് മുന്നൂറ് മീറ്റര്‍ മാറി മറ്റൊരു കുന്നില്‍ ശ്രീസ്വയംവര പാര്‍വതിയും ഭദ്രകാളിയും വനദുര്‍ഗ്ഗയും സ്ഥിതി ചെയ്യുന്നു. അതും ഒറ്റ ശ്രീകോവിലിലായി. അതിന് പുറമെ ആദിവാസികള്‍ ആരാധിക്കുന്ന ഗുളികന്‍ ചാമുണ്ഡിയും ഇവിടെയുണ്ട്. അതിപുരാതനമാണ് ഇൗ ക്ഷേത്രം. മനു മഹര്‍ഷിയുമായി ബന്ധപ്പെട്ടാണ് ഇൗ ക്ഷേത്രത്തിന്റെ ഐതീഹ്യം. ദേശാടന വേളയില്‍ മനു മഹര്‍ഷി ഇവിടെ വന്നപ്പോള്‍ ഒരു കുന്നില്‍ കണ്ടത് സ്വയംഭൂവായ ശിവനെയാണ്. മറുകുന്നില്‍ ഭദ്രകാളിയും, വനദുര്‍ഗ്ഗയും. പാര്‍വതി ദേവിയുടെ സാന്നിദ്ധ്യം മഹര്‍ഷിക്ക് മനസ്സിലായി. ഇതേ തുടര്‍ന്നാണ് പാര്‍വതിദേവിയുടെ പ്രതിഷ്ഠ ഇവിടെ ഉണ്ടായതെന്നാണ് ഹൈന്ദവ വിശ്വാസം. വടക്കോട്ട് മുഖമായുളളതാണ് ഇൗ ക്ഷേത്രം. പൗരാണികതയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമിവിടെക്കാണാം. ഇവിടെ വന്ന് തൊഴുതാല്‍ ഏത് ആഗ്രഹവും കൈവരിക്കാം എന്നൊരു വിശ്വാസവുമുണ്ട്. ഭഗവതി ക്ഷേത്രത്തില്‍ നിവേദ്യം പാകം ചെയ്ത് കിഴക്ക് ദര്‍ശനമായുളള കാളകണ്ഠ സ്വയംഭൂശിവന് നിവേദിച്ചതിന് ശേഷം മാത്രമെ പാര്‍വതിദേവിക്കും മറ്റ് ദേവതകള്‍ക്കും നിവേദ്യം അര്‍പ്പിക്കാറുളളു. ഇവിടെ പൂജാകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജലത്തിനും ഉണ്ട് പ്രത്യേകത. തെനഗംഗ എന്നറിയപ്പെടുന്ന തീര്‍ത്ഥ ജലമാണ് പൂജകള്‍ക്ക് ഉപയോഗിക്കുന്നത്. വയലില്‍ ഒരു കുളമുണ്ട്. അതിനോട് ചേര്‍ന്ന് ഒരു മീറ്റര്‍ ചതുരത്തില്‍ കല്‍പ്പാളികള്‍ കാെണ്ട് തീര്‍ത്ത കുഴിയില്‍ നിന്നാണ് തെനഗംഗ തീര്‍ത്ഥജലം എടുക്കുന്നത്. കുളത്തില്‍ ചെളിവെളളമാണെങ്കിലും കുഴിയിലെ തീര്‍ത്ഥം തെളിനീരാണ്. അത്ഭുതമാണിത്. കുളക്കരയില്‍ ഒരു ആല്‍മരമുണ്ട്. അതിന് ചുവട്ടിലെ നാഗപ്രതിഷ്ഠ ശ്രീരാമന്‍ പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വാസം. തെനകതിര്‍ ഇവിടെ ധാരാളമായി വിളഞ്ഞിരുന്നു. അത് കൊണ്ടാണ് തെനവരമ്പത്ത് എന്ന പേര്ഉണ്ടായതെന്നാണ് വിശ്വാസം. ഇവിടെ നിത്യപൂജയുണ്ട്. പുഷ്പാഞ്ജലി, പായസനിവേദ്യം, നാഗത്തിന് പാലും പഴവും, ഗുളികന്‍ ചാമുണ്ഡിക്ക് തേങ്ങയും പഴവും എന്നിവയാണ് പ്രധാന വഴിപാടുകള്‍. ഒരു കാലത്ത് ഇവിടെ കുളിച്ച് തൊഴല്‍ പ്രധാന വഴിപാടായിരുന്നു.
വിശേഷ ദിവസങ്ങള്‍
ശിവക്ഷേത്രത്തില്‍ ധനുമാസത്തില്‍ തിരുവാതിര , ശിവരാത്രി
മിഥുനമാസത്തിലെ ചോതി നക്ഷത്രത്തില്‍ പ്രതിഷ്ഠാദിനം
ഓണം,വിഷു, തുലാം പത്ത്- ഭഗവതിക്ഷേത്രത്തില്‍ വൃശ്ചിക മാസത്തില്‍ രണ്ടാം (2) തീയതിയും ധനുമാസത്തില്‍ പതിനൊന്നാം (11) തീയതിയും ചുറ്റുവിളക്കും തൃകാല പൂജയും
മേച്ചിലാട്ട് ശ്രീ കൃഷ്ണ ക്ഷേത്രം തരുവണ
വയനാട്ടില്‍ മാനന്തവാടി നിരവില്‍പുഴ റോഡില്‍ തരുവണയ്ക്കടുത്ത കരിങ്ങാരിയിലാണ് മേച്ചിലാട്ട് ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുളളതാണ് ഇൗ ക്ഷേത്രം. ശ്രീ വില്ല്വമംഗലം സ്വാമിയാര്‍ക്ക് ഉണ്ടായ സ്വപ്നദര്‍ശനത്തെ തുടര്‍ന്നാണ് കൃഷ്ണശിലയില്‍ തീര്‍ത്ത കൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. ശില്‍പ്പചാതുര്യം നിറഞ്ഞുനില്‍ക്കുന്ന അതിമനോഹരവും അതേപോലെ ചൈതന്യമുളളതുമാണ് ഇവിടെയുളള ശ്രീകൃഷ്ണ വിഗ്രഹം. മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകതയാണിത്. ഉണ്ണികൃഷ്ണന്‍ തന്റെ ചെറുപ്പകാലത്ത് കാലി മേച്ച് നടന്ന മേച്ചില്‍ക്കാടാണ് മേച്ചിലാട്ട് എന്നായതെന്നാണ് വിശ്വാസം. മാത്രമല്ല, കണ്ണന്റെ കാല്‍പ്പാദവും കാലികളുടെ കുളമ്പടിയും ഇന്നുമിവിടെക്കാണാം. ആനച്ചിറ എന്നൊരു ചിറയും ഇവിടെയുണ്ട്. ആന കല്ലായി മാറിയതും ഇവിടെക്കാണാം. കൃഷ്ണന്റെ കോപത്താല്‍ ആന കല്ലായി മാറിയെന്നാണ് ഐതീഹ്യം. എന്നാലിന്ന് ആനച്ചിറയും ആനപ്പാറയും സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണുളളത്. തെക്കന്‍ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ മേച്ചിലാട്ട് ശ്രീകൃഷ്ണന് പാല്‍പ്പായസം കഴിപ്പിക്കാറുണ്ട്. കൂടാതെ വര്‍ഷത്തിലൊരിക്കല്‍ തിരുവോണമൂട്ടും നടത്താറുണ്ട്.
വെണ്ടോല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം
ആധുനികതയുടനൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഇൗ ക്ഷേത്രത്തിന്. തിരുനെല്ലി പെരുമാളിന്റെ നിറസാന്നിദ്ധ്യം ഇവിടെ കുടി കൊളളുന്നു. പൂര്‍ണ്ണമായും ശിലയാല്‍ തീര്‍ത്തതാണ് ക്ഷേത്ര ശ്രീകോവിലും നമസ്ക്കാര മണ്ഡപവും. ചീരാലിലെ വേണ്ടോലില്‍ നിന്ന് ഒരു സ്ത്രീ വിഷുക്കണി ദര്‍ശനത്തിനായി എല്ലാ വര്‍ഷവും പതിവായി തിരുനെല്ലിയില്‍ എത്തിയിരുന്നു. അതും കൊടും വനത്തിലൂടെ നടന്ന്. ഭഗവാനുളള കാഴ്ചദ്രവ്യമായി മുളങ്കുറ്റിയില്‍ നിറച്ച നെയ്യുമായിട്ടായിരുന്നു യാത്ര. കാലമേറെക്കടന്നപ്പോള്‍ പ്രായാധിക്യവും ക്ഷീണവും കാരണം പണ്ടത്തെപ്പോലെ യാത്ര വയ്യെന്നായി. എങ്കിലും ഭഗവാനെ തൊഴാതിരിക്കാന്‍ മനസ് വന്നില്ല. കഷ്ടപ്പെട്ടാണെങ്കിലും ഭഗവാനെ മനസില്‍ ധ്യാനിച്ച് യാത്ര തുടര്‍ന്നു. വെണ്ടേക്കും ആല്‍മരവും ഉളള സ്ഥലത്ത് എത്തിയപ്പോള്‍ ഇവര്‍ തളര്‍ന്ന് വീണു. അപ്പോഴും നിറഞ്ഞ ഭക്തിയായിരുന്നു മനസില്‍ നിറയെ. ഭക്തയുടെ നിറഞ്ഞ ഭക്തിക്ക് മുന്നില്‍ തിരുനെല്ലി പെരുമാളിന് മാറി നില്‍ക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ത്തന്നെ പ്രത്യക്ഷനാവുകയും ഇനിമുതല്‍ ഇത്രയേറെ കഷ്ടതകള്‍ സഹിച്ച് അത്രടം വരേണ്ടതില്ലെന്നും ഇനിമുതല്‍ താന്‍ ഇവിടെത്തന്നെയുണ്ടാവുമെന്നും അരുള്‍ച്ചെയ്തു. വെണ്ടേക്കും ആല്‍മരവും ചേര്‍ന്ന സ്ഥലത്ത് ഭഗവാന്‍ കുടികൊണ്ടു. അങ്ങനെയാണ് ഇവിടെ ക്ഷേത്രം പണിയുന്നത്. പ്രദേശം വേണ്ടോല്‍ എന്നും അറിയപ്പെട്ടു. സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. പഴൂര്‍ ജംഗ്ഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.
പ്രധാന വഴിപാടുകള്‍
പാല്‍പ്പായസം, നെയ്വിളക്ക്, മംഗല്യസൂക്ത പുഷ്പാഞ്ജലി, വിദ്യാസൂക്ത പുഷ്പാഞ്ജലി, സല്‍സന്താനസൂക്ത പുഷ്പാഞ്ജലി, ഗണപതി ഹോമം, മണ്ഡലവിളക്ക്
പ്രതിഷ്ഠാദിന മഹോത്സവം മെയ് 29 മീനമാസത്തിലെ പൂരം നാള്‍ ഭഗവതിക്ക് പൊങ്കാല സമര്‍പ്പണം
പഞ്ചതീര്‍ത്ഥം
"പഞ്ചതീര്‍ത്ഥമിദം പ്രോക്തം
തടാകമതിശോഭനം"
പത്മപുരാണത്തിലെ ഈ പരാമര്‍ശത്തില്‍ നിന്നും ഇത് അതിശോഭനവും വിശാലവുമായ തടാകമായിരുന്നുവെന്നും കാലാന്തരത്തില്‍ അത് നികന്ന് ഇന്നത്തെ നിലയില്‍ ആയിത്തീര്‍ന്നതാണെന്നും അറിയാവുന്നതാണ്. തിരുനെല്ലി ക്ഷേത്രത്തോടു ചേര്‍ന്ന് അറുപത്തിനാല് തീര്‍ത്ഥങ്ങളുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അവയില്‍ വളരെ പ്രധാനപ്പെട്ടതാണ് പഞ്ചതീര്‍ത്ഥം. ഇതായിരുന്നു പണ്ട് ക്ഷേത്രക്കുളം. തീര്‍ത്ഥക്കുളത്തിന് മദ്ധ്യഭാഗത്തായുള്ള പാറയില്‍ രണ്ട് കാലടി രൂപങ്ങള്‍ വിഷ്ണുഭഗവാന്റെ തൃപ്പാദങ്ങളെ പ്രതീകാത്മകമായി ചിത്രീകരിച്ച് കൊത്തിവച്ചിരിക്കുന്നു. കൂടാതെ ശംഖ്, ചക്രം, ഗദ, പത്മം എന്നീ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഈ പാറയില്‍ നിന്നു കൊണ്ടായിരുന്നുവത്രേ മഹാവിഷ്ണു ബ്രഹ്മാവിന് ഉപദേശങ്ങള്‍ നല്‍കിയത്. പത്മപുരാണ പ്രകാരം ഈ വിസ്തൃതമായ തടാകത്തില്‍ അഞ്ചു തീര്‍ത്ഥക്കുളങ്ങള്‍ വെവ്വേറെ ഉണ്ടായിരുന്നു. ഓരോ തീര്‍ത്ഥത്തിലും സ്നാനം ചെയ്താലുള്ള ഫലത്തെ ഇങ്ങനെ വര്‍ണ്ണിച്ചിരിക്കുന്നു:
"ശംഖതീര്‍ത്ഥേ നര: സ്നാത്വാ വിഷ്ണുലോകേ മഹീയതേ
ഗദാതീര്‍ത്ഥേ നര: സ്നാത്വാ സ്വര്‍ഗ്ഗലോകേ മഹീയതേ
പത്മതീര്‍ത്ഥേ നര: സ്ന്വാത്വാ സര്‍വ്വപാപ വിമോചനേ
ശ്രീപദതീര്‍ത്ഥേ നര: സ്നാത്വാ മുക്തീം ഭക്തീം ലഭേ നര:"
പാപനാശിനി
ബ്രഹ്മഗിരിയില്‍ നിന്നെവിടെയോ ഉത്ഭവിച്ച് പാറക്കെട്ടുകള്‍ക്കിടയിലൂടെ പേരറിയാത്ത ഒട്ടനവധി വൃക്ഷങ്ങളുടെ വേരുകളേയും ഇലകളേയും തഴുകിയെത്തുന്ന ഔഷധഗുണമുള്ള പാപനാശിനി മനുഷ്യന്റെ പാപത്തെ കഴുകിക്കളഞ്ഞ് അവനെ മോക്ഷത്തിലേക്ക് നയിക്കുന്ന പുണ്യതീര്‍ത്ഥമാണ്. ക്ഷേത്രസ്ഥാനത്തു നിന്നും പടിഞ്ഞാറുഭാഗത്തായി നിര്‍മ്മിച്ച കരിങ്കല്‍പ്പടവുകളിലൂടെ താഴോട്ടിറങ്ങി മലഞ്ചെരുവിലൂടെ ഏകദേശം ഒരു ഫര്‍ലോംഗ് ദൂരം നടന്നാല്‍ കാനന മദ്ധ്യത്തില്‍ പാപനാശിനി കാണാവുന്നതാണ്. കാശിയിലെ പുണ്യനദിയായ ഗംഗാനദിയെപ്പോലെ തെക്കന്‍ കാശിയായ തിരുനെല്ലിയിലെ ഗംഗാനദിയായ പാപനാശിനിയില്‍ മുങ്ങിക്കുളിച്ചാല്‍ സകല പാപങ്ങള്‍ക്കും പരിഹാരമായെന്നും ഇവിടെ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ പരേതാത്മാക്കള്‍ സ്വര്‍ഗ്ഗം പ്രാപിക്കുമെന്നും ഹൈന്ദവര്‍ തീവ്രമായി വിശ്വസിച്ചുവരുന്നു. അന്തര്‍വാഹിനിയായ സരസ്വതി ഇവിടെ ഗംഗയുമായി സംഗമിച്ച് പാപനാശിനിയായി ഭവിക്കുന്നു എന്നാണ് കവിവാക്യം. പാലാഴിമഥനം കഴിഞ്ഞ് മഹാവിഷ്ണുവില്‍ നിന്നും ലഭിച്ച അമൃത് ഗരുഢന്‍ പക്ഷിപാതാളത്തില്‍ സൂക്ഷിച്ചുവെന്നും അവിടെനിന്നും ഉല്‍ഭവിക്കുന്ന അമൃതാംശം പാപനാശിനിയില്‍ കലര്‍ന്ന് ഗംഗാതീര്‍ത്ഥവുമായി ചേരുന്നുവെന്നും ഗരുഢപുരാണത്തില്‍ പറയുന്നുണ്ട്. "പിതരോയാതി നിര്‍വൃതി" (പിതൃക്കളെ മോക്ഷത്തിലേക്കു നയിക്കുന്നു) എന്നാണ്. "പാപനാശിനി ധാരായാം ദക്ഷിണേധസ്ഥലേശില" എന്നതുകൊണ്ട് താഴെ തെക്കുഭാഗത്ത് ഇന്നും ഭക്തര്‍ ബലിയിടുന്ന ശില ഇതുതന്നെയാണെന്നു വ്യക്തം. ഇവിടെ ശ്രാദ്ധമൂട്ടിയാല്‍ ഗയാശ്രാദ്ധത്തിന്റെ ഫലം കിട്ടുമെന്നു കരുതുന്നു. ഇവിടെ വച്ച് പിതൃക്രിയ നടത്തുന്നത് വംശവൃദ്ധിയ്ക്കും ഐശ്വര്യത്തിനും പിതൃപ്രീതിക്കും ബഹുവിശേഷമെന്ന് വിശ്വസിച്ചു വരുന്നു. ഇവിടെ ബലിയിട്ടാല്‍ പിന്നെ പിതൃനന്മയ്ക്കുവേണ്ടി മറ്റു കര്‍മ്മങ്ങളൊന്നും ചെയ്യേണ്ടതില്ലെന്നാണ് ആചാര്യമതം. പാപനാശിനിയിലാണ് വിഖ്യാതമായ പിണ്ഡപ്പാറയുള്ളത്. പാപനാശിനിയിലെ വെള്ളം പിണ്ഡപ്പാറയില്‍ വന്നുവീഴുന്നു. മരിച്ചവര്‍ക്കായി പിണ്ഡം വയ്ക്കുന്നത് പിണ്ഡപ്പാറയിലാണ്. ഈ പിണ്ഡപ്പാറയെപ്പറ്റി പ്രസിദ്ധമായ ഒരു ഐതീഹ്യമുണ്ട്. പാഷാണഭേദി എന്നു പേരായ ഒരു അസുരനെ മഹാവിഷ്ണു ഒരിക്കല്‍ ശപിക്കാനിടയായി. വിഷ്ണുവിനാല്‍ നിഗ്രഹിക്കപ്പെടുമെന്ന് തീര്‍ച്ചയായ പാഷാണഭേദിയുടെ അപേക്ഷ മാനിച്ചു മഹാവിഷ്ണു അവനെ പുണ്യശിലയാക്കിയെന്നും തിരുനെല്ലി മുതല്‍ ഗയ വരെയുള്ള ശിലാഖണ്ഡം ഈ അസുരന്റെ ശരീരമാണെന്നും ഐതീഹ്യമുണ്ട്. ശിരസ്സ് ഗയയിലും മദ്ധ്യഭാഗം ഗോദാവരിയിലും പാദം തിരുനെല്ലിയിലും. ഏഴ് പുണ്യതീര്‍ത്ഥങ്ങളായ പാപനാശിനി, പഞ്ചതീര്‍ത്ഥം, ഋണമോചിനീ തീര്‍ത്ഥം, ഗുണ്ഡികാ തീര്‍ത്ഥം, സതവിന്ദു, സഹസ്രവിന്ദം, വരാഹം എന്നിവ സംയുക്തമായി സമ്മേളിക്കുന്ന തിരുനെല്ലി ദേശത്ത് പാപനാശിനിക്കാണ് മറ്റ് ആറു തീര്‍ത്ഥങ്ങളേക്കാളും പ്രാധാന്യം കല്‍പ്പിച്ചു പോരുന്നത്. ജമദഗ്നി മഹര്‍ഷി, പരശുരാമന്‍, ശ്രീരാമന്‍ തുടങ്ങി പല ശ്രേഷ്ഠന്മാരും, ഐതിഹാസിക പുരുഷന്മാരും പാപനാശിനിയില്‍ വന്നു കര്‍മ്മങ്ങള്‍ നടത്തിയതായി വിശ്വസിക്കപ്പെടുന്നു.
ക്ഷേത്ര ഉല്‍സവങ്ങള്‍
പുത്തരി - തുലാമാസത്തിലെ തിരുവോണം നക്ഷത്രത്തില്‍
തുലാമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ പുത്തരി ആഘോഷിക്കാറ്. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെല്‍ക്കതിര്‍ ഭഗവാന് സമര്‍പ്പിക്കുക എന്നുള്ളതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്ത് നിന്ന് അവകാശികളായ ചെട്ടി സമുദായക്കാര്‍ വിളയിച്ച നെല്‍ക്കതിര്‍ കറ്റകളാക്കി പ്രത്യേക ചടങ്ങായി വാദ്യഘോഷങ്ങളോടുകൂടി ക്ഷേത്രം ജീവനക്കാര്‍ ഏറ്റുവാങ്ങുകയും, ദൈവത്താര്‍മണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നു. പുത്തരി ദിവസം പന്തീരടി പൂജയ്ക്കു ശേഷം വാദ്യഘോഷത്തോടുകൂടി നെല്‍ക്കതിരുകള്‍ ക്ഷേത്രത്തില്‍ എത്തിച്ച് മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ കതിര്‍പൂജ നടത്തുന്നു. ഇങ്ങനെ കൊണ്ടുവന്ന കതിരില്‍ നിന്നു വേര്‍തിരിച്ചെടുത്ത അല്‍പ്പം അരി ഉപയോഗിച്ചാണ് കതിര്‍പൂജയ്ക്കായി നിവേദ്യം തയ്യാറാക്കുന്നത്. കതിര്‍പൂജയ്ക്ക് ശേഷം ആ കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. സര്‍വ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭക്തജനങ്ങള്‍ ഇവ വീട്ടില്‍ സൂക്ഷിക്കുന്നു. പുത്തരിയൊടനുബന്ധിച്ച് ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി പ്രസാദ ഊട്ട് നടത്തിവരുന്നു.
വിഷു - മേട മാസത്തിലെ ഒന്നാം തീയതി
തെക്കന്‍കാശിയെന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവമാണ് വിഷു. ഈ മഹാക്ഷേത്രത്തെക്കുറിച്ചോര്‍ ത്താല്‍ത്തന്നെ ഗയാശ്രാദ്ധം ഊട്ടിയ ഫലമാണെന്നാണ് ഐതീഹ്യം. അപ്പോള്‍ കണിയായി പെരുമാളെ ദര്‍ശ്ശിക്കാന്‍ കഴിഞ്ഞാലുള്ള ഭാഗ്യം പറയേണ്ടതില്ലല്ലൊ! അത്രയ്ക്കും പ്രധാനമാണ് ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ വിഷുക്കണി. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. രാവും പകലും തുല്യമായ ദിനമാണ് മേടം1. നരകാസുരനെ വധിച്ച് ഭഗവാന്‍ ശ്രീകൃഷണന്‍ ഭൂമിയില്‍ ധര്‍മ്മം പുന:സ്ഥാപിച്ച ദിനമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഐതീഹ്യം. മേടമാസത്തിന് മുന്‍പ് തന്നെ തിരുനെല്ലിക്കാട് മുഴുവന്‍ കണിക്കൊന്ന പൂത്തുലഞ്ഞ് നില്‍ക്കും. തിരുനെല്ലി മുഴുവന്‍ പൊന്‍നിറം ചാലിച്ച് കണിക്കൊന്ന പൂത്ത് നില്‍ക്കുന്നത് വിഷുവിന്‍റെ നിറസാന്നിദ്ധ്യമാണ്. വയനാട്ടില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും വിഷുക്കണി ദര്‍ശിക്കാന്‍ ആളുകള്‍ എത്തിചേരാറുണ്ട്.
ഭൂതത്താനെ പറഞ്ഞയക്കല്‍
ഐതീഹ്യങ്ങളില്‍ പറയുന്നത് പോലെ കൊട്ടിയൂര്‍ ക്ഷേത്രവുമായി തിരുനെല്ലി ക്ഷേത്രത്തിനുള്ള ബന്ധം വ്യക്തമാക്കുന്നതും ആചരിക്കുന്നതുമായ ഒരു ചടങ്ങാണ് 'ഭൂതത്താനെ പറഞ്ഞയയ്ക്കല്‍'. ഇതിനുപിന്നില്‍ രസകരമായ ഒരു ഐതീഹ്യമുണ്ട്. പണ്ട് കൊട്ടിയൂരെ ഉത്സവാവശ്യത്തിനായുള്ള അരികൊണ്ടുപോയിരുന്നത് തിരുനെല്ലിയില്‍നിന്നായിരുന്നു. അരി കൊണ്ടുപോകാന്‍ കൊട്ടിയൂര്‍ നിന്നും ഭൂതങ്ങള്‍ വരികയായിരുന്നുവത്രേ പതിവ്. ഒരിക്കല്‍ അരി കൊണ്ടുപോകുന്നതിന് നിയുക്തനായ ഭൂതഗണങ്ങളിലൊരാള്‍ ഭാരം കൂടുതലായതിനാല്‍ കുറെ അരി വഴിക്ക് കളഞ്ഞുവത്രേ. അക്ഷന്തവ്യമായ ഈ തെറ്റിന് തിരുനെല്ലി പെരുമാള്‍ ഭൂതത്തെ ശപിച്ചു ശിലയാക്കിയെന്നും അങ്ങനെ കുറവു വന്നതായ ഭൂതത്തിന് പകരം ഒരാളെ ഇവിടെ നിന്നും അയയ്ക്കുകയും ചെയ്തുവത്രേ. കൊട്ടിയൂര്‍ ഉത്സവത്തിന് മുന്‍പ് 'ഭൂതത്താനെ പറഞ്ഞയയ്ക്കല്‍' എന്ന ചടങ്ങ് ഇടവ മാസത്തിലെ വിശാഖം നാളില്‍ തിരുനെല്ലിയിലും കൊട്ടിയൂര്‍ ഉത്സവാനന്തരം ഈ ഭൂതത്തിനെ തിരുനെല്ലിയിലേക്ക് തിരിച്ചയയ്ക്കല്‍ ചടങ്ങ് കൊട്ടിയൂരും അനുഷ്ഠിച്ചുവരുന്നു. പൂജകളും വഴിപാടുകളും.
ശിവരാത്രി മഹോല്‍സവം
ആധുനികതയുടേതായ ഈ കാലത്തും പരിഷകരത്തിന്‍റെയും നഗര വത്കരണത്തിന്‍റയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. ചേര രാജാവായ ഭാസ്ക്കര രവിവര്‍മ്മയുടെ കാലത്താണ് തിരുനെല്ലി ക്ഷേത്രം പ്രധാന തീര്‍ഥാടന കേന്ദ്രമായി മാറിയത്. മുന്‍ബ് തിരുനെല്ലി ആമലക ഗ്രാമം എന്നും അറിയപ്പെട്ടിരുന്നു. ആമലക എന്നാല്‍ നെല്ലിക്ക എന്നാണ് അര്‍ത്ഥം. ആമലക ക്ഷേത്രം എന്നു പറഞ്ഞാല്‍ തിരുനെല്ലി ക്ഷേത്രം.ആധുനികതയുടേതായ ഈ കാലത്തും പരിഷകരത്തിന്‍റെയും നഗര വത്കരണത്തിന്‍റയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. ചേര രാജാവായ ഭാസ്ക്കര രവിവര്‍മ്മയുടെ കാലത്താണ് തിരുനെല്ലി ക്ഷേത്രം പ്രധാന തീര്‍ഥാടന കേന്ദ്രമായി മാറിയത്. മുന്‍ബ് തിരുനെല്ലി ആമലക ഗ്രാമം എന്നും അറിയപ്പെട്ടിരുന്നു. ആമലക എന്നാല്‍ നെല്ലിക്ക എന്നാണ് അര്‍ത്ഥം. ആമലക ക്ഷേത്രം എന്നു പറഞ്ഞാല്‍ തിരുനെല്ലി ക്ഷേത്രം
ക്ഷേത്ര വഴിപാടുകള്‍
ഒരാള്‍ പിണ്ഡം - 45.00
കൂട്ടു പിണ്ഡം - 35.00
പ്രതിമ - 02.00
അഷ്ടോത്തര ശത പുഷ്പാഞ്ജലി - 05.00
സഹസ്രനാമാര്‍ച്ചന - 10.00
രക്തപുഷ്പാഞ്ജലി - 10.00
തൃമധുരം - 23.00
നെയ്യ് വിളക്ക് ഒപ്പിക്കല്‍ - 10.00
വിളക്കു മാല - 05.00
പൂമാല - 05.00
വനമാല - 10.00
നിറമാല - 601.00
ഗണപതി ഹോമം - 40.00
മൃത്യുഞ്ജയഹോമം - 50.00
കറുകഹോമം - 15.00
തിലഹോമം - 35.00
പിതൃപൂജ - 101.00
പിതൃനമസ്കാരം - 30.00
ഉദയാസ്തമന പൂജ - 2001.00
നെയ്പ്പായസം - 36.00
കൂട്ടുപ്പായസം - 100.00
പാല്‍പ്പായസം - 25.00
പണപ്പായസം - 25.00
ദ്രവ്യങ്ങള്‍ കൊണ്ടുവന്ന പായസം - 5.00
ഒരു വട്ടളം പായസം - 3000.00
അര വട്ടളം പായസം - 1500.00
കാല്‍ വട്ടളം പായസം - 750.00
അന്നദാനം - 10.00
ചോറൂണ് - 25.00
ധാര - 10.00
രുദ്രാഭിഷേകം - 75.00
ശംഖാഭിഷേകം - 05.00
നെയ്യ് വിളക്ക് - 05.00
എണ്ണ വിളക്ക് - 03.00
ചൊവ്വ വിളക്ക് - 50.00
വെള്ളി വിളക്ക് - 50.00
തൊട്ടില്‍ കുഞ്ഞ് വില്‍പ്പന - 05.00
തൊട്ടില്‍ കുഞ്ഞ് ഒപ്പിക്കല്‍ - 25.00
പ്രതിമ വില്‍പ്പന - 05.00
പ്രതിമ ഒപ്പിക്കല്‍ - 10.00
അപ്പ നിവേദ്യം - 250.00
വെള്ള നിവേദ്യം - 05.00
മലര്‍ നിവേദ്യം - 05.00
നാളീകേര നിവേദ്യം - 01.00
ചന്ദനം ചാര്‍ത്ത് - 10.00
മുടി ഒപ്പിക്കല്‍ - 05.00
മാല പൂജിക്കല്‍ - 10.00
കര്‍പ്പൂരാരാധന - 05.00
വിളക്ക് ഒപ്പിക്കല്‍ - 02.00
ദീപസ്തംഭം തെളിയിക്കല്‍ - 51.00
വിവാഹം - 100.00
സൂക്തപുഷ്പാഞ്ജലി - 10.00
ആയുഷ്കാല പൂജ - 1001.00
തൃശ്ശിലേരി ക്ഷേത്രം വിളക്കുമാല - 05.00
തൃശ്ശിലേരി ക്ഷേത്രം വിളക്കുമാല (ഒരാള്‍ പിണ്ഡം) - 08.00
ദ്രവ്യങ്ങള്‍ കൊണ്ടുവന്ന് ദീപസ്തംഭം - 10.00
സ്വര്‍ണ്ണ പ്രതിമ സമര്‍പ്പണം - 10.00
സ്വര്‍ണ്ണ പ്രതിമ ബലിയിട്ടു സമര്‍പ്പണം - 02.00
ഓട്ടു-വെങ്കല ഉരുപ്പടികള്‍ സമര്‍പ്പണം - 10.00
ചിതാഭസ്മ നിമഞ്ജനം - 10.00
സ്വര്‍ണ്ണം/വെള്ളി ഉരുപ്പടി സമര്‍പ്പണം - 10.00
Phone No: 04935 210201
No comments:
Post a Comment