17 January 2019

കാലം സാക്ഷി

കാലം സാക്ഷി

കേരളത്തിലിന്നു ഒരു ക്ഷേത്രത്തിന്റെ പേരിൽ നടക്കുന്ന ബഹളങ്ങൾ കാണുമ്പോൾ ചിരി വരുന്നു.

അരനൂറ്റാണ്ട് മുൻപ് ഇതുപോലെ മറ്റൊരു പ്രഹസനം നടന്നിട്ടുണ്ട്. അന്നു സമൂഹമാദ്ധ്യമങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് സ്ഥിതി സംഭ്രമകരമായിരുന്നില്ല. പരമ്പരാഗത മാദ്ധ്യമങ്ങളിൽ വിവേകമുള്ള മാദ്ധ്യമപ്രവർത്തകരുണ്ടായിരുന്നു. അവർ അനാവശ്യമായ വിവാദമുണ്ടാക്കിയില്ല.

കാവുകളും കുളങ്ങളും നശിപ്പിച്ചതായിരുന്നു അന്നത്തെ നവോത്ഥാനം. പ്രോ സയൻസ് പുരോഗമനവാദികളാണ് അന്നതിനു നേതൃത്വം കൊടുത്തത്.

കാവുകൾ തെളിക്കാൻ പറഞ്ഞ കാരണം അന്ധവിശ്വാസമായിരുന്നു.

ശരിയാണ്. കാവുകളെ സംബന്ധിച്ചു ചില അന്ധവിശ്വാസങ്ങൾ നിലനിന്നിരുന്നു.

പാമ്പിൻ തലപോലുള്ള രൂപങ്ങളും, പ്രവേശന നിയന്ത്രണങ്ങളും, അന്തിത്തിരി വക്കലുമായിരുന്നു പുരോഗമനവാദികളുടെ നോട്ടത്തിൽ അന്ധവിശ്വാസം.

ആ ചിഹ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ കാവ് എന്തായിരുന്നു? ഇടതൂർന്ന മരങ്ങളും, കിളികളും, ഇഴജാതികളും, മറ്റു പ്രാണിവർഗ്ഗങ്ങളും ചേർന്നൊരു സവിശേഷ ആവാസവ്യവസ്ഥ!

ശാസ്ത്ര ചിന്തയുണ്ടെന്നു അവകാശപ്പെട്ടിരുന്നെങ്കിലും പുരോഗമനവാദികൾ കാവുകളെ ശാസ്ത്രീയമായി സമീപിച്ചില്ല. പ്രകൃതിയിൽ കാവുകൾക്കുള്ള ഇമ്പാക്റ്റ് വിലയിരുത്തിയില്ല. ഭൗമശാസ്ത്രം വിട്ട് സാമൂഹിക പഠനങ്ങൾക്ക് പ്രാധാന്യം കൊടുത്തു. അതായത് തെറ്റായ സമീപനമെടുത്തു. ലക്ഷ്യം തീരുമാനിച്ചിട്ട് അതിനുവേണ്ടി പ്രവർത്തിച്ചു. അതിനു സയൻസിനെ കരുവാക്കി. കാവ് നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനു ഇക്കോളജിയിൽ നിന്നു അവർക്കൊരു ടൂൾ കിട്ടിയില്ല. അതു കൊണ്ട് പാരമ്പര്യത്തേ നിഷേധിക്കുന്ന വൈകാരികതയെ കൂട്ടുപിടിച്ചു. കാവുതെളിച്ച് കൃഷി ചെയ്താൽ ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കാമെന്ന ബഡായിയും അടിച്ചു വിട്ടു.

വിശേഷ ആവാസവ്യവസ്ഥകൾ നശിപ്പിക്കുന്നതിന്റെ പ്രത്യാത്ഘാതങ്ങളെപ്പറ്റി കാവ് നശീകരണ ശാസ്ത്രജ്ഞന്മാർക്ക് ബോധമുണ്ടാകാൻ പിന്നെയും രണ്ടു പതിറ്റാണ്ടുകൾ എടുത്തു. സൈലന്റ് വാലി പ്രക്ഷോഭത്തോടെയാണ് മലയാളികൾ പരിസ്ഥിതി ജാഗ്രത നേടുന്നത്. അപ്പോഴേക്കും കാവുകളെല്ലാം ഏതാണ്ട് തീർന്നു കഴിഞ്ഞിരുന്നു. കാവുതെളിച്ച് കൃഷി ചെയ്യാൻ ഉപദേശിച്ചവർക്ക് കൃഷി തന്നെ നിലയ്ക്കുന്ന കാഴ്ച കാണേണ്ടിയും വന്നു. എല്ലാം നശിപ്പിച്ച് പുരോഗമനവാദികൾ നഗരങ്ങളിൽ ചേക്കേറി. ഇപ്പോൾ ബുദ്ധിജീവികളായി ഉപജീവിക്കുന്നു.

അവർ എതിർത്ത അന്ധവിശ്വാസങ്ങൾ കാവ് പരിരക്ഷിക്കാനുള്ള മാനസിക നിയമങ്ങളായിരുന്നുവെന്നു ഇപ്പോഴെങ്കിലും അവർക്ക് ബോദ്ധ്യമായിട്ടുണ്ടാകുമോ ആവോ?

പരിസ്ഥിതി സംരക്ഷിക്കാൻ സ്റ്റേറ്റിന്റെ ദുർബ്ബലങ്ങളാണെന്നതിനു എത്ര വേണമെങ്കിലും തെളിവുകളുണ്ട്. വനനിയമങ്ങൾ തന്നെ ഉദാഹരണം. എത്ര നിയമങ്ങൾ നിർമ്മിച്ചിട്ടും കുടിയേറ്റവും വനനശീകരണവും തടയാൻ കഴിഞ്ഞിട്ടുണ്ടോ? എഴുതിവച്ച ഒരു നിയമവുമില്ലാഞ്ഞിട്ടും പട്ടികവർഗ്ഗക്കാർക്ക് വനം സംരക്ഷിക്കാനും കഴിയുന്നു. അന്ധവിശ്വാസം കൊണ്ടാണ് അവരത് സാധിക്കുന്നത്.

ഹൈജീന്റെ പേരിൽ കുളങ്ങളും, കിണറുകളും നികത്തിയിട്ട് ഇന്നു മഴക്കുഴികൾക്ക് നിർബന്ധം പിടിക്കുന്നു. ഇന്നത്തേക്കാൾ ജലാശയങ്ങൾ ഉണ്ടായിരുന്ന കാലത്ത് ഇല്ലാതിരുന്ന പ്രാണിജ പകർച്ചവ്യാധികൾ ഇന്നുണ്ട്. അതിനു ന്യായീകരണങ്ങൾ കണ്ടെത്തുന്നതല്ലാതെ ആരും വസ്തുതകൾ തുറന്നു സമ്മതിക്കുന്നില്ല. ജാതിയുടേയും മതത്തിന്റേയും കാര്യത്തിൽ പൂർവ്വകാലത്ത് പോയി തെളിവുകൊണ്ടുവന്നു വാദിക്കുന്ന ഒരാളും പാരിസ്ഥിതിക പ്രശ്നങ്ങളിൽ അങ്ങനെ ചെയ്യുന്നില്ല.

ഓരോ പ്രദേശത്തിനും ജീവനത്തിനു സ്വന്തമായ മാതൃകകൾ ഉണ്ട്. ലോകത്തിനു ആകമാനമായി ഒരൊറ്റ മാതൃകയില്ല. അങ്ങനെ പ്രചരിപ്പിക്കുന്നത് തകർക്കാനോ ചൂഷണം ചെയ്യാനോ ആയിരിക്കും. അത്തരമൊരബദ്ധത്തിൽ പെട്ടിരിക്കുന്നവരാണ് ബുദ്ധിജീവികളും പുരോഗമനവാദികളും. അവർ സ്വയം നശിക്കുകയും മറ്റുള്ളവരേക്കൂടി നശിപ്പിക്കുകയും ചെയ്യും.

ശബരിമല വിഷയത്തിലും അതാണ് സംഭവിക്കാൻ പോകുന്നത്. രണ്ടോ മൂന്നോ പതിറ്റാണ്ടിനകം പുരോഗമനവാദികൾ തന്നെ ഇതേ അനാചാരങ്ങളും, നിയന്ത്രണങ്ങളും മറ്റൊരു പോർമുഖത്ത് നിന്നു ആവശ്യപ്പെടാൻ തുടങ്ങും.

അതാണ്‌ പ്രകൃതിയുടെ ലീല.

1 comment:

  1. ചിന്താർഹമായ ഒരു ലേഖനം...ഇതിലെ പല കുറിപ്പുകളും അത്യന്തം വിജ്ഞാനപ്രദം തന്നെയാണ്. ബ്ലോഗിൽ തുടർന്നെഴുതുവാൻ താൽപ്പര്യം കാണിക്കുന്ന മനസ്സിന് ആശംസകൾ നേരുന്നു..

    ReplyDelete