ശബരിയുടെ പൂര്‍വകഥ
ചിത്രകവചന്‍ എന്ന ഗന്ധര്‍വന്റെ ഏക പുത്രിയായിരുന്നു മാലിനി. യൗവനയുക്തയായപ്പോള്‍ തപസ്വിയായ വീതിഹോത്രന്‍ എന്ന ബ്രാഹ്മണന്‍ അവളെ വിവാഹം ചെയ്തു.
മഹാജ്ഞാനിയുമായിരുന്നു ഈ യുവാവ്. മാലിനി ഭര്‍ത്താവുമൊത്ത് വനത്തിലെ പര്‍ണശാലയില്‍ വാസമായി. പൂജയ്ക്കും ഹോമത്തിനുമൊക്കെ ഒരുക്കുക, ആശ്രമം വൃത്തിയാക്കുക, ഭക്ഷണമുണ്ടാക്കുക തുടങ്ങിയ കര്‍മ്മങ്ങളിലും ഭര്‍ത്തൃശുശ്രൂഷയിലും മുഴുകിയെങ്കിലും അവള്‍ തൃപ്തയായിരുന്നില്ല.
വീതിഹോത്രന്‍ സദാ ഈശ്വരചിന്തയിലായതിനാല്‍ വിഷയസുഖങ്ങളൊന്നും ആഗ്രഹിച്ചില്ല. മാലിനിയാകട്ടെ വിഷയസുഖം ആഗ്രഹിച്ചു. കാമവികാരത്തിനടിമപ്പെട്ട് കല്മാഷന്‍ എന്ന കാട്ടാളനുമായി വേഴ്ചയുണ്ടായി. ജ്ഞാനിയായ വീതിഹോത്രന്‍ ഇതറിഞ്ഞപ്പോള്‍ അവളെ ശപിച്ചു. കാട്ടാളനുമായി ബന്ധപ്പെട്ട നീ കാട്ടാളത്തിയായിത്തീരട്ടെയെന്നായിരുന്നു ശാപം.
ദുഃഖിതയായി മാപ്പുചോദിച്ച മാലിനിയോട് ത്രേതായുഗത്തില്‍ മഹാവിഷ്ണു രാമനായി അവതരിക്കും. നിനക്ക് ശ്രീരാമചന്ദ്രന്റെ ദര്‍ശനം കിട്ടുമ്പോള്‍ മുക്തിയും ലഭിക്കും എന്ന് ശാപമോക്ഷവും കൊടുത്തു.
മാലിനി ശബരന്മാര്‍ എന്ന കാട്ടാളവംശത്തില്‍ ജനിച്ചു. പേര് ശബരിയെന്നുമായി. പൂര്‍വജന്മസ്മരണയുണ്ടായതിനാല്‍ ജ്ഞാനിയും പുണ്യവാനുമായിരുന്ന ഭര്‍ത്താവിന്റെ ശാപകഥ അവള്‍ ഓര്‍മ്മിച്ചുകൊണ്ടിരുന്നു. വിഷയസുഖങ്ങളിലേക്കു തിരിഞ്ഞതേയില്ല. സദാ ഈശ്വരചിന്തയോടെ ജീവിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ആ വനത്തിലൊരിടത്ത് ഒരു ആശ്രമം അവളുടെ ശ്രദ്ധയില്‍പെട്ടത്.
പമ്പാസരസ്സിനടുത്ത് വളരെ ശാന്തമായ അന്തരീക്ഷത്തില്‍ വസിച്ചിരുന്ന ദിവ്യനായ മതംഗമഹര്‍ഷിയുടെ ആശ്രമമായിരുന്നു അത്. മഹാതപസ്വിയായിരുന്ന മതംഗമഹര്‍ഷി ബാലിയെ ശപിക്കുന്ന കഥ കിഷ്‌കിന്ധാകാണ്ഡത്തില്‍ പറയാം. ശബരി വളരെ ദൂരെനിന്ന് ആശ്രമത്തില്‍ നടക്കുന്നതൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. ശിഷ്യന്മാര്‍ കായ്കനികളും പുഷ്പങ്ങളും ശേഖരിച്ച് ചുമന്നുകൊണ്ടുപോകുന്നു. ആശ്രമം വൃത്തിയാക്കുന്നു.
പമ്പയില്‍നിന്നും വെള്ളം ശേഖരിച്ച് ചുമന്നുകൊണ്ടുപോകുന്നു. അവള്‍ക്ക് അവരെ സഹായിച്ചാല്‍കൊള്ളാമെന്ന് അതിയായ ആഗ്രഹമുണ്ടായി. എന്നാല്‍ ഹീനജാതിക്കാരിയായതിനാല്‍ തനിക്കവിടെ പ്രവേശനം കിട്ടുകയില്ലയെന്നവള്‍ തീര്‍ച്ചയാക്കി. എങ്കിലും എങ്ങനെയെങ്കിലും മുനിമാരെ സഹായിക്കാന്‍ അവളുറച്ചു. ശിഷ്യന്മാരായ മുനികുമാരന്മാര്‍ ഉണരുന്നതിനുമുമ്പ് അവള്‍ ആശ്രമത്തിലെത്തി. മുറ്റമടിച്ചുവാരി വെള്ളം തളിക്കും.
കഴിഞ്ഞ ജന്മത്തില്‍ കുറെക്കാലം ആശ്രമസേവചെയ്തു പരിചയമുണ്ടല്ലോ. വാടാത്ത പൂക്കളും ഫലമൂലാദികളും തലേദിവസം ശേഖരിച്ചത് ആശ്രമവരാന്തയില്‍ കൊണ്ടുവയ്ക്കും. ആരെങ്കിലും ഉണരുന്നതിനുമുന്‍പ് സ്ഥലംവിടും. തങ്ങളാരുമറിയാതെ ആശ്രമത്തില്‍ ആരോവന്ന് ഇങ്ങനെ സേവചെയ്യുന്നുവെന്ന വിവരം ശിഷ്യന്മാര്‍ മതംഗമഹര്‍ഷിയെ അറിയിച്ചു. അവര്‍ ഒരുനാള്‍ ശബരിയെ കൈയോടെ പിടികൂടി മഹര്‍ഷിയുടെ മുന്നിലെത്തിച്ചു. അവള്‍ ഭയന്നുവിറച്ചു. കടുത്ത ശിക്ഷ പ്രതീക്ഷിച്ചു. എന്നാല്‍ അദ്ദേഹം കാരുണ്യത്തോടെ ശബരിയെ അനുഗ്രഹിച്ചു. തന്റെ ആശ്രമത്തില്‍തന്നെ വസിച്ചുകൊണ്ട് സേവചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ത്രികാലജ്ഞാനിയായിരുന്ന മതംഗമുനി ശബരിയിലെ തപസ്വിനിയെ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെയവള്‍ മതംഗമഹര്‍ഷിയുടെ ശിഷ്യനും ആശ്രമഅന്തേവാസിയുമായിത്തീര്‍ന്നു.
മഹര്‍ഷി ഭൗതിക ശരീരം വെടിയാന്‍ സമയത്ത് ശബരിയെ വിളിച്ച് പറഞ്ഞു. ഞങ്ങള്‍ ആയിരമായിരം വര്‍ഷങ്ങളായി ഇവിടെ തപസ്സുചെയ്തു. ഇപ്പോള്‍ ബ്രഹ്മപദം പ്രാപിക്കുന്നു. നീ ഇവിടെത്തന്നെ വസിക്കണം. മഹാവിഷ്ണു നമ്മെയും ധര്‍മ്മത്തെയും രക്ഷിക്കാന്‍ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ അവതരിച്ചുകഴിഞ്ഞു. ശ്രീരാമചന്ദ്രന്‍ ഇപ്പോള്‍ ചിത്രകൂടത്തില്‍ വസിക്കുകയാണ്. പരംപുരുഷനായ ആ രാമന്‍ ഇവിടെയും എത്തും. അതുവരെ നീ ഇവിടെത്തന്നെ വസിക്കണം. രാമന്റെ ദര്‍ശനം ലഭിക്കുമ്പോള്‍ നിനക്കും പരമപദം ലഭിക്കും.
No comments:
Post a Comment