14 September 2018

തട്ടകം

തട്ടകം

ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടു നില്ക്കുന്ന സമീപപ്രദേശത്തിന് മൊത്തത്തിലുള്ള പേര്. ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശം, ഉത്സവം നടത്തുന്നവര്‍ക്കു നിവസിക്കാനുള്ള സ്ഥലം എന്നീ അര്‍ഥങ്ങളാണ് ഈ പദത്തിന് നിഘണ്ടുകാരന്‍ നല്കിയിരിക്കുന്നത്.

ക്രൈസ്തവാരാധനാലയങ്ങളില്‍ ഇടവക എന്നു പറയുന്നതിനു സമാനമാണിത്.

ക്ഷേത്രാചാരങ്ങള്‍ അനുഷ്ഠിച്ചു ജീവിക്കുന്നവരും ക്ഷേത്രത്തിലെ കര്‍മങ്ങള്‍ നടത്തിക്കാനും നടത്താനും അവകാശപ്പെട്ടവരും ജീവിക്കുന്ന ക്ഷേത്രപരിസരമാണ് ഇതെന്നു പറയാം.

കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ക്ഷേത്രപ്പറമ്പ്, കോവില്‍പ്പറമ്പ് എന്നീ വാക്കുകളാണ് 'തട്ടക'ത്തിന്റെ അര്‍ഥത്തില്‍ ഉപയോഗിച്ചുപോരുന്നത്.

ഉത്തരകേരളത്തില്‍ ഈ സങ്കല്പം ദക്ഷിണകേരളത്തെ അപേക്ഷിച്ച് പ്രബലമായി ഇന്നും നിലകൊള്ളുന്നു.

ഓരോ ദേവതയുടെയും തട്ടകത്തില്‍ ജീവിക്കുന്നവര്‍ക്ക് പ്രസ്തുത ദേവതയുടെ സ്ഥാനവുമായി നാനാവിധത്തിലുള്ള ബന്ധമുണ്ടായിരിക്കും. തട്ടകത്തിലുളളവര്‍ അവരുടെ ദേവതയെ സര്‍വവിധത്തിലും മാനിച്ചും ആ ദേവതയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചുമായിരിക്കണം ജീവിക്കേണ്ടതെന്ന അലിഖിതനിയമം അവിടെ നിലവിലിരിക്കുന്നു.

ഉത്സവകാലമായാല്‍ തട്ടകത്തിലുള്ളവര്‍ ദൂരയാത്ര ചെയ്യാന്‍ പാടില്ല എന്നും വ്യവസ്ഥയുണ്ട്. അഥവാ ചെറിയ യാത്രകള്‍ ചെയ്യേണ്ടിവന്നാല്‍ത്തന്നെ ഉത്സവം തീരുന്നതിനു മുമ്പ് മടങ്ങിയെത്തിക്കൊള്ളണമെന്നാണ് നിയമം.

പ്രശസ്ത നോവലിസ്റ്റായ കോവിലന്‍ 'തട്ടകം' എന്ന പേരില്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. മലബാറിലെ തട്ടകങ്ങളുടെ സജീവത യു.എ.ഖാദറിന്റെ പല നോവലുകളിലും നിറഞ്ഞുനില്ക്കുന്നു.

കാലാന്തരത്തില്‍ ഈ പദത്തിന് അര്‍ഥവികാസം സംഭവിച്ചിരിക്കുന്നു. പ്രധാന പ്രവര്‍ത്തനരംഗം, വിശേഷവൈഭവരംഗം എന്നീ അര്‍ഥങ്ങളില്‍ ഈ പദം ഇന്നു പ്രയോഗിക്കാറുണ്ട്. ഉദാ. 'വിമര്‍ശനമാണ് മുണ്ടശ്ശേരിയുടെ പ്രധാന തട്ടകം.'

No comments:

Post a Comment