23 January 2019

തത്വവിചാരം

തത്വവിചാരം

ശരിയായ തത്വവിചാരം നടത്തിയെങ്കിലേ മനസ്സ് ശുദ്ധമാകുകയുള്ളു. പ്രഥമസാധകന്മാർ പൂജയിലൂടെയും മധ്യമസാധകന്മാർ എല്ലായ്പ്പോഴും മന്ത്രജപം നടത്തിയും ഉത്തമസാധകന്മാർ തത്വവിചാരം ചെയ്തും കാലയാപനം ചെയ്യുന്നു. ഈ മൂന്ന് കാര്യങ്ങളും കൂടി ചെയ്യുന്ന ആളാണ് യഥാർത്ഥ സാധകൻ. ഈ പൂജതന്നെ പുനശ്ചരണത്തിന്റെ ഭാഗമാണെന്നതിനാൽ പൂജയിൽ തത്വവിചാരത്തിനുള്ള സ്ഥാനം വളരെ വലുതാണ്.

തത്വവിചാരത്തിന്  തപസ്സും  സ്വാദ്ധ്യായവും വേണമെന്നാണ് വിധി. പൂജ, ഹോമം, മന്ത്രജപം തുടങ്ങിയവ തപസ്സിന്റെ അംഗങ്ങളാണ്. സ്വാദ്ധ്യായം എന്നാൽ വേദപഠനം തന്നെ. വേദത്തിന്റെ  ഉപാംഗങ്ങളായ പുരാണങ്ങളോ നിത്യപാരായണം നടത്തേണ്ടതാണ്. പുരാണമെന്നാൽ കഥകൾ മാത്രമല്ല. ജന്മാന്തരബന്ധങ്ങളുടെ ആവിഷ്കാരമാണ്. ഉദാഹരണമായി ഹിരണ്യാക്ഷൻ തന്നെയാണ് ത്രേതായുഗത്തിൽ രാവണനായും ദ്വാപരയുഗത്തിൽ ശിശുപാലനായും ജനിക്കുന്നത്. കശ്യപപ്രജാപതി ത്രേതായുഗത്തിൽ ദശരഥനായും ദ്വാപരയുഗത്തിൽ വസുദേവരായും ജനിക്കുന്നു. ശ്രീരാമനാൽ ഒളിയമ്പ് എയ്ത് വധിക്കപ്പെട്ട ബാലി ദ്വാപരയുഗത്തിൽ കാട്ടാളനായി ജനിച്ച് ശ്രീകൃഷ്ണനെ അമ്പ്  എയ്ത് വധിക്കുന്നു. ഇത്തരത്തിൽ ജന്മാന്തരബന്ധങ്ങളുടെ കഥനമാണ് പുരാണം എന്നതിനാൽ അതിലൂടെ തത്വബോധം ഉദിക്കുവാൻ വളരെ സഹായകരമായിത്തീരും.

ജന്തുക്കൾക്ക് മനുഷ്യജന്മം വളരെ ദുർലഭമാണെന്നും ഇപ്പോൾ ലഭിച്ച ഈ മനുഷ്യജന്മം പൂർവ്വജന്മത്തിന്റെ ഒരു തുടർച്ച മാത്രമാണെന്നും മലസ്സിലാക്കണം. പൂർവ്വജന്മത്തിലെ കർമ്മഫലം അനുഭവിക്കുവാൻ വേണ്ടിയാണ് ഈ ജന്മം സ്വീകരിച്ചത് എന്നതുകൂടി അറിയണം. കഴിഞ്ഞുപോയ ജന്മങ്ങളിൽ ചെയ്തുവെച്ച സുകൃതങ്ങൾ ഈ ജന്മത്തിലെ ഭാഗ്യോദയമായും പാപകർമ്മങ്ങളുടെ ഫലം രോഗങ്ങളും ദുരിതങ്ങളുമായിത്തീരുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കി ഇനിയൊരു ജന്മം ഉണ്ടാവാതിരിക്കാനും അഥവാ ജന്മം ലഭിക്കയാണെങ്കിൽ ഉൽകൃഷ്ടനായി ജനിക്കാനുമുള്ള പുണ്യകർമ്മങ്ങളാണ് സാധകൻ ആചരിക്കേണ്ടത്. ഈ കർമ്മങ്ങൾ ശരീരംകൊണ്ട് ചെയ്യുന്നതിനേക്കാൾ സൂക്ഷ്മവും സൂക്ഷ്മതരവുമായ ഫലങ്ങളാണ് വാക്കുകൊണ്ടും മനസ്സുകൊണ്ടും ചെയ്യപ്പെടുന്നതിനുള്ളത്. ഇപ്പോൾ ചെയ്യുന്ന കർമ്മത്തിന്റെ ഫലം ഇപ്പോഴല്ലെങ്കിൽ ഭാവിയിലോ വരും ജന്മങ്ങളിലോ അനുഭവിക്കേണ്ടി വരും എന്ന ധാരണ എപ്പോഴും ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള തത്വബോധം മനസ്സിലുദിച്ച സാധകൻ ഒരിക്കലും ഗൂഢതന്ത്രങ്ങൾ ആവിഷ്കരിക്കാനോ പരദൂഷണം പറയാനോ വഞ്ചിക്കാനോ മുതിരുകയില്ല. അതിനാൽ പുരശ്ചരണത്തിന്റെ ഭാഗമായി പൂജയും, മന്ത്രജപവും, തത്വവിചാരവും ചെയ്തുകൊണ്ടേയിരിക്കണം

സമുന്നതമായ മനോമണ്ഡലം വികസിപ്പിച്ചെടുക്കാൻ തത്വവിചാരം ചെയ്യുന്നത് ഉത്തമമാണ്....

No comments:

Post a Comment