ഭഗവദ്സേവ
ജീവിതത്തിന്‍റെ പാദമാണ് ഭഗവാന്‍റെ പാദം. ഭഗവാന്‍റെ പാദത്തിലേക്ക് ചെല്ലാൻ പറയുന്നതിന് അർത്ഥം ജീവിതത്തെ സ്വീകരിക്കാനാണ്. നമുക്ക് ജീവിതം എങ്ങിനെയാണോ അതെ നിലയിൽ പൂർണ്ണമനസ്സോടെ സ്വീകരിക്കുക. മറ്റെല്ലാറ്റിനെയും വിട്ടുകഴിഞ്ഞാലെ പരമമായതിനെ സ്വീകരിക്കാൻ പറ്റൂ.
ഭഗവദ്സേവ ഭഗവാനെ പരിചയപ്പെടുത്തലാണ്. ഒരുപാട് ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്നല്ല ജ്ഞാനത്തിലൂടെ ഞാനാരെന്ന് (ശാസ്ത്രമെന്തെന്നു) പ്രചരിപ്പിക്കണം എന്നാണ് ഭഗവാൻ പറഞ്ഞിട്ടുള്ളത്. കുറഞ്ഞപക്ഷം വീട്ടുകാരെയെങ്കിലും ഈ അന്വേഷണപാതയിലേക്ക് നയിക്കണം. ശരിയായി ശാസ്ത്രം ഉപദേശിക്കുന്നവൻ ഭഗവാന് പ്രിയപ്പെട്ടവനാണ്. ആരാണോ എന്നെ ശരിക്ക് പരിചയപ്പെടുത്തുന്നത് അവൻ എനിക്ക് പ്രിയപ്പെട്ടവനാണെന്ന് ഭഗവാൻ പറയുന്നു. ഇതിലും മികച്ച ഒരു പ്രവൃത്തിയും ലോകത്തിലില്ല. ധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ ശാസ്ത്രം പഠിക്കുന്നതാണ് ശരിയായ ആരാധന.
ശ്രദ്ധയോടെ അസൂയയില്ലാതെ കേൾക്കുകയെങ്കിലും ചെയ്‌താൽ അവനും പുണ്യകർമഫലം കിട്ടും.
കേൾക്കുന്നത് എകാഗ്രതയിലാകണം. വെറുതെ കേട്ടുപോയതുകൊണ്ട് ഫലമില്ല. ശ്രവണവും മനനവും നടക്കണം. കേട്ടതിനെക്കുറിച്ച് ചിന്തിച്ച് ശബ്ദാർത്ഥവും ഭാവാർത്ഥവും അറിയണം. എങ്കിൽ മോഹം നശിക്കും. ശാസ്ത്ര ശ്രവണത്തിനു അവസരമുണ്ടാകുന്നത് തന്നെ നാം തെരഞ്ഞെടുക്കപ്പെട്ടവരായതുകൊണ്ടാണ്.
തപസ്സും ഭക്തിയുമില്ലാത്തവൻ, പരസേവനം ചെയ്യാത്തവൻ, അസൂയയുള്ളവൻ ഒന്നും ശാസ്ത്രം ഉപദേശിക്കരുതെന്നു ഗീത പറയുന്നു, താല്പര്യമില്ലാത്തവർക്ക് നൽകരുത്. ശൂദ്രൻ, സ്ത്രീ ഇവരൊന്നും ബ്രഹ്മവിദ്യക്ക് അർഹരല്ലെന്ന് കരുതുന്നവരുണ്ട്. ആർക്കാണ് ബ്രഹ്മവിധ്യയ്ക്കധികാരമില്ലാത്തതെന്ന് ഭഗവാൻ ഇവിടെ സംശയമേതുമില്ലാതെ പറഞ്ഞിരിക്കുന്നു. ജനിച്ച കുലമോ ലിംഗമോ ഒന്നും ഇവിടെ പ്രസക്തമല്ല.
ഒരു തരത്തിലുള്ള പ്രയത്നവുമില്ലാത്തവൻ ശാസ്ത്രം ഉപദേശിക്കരുത്, സന്തോഷപൂർവ്വം അനുഷ്ട്ടിക്കുന്ന പ്രയാസമാണ് തപസ്സ്, ജടപിടിചിരിക്കലല്ല. സ്വരാജ്യസേവനമാണ് സർവേശ്വര സേവനമെന്നും, ജനങ്ങളോടുള്ള ഭക്തിയാണ് പരമാത്മഭക്തിയെന്നും അറിയാത്തവനാണ് പരസേവനം ചെയ്യാത്തവർ. അന്യർക്ക് ഒരു ശുശ്രൂഷയും ചെയ്യാത്തവൻ, പ്രകൃതിയ്ക്ക് ഒരു ശുശ്രൂഷയും ചെയ്യാത്തവനാണ്, മറ്റുള്ളവരോട് അസൂയപ്പെടുന്നവർ ഭാഗവാനോടാണ് അസൂയപ്പെടുന്നത്.
No comments:
Post a Comment