24 May 2019

ഐശ്വര്യമേകും ലക്ഷ്മീപൂജ

ഐശ്വര്യമേകും ലക്ഷ്മീപൂജ

മഹാലക്ഷ്മിയെ ആരാധിക്കുന്ന വ്രതമാണ് ലക്ഷ്മീപൂജ. ഓരോ മാസവും അവസാനത്തെ വെള്ളിയാഴ്ച അനുഷ്ഠിക്കുന്ന വ്രതമാണിത്. രാവിലെ കുളിച്ചു ശുഭവസ്ത്രം ധരിച്ച് ആദ്യം ഗണപതിയെ വണങ്ങണം. നാളികേരം, പഴം, വെറ്റില, അടയ്ക്ക, കര്‍പ്പൂരം, അവല്‍, ശര്‍ക്കര, കല്‍ക്കണ്ടം എന്നിവ നിവേദ്യമായും സ്വര്‍ണ്ണനാണയങ്ങളോ, വെള്ളിനാണയങ്ങളോ, സമര്‍പ്പിച്ചും മഹാലക്ഷ്മി സ്‌തോത്രം ജപിച്ച് മൂന്നുപ്രാവശ്യം വണങ്ങണം. ഇരുപ്പത്തിയൊന്ന് വെള്ളിയാഴ്ച ഈ വ്രതമെടുത്ത് മഹാലക്ഷ്മിയെ വണങ്ങിയാല്‍ സര്‍വ്വ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്നാണ് വിശ്വാസം.

പാലാഴിയില്‍ നിന്ന് ഉത്ഭവിച്ചവളും മഹാവിഷ്ണുവിന്റെ ധര്‍മ്മപത്‌നിയുമായ ലക്ഷ്മി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിദേവതയാണ്. മഹാലക്ഷ്മിക്ക് എട്ടുവിധത്തില്‍ രൂപകല്‍പന നല്‍കി ആരാധിച്ചുവരുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിവയാണ് അഷ്ടലക്ഷ്മി സങ്കല്‍പം. നവരാത്രിവേളയില്‍ ദുര്‍ഗ്ഗയോടൊപ്പം ലക്ഷ്മിയേയും ആരാധിക്കുന്ന പതിവുണ്ട്. ക്രിയാശക്തിയുടെ പ്രതീകമായാണ് ലക്ഷ്മീദേവിയെ കരുതുന്നത്.

സൃഷ്ടിയുടെ ആരംഭകാലത്ത് പരമാത്മാവിന്റെ ഇടതുഭാഗത്തു നിന്നും ഒരു ദേവി ഉണ്ടാവുകയും ആ ദേവിതന്നെ ലക്ഷ്മിയും രാധയുമായി മാറുകയും ലക്ഷ്മി മഹാവിഷ്ണുവിന്റെ വല്ലഭയാവുകയും ചെയ്തുവെന്നാണ് ദേവീഭാഗവതത്തില്‍ മഹാലക്ഷ്മിയുടെ ഉത്ഭവകഥ വിവരിക്കുന്നത്. പല കാലത്തായി പല അവതാരങ്ങള്‍ ലക്ഷ്മീദേവി കൈക്കൊണ്ടിട്ടുണ്ട്. ലക്ഷ്മീദേവിയെ മുഖ്യദേവതയായി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ പക്ഷേ വിരളമാണ്. വരദാഭയമുദ്രകളും പത്മങ്ങളും ധരിച്ചുകൊണ്ടും പത്മത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നതുമായ രൂപസങ്കല്‍പങ്ങളാണ് പൊതുവേയുള്ളത്.

കന്നിമാസത്തിലെ മകം നക്ഷത്രത്തില്‍ ഈ ഐശ്വര്യദേവതയെ പ്രത്യേകം പൂജിച്ചുവരുന്നു. ചില പ്രത്യേകതരം കറികളും മറ്റും ലക്ഷ്മീപൂജയുടെ നിവേദ്യത്തിനായി അന്നേദിവസം ഒരുക്കാറുണ്ട്. ഭാദ്രമാസത്തിലെ കൃഷ്ണാഷ്ടമിദിവസം ലക്ഷ്മീപൂജ ചെയ്യുന്നതും വിശേഷമാണ്. ദീപാവലി ദിനവും ലക്ഷ്മീപ്രീതി കര്‍മ്മങ്ങള്‍ക്ക് ഉത്തമം. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക.

മഹാലക്ഷ്മ്യഷ്ടകം
ॐ➖➖➖➖ॐ➖➖➖➖ॐ
നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ

നമസ്തേ ഗരുഡാരൂഡേ കോലാസുര ഭയങ്കരി
സര്‍വപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ

സര്‍വജ്ഞേ സര്‍വവരദേ സര്‍വദുഷ്ടഭയങ്കരി
സര്‍വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ

സിദ്ധിബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തി പ്രദായിനി
മന്ത്രമൂര്‍ത്തേ സദാ ദേവി മഹാലക്ഷ്മീ നമോസ്തുതേ

ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ

സ്ഥൂല സൂക്ഷ്മ മഹാരൌദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ മഹാലക്ഷ്മീ നമോസ്തുതേ

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതേ മഹാലക്ഷ്മീ നമോസ്തുതേ

മഹാലക്ഷ്മ്യഷ്ടകസ്തോത്രം യഃ പഠേത്ഭക്തിമാന്നരഃ
സര്‍വസിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതി സര്‍വദാ

ഏകകാലം പഠേന്നിത്യം മഹാപാപവിനാശനം
ദ്വികാലം യഃ പഠേന്നിത്യം ധനദാന്യംസമന്നിതഃ

ത്രികാലം യഃ പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മീര്‍ഭവേന്നിത്യം പ്രസന്നാ വരദാ ശുഭാ

ഇതി ഇന്ദ്രക്രുതമഹാലക്ഷ്മ്യഷ്ടകം സമ്പൂര്‍ണ്ണം

No comments:

Post a Comment