29 March 2019

തെയ്യം ഭാഗം - 07

തെയ്യം

ഭാഗം - 07

തെയ്യത്തിന്റെ ചടങ്ങുകളും അനുഷ്ഠാനങ്ങളും

തോറ്റം പാട്ട്

തെയ്യങ്ങൾക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാനപ്പാട്ടുകൾക്ക് തോറ്റംപാട്ടുകൾ എന്നാണു പറയുന്നത്. സ്തോത്രം എന്ന സംസ്കൃതപദത്തിന്റെ  വകഭേദമാണു് തോറ്റം. വരവിളിത്തോറ്റം, സ്തുതികൾ, കീർത്തനങ്ങൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റം, പൊലിച്ചുപാട്ട്, ഉറപ്പിൽത്തോറ്റം തുടങ്ങിയ ഘടകങ്ങൾ ഈ തോറ്റംപാട്ടുകൾക്കുണ്ട്. എല്ലാ ദേവതകളുടെ പാട്ടുകളിലും ഈ അംഗങ്ങൾ മുഴുവൻ കണ്ടുവെന്നുവരില്ല. തെയ്യങ്ങൾക്കു 'വരവിളി' പ്രധാനമാണ്. സുദീർഘമായ തോറ്റം പാട്ടുകളൊന്നുമില്ലാത്ത തെയ്യങ്ങൾക്കുപോലും വരവിളിത്തോറ്റമുണ്ടാകും. ഇഷ്ടദേവതയെ വിളിച്ചുവരുത്തുന്ന പാട്ടാണത്. 'വരവിളി'ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. "നന്താർ വിളക്കിനും തിരുവായുധത്തിനും അരിയിട്ടു വന്ദിക്ക എന്നാരംഭിച്ച്, "ഹരിവർദ്ധിക്ക വാണരുളും വർധനയും... എന്നാടിയ ശേഷം..

 വരിക വരിക വേണം (നരമ്പിൽ ഭഗവതിയമ്മ)
 നിങ്ങളിതോരു പള്ളിയറ നാലുഭാഗം അടിച്ചു തളിച്ചു
 നാലുഭാഗത്തും നാലുപൊന്നിൻ നന്താർ വിളക്കുവച്ച്
 നടുവെയഴകിതോരു പള്ളിശ്രീപീഠമിട്ട്......
 ഞാൻ നിങ്ങളെതോറ്റത്തെ വര വിളിക്കുന്നേൻ
 ആദിമൂലമായിരിപ്പോരു പരദേവതേ
 തോറ്റത്തെ കേൾക്ക...

എന്നിങ്ങനെ പാടും. ഈ വരവിളി മിക്ക തെയ്യങ്ങൾക്കും പൊതുവിലുള്ളതാണ്. ദേവതയുടെ പേരും ഊരും മാറ്റി പാടുകയാണു ചെയ്യുക. 'തോറ്റം' എന്ന് പൊതുവേ പറയുന്ന അനുഷ്ഠാനപ്പാട്ടുകളിൽ സ്തുതികളും കീർത്തനങ്ങളും ഉൾപ്പെടും. അടിസ്ഥാനപരമായ 'മൂലത്തോറ്റ'ങ്ങൾക്കു പുറമേയാണിവ. 'അഞ്ചടി'കളാണ് തോറ്റംപാട്ടിലെ മറ്റൊരു ഘടകം. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണവ. വലിയ അഞ്ചടി, ചെറിയ അഞ്ചടി എന്ന് അഞ്ചടികൾക്ക് ചിലപ്പോൾ തരഭേദം കാണാം. സുദീർഘമായ കഥാഖ്യാനത്തിന് അഞ്ചടിയിൽ സ്ഥാനമില്ല. ഉദ്ദിഷ്ടദേവതയെ സ്തുതിക്കുന്നവയും ആ ദേവതയുടെ ചരിതമോ ചരിതാംശങ്ങളോ കഥാസൂചനകളോ രൂപവർണനകളോ അടങ്ങുന്നവയുമാണ് അഞ്ചടിത്തോറ്റങ്ങൾ. തോറ്റംപാട്ടെന്ന മഹാവിഭാഗത്തിൽത്തന്നെ അടിസ്ഥാനപരമായ മൂലത്തോറ്റങ്ങൾ കാണാം. കുട്ടിച്ചാത്തൻ, ഭൈരവൻ, ഗുളികൻ തുടങ്ങിയ ദേവതകൾക്കെല്ലാം മലയർ ഇത്തരം തോറ്റങ്ങൾ പാടാറുണ്ട്.

കറ്റചെഞ്ചിട മുടിയോ
കറക്കണ്ടൻ മകൻ പിള്ളയോ 
ഒറ്റക്കൊമ്പുടയവനേ 
ഓമന ഗണപതിയോ 
കാരെള്ളും പുതിയവിൽതേങ്ങ
കരിമ്പും തേനിളന്നീരാലേ
കൈയാലേയെടുത്തുടനെ
വായാലെയമൃത് ചെയ്യോനേ

എന്നാരംഭിക്കുന്ന പാട്ട് ചില തെയ്യങ്ങൾക്ക് 'ഗണപതി തോറ്റ' മായി പാടി കേൾക്കാറുണ്ട്. തോറ്റംപാട്ടുകളുടെ ഒരു അംഗമാണ് 'പൊലിച്ചുപാട്ടു'കൾ. തെയ്യാട്ടത്തിലെ പൊലിച്ചുപാട്ടുകൾ ധർമദേവതകളെ പാടിപ്പുകഴ്ത്തുന്നവയാണ്.

പൊലിക പൊലിക ദൈവമേ
പൊലിക ദൈവമേ
എടുത്തുവച്ച നാൽകാൽ മണിപീഠം
പൊലിക ദൈവമേ
മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോൽ
പൊലിക ദൈവമേ
കടഞ്ഞുവച്ച ഭിക്ഷാപൂരക്കോൽ
പൊലിക ദൈവമേ

എന്നാരംഭിക്കുന്ന പാട്ട് ഭൈരവൻതെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്. ചില തെയ്യങ്ങളും തോറ്റങ്ങളും പൊലിച്ചുപാട്ടിന്റെ അന്ത്യത്തിൽത്തന്നെ ഉറഞ്ഞുതുള്ളിത്തുടങ്ങും. എന്നാൽ ചിലവയ്ക്ക് ഉറച്ചിൽത്തോറ്റം പ്രത്യേകമായിത്തന്നെ പാടാറുണ്ട്.

 അത്തിത്തുകിലുടുത്താടുമരൻ മകൾ
 മുക്കണ്ണി ചാമുണ്ഡിയമ്മേ, ഭയങ്കരീ,
 ശക്തി സ്വരൂപത്തിലാരൂഢമായ് വന്ന
 രക്തചാമുണ്ഡി നീ മുമ്പിൽ വരികീശ്വരി......

 വാടാതെ നല്ല സ്തനം നല്ല നാസിക
 ഭൈരവി, തോറ്റുകൊണ്ടിസ്ഥലം വരികമേ...

എന്ന ഭാഗം രക്തചാമുണ്ഡിക്ക് (മലയർ) പാടാറുള്ള ഉറച്ചിൽ തോറ്റത്തിലുള്ളതാണ്. ദേവതകളുടെ ഉദ്ഭവം, മഹാത്മ്യം, സഞ്ചാരം, ശക്തിപ്രകടനം, രൂപവിശേഷം തുടങ്ങിയവയെപ്പറ്റി തോറ്റംപാട്ടുകളിൽനിന്നു മനസ്സിലാക്കുവാൻ കഴിയും. വർണനാപ്രധാനങ്ങളായ ഭാഗങ്ങൾ അവയിൽ കുറവല്ല.

 കത്തും കനക സമാന്വിതമായൊരു
 പുത്തൻ നല്ല കീരിടം ചാർത്തി
 മെത്തു മതിന്നുടെ പുറമേ നല്ലൊരു
 വ്യക്തമതായ പുറത്തട്ടതിനുടെ
 ചുറ്റും പീലികൾ കെട്ടി മുറുക്കി
 പട്ടുകൾ പലതരമായ നിറത്തൊടു
 ദൃഷ്ടിക്കമൃതം കാണുന്തോറും
 ശശധരശകല സഹസ്രം ചുറ്റും
 സരസതരം നല്ലുരഗന്മാതം.......

 തെളിവൊടു ചന്ദ്രക്കലയതു പോലെ
 വെളുവെളെയുള്ളൊരു ദംഷ്ട്രാദികളും

എന്നീ വരികൾ അംബികയുടെ തിരുമിഴിയിൽനിന്ന് ഉദ്ഭവിച്ച കാളി (ചാമുണ്ഡി)യുടെ രൂപവർണനയാണ്. രണദേവതകളും പടവീരന്മാരും തെയ്യാട്ടത്തിന്റെ രംഗത്തുള്ളതിനാൽ യുദ്ധവർണനകൾ സ്വാഭാവികമായും തോറ്റംപാട്ടുകളിൽ കാണാം.

 അടികളാലെയടികൾ കെട്ടി
 മുടിപിടിച്ചിഴക്കയും
 മാർവിടത്തിൽമല്ലുകൊണ്ടു
 കുത്തിയങ്ങു കീറിയും
 ചോരയാറു പോലെയങ്ങു
 മാർവിടേ യൊലിക്കയും
 കൈ തളർന്നു മെയ്കുഴഞ്ഞു
 പോർ പറഞ്ഞങ്ങടുക്കയും
 തള്ളിയുന്തിയിട്ടു ബാലി
 സുഗ്രീവന്റെ മാറതിൽ
 തുള്ളി വീണമർന്നു ബാലി
 കണ്ടുരാമനപ്പൊഴെ

എന്ന ഭാഗം ബാലിത്തോറ്റത്തിലെ ബാലിസുഗ്രീവയുദ്ധ വർണനയാണ്. ദുഃഖഭാവം ആവിഷ്കരിച്ച ഭാഗങ്ങളും തോറ്റംപാട്ടിലുണ്ട്. മാക്കഭഗവതിത്തോറ്റം, കതിവന്നൂർവീരൻതോറ്റം, ബാലിത്തോറ്റം തുടങ്ങിയവയിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. ഭക്തിയും വിശ്വാസവും സാമാന്യജനങ്ങളിൽപ്പോലും വളർത്തുവാൻ തെയ്യാട്ടത്തിലൂടെ സാധിക്കുന്നു. തോറ്റംപാട്ടുകൾ ഒരതിർത്തിയോളം ഇതിനു സഹായകമാണ്.

 പുലി മുതുകേറി പുലിവാൽ പിടിച്ചുടൻ
 പ്രത്യക്ഷമാകിയ പരദേവതേ തൊഴാം
 എള്ളിലെ എണ്ണപോൽ പാലിലെ വെണ്ണപോൽ
 എല്ലാടവും നിറഞ്ഞകമായി നിൽപ്പവൻ
 വന്ദിച്ചവർക്കു വരത്തെ കൊടുപ്പവൻ
 നിന്ദിച്ചവരെ നിറം കൊടുത്തീടുവോൻ'
 എന്നിങ്ങനെയുള്ള സ്തുതികൾ ആ ധർമമാണ് നിർവഹിക്കുന്നത്.

കലശം

ചില തെയ്യങ്ങൾ കെട്ടിയാടുമ്പോൾ 'കലശക്കാരൻ' പ്രത്യേക പാദചലനങ്ങളോടെ ഉറഞ്ഞുതുള്ളാറുണ്ട്‌.

മീത്ത്‌

ചില തെയ്യങ്ങൾ പ്രസാദമായി ചെറിയ കിണ്ടിയിൽ(മൊന്ത) കള്ള് നൽകാറുണ്ട്‌ - ഇതിനെ ചില സ്ഥലങ്ങളിൽ “മീത്ത്‌“ എന്നു വിളിക്കുന്നു.

ആയുധങ്ങൾ

തിറയാട്ടസമയത്ത്‌ ചില തെയ്യങ്ങൾ, ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ചുവടുകൾ വെക്കാറുണ്ട്‌ - വാളും പരിചയും, അമ്പും വില്ലും, ഗദ, ശൂലം എന്നീ ആയുധങ്ങളുടെ പ്രതിരൂപങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌.

മേലേരി

തെയ്യത്തിനോ വെളിച്ചപ്പാടിനൊ തീയിൽ ചാടുന്നതിനോ മറ്റു രീതിയിൽ തീയിൽ പ്രവേശിക്കുന്നതിനോ വേണ്ടി ഉണ്ടാക്കുന്ന കനൽകൂമ്പാരമാണ് മേലേരി

തുടരും.....

No comments:

Post a Comment