13 December 2018

അഗ്നിദേവന്‍

അഗ്നിദേവന്‍

തെക്കുകിഴക്ക് ഭാഗത്തിന് അഗ്നിക്കോണെന്ന് പറയുന്നു. അഗ്നിദേവന്‍ ആ ഭാഗത്തിന്റെ ദിക്പാലകനാണ്. വിരാട് പുരുഷന്റെ മുഖത്തു നിന്നുണ്ടായ അഗ്നിലോകത്തില്‍ ധര്‍മന്റെ പത്നിയായ വസുവില്‍ നിന്ന് ജനിച്ചു. സ്വാഹയാണ് അഗ്നിയുടെ പത്നി. ആടാണ് അഗ്നിയുടെ വാഹനം. അക്ഷയസൂത്രവും ശക്തിയുമാണ് ആയുധങ്ങള്‍. കനലിന്റെ നിറം മഞ്ഞനിറം കലര്‍ന്ന കണ്ണുകള്‍. ഇതാണ് സ്വരൂപം.

യജ്ഞങ്ങളില്‍ ദേവന്മാരുടെ ആഹുതിവഹിക്കുന്നു. അഗ്നിക്ക് അനേകം രൂപങ്ങളുണ്ട്. ജീവികളുടെ ഉള്ളില്‍ അത് ജഠരാഗ്നിയായി പാചൌക്രിയ നടത്തുന്നു. സമുദ്രത്തില്‍ ബന്ധവാഗ്നിയെന്ന രൂപത്തില്‍ എപ്പോഴും ജ്വലിക്കുന്നു. വനത്തില്‍ കാട്ടുതീ എന്ന നിലയിലും, സൂര്യനില്‍ ദിവ്യാഗ്നി എന്ന നിലയിലും വിരാജിക്കുന്നു. ലോകത്തില്‍ വ്യക്തനായും അവ്യക്തനായും പ്രവര്‍ത്തന നിരതനാകുന്നു. മേഘങ്ങളില്‍ അതിന്റെ ശക്തിയാണ് ഇടിമിന്നലാകുന്നത്.
അഗ്നിക്ക് അഞ്ച് ഭാവങ്ങള്‍ ഉണ്ട് ബ്രാഹ്മം, വ്രാജപത്യം, ഗാര്‍ഹസ്ഥ്യം, ദക്ഷിണാഗ്നി, ക്രവ്യാദാഗ്നി, ബ്രാഹ്മമായ അഗ്നി. യജ്ഞത്തില്‍ അരണി കടയുന്നതില്‍ നിന്ന് മന്ത്രത്താല്‍ പ്രകടമാകുന്നു. അതാണ് ആഹവനീയാഗ്നി. പ്രജാപത്യാഗ്നി ബ്രഹ്മചാരിക്ക് അഗ്നിഹോത്രത്തിനു വേണ്ടി ഉപനയന സമയത്ത് ലഭിക്കുന്നു. വാനപ്രസ്ഥാശ്രമം വരെ അതിനെ രക്ഷിക്കേണ്ടതും ആരാധിക്കേണ്ടതും ആവശ്യമാണ്. ഗാര്‍ഹസ്ഥ്യാഗ്നി വിവാഹത്തിനുശേഷം കുലത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നു. ഗൃഹസ്ഥന്റെ എല്ലാ ഉപയോഗകരങ്ങളായ ഹോമാദികളും അതിനാല്‍ നിര്‍വ്വഹിക്കപ്പെടുന്നു. ചിതയിലെ അഗ്നി ദക്ഷിണാഗ്നിയാണ്. അതിലാണ് ശരീരത്തിന്റെ അന്തിമാഹൂതി അര്‍പ്പിക്കപ്പെടുന്നത്. അഭിചാരയജ്ഞവും ഇതുമൂലമാണ്. യജ്ഞമണ്ഡപത്തിന്റെ പുറത്ത് ഉണ്ടാകാവുന്ന ഉപദ്രവങ്ങള്‍ മാറ്റിക്കിട്ടുന്നതിന് അത് ദക്ഷിണഭാഗത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
സ്വാഹയാണ് അഗ്നിയുടെ ഭാര്യ. അവര്‍ക്ക് പാവകന്‍, പവമാനന്‍, ശുചി എന്നിങ്ങനെ മൂന്നു പുത്രന്‍മാരും ഓരോരുത്തരിലും 15 വീതം പൗത്രന്‍മാരും ഉണ്ടായി. അങ്ങനെ അഗ്നിയും പുത്രപൌത്രന്‍മാരും ചേര്‍ന്ന് ആകെ അഗ്നികള്‍ 49 ആണെന്ന് ഭാഗവതപുരാണം പ്രസ്താവിക്കുന്നു.

യാഗദീക്ഷിതന്‍മാര്‍ അഗ്നിഹോത്രം മുതല്‍ അശ്വമേധംവരെയുള്ള കര്‍മങ്ങളെ പല ദേവതകളെയും ഉദ്ദേശിച്ച് അഗ്നിമുഖാന്തിരം ചെയ്തുവരുന്നു. ചുരുക്കത്തില്‍ വര്‍ണാശ്രമികളുടെ ഗര്‍ഭാധാനം മുതല്‍ മരണംവരെയുള്ള മതാനുഷ്ഠാനപരമായ ജീവിതം അഗ്നിസാക്ഷികമായിട്ടാണ് നയിക്കപ്പെടുന്നത്. (നോ: അഗ്നിസാക്ഷികം). ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും അന്തിമദേഹസംസ്കാരം അഗ്നിയില്‍തന്നെ നടത്തുന്നു. ശൈവം, ശാക്തം, കൗമാരം, ഗാണപത്യം, വൈഷ്ണവം, സൗരം എന്നീ ആറുവിധം ദേവാരാധനാസമ്പ്രദായങ്ങളില്‍ നിരതരായ ഹിന്ദുക്കള്‍ അതാതു ദേവതകളെ ഉപാസിക്കുന്നത് അഗ്നിമുഖേനയാണ്. ഇതരരാജ്യക്കാര്‍ക്കും ഇപ്രകാരം ചില അനുഷ്ഠാനങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു.

ഗതി, തേജസ്സ്, പ്രകാശം, ഉഷ്ണം ഇവ അഗ്നിയുടെ വിവിധ അംഗങ്ങളാണ്. അഗ്നി ആരാധിക്കപ്പെടുന്നത് അവയുടെ ആവശ്യം വരുമ്പോഴാണ്. അഗ്നിദേവന്‍ ജ്ഞാനസ്വരൂപനാണെന്നാണ് സങ്കല്പം. അഗ്നിയുടെ മഹത്വം വിളംബരം ചെയ്യുന്ന അഗ്നിപുരാണം ഒരു പഴയ വിജ്ഞാനകോശമാണ്.

No comments:

Post a Comment