വ്രതങ്ങള്‍ നരനെ നാരായണനാക്കും
ജന്മ ജന്മാന്തരങ്ങളില്‍ ഏറ്റവും മഹത്വരമാണ് മനുഷ്യജന്മമെന്നും നരനെ നാരായണനാക്കുന്ന ആത്മീയ മാര്‍ഗ്ഗരേഖയാണ് വ്രതാനുഷ്ഠാനങ്ങളെന്നും ഹിന്ദുധര്‍മ്മശാസ്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. വ്രതങ്ങള്‍ മനുഷ്യന് ആത്മീയവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നതോടൊപ്പം മഹാവിഷ്ണു പ്രീതിയ്ക്ക് വളരെ ഉത്തമവുമാണ്. വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശിതന്നെയാണ്. ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്. ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം. ഒരു സംവത്സരത്തിനിടയില്‍ വരുന്ന ഏകാദശികളുടെ പേരുകളാണ് (1) ഉല്‍പ്പന്ന ഏകാദശി, (2) മോക്ഷദാ ഏകാദശി, (3) സഫലാ ഏകാദശി, (4) പുത്രദാഏകാദശി, (5)ഷഡ്തിലാ ഏകാദശി (6) ജയ ഏകാദശി (7) വിജയ ഏകാദശി (8) ആമലകി ഏകാദശി (9) പാപമോചിനി ഏകാദശി (10) കാമദാ ഏകാദശി (11) വരൂഥിനി ഏകാദശി (12) മോഹിനി ഏകാദശി (13) അപരാ ഏകാദശി (14) നിര്‍ജ്ജലാ ഏകാദശി (15) യോഗിനി ഏകാദശി (16) പത്മ (ശയന) ഏകാദശി (17) കാമികാ ഏകാദശി (18) പുത്രപ്രദാ ഏകാദശി (19) അജാ ഏകാദശി (20) പരിവര്‍ത്തിനി (പത്മനാഭ) ഏകാദശി (21) ഇന്ദിരാ ഏകാദശി (22) പാപാങ്കുശ ഏകാദശി (23) രമാ ഏകാദശി (24) ഹരിബോധിനി (ഉത്ഥാന)ഏകാദശി എന്നിവയാണ്. കമല (പരമ) ഏകാദശി, പത്മിനി ഏകാദശി എന്നീ രണ്ട് ഏകാദശികള്‍ അധിമാസത്തില്‍ വന്നു ചേരുന്നവയാണ്. ഈ മഹനീയ ഏകാദശികളുടെ നാമധേയങ്ങളോരോന്നും ഭക്തിപൂര്‍വ്വം ഉച്ഛരിക്കുന്നവര്‍ക്ക് ഏകാദശിവ്രതഫലം ലഭ്യമാകുമെന്നും വിശ്വാസമുണ്ട്. ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം അര്‍ച്ചനചെയ്യുന്നവരെ താമരയിലയിലെ വെള്ളംപോലെ പാപം തീണ്ടുകയില്ല. മാത്രമല്ല പിതൃ-മാതൃ-ഭാര്യപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. കൃഷ്ണപക്ഷ-ശുക്ലപക്ഷ ഏകാദശിവ്രതഫലം തുല്യമാണ്. ഏകാദശി വ്രതമനുഷ്ഠിച്ചാല്‍ സംസാരസാഗരത്തില്‍ മുഴുകിയിരിക്കുന്നവരുടെ പാപങ്ങള്‍ നശിച്ച് കരകയറുന്നതിനുള്ള ഈശ്വരശക്തി ലഭിയ്ക്കും. രാത്രി ഉറക്കമൊഴിച്ച് ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഒരിയ്ക്കലും അന്തകനെ കാണേണ്ടിവരില്ലയെന്ന് പുരാണങ്ങളില്‍ വ്യക്തം. മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ (കര്‍ക്കിടകം) മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.
No comments:
Post a Comment