മുരുഡേശ്വര ക്ഷേത്രം
കർണ്ണാടകയിലെ ഉത്തര കന്നടയിലുള്ള മുരുഡേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് മുരുഡേശ്വര ക്ഷേത്രം. അറേബ്യൻ കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. മൃഡേശ്വരൻ എന്നറിയപ്പെടുന്ന ശിവൻ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ക്ഷേത്രസമീപത്ത് പണികഴിപ്പിച്ചിട്ടുള്ള 123 അടി (37 മീറ്റർ) ഉയരമുള്ള ശിവപ്രതിമക്ക് ലോകത്തിലെ ഉയരമേറിയ ശിവരൂപങ്ങളിൽ വെച്ച് രണ്ടാം സ്ഥാനമാണുള്ളത്.
മുരുഡേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ത്രേതായുഗത്തിൽ നിന്നു തന്നെ തുടങ്ങുന്നു. അമർത്യത നേടിയ ദേവന്മാരെപ്പോലെ അനശ്വരനാകുവാൻ ലങ്കേശ്വരനായ രാവണനും ആഗ്രഹിച്ചു. ദേവഗണങ്ങൾക്ക് ഇതു സാധ്യമായത് ശൈവപ്രതീകമായ ആത്മലിംഗത്തെ പൂജിക്കുന്നതു കൊണ്ടാണെന്നു മനസ്സിലാക്കിയ രാവണൻ ആത്മലിംഗം സ്വന്തമാക്കാൻ ആഗ്രഹിച്ചു. തീവ്രമായ പ്രാർത്ഥനകളിലൂടെയും പൂജകളിലൂടെയും പരമശിവനെ പ്രസാദിപ്പിക്കുവാൻ സാധിച്ച രാവണൻ, ശിവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരമായി ആത്മലിംഗം ആവശ്യപ്പെട്ടു. അപ്രകാരം ആത്മലിംഗം രാവണനു വരദാനമായി നൽകിയപ്പോൾ അതു ലങ്കയിലെത്തി യഥാസ്ഥാനത്തു സ്ഥാപിക്കുന്നത് വരെ മറ്റൊരിടെത്തും നിലത്തു വെയ്ക്കാൻ പാടില്ല എന്നൊരു കർശന നിർദ്ദേശം കൂടി നൽകി. ഈ സംഭവം അറിഞ്ഞ നാരദമുനി, സ്വതേ അഹങ്കരിയായ രാവണൻ ആത്മലിംഗം കൈവശപ്പെടുത്തിയതിൽ ആശങ്കാകുലനാകുകയും മഹാവിഷ്ണുവിന്റെയും ഗണപതിയുടെയും സഹായം അപേക്ഷിക്കുകയും ചെയ്തു.
സൂര്യാസ്തമയത്തോടനുബന്ധിച്ചുള്ള പൂജാകർമ്മങ്ങളിൽ വളരെ നിഷ്ട പുലർത്തിയിരുന്ന വ്യക്തിയാണ് രാവണൻ എന്നു മനസ്സിലാക്കിയ ഗണപതി ആത്മലിംഗം വീണ്ടെടുക്കുവാനൊരു ഉപായം കണ്ടെത്തി. ആത്മലിംഗം കൈകളിൽ വഹിച്ചു രാവണൻ ഗോകർണ്ണത്ത് എത്തിയപ്പോൾ മഹാവിഷ്ണു മായയാൽ സൂര്യനെ മറച്ചു അസ്തമയഛായ സൃഷ്ടിച്ചു . പ്രതീക്ഷച്ചതിലും വേഗം അസ്തമയം ആയെന്നു ധരിച്ച രാവണൻ അത്മലിംഗം കൈകളിൽ വെച്ചു കൊണ്ട് തന്റെ പൂജകൾ നടത്തുവാൻ കഴിയാതെ വിഷണ്ണനായി. തദവസരത്തിൽ ഗണപതി ഒരു ബ്രാഹ്മണബാലന്റെ രൂപത്തിൽ അവിടെയെത്തി. വിശ്വസ്തനായി തോന്നിയ ആ ബ്രാഹ്മണബാലനോട് പൂജകൾ നടത്തി താൻ തിരികെ വരുന്നതു വരെ നിലത്തു വെയ്ക്കാതെ കൈകളിൽ തന്നെ വഹിച്ചുകൊള്ളണമെന്ന അഭ്യർത്ഥനയോടെ ആത്മലിംഗം രാവണൻ കൈമാറി. എന്നാൽ രാവണൻ പൂജകൾ നിർവഹിച്ചു തിരികെ വരുന്നതിനു മുൻപേ മഹാവിഷ്ണു സൂര്യനെ മറച്ചിരുന്ന തന്റെ മായ പിൻവലിക്കുകയും പകൽ വെളിച്ചം വീണ്ടും പരക്കുകയും ചെയ്തു.
അബദ്ധം പറ്റിയെന്നു മനസ്സിലാക്കി പരിഭ്രാന്തനായി പാഞ്ഞു തിരിച്ചെത്തിയ രാവണന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ ഗണപതി ആത്മലിംഗം നിലത്തു വെക്കുകയും ലിംഗം നിലത്തുറച്ചു പോവുകയും ചെയ്തു. കോപാകുലനായ രാവണൻ അതു പൊക്കിയെടുത്ത് നശിപ്പിക്കുവാൻ ശ്രമിച്ചു. രാവണന്റെ ശക്തമായ ബലപ്രയോഗം മൂലം ആത്മലിംഗം പല ഖണ്ഡങ്ങളായി ചിതറുകയും ലിംഗത്തിന്റെ മുകൾഭാഗമുൾപ്പെടുന്ന ഖണ്ഡം കുറച്ചകലെയുള്ള സൂരത്കൽ എന്ന പ്രദേശത്ത് ചെന്നു പതിച്ചു. തുടർന്ന് രാവണൻ ലിംഗത്തിന്റെ പേടകവും പേടകത്തിന്റെ അടപ്പും ഏറ്റവും ഒടുവിലായി ആത്മലിംഗത്തെ ചുറ്റിയിരുന്ന തുണികൊണ്ടുള്ള ആവരണവും ഒരോ സ്ഥലത്തേക്ക് എടുത്തെറിഞ്ഞു. ഇവയിൽ ആവരണം വന്നു പതിച്ച കന്ദുകഗിരിയിലാണ് മുരുഡേശ്വര ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.
മൂന്നു പതിറ്റാണ്ട് മുൻപ് ആർ.എൻ. ഷെട്ടി (രാമ നാഗപ്പ ഷെട്ടി) എന്ന ധനികനായ വ്യവസായിയുടെ ശ്രദ്ധ പതിയുന്നതോടെയാണ് മുരുഡേശ്വര ക്ഷേത്രത്തിന്റെയും ഈ പ്രദേശത്തിന്റെയും ചരിത്രത്തിൽ ഒരു പുതുയുഗം പിറക്കുന്നത്. തദ്ദേശവാസിയും ക്ഷേത്രവുമായി മുൻപ് തന്നെ ആത്മബന്ധമുണ്ടായിരുന്ന നിർമ്മാണ രംഗത്തെ പ്രമുഖനായ ഇദ്ദേഹം ക്ഷയോന്മുഖമായിക്കൊണ്ടിരുന്ന ഈ ക്ഷേത്രത്തെ പുനരുദ്ധരിക്കുവാൻ തീരുമാനിച്ചു. എസ്.കെ.ആചാരി എന്ന ശില്പിയുടെ മേൽനോട്ടത്തിൽ 1977-ൽ പുനരുദ്ധാരണപ്രവർത്തങ്ങൾ ആരംഭിച്ചു. പിന്നീട് പത്മാസനത്തിൽ ധ്യാനത്തിൽ മുഴുകിയിരിക്കുന്ന ചതുർബാഹുവായ പരമശിവന്റെ കൂറ്റൻ ശില്പവും ഇരുപത് നിലകളുള്ള രാജഗോപുരവും ആർ.എൻ.ഷെട്ടി തന്നെ മുൻകൈ എടുത്തു പണിയിപ്പിച്ചു. 123 അടി ഉയരമുള്ള ശിവന്റെ ശില്പം ഷിമോഗ സ്വദേശിയായ കാശിനാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശില്പികൾ കോൺക്രീറ്റിൽ തീർത്തതാണ്. 249 അടി ഉയരമുള്ള രാജഗോപുരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗോപുരമാണ്. തമിഴ് നാട്ടിൽ നിന്നുള്ള ശില്പികൾ നിർമ്മിച്ച ഈ ഗോപുരത്തിന്റെ കവാടത്തിൽ രണ്ടു ഗജവീരന്മാരുടെ ശില്പങ്ങളുണ്ട്. ഈ ശില്പങ്ങൾക്ക് പുറമേ ഗീതോപദേശം, ഏഴു കുതിരകളെ പൂട്ടിയ രഥത്തിലേറിയ സൂര്യഭഗവാൻ തുടങ്ങിയ ശില്പങ്ങളും ഇന്ന് മുരുഡേശ്വര ക്ഷേത്രപരിസരത്തുണ്ട്.
NB :- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയായി കണക്കാക്കുന്നത് നേപ്പാളിലെ കാഠ്‌മണ്ഡുവിൽ നിന്ന് 20കിലോമീറ്റർ അകലെയായുള്ള കൈലാഷ്നാഥ് മഹാദേവ് എന്ന 143 അടി ഉയരം വരുന്ന ശില്പമാണ്.
No comments:
Post a Comment