10 January 2019

ശ്രീഗുരുഭ്യോനമഃ

ശ്രീഗുരുഭ്യോനമഃ

ശിരസ്സിലെ വെള്ളത്തമരയിൽ സ്ഥിതിചെയ്യുന്നവനും രണ്ടുകണ്ണുകളും രണ്ടുകൈകളും ഉള്ളവനും മന്ദസ്മിതത്തോടുകൂടിയവനായും  ബ്രഹ്മംതന്നെയായവനും, ചൈതന്യസ്വരൂപനും, സർവ്വതന്ത്രസ്വതന്ത്രനും, മംഗളദായകനും, ജ്ഞാനസ്വരൂപനും, ദേവാധിദേവനും, സർവ്വദേവതാസാന്നിദ്ധ്യമുള്ളവനും, മന്ത്രമൂർത്തിയുടെ അനിഷ്ട്ത്തെപ്പോലും തിരുത്താൻ കെൽപ്പുള്ള പൂർണ്ണകൃപാനിധിയും, സൂര്യനെപോലെ എല്ലാറ്റിനെയും പ്രകാശപൂർണ്ണമാക്കുന്നവനും, നിത്യനും,
എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവനും, അതേ സമയം സൂക്ഷ്മസ്വരൂപനും, സദാനന്ദമൂർത്തിയും,
നിർവ്വികാരനും,സാക്ഷിയും, എങ്ങും നിറഞ്ഞുനിൽക്കുന്നവനും, സഹസ്രദളകമലത്തിൽ സകളരൂപനായി ചന്ദ്രനെപ്പോലെ ശീതളപ്രഭയോടുകൂടിയവനും, കൈകളിൽ അഭയമുദ്രയും വരദമുദ്രയും ധരിച്ചവനും, പരിശുദ്ധഗന്ധമുള്ള പൂമാലയാണിഞ്ഞ് പ്രസന്നമുഖശ്രീയോട് കൂടി സർവ്വദേവതാസ്വരൂപനായി ഹംസഃ എന്ന പരമാത്മമന്ത്രത്താൽ അറിയപ്പെടുന്നവനായും, ജ്ഞാനത്തിന്റെ മൂർത്തീഭാവമായവനും, എല്ലാവരെയും അനുഗ്രഹിക്കണമെന്ന ഉദ്ദേശ്യത്തിൽ കരുണാനിധിയായ ഈശ്വരൻ  ആചാര്യസ്വരൂപം കൈകൊണ്ട്  എല്ലാവിധപാശങ്ങളെയും (ബന്ധനങ്ങളെയും) ഇല്ലാതാക്കി ദിവ്യമായ ജ്ഞാനോപദേശം നൽകി മോക്ഷത്തിലേക്ക് നയിക്കുന്നവനും, ശരീരവും ധർമ്മാർത്ഥകാമമോക്ഷങ്ങളും, പ്രാണൻ പോലും, ഞാൻ അനുഷ്ഠിക്കുന്ന കർമ്മങ്ങളുടെ ഗുണദോഷങ്ങളും ഇഷ്ടാനിഷ്ടങ്ങളും എന്നു വേണ്ട സമസ്ത കർമ്മങ്ങളും. ജ്ഞാനത്തിന്റെ മൂർത്തിഭാവമായ 'ഗുരു'വിന്റെ പാദാരവിന്ദത്തിൽ സമർപ്പിക്കുന്നു.

ഈശ്വരസാക്ഷാത്കാരത്തിനു കാരണഭൂതനും കരുണാനിധിയും അണിമാദ്യഷ്ടൈശ്വര്യങ്ങളെയും നൽകുന്ന ഉദാരനിധിയുമായ ഗുരുവിന് നമസ്കാരം.

No comments:

Post a Comment