5 May 2019

ശ്രീ വിദ്യാ ഷോഡശി മന്ത്ര മഹത്വം

"ശ്രീ വിദ്യാ ഷോഡശി മന്ത്ര മഹത്വം"

പൂർവ്വ ജന്മ വാസനയാണ് ഒരു മനുഷ്യൻ തന്റെ സ്വത്തയെ തിരിച്ചറിയാനുള്ള പാത കണ്ടെത്തുന്നത്. ഒരു മനുഷ്യൻ തന്റെ ജന്മ ലക്‌ഷ്യം അറിയാതെ അനേകം ശരീരങ്ങൾ സ്വീകരിച്ചു ജനന മരണ ചാക്രിക പ്രവർത്തനങ്ങളിൽ സദാ ചരിക്കുന്നു.

ജ്ഞാനപാനയിൽ ഇപ്രകാരം പറയുന്നു...

അത്ര വന്നു പിറന്നു സുകൃതത്താല്‍
എത്ര ജന്‍മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്‍മം മരങ്ങളായ്‌ നിന്നതും
എത്ര ജന്‍മമരിച്ചു നടന്നതും
എത്ര ജന്‍മം മൃഗങ്ങള്‍ പശുക്കളായ്‌
അതു വന്നിട്ടീവണ്ണം ലഭിച്ചൊരു
മര്‍ത്ത്യ ജന്‍മത്തില്‍ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും
പത്തു മാസം വയറ്റില്‍ കഴിഞ്ഞുപോയ്‌
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പോയ്‌
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമെന്നില്ലല്ലോ;
നീര്‍പ്പോള പോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!

ഓരോ മനുഷ്യനും ജന്മ ലക്‌ഷ്യം ഉണ്ട് ആ ജന്മ ലക്‌ഷ്യം എന്താണന്നു നമുക്ക് നമ്മുടെ പൂർവ്വ സൂരികൾ പറഞ്ഞു തന്നിട്ടുണ്ട്. ഓരോ മനുഷ്യനും അത് ആർജ്ജിച്ചു സ്വയം പ്രകാശിതമാകാൻ പ്രകൃതി എന്ന മഹാ സത്യത്തെ തിരിച്ചറിയണം. ശാശ്വതമല്ലാത്ത ധന ജീവിതം മാത്രം പോരെ വൃഷ്ടിയും സമഷ്ടിയും ഒരുപോലെ പ്രാധന്യമുള്ളവയാണ്. സമൂഹ ജീവി ആയത് കൊണ്ട് കടമകളിൽ നിന്നുള്ള ഒളിച്ചാട്ടമല്ല സാധന മറിച്ചു സുഖകരമായ കുടുംബ ജീവിതത്തോടൊപ്പം നമ്മുടെ സ്വതയെ കൂടി തിരിച്ചറിയുമ്പോഴാണ് നാം നമ്മൾ ആകുന്നത്.അത് തന്നെ ആകണം ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞത്. "യജ്ഞാനാം ജപ യജ്ഞോസ്മി" എന്ന് ജപം ബൗദ്ധീകമാണ് കാരണം സംസാരത്തിൽ നിന്നുള്ള മോചനം ആണ് ജപം

"ജകാരോ ജന്മ വിച്ഛേദേ പകാരോ  പാപ നാശകം"

സംസാര ചക്രം ആകുന്ന കാമ കലാ ചക്രത്തിൽ ചരിക്കുന്ന ആത്മാവ് ഏതോ ഒരു ഘട്ടത്തിൽ മനുഷ്യ ജന്മം ലഭിക്കുന്നത് ആ മനുഷ്യ ജന്മത്തിൽ തന്നെ "സ്വയം" തിരിച്ചറിയുന്നത് ദുര്ലഭം ആ തിരിച്ചറിവിലൂടെ മഹാ ജ്ഞാനം തേടി പോകുന്നത് അതി ദുർലഭം അപ്രകാരം ഈ കാല ചക്രത്തിൽ നിൽക്കുന്ന മനുഷ്യനെ ത്രാണനം ചെയ്യുന്ന സദാശിവ സ്വരൂപൻ ആണ് "ഗുരു" "ഗുരുരേവ ജഗത് സർവ്വം" ആ പരമ ശിവ സ്വരൂപൻ ആയ ഗുരു തരുന്ന മഹാ മന്ത്ര ജ്ഞാനങ്ങൾ ഉരുവിട്ട് കൊണ്ടാണ് പടി പടിയായി നമ്മൾ പരമമായ സത്യത്തിലോട്ടു അടുക്കുന്നത്. അറിവ് നേടാനുള്ള ഏറ്റവും നല്ല യോഗ്യത അറിവില്ലായ്മ ആണ് എന്ന സത്യം തിരിച്ചറിയിക്കുന്നതാണ് ശിഷ്യന് ഗുരുവിന്റെ ആദ്യ ദാനം. സമ്പ്രദായത്തിൽ നിർത്തി ശാരീരികവും മാനസികവുമായ പക്വത വരുത്തി. അവിടുന്ന് ചിന്തിക്കാൻ തുടങ്ങിയ ശിഷ്യനെ അനേക പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിന്റെ  പാസ്വേർഡ് നൽകും അതാകുന്നു ശ്രീ വിദ്യാ (നല്ല ഗുരു ശ്രീ വിദ്യാ നൽകുന്നത് എല്ലാം നല്ല ഗുരു ആണന്നു ധരിക്കേണ്ട അതിനും തന്ത്രം മാനദണ്ഡങ്ങൾ കല്പിച്ചിട്ടുണ്ട്)

"ചരമേ ജന്മനി യഥാ ശ്രീ വിദ്യോപാസകോ ഭവേത്"

{മന്ത്ര മഹത്വം}

"വാക്യ കോടി സഹസ്രേഷു ജിഹ്വാ കോടി ശതൈരപി" |
വർണ്ണിതം നൈവ ശാക്യോഹം ശ്രീ വിദ്യാ ഷോഡശാക്ഷരീം" ||

എണ്ണമില്ലാത്ത വാക്കുകളാലും എണ്ണമില്ലാത്ത നാവിനാലും വർണ്ണിക്കാൻ സാധ്യമല്ല ഈ വിദ്യയെ

"ഏകോച്ചാരേണ ദേവേശി ! വാജപേയസ്യ കോടയ: |
അശ്വ മേധ സഹസ്രാണി പ്രാദക്ഷിണ്യം ഭുവസ്തഥാ ||
(ഭൈരവാഗമം 17/8/190)

ഒരു പ്രാവശ്യം ജപിക്കുന്നത് കോടി വാജപേയ യാഗം ചെയ്തതിനു തുല്യം ആകുന്നു ഇങ്ങനെ ശ്രീ വിദ്യാ മന്ത്ര മഹത്വം അനേകം ശാസ്ത്രം പറയുന്നു. തുടർന്ന് നല്ല കഴിവും ഗുരു ഭക്തിയും ഉപാസ്യ ദേവതയിൽ വിശ്വാസവും നിശ്ചയ ദാർഢ്യം ഉള്ള ശിഷ്യനെ വാർത്തെടുക്കാൻ ഇപ്രകാരം പറയുന്നു.

"അപി പ്രിയതമം ദേയം സുത ദാര ധനാധികം !
രാജ്യം ദേയം ശിരോ ദേയം ന ദേയം ഷോഡശാക്ഷരി ||

ആശാപാശങ്ങളാലോ ധന മോഹങ്ങളാലോ ശ്രീ വിദ്യാ മന്ത്രം കൊടുക്കരുത് "നീ രാജ്യം കൊടുത്തോ ശിരസ്സ് കൊടുത്തോ ഒരിക്കലും കൊടുക്കരുത് ശ്രീ വിദ്യാ മന്ത്രം "

ഇപ്രകാരം ജന്മാന്തര തപസ്സിന്റെ ഫലമാണ് ഗുരുവും സമ്പ്രദായവും ഉപാസ്യ ദേവതയും കൈവരുന്നത് അപ്രകാരം കയ്യിൽ വന്നിട്ടും സമ്പ്രദായ മഹത്വം അറിയാതെ ഗുരു മഹത്വം അറിയാതെ ഗുരുവിനെ ശിലാ ബുദ്ധിയിൽ കാണുന്ന ശിഷ്യൻ അജ്ഞാനത്തിന്റെ നരകത്തിൽ എത്തുമെന്നുള്ളത് നിസംശയം പറയാം..

No comments:

Post a Comment