നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 06/108
മാത്തൂർ ശിവക്ഷേത്രം
സ്തോത്രത്തിൽ മാത്തൂർ എന്ന് മാത്രമേ കാണപ്പെടുന്നുള്ളൂ. മാത്തൂർ ശിവക്ഷേത്രം രണ്ടെണ്ണം ശ്രദ്ധയിൽപെട്ടപ്പോൾ സംശയം വർദ്ധിച്ചു. ഇതിലേതാണ് 108 ശിവക്ഷേത്രത്തിൽ പെട്ടത് ? രണ്ടിടത്തും തദ്ദേശവാസികൾ പദവിക്കുവേണ്ടി അവകാശവാദമുന്നയിക്കുന്നു. അതിലേക്ക് കടക്കുന്നില്ല .
തൃശൂർ ജില്ലയിൽ കുന്നംകുളം വടക്കാഞ്ചേരി റോഡിൽ മാത്തൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു. മുഖ്യ പ്രതിഷ്ഠ ശിവൻ. ശിവലിംഗം രുദ്രാക്ഷശിലയിൽ ആണെന്ന് പറയപ്പെടുന്നു. വട്ടശ്രീകോവിലിന് സാമാന്യ വലിപ്പമുണ്ട്. ശ്രീകോവിലിന്റെ നിർമ്മാണശൈലി ക്ഷേത്ര പഴമയെ സൂചിപ്പിക്കുന്നു. പടിഞ്ഞാറോട്ടാണ് ദേവദർശനം. പാർവതിക്ക് പ്രത്യേകം ശ്രീകോവിലില്ല. ശിവന്റെ ശ്രീകോവിലിൽ തന്നെ വാഴുന്നു. കൂടാതെ ഉപ ദേവന്മാരായി ദക്ഷിണാമൂർത്തി, ശാസ്താവ്, ഗണപതി, നാഗയക്ഷി, എന്നിവരും ക്ഷേത്രത്തിലുണ്ട്. ഉപദേവന്മാരുടെ ദർശനം തെക്കോട്ടാണ്. ഇതിൽ എന്തോ പ്രത്യേകതയില്ലേ? സംഹാരമൂർത്തിക്ക് എതിരെ ദർശിക്കുവാനുള്ള ഭയമാണോ?
പണ്ട് കുംഭമാസത്തിൽ ക്ഷേത്രത്തിൽ ഉത്സവം നടത്തിയിരുന്നു എന്ന് പഴമക്കാർ പറയുന്നു. എന്നാൽ നാട്ടുകാർക്ക് ഉത്സവം ഓർമയിൽ ഇല്ല. ജനപങ്കാളിത്തത്തോടെ ശിവരാത്രി ആഘോഷിച്ചുവരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് വകയാണ് ക്ഷേത്രം.
മറ്റൊരു മാത്തൂർ ക്ഷേത്രമുള്ളത് മലപ്പുറം ജില്ലയിലാണ്. തവനൂർ പഞ്ചായത്ത് അതിർത്തിയിൽ അതളൂരിനടുത്ത് സ്ഥിതിചെയ്യുന്നു .മുഖ്യ മൂർത്തി ശിവൻ തന്നെ. ഒരാൾ ഉയരത്തിലുള്ള ശിവലിംഗം വിശ്വാസികളെ ആകർഷിക്കുന്നു. സങ്കേതത്തിലുള്ള വിഷ്ണുവിന്റെ ക്ഷേത്രത്തിന് ശിവനോളം പഴക്കം കാണുന്നില്ല. പണ്ട് ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം ഉണ്ടായിരുന്നുവത്രേ. എന്നാൽ ഇന്നവ ഓർമ്മകളിൽ മാത്രം. നാട്ടുകാരുടെ പങ്കാളിത്തത്തോടെ ശിവരാത്രി ആഘോഷിച്ചുവരുന്നു. കാലടി മലയിലേക്കാണ് തന്ത്രം. രണ്ടുനേരം പൂജയുണ്ട്. സാമൂതിരിയുടെ വകയായിരുന്നു ഈ ക്ഷേത്രം. ഇപ്പോൾ എച്ച്. ആർ. ആൻഡ് സി. ഇ. യുടെ നിയന്ത്രണത്തിൽ നാട്ടുകാരുടെ കമ്മിറ്റി ഭരണം നടത്തുന്നു.
No comments:
Post a Comment