പൂജാമുറി ഒരുക്കുമ്പോള്‍ - 04
വീട്ടിൽ പൂജാമുറിക്ക് എത്രമാത്രം പ്രാധാന്യം ഉണ്ട്? വീട്ടിൽ പൂജാമുറി പാടില്ലെന്നു ചിലർ പറയുന്നു. ഉണ്ടെങ്കിൽ തന്നെ വിഗ്രഹങ്ങൾ വയ്ക്കുന്നതു ദോഷമാണെന്നും കരുതുന്നു. ഇതൊരു തെറ്റിദ്ധാരണയാണ്.
വീട്ടിൽ പൂജാമുറി ഉള്ളതുകൊണ്ട് ഒരു ദോഷവുമില്ല, മാത്രമല്ല നല്ലതുമാണ്. പൂജാമുറിയിൽ ഫോട്ടോകൾ മാത്രമല്ല, വിഗ്രഹങ്ങളും വയ്ക്കാം. പൂജയും ചെയ്യാം. എന്നാൽ താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹം വയ്ക്കരുതെന്നു മാത്രം. പൂജയും താന്ത്രികവും പഠിച്ച ബ്രാഹ്മണരിൽ ചിലർ വീട്ടിൽ പ്രതിഷ്ഠ ചെയ്തു പൂജിക്കാറുണ്ട്. എന്നാൽ പൂജയും താന്ത്രികവും പഠിക്കാത്ത സാധാരണക്കാർക്ക് പൂജമുറിയിൽ വച്ചിരിക്കുന്ന വിഗ്രഹങ്ങൾക്കു മുന്നിൽ വിളക്കു കത്തിച്ചു പ്രാർഥിക്കുകയും വിശേഷദിവസങ്ങളിൽ മാലകൾ ചാർത്തുകയും ആവാം.
പൂജാമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. രാവിലെയും സന്ധ്യയ്ക്കും നിലവിളക്കു തെളിയിക്കുന്നത് ഉത്തമമാണ്. തൂക്കുവിളക്കുകൾ പൂജാമുറിയിൽ കത്തിക്കരുത്. അഷ്ടമംഗല്യം (നെല്ല്, അരി, വസ്ത്രം, കത്തിച്ച നിലവിളക്ക്, വാൽക്കണ്ണാടി, കുങ്കുമചെപ്പ് ,കളഭം അല്ലെങ്കിൽ ചന്ദനം,ഗ്രന്ഥം), രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങൾ കാണത്തക്ക രീതിയിൽ പൂജാമുറിയിൽ സൂക്ഷിക്കണം. സ്നാനശേഷം അണിയാനുളള ചന്ദനം, കുങ്കുമം, ഭസ്മം, മഞ്ഞൾ ഇവ ഒരു തട്ടത്തിൽ പൂജാമുറിയിൽ വയ്ക്കാവുന്നതാണ് .ഭഗവൽ ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാസാമഗ്രികളും അല്ലാതെ മറ്റൊന്നും പൂജാമുറിയിൽ സൂക്ഷിക്കാൻ പാടില്ല.
പുല, വാലായ്മ, ആർത്തവം എന്നീ അശുദ്ധിയുളള സമയങ്ങളിൽ പൂജാമുറിയിൽ പ്രവേശിക്കരുത്. വാൽക്കിണ്ടിയിലെ ജലം, അഗർബത്തിയുടെ ചാരം, വാടിയ പുഷ്പങ്ങൾ എന്നിവ സമയാസമയങ്ങളിൽ മാറ്റുക. കേടുപാടുവന്ന ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാമുറിയിൽ നിന്ന് ഒഴിവാക്കുക.
വാസ്തുവിധി പ്രകാരം മാത്രമേ പൂജാമുറി ഒരുക്കാവൂ. ഗൃഹത്തിന്റെ അഗ്നികോണും (തെക്കു കിഴക്ക്) വായുകോണും (വടക്കു പടിഞ്ഞാറ്) ഒഴിവാക്കുക. തെക്കോട്ടു തിരിഞ്ഞ് ഒരിക്കലും നമസ്കരിക്കരുത്. അതനുസരിച്ചായിരിക്കണം പൂജാമുറിയിൽ ഫോട്ടോയും വിഗ്രഹങ്ങളും വയ്ക്കാൻ. പൂജാമുറി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായി വരുന്നത് നന്ന്. ഇരുനില വീടാണെങ്കിൽ താഴത്തെ നിലയിലാവണം പൂജാമുറി. കോണിക്കടിയിൽ പൂജാമുറി പാടില്ല. കൂടാതെ ബാത്ത്റൂമിന്റെ അടിയിലായോ ചുമരു പങ്കിട്ടുകൊണ്ടോ എതിർവശത്തായോ പൂജാമുറി ഉണ്ടാക്കരുത്.
No comments:
Post a Comment