ആത്മീയതയെ വെറുക്കുന്നു?
ചെറുപ്പക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ ഇസത്തെ അന്ധമായി പിന്തുടരുന്നു. അവര്‍ സാഹിത്യ കൃതികള്‍, പ്രത്യേകിച്ച് അമേരിക്കക്കാരായ പേരുകേട്ട എഴുത്തുകാരുടെ best sellers വായിക്കാനും അറിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വിളമ്പാനും ഇഷ്ടപ്പെടുന്നു. ഭഗവത്ഗീത, രാമായണം, വേദം, ഉപനിഷത്ത് എന്നൊക്കെ കേട്ടാല്‍ പുച്ഛിച്ചുതള്ളുന്നു. അതൊക്കെ അറുപഴഞ്ചന്‍ സാധനങ്ങള്‍, ആക്രികാര്‍ക്ക് കൊടുക്കൂ!
ഇനിയും കുറച്ചുപേര്‍, പേരുകേട്ട ആത്മീയാചാര്യന്‍മാരായ അമൃതാനന്ദമയി, രവിശങ്കര്‍, സായിബാബാ തുടങ്ങിയവരുടെ ഭക്തരാണ് എന്ന് പറയുന്നതിനും അഭിമാനം കാണുന്നു. “അഹന്ത ഉപേക്ഷിക്കൂ”, “അഭിമാനം ഉപേക്ഷിക്കൂ” തുടങ്ങിയ നല്ലവാക്കുകള്‍ പറഞ്ഞു കൊടുക്കുന്ന (കൊടുക്കേണ്ടുന്ന) ഈ ആചാര്യന്മാരുടെ ഭക്തരാണ് എന്ന് പറയുന്നതു തന്നെ ഇത്തരക്കാര്‍ക്ക് സോഷ്യല്‍ സ്റ്റാറ്റസ്സിന് ഉപയോഗിക്കുന്ന ഒരു നയിംപ്ലേറ്റ് പോലെയാണ്! അല്ലാതെ അതൊന്നും പ്രാവര്‍ത്തികമാക്കുകയോ ആഴത്തില്‍ പഠിക്കുകയോ അല്ല കൂടുതല്‍ പേരുടേയും ലക്ഷ്യം.
അമ്പലത്തില്‍ പോകുമോ എന്ന് ചോദിച്ചാല്‍ ചിലര്‍ പോകുന്നുണ്ട്. അടുത്തുള്ള ‘ചെറിയ’ അമ്പലങ്ങളില്‍ ആരും പോകാറില്ല. അതൊന്നും നമ്മുടെ കോര്‍പ്പറേറ്റ് ഭക്തിക്കു ചേര്‍ന്നതല്ല, ഓഫീസ്സില്‍ പോയി ആരോടും പറയാനും ഒരു രസമില്ല. വല്ലപ്പോഴും ഒരു പിക്നിക് പോലെ ഒരു ഡ്രൈവിനു ഗുരുവായൂരോ മൂകാംബികയിലോ പദ്മനാഭസ്വാമി ക്ഷേത്രത്തിലോ കന്യാകുമാരിയിലോ പളനിയിലോ ഒക്കെ പോകും. അങ്കവും കാണാം താളിയും ഓടിക്കാം!
എന്തിനാണ് അമ്പലത്തില്‍ പോകുന്നത്? അവരുടെ കുടുംബത്തിനു എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ‘ദൈവത്തിനു’ കൈക്കൂലികൊടുക്കാം എന്ന് നേരുന്നു. എന്തെങ്കിലും കാരണത്താല്‍ അവരുടെ ആഗ്രഹം നടപ്പായാല്‍ അവര്‍ കൈക്കൂലിക്കാര്യം തന്നെ മറന്നുപോകും! പിന്നീട് അടുത്ത പ്രശ്നം വരുമ്പോള്‍ ഓര്‍ക്കും, ഓ, പണ്ട് പറഞ്ഞുറപ്പിച്ച കൈക്കൂലി കൊടുത്തില്ലല്ലോ. അത് ഒരു ഭയമായി മാറുന്നു. ഇനി എത്രയും പെട്ടെന്നുതന്നെ ഒരു കാറുപിടിച്ചു ഒരു ഭക്തി പിക്നിക്കിനു പോകുകതന്നെ! അവിടെ ചെന്ന് കുറച്ചുമാത്രം രൂപ കാണിക്ക, അര്‍ച്ചന, വഴിപാട്, പൂജ എന്നൊക്കെ പറഞ്ഞു ചെലവാക്കി, അതിന്റെ അമ്പതുമടങ്ങ് രൂപ വഴിക്ക് ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാനും ആഹാരം കഴിക്കാനും കാറില്‍ എ സി ഇടാനും ഒക്കെ ചെലവാക്കി മനസ്സമാധാനത്തോടെ തിരിച്ചു വരുന്നു! ഹോ എന്തൊരു ആശ്വാസം!
ഇതൊക്കെയാണോ നിങ്ങളുടെയും ഭക്തി?
നിങ്ങള്‍ക്ക് ദൈവസ്നേഹമാണോ (god loving) ദൈവഭയമാണോ (god fearing)? നിങ്ങള്‍ ദൈവത്തെ ഭയക്കാന്‍ ദൈവം എന്താ അത്ര ഉപദ്രവകാരിയാണോ! അതോ നിങ്ങള്‍ നിരീശ്വരവാദിയാണോ?
ഉന്നതവിദ്യാഭ്യാസം നേടിയ പലരും പാശ്ചാത്യ മൂല്യങ്ങളില്‍ അമിതമായി വിശ്വസിക്കുമ്പോള്‍ ആര്‍ഷഭാരത സാംസ്‌കാരിക പൈതൃകത്തെ തീര്‍ത്തും പഴഞ്ചനായി മുദ്രകുത്തുന്നു. നമ്മുടെ പൈതൃകത്തെക്കുറിച്ച് ഒരു വരിപോലും വായിക്കാനോ ചര്‍ച്ച ചെയ്യാനോ മനസ്സിലാക്കാനോ ഒരു ചെറിയ ശ്രമംപോലും നടത്താതെയാണ് ഇങ്ങനെ താറടിച്ചു കാണിക്കുന്നത്. അറിയാന്‍ ശ്രമിക്കാത്ത ഒരു കാര്യത്തെ തള്ളിപ്പറയുന്നത് ഏറ്റവും വലിയ വിവരക്കേടല്ലേ? ഒന്ന് ചിന്തിക്കൂ.
ഒരു ഉദാഹരണത്തിന്, മാതൃഭൂമി പത്രത്തില്‍ ദിവസേന ‘മതപ്രഭാഷണങ്ങളിലൂടെ’, ‘ഗീതാദര്‍ശനം’, തുടങ്ങിയ പംക്തികള്‍ ഉണ്ട്. അറുപതു വയസ്സ് കഴിയാത്ത ആരെങ്കിലും അത് വായിക്കുമോ? കാണേണ്ടാത്തത് കണ്ടതുപോലെ നമ്മുടെ കണ്ണുകള്‍ അറിയാതെ ആ ഹെഡ് ലൈനില്‍ നിന്നും പെട്ടെന്ന് മാറ്റും, സത്യമല്ലേ?
അതുപോലെ, ദൂരദര്‍ശനില്‍ എന്നും രാത്രി 9:30-ന് (IST) സ്വാമി സന്ദീപ് ചൈതന്യയുടെ ഭഗവത്ഗീത വ്യാഖ്യാനം ഉണ്ട്. കീറിമുറിച്ച് ആഴത്തില്‍ എന്നാല്‍ ലളിതമായി അദ്ദേഹം പറഞ്ഞു തരുന്നു. പക്ഷെ നമ്മള്‍ ആര്‍ക്കെങ്കിലും അതൊന്നു ചെവിയോര്‍ക്കാന്‍ തോന്നുമോ? അദ്ദേഹത്തിന്റെ കാവി നിറമുള്ള ആ വസ്ത്രം കാണുമ്പോള്‍ തന്നെ അറിയാതെ ടി വി റിമോട്ട് അമര്‍ത്തി അടുത്ത ചാനലിലേക്ക് മാറി അശ്ലീലച്ചുവയുള്ള തമാശകള്‍ ആസ്വദിക്കുന്നു!
എന്തുകൊണ്ടാണ് അങ്ങനെ? ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കൂ.
നമ്മുടെ മുന്‍വിധികളോടെയുള്ള ചിന്തകള്‍ അല്ലേ അതിനു കാരണം?
നമ്മള്‍ പറയും, എന്തിനാ കല്ലിനെ പൂജിക്കുന്നത്, ദൈവം ഉണ്ടോ, ദൈവം കല്ലാണോ, എന്നൊക്കെ. ശരിയാണ്, നല്ല ചോദ്യം. പക്ഷെ, അതിനുള്ള ഉത്തരം കണ്ടുപിടിക്കാന്‍ നാം ശ്രമിച്ചോ? അത് അറിയാന്‍ ചോദിക്കേണ്ടുന്നവരോട് ചോദിക്കണം, അല്ലെങ്കില്‍ വായിക്കേണ്ടുന്നത് വായിക്കണം. അതിനൊന്നും നാം ശ്രമിക്കാതെ മുന്‍വിധിയോടെ നാം വിലയിരുത്തുന്നത് ശരിയാണോ?
നമുക്ക് ധാരാളം കള്ള രാഷ്ട്രീയക്കാര്‍ ഉണ്ടല്ലോ, അതുപോലെ വളരെ നല്ലവരായ രാഷ്ട്രീയക്കാരും ഉണ്ട്. അതുപോലെ തന്നെയല്ലേ ഈ കാവി വസ്ത്രവും? അതുപോലെ തന്നെയല്ലേ ബിഷപ്പുമാരും മറ്റും?
നാട്ടില്‍ സന്യാസിവേഷം കെട്ടിയ വളരെയേറെ ആള്‍ക്കാര്‍ ഉണ്ട്. എന്നാല്‍ യതാര്‍ത്ഥ സന്യാസിക്കു വേഷംകെട്ടലുകള്‍ ആവശ്യമില്ല. ഇത്തരം കള്ളസന്യാസിമാരും കള്ളഭക്തരും പണ്ട് ശ്രീ ശങ്കരാചാര്യരുടെ കാലത്തും ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭജഗോവിന്ദം എന്ന കൃതിയില്‍ പറഞ്ഞിരിക്കുന്നു. കള്ള നാണയങ്ങള്‍ ആത്മീയ വഴികളില്‍ മാത്രമല്ല, എല്ലാ തുറകളിലും ഉണ്ടല്ലോ. കള്ള നോട്ടുകള്‍ ഇറങ്ങുമ്പോള്‍ നമ്മള്‍ രൂപയുടെ ഉപയോഗം നിര്‍ത്തി വയ്ക്കാറില്ലല്ലോ. അപ്പോള്‍ കള്ളനാണയങ്ങളെ ദൂരെ വലിച്ചെറിഞ്ഞു നല്ല നാണയങ്ങളെ സ്വീകരിക്കാമല്ലോ.
No comments:
Post a Comment