തിലക ധാരണം, വിധിയും വിശ്വാസവും
അതിരാവിലെ കുളിച്ചു കുറി തൊടണം എന്നതു പണ്ടു മുതലുള്ള ആചാരമാണ്. ആണായാലും പെണ്ണായാലും കുറി തൊടല്‍ നിര്‍ബന്ധമായിരുന്നു. ഇന്ന് ഇതൊക്കെ ആചരിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. മതപരമായ അനുഷ്ഠാനമെന്ന രീതിയിലാണ് ഇന്ന് കുറി തൊടുന്നതിന് പലരും കണക്കാക്കുന്നത്.
ഇന്ന് കുറി തൊടുന്നതിന് പകരം സ്റ്റിക്കര്‍ പൊട്ടുകളും മറ്റ് വിപണിയില്‍ ലഭ്യമായ നിറങ്ങളും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ കുറി തൊടുന്നതിനു വ്യക്തമായ ചില ആചാരങ്ങളുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണു കുറി തൊടുന്നതിന് ഉപയോഗിക്കുന്നത്.
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ചന്ദനവും പുലര്‍ച്ചെ കുങ്കുമവും സായാഹ്നത്തില്‍ ഭസ്മവും ധരിക്കുന്നത് നാഡീശോധനത്തിനും രോഗനിവാരണത്തിനും ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു.
നെറ്റിത്തടം, കഴുത്ത്, തോളുകള്‍,കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം,പുറത്ത് രണ്ട്, കണങ്കാലുകള്‍ എന്നിങ്ങനെ 12ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമംഎന്നീ മൂന്നു ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ് കുറി തൊടല്‍ എന്നു പറയുന്നത്. അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം. നെറ്റിത്തടമാണ് കുറിതൊടുന്നതില്‍ പ്രധാന ഭാഗം. വിദ്യയുടെയും ജ്ഞാനത്തിണ്‌റ്റെയും കേന്ദ്രസ്ഥാനമായ ഈസ്ഥാനത്ത് കുറി തൊടുമ്പോള്‍ അവിടെ ഈശ്വരചൈതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷംവേണം കുറി തൊടാന്‍.
ഭസ്മം ശിവനുമായി ബന്ധപ്പെട്ടതാണ്. ചന്ദനം വിഷ്ണുവുമായി ബന്ധപ്പെട്ടതും. കുങ്കുമം ശക്തി അഥവാ ദേവിയുടെ ചിഹ്നമാണ്. ഭസ്മം ധരിച്ച് അതില്‍ കുങ്കുമം ധരിക്കുന്നത് ശിവശക്തിസംയോഗം. ചന്ദനം ചാര്‍ത്തി അതില്‍ കുങ്കുമം ധരിക്കുന്നതു വിഷ്ണു-ലക്ഷ്മീസംയോഗം. ഭസ്മമിട്ട് അതില്‍ ചന്ദനമണിഞ്ഞ് അതിനു നടുവില്‍ കുങ്കുമം ധരിക്കുന്നതു ത്രിപുരസുന്ദരീസാന്നിധ്യത്തിന്റെ സൂചന എന്നു വിശ്വാസം.
വൈഷ്ണവമായതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന തിലകം ആണ് ചന്ദനം. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്. സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരല്‍ ചന്ദനം തൊടുവാന്‍ ഉപയോഗിക്കുന്നു. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനേയും മനസിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു.
ചന്ദന ധാരണത്തിന് ഓരോ സ്ഥലത്തും തൊടുമ്പോള്‍ ഉച്ചരിക്കേണ്ട നാമവമുണ്ട്.
നെറ്റിയില്‍ :- ഓം കേശവായ നമഃ
കണ്ഠത്തില്‍ :- ഓം പുരുഷോത്തമായ നമഃ
ഹൃദയത്തില്‍ :- ഓം വൈകുണ്ഠായ നമഃ
നാഭിയില്‍ :- ഓം നാരായണായ നമഃ
പിന്നില്‍:- ഓം പത്മനാഭായ നമഃ
ഇടതുവശം :- ഓം വിഷ്ണവേ നമഃ
വലതുവശം :- ഓം വാമനായ നമഃ
ഇടതുചെവിയില്‍് :- ഓം യമുനായ നമഃ
വലതുചെവിയില്‍ :- ഓം ഹരയേ നമഃ
മസ്തകത്തില്‍ :- ഓം ഹൃഷീകേശായ നമഃ
പിന്‍കഴുത്തില്‍:- ഓം ദാമോദരായ നമഃ
ശിവനെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ് ഭസ്മം. എല്ലാ ഭൗതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതു പോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്. നെറ്റിക്കു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ് ശാസ്ത്രം. സന്യാസിമാര്‍ മാത്രമേ മൂന്നു കുറി അണിയാന്‍ പാടുള്ളൂ. ഒറ്റക്കുറി എല്ലാവര്‍ക്കുമണിയാം.
നെറ്റിയുടെ ഇടതുവശത്താരംഭിച്ച് കുറിയിട്ടശേഷം തലയ്ക്ക് ചുറ്റുമായി പ്രദക്ഷിണം വച്ച് പുരികള്‍ങ്ങള്‍ക്ക് മധ്യേ സ്പര്‍ശിച്ച്
നിര്‍ത്തണമെന്നാണ് വിധി. ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. ശിരസാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ് ഭസ്മം നെറ്റിക്ക് കുറുകെ ധരിക്കുന്നത്. ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം.
ഭസ്മം രാവിലെ ജലം ചേര്‍ത്ത് കുഴച്ചും ഉച്ചയ്ക്ക് ചന്ദനം ചേര്‍ത്തും ധരിക്കണം. സായാഹ്നത്തില്‍ ഉണങ്ങിയ ഭസ്മമേ ധരിക്കാവു. സ്തീകള്‍ ഉണങ്ങിയ ഭസ്മം മാത്രമേ കുറിയിടാന്‍ പാടുള്ളുവെന്നാണ് പറയുന്നത്.
ശ്രീകരം ച പവിത്രം ച ശോക നിവാരണം
ലോകേ വശീകരം പുംസാം ഭസ്മം ത്രൈലോക്യ പാവനം
ഈ ശ്ലോകം ജപിച്ചുകൊണ്ടുവേണം ഭസ്മം ധരിക്കേണ്ടതെന്നാണ് വിശ്വാസം.
ദേവീപ്രീതിക്കും സര്‍പ്പപ്രീതിക്കുമാണു മഞ്ഞള്‍ക്കുറിയിടുന്നത്. നെറ്റിക്കു നടുവിലോ പുരികങ്ങള്‍ക്കു നടുവിലോ ആണു കുങ്കുമം തൊടുന്നത്. വൃത്താകൃതിയിലാണ് കുങ്കുമം തൊടുന്നത്. കുറികള്‍ ഭക്തി വര്‍ദ്ധിപ്പിക്കാനും ജ്ഞാനശക്തിയുടെ കേന്ദ്രമായ ആജ്ഞാചക്രം ഉണര്‍ത്തുവാനും കഴിയുന്നവയാണെന്നാണ് വിശ്വാസം.
ക്ഷേത്രദര്‍ശന സമയത്ത് പൂജാരിയില്‍ നിന്ന് പ്രസാദമായി ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവമനുസരിച്ച് ചന്ദനം, ഭസ്മം, കുങ്കുമം തുടങ്ങിയവ സ്വീകരിക്കാറുണ്ട്. ഇവ ക്ഷേത്രത്തില്‍ നിന്ന് പുറത്തിങ്ങിയതിന് ശേഷമെ ധരിക്കാവു എന്നാണ് വിധി. ക്ഷേത്രത്തില്‍ നിന്ന് സ്വീകരിക്കുന്ന പ്രസാദം ധരിക്കുന്ന വേളയില്‍ മനസിലും ചുണ്ടിലും മൂര്‍ത്തിയുടെ നാമം മാത്രമേ ഉണ്ടാകാന്‍ പാടുള്ളു.
No comments:
Post a Comment