14 April 2019

ക്ഷേത്രചൈതന്യ രഹസ്യം - 10

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 10

തീർത്ഥസ്നാനം:-

പ്രഭാതം മുതൽ പ്രദോഷം വരെ കേരളത്തിലെ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും  ക്ഷേത്രങ്ങളിലേക്ക്  കുളിച്ച് ശുഭവസ്ത്രധാരികളായി ഭക്തിപുരസ്സരം നീങ്ങുന്ന ജനസമൂഹം കാലാധിവർത്തിയായ എല്ലാവെല്ലുവിളികളെയും നേരിട്ടു കൊണ്ട് ഇരുപതാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ പോലും വിജിഗിഷ്ഠാവായി  വർത്തിക്കുന്നതെന്ന് വിളിച്ചറിയിക്കുന്നു. മലിനമായ മനസ്സോ ശരീരമോ ഈശ്വരാധന എന്ന കർമ്മത്തിന് സഹായകമാകുകയില്ല,  ബാഹ്യശുദ്ധിക്ക് പുറമെ കൃഛങ്ങളായ യമനിയമാദികൾ അനുഷ്ഠിച്ച ശേഷം മാത്രമാണ് സുഖാസനത്തിലിരുന്ന് പ്രാണയമാദിക്രിയകൾ അനുഷ്ഠിക്കുവാനും അദ്ധ്യാത്മ സൗധത്തിൻ്റെ ഉന്നത മണ്ഡലങ്ങളിലേക്ക് കയറുവാനും യോഗശാസ്ത്രം അനുശാസിക്കുന്നത്.  ഈ ബാഹ്യാന്തര ശുദ്ധിതന്നെയാണ് ദേവതാ ദർശനത്തിനു മുമ്പേ സ്നാനം ചെയ്യണമെന്ന ആചാരത്തിൻ്റെ അടിസ്ഥാനം.

" ദേഹോ ദേവാലയഃ പ്രോക്തോ ജീവോ ദേവഃ സദാശിവഃ
അർച്ചിതഃ സർവ്വഭാവേന സ്വാനുഭൂയ വിരാജതേ "    

"ഈ ദേഹത്തെ ദേവാലയ മെന്നറിയുക. ജീവൻ പരമേശ്വരനായ സദാശിവൻ തന്നെ. സർവ്വവിധ ഭാവവിശേഷങ്ങളെക്കൊണ്ടും ഈ ദേവനെ അർച്ചിക്കുന്നു. ഈ സമാരാധന സ്വാത്മാനുഭൂതിയായി സദാ വിളങ്ങട്ടെ"

സ്നനാന്തര ദേഹത്തിന് കുളിർമയും ഉന്മേഷവും  ഓജസ്സും കിട്ടുന്നതോടപ്പം  മനസ്സിനൊരു വെളിച്ചവും ഉണർവ്വും കൈവരുന്നു. എന്നത് ഒരു അനുഭവൈക്യമായ കാര്യമാണ്.  കുളിച്ച് സ്ഥൂലദേഹത്തിൻ്റെ തൊലിപ്പുറം മാത്രം, വൃത്തിയാക്കുകയല്ല  ഇവിടെ സ്നാനം കൊണ്ട് ഉദ്ദേശിക്കുന്നത്,  ഈശ്വര ചൈതന്യത്തിൽ ആറാടുക എന്ന ഒരു ആന്തരീക പ്രക്രിയകൂടി അവിടെ നടക്കേണ്ടതുണ്ട്. പരബ്രഹ്മത്തിൻ്റെ അത്യുന്നതങ്ങളായ മേഘലകളിൽ  നിന്ന് ഏറ്റവും സ്ഥൂലമായ പൃഥ്വീതലം വരെ ഒഴുകിവരുന്ന സൃഷ്ട്യന്മുഖമായ ഈശ്വരചൈതന്യത്തിൻ്റെ പ്രതീകമായിട്ടാണ് വൈദീകക്രിയകൾ  ആപസ്സിനെ അല്ലെങ്കിൽ ജലത്തെ കൽപ്പിച്ചിട്ടുള്ളത്.  ആ ജലത്തിലാണല്ലോ നാം നിമജ്ജനം ചെയ്യുന്നത് . സാധകനിൽ ഉറങ്ങി കിടക്കുന്ന ദൈവീക ശക്തിയുണർന്ന് ശിരസ്സിൻ്റെ ഉപരിതലത്തിലുള്ള ബ്രഹ്മരന്ധ്രത്തോളം ഉയരുകയും അവിടെയുള്ള പരമാത്മാ ചൈതന്യത്തോട് സമ്മിളതമാകുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ആനന്ദമയമ സ്വരൂപമായ 72000 നാഡീഞരമ്പുകളിലൂടെ ഒഴുകിവന്ന് ദേഹമാകെ ആപ്ലവനം ചെയ്യിക്കുന്ന ഒരു പരമാനന്ദ പ്രവാഹം യോഗിയുടെ അനുഭൂതിയാണ്.  ഇതു തന്നെയാണ് വൈദിക ഋഷികളുടെ " അപസ്തത്വം" അതിനാൽ വൈദിക സ്നാനത്തിൻ്റെ ഒരു അത്യാവശ്യാഘടകമാണ് " ആപോഹിഷ്ഠാദി" ഋക്ക് കൊണ്ട് ജപിച്ചു തളിക്കൽ, സ്ഥൂലസൂക്ഷശരീരത്തിലുണ്ടായെക്കാവുന്ന സകല മാലിന്യങ്ങളേയും അതു കഴുകി കളഞ്ഞ് ഈശ്വരചൈതന്യത്തിൻ്റെ വാസഗ്രഹത്തിനുതകുന്ന പവിത്രതയാണിയിക്കുന്നു. ഗംഗാദിതീർത്ഥസ്നാനങ്ങളിൽ പാപമോചനം ഉണ്ടാകുന്നുവെന്ന അടിസ്ഥാനവും ഇതു തന്നെ,  ആദ്ധ്യാത്മീകാനുഭൂതിയുടെ പരമകാഷ്ഠഭാവം പുലർത്തുന്ന ശിവസ്വരൂപത്തിൻ്റെ ശിരസ്സിൽ നിന്നും ഒഴുകിവരുന്ന ഗംഗാപ്രവാഹം ഈ യോഗാനുഭൂതിയുടെ ഉത്തമ പ്രതീകമത്രേ.. ക്ഷേത്രത്തിൽ പോയി ദേവദർശനം  നടത്തുന്നതിനു മുമ്പായി ഇത്തരത്തിലൊരു തീർത്ഥസ്നാനം നടത്തുന്നതിന് രണ്ട് ഔചിത്യമുണ്ട്, ക്ഷേത്രക്കുളത്തിൽ കുളിക്കുമ്പോൾ അതു തന്നെയാണ് ഉദ്ദേശിക്കുന്നത്.

"ഗംഗേ ച യമുനേ ചൈവ. ഗോദാവരി സരസ്വതി.
നർമ്മദേ സിന്ധു കാവേരി. ജലേഽസ്മിൻ സന്നിധിം കുരു."   

ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദ, സിന്ധു, കാവേരി എന്നിങ്ങനെയുള്ള പുണ്യനദികളിലെ ജലസാന്നിധ്യം ഇവിടെയുണ്ടാകട്ടെ. ..  

എന്ന തീർത്ഥാവഹന മന്ത്രത്താലും പരസഹസ്രം വേദവിത്തുകൾ നൂറ്റാണ്ടുകളായി  സ്നാനം ചെയ്തു വരുന്ന ക്ഷേത്രക്കുളം ഒരു പുണ്യതീർത്ഥത്തിനു തുല്യമാണ്. മാത്രമല്ല ദേവൻ്റെ  ഉത്സവപരിസമാപ്തിയാകുന്ന ആറാട്ട് നടത്തുമ്പോൾ ചെയ്യുന്ന പുണ്യാഹക്രിയകളിലൂടെയും ക്ഷേത്രകുളത്തിന് ഈ പവിത്രത കൈവരുന്നു.

ഈ തീർത്ഥസ്നാനത്തിൻ്റെ മഹത്വം അറിയണമെങ്കിൽ ആറാട്ടിക്കുറിച്ച് വിവരിക്കുന്നത് ഉത്തമമായിരിക്കും .  സൂക്ഷ്മചിന്തയിൽ സമാധിസ്ഥനായ ദേവൻ്റെ സഹസ്രാരപത്മത്തിൽ നിന്നും നിർഗ്ഗളിക്കുന്ന അമൃതത്തിൽ സർവ്വാംഗം ആപ്ലവനം യോഗവിഭൂതിയാണ് ആറാട്ട്.    ഗംഗാസ്നാനമെന്ന് പറയുന്നത് ഈ സഹസ്രാരപത്മസ്ഥനായ അമൃതിൻ്റെ അധഃപ്രവാഹത്തിൽ മുങ്ങുകയാണ്,  സഹസ്രാരപത്മമധ്യമായ കൈലാസം പരമശിവസ്ഥാനമാണല്ലോ,  ഭാരതത്തെ തന്നെ ഒരു യോഗിയായി സങ്കൽപ്പിക്കമെങ്കിൽ ആ യോഗിയുടെ ശിരസ്ഥാനത്തു നിന്നു നിർഗ്ഗമിക്കുന്ന ഗംഗാപ്രവാഹം അതിൻ്റെ അധഃപ്രവാഹമാണ്. അമൃതമയമാണ് അതിൻ്റെ പ്രവാഹം , ത്രിവേണിയിൽ ഗംഗ, യമുന, അന്തർവാഹിനിയായ സരസ്വതിയും സംഗമിക്കുന്നു.  എന്നു പറയുന്നതിൻ്റെ  അർത്ഥം മനുഷ്യശരീരത്തിലെ ഇഡാപിംഗളാ നാഡികളും (യമുന -സൂര്യപുത്രി -പിംഗളയോട് പ്രാതിനിത്യ സ്വഭാവം വഹിക്കുന്നു) അന്തർവാഹിനിയായ സുഷുമ്നയും കൂട്ടിമുട്ടുന്ന സ്ഥലമെന്നാണ്. അത് ആജ്ഞാഅനാഹത മൂലാചക്രങ്ങളിലാണ്.  ആ ഭഗങ്ങൾ ശരിയായ കുണ്ഡലിനി പ്രബോധനത്തിന് അത്യന്തം സാഹയകമാണ്  അതാണല്ലോ ത്രിവേണി സ്നാനത്തിൻ്റെ മാഹത്മ്യം,  ഇങ്ങനെയുള്ള ഗംഗാതീർത്ഥത്തിൽ അഥവാ തീർത്ഥങ്ങളിൽ ഉള്ള സ്നാനം സഹസ്രാരപത്മനിർഗ്ഗളിതമായി  അമൃധാരയിലെ ആപ്ലവനം തന്നെയാണ്.  ഇവിടെ ക്ഷേത്രദേവൻ തീർത്ഥാടനം ചെയ്യുന്നു എന്ന മനുഷ്യകൽപ്പനയുടെ പിന്നിലുള്ള തത്വം ക്ഷേതമാകുന്ന സാധകൻ തപസ്സിൻ്റെ പരമകാഷ്ഠയിൽ ഈ അമൃതപ്രവാഹത്തെ അനുഭവിച്ച് കൃതകൃത്യനായി ഭവിക്കുന്നു എന്നതാണ്.  നാട്ടുകാർ മുഴുവനും ഈ സന്ദർഭം ഉപയോഗിച്ച് ദേവൻ്റെ ആറാട്ടോടപ്പം കുളിച്ച് പുണ്യം നേടുന്നു. താന്ത്രിവിധി പ്രകാരം ദേവൻ നീരാടുമ്പോൾ  ആ ദേവശരീരത്തിൻ്റെ ശിരസ്സിൽ നിന്നുപ്രവഹിക്കുന്ന അമൃതപ്രാവഹത്തിന് സാദൃശ്യം വഹിക്കുന്നു,  അതിനാൽ ദേവൻ്റെ ഈ നിമജ്ജനത്തോടെ  ആ കുളവും പവിത്രിക്കരിക്കപ്പെടുന്നു,

ആ  തീർത്ഥസ്നാനം ചെയ്ത് പരിശുദ്ധന്മാരായിട്ടു തന്നെയാണ് ദേവദർശനം നടത്തേണ്ടത്...

No comments:

Post a Comment