20 September 2018

അഗ്നിഹോത്രം

അഗ്നിഹോത്രം

ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഒരു ഹോമകര്‍മം. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, അന്വാഹാര്യന്‍ (ദക്ഷിണാഗ്നി) എന്നീ മൂന്ന് അഗ്നികളേയും കെടാതെ രക്ഷിച്ച് അവയില്‍ നിത്യവും ചെയ്യേണ്ടതാണിത്.

അഗ്ന്യാധാനം ചെയ്തവരാണ് അഗ്നിഹോത്രത്തിന് അധികാരികള്‍. ഇവര്‍ അഗ്നിഹോത്രികള്‍ എന്നപേരില്‍ അറിയപ്പെടുന്നു. (അരണി കടഞ്ഞു തീയുണ്ടാക്കി മൂന്നു കുണ്ഡങ്ങളില്‍ ഇട്ട് ആ ത്രേതാഗ്നിയില്‍ രണ്ടു ദിവസം കൊണ്ടു ചെയ്തുതീര്‍ക്കേണ്ട കര്‍മമാണ് അഗ്ന്യാധാനം.)

അഗ്നിഹോത്രം ചെയ്യുമ്പോള്‍ ശ്രൌതവിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ചൊല്ലി നിര്‍ദിഷ്ട ക്രമം അനുസരിച്ച് പാല്‍ (തൈരും ആകാം) ആഹുതി ചെയ്യുകയാണ് പതിവ്.

ഈ കര്‍മം ചെയ്യുമ്പോള്‍ യജമാനനോ (ചെയ്യുന്ന കര്‍മത്തിന്റെ ഫലമനുഭവിക്കേണ്ടയാള്‍) പത്നിയോ അഗ്നിശാലയില്‍ ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമാണ്. യജമാനനുവേണ്ടി മറ്റുള്ളവരാണ് ഈ കര്‍മം ചെയ്യാറുള്ളത്. എന്നാല്‍ യജമാനന്‍ എന്നും അഗ്നിയെ തൊഴുതു സ്തുതിച്ചുകൊണ്ട് മന്ത്രങ്ങള്‍ ചൊല്ലുക (അഗ്നിഹോത്രോപസ്ഥാനം) എന്ന കര്‍മം അനുഷ്ഠിക്കേണ്ടതാണ്.

ഇദ്ദേഹം അന്യദിക്കില്‍ ചെന്നാലും മന്ത്രങ്ങള്‍ ചൊല്ലി അഗ്നിയെ ഉപാസിച്ചിരിക്കണമെന്ന് നിയമമുണ്ട്. ഏതെങ്കിലും കാരണത്താല്‍ അഗ്നിഹോത്രം മുടങ്ങാന്‍ ഇടവന്നാല്‍ വീണ്ടും അരണി കടഞ്ഞു തീയുണ്ടാക്കി പുനരാധാനക്രിയ ചെയ്തതിനുശേഷം മാത്രമേ അഗ്നിഹോത്രം ചെയ്യുവാന്‍ പാടുള്ളു.

ആധാനം ചെയ്ത അടിതിരിയും സോമയാഗം ചെയ്ത ചോമാതിരി (സോമയാജി)യും അഗ്നി (അതിരാത്രം) ചെയ്ത അക്കിത്തിരിയും പത്നി ജീവിച്ചിരിക്കുന്നതുവരെ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യേണ്ടവയാണ് അഗ്നിഹോത്രവും അഗ്നിഹോത്രോപസ്ഥാനവും.

ഇഷ്ടപ്രാപ്തിയ്ക്കും അനിഷ്ട പരിഹാരത്തിനും അഗ്നിയോടുള്ള പ്രാര്‍ഥനകള്‍ അടങ്ങിയതാണ് ഇവയില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങള്‍. ഇവ കൂടാതെ സപ്തര്‍ഷികളെയും പിതൃക്കളെയും പ്രീണിപ്പിക്കുവാനുള്ള മന്ത്രങ്ങളും അഗ്നിഹോത്രം ചെയ്യുമ്പോള്‍ ചൊല്ലാറുണ്ട്.

യജമാനനും പത്നിക്കും മാത്രമല്ല, നാട്ടിനെല്ലാം നന്മ വരുത്തുകയാണ് അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്നു സൂത്രകാരന്‍മാര്‍ പറയുന്നു.

അപരവിദ്യയെ വിവരിക്കുന്നു

തദേതത് സത്യം മന്ത്രേഷു കര്‍മ്മാണി കവചോ

യാന്യപശ്യം സ്താനി ത്രേ തായാം ബഹുധാ സംതതാനി

താന്യാചരഥ നിയതാ സത്യകാമാ

ഏഷവഃ പന്ഥാ സുകൃതാസ്യ ലോകേ

വേദമന്ത്രങ്ങളിലൂടെ ഋഷിമാര്‍ ദര്‍ശിച്ച കര്‍മ്മങ്ങള്‍ സത്യമാണ്. അവ മൂന്ന് വേദങ്ങളില്‍ പലതരത്തില്‍ പരന്നുകിടക്കുന്നു. സത്യമായ കര്‍മ്മഫലത്തെ ആഗ്രഹിക്കുന്ന നിങ്ങള്‍ അവയെ ആചരിക്കൂ. സുകൃതത്തിന്റെ ഫലം കിട്ടാനുള്ള വഴി ഇതാണ്.

കവികള്‍ എന്നാല്‍ ക്രാന്തദര്‍ശികളായവര്‍, ഋഷികള്‍ എന്നര്‍ത്ഥം. വസിഷ്ഠന്‍ തുടങ്ങിയ ഋഷിമാര്‍ വേദമന്ത്രങ്ങളിലൂടെ പ്രകാശിപ്പിക്കപ്പെട്ട അഗ്നിഹോത്രം മുതലായ കര്‍മ്മങ്ങളെ ദര്‍ശിച്ചിട്ടുണ്ട്. പുരുഷാര്‍ത്ഥങ്ങളെ നല്‍കുന്നതിനാല്‍ അവ സത്യമാണ്. ഋഗ്വേദത്തിലെ ഹൗത്രം മുതലായ കര്‍മ്മങ്ങളെ ദര്‍ശിച്ചിട്ടുണ്ട്. പുരുഷാര്‍ത്ഥങ്ങളെ നല്‍കുന്നതിനാല്‍ അവ സത്യമാണ്. ഋഗ്വേദത്തിലെ ഹൗത്രം, യജുര്‍വേദത്തിലെ ആധ്വര്യവം, സാമവേദത്തിലെ ഔദ്ഗാത്രം എന്നിങ്ങനെയുള്ള അഗ്നിഹോത്ര കര്‍മ്മങ്ങളാണവ. ത്രേതായം എന്നത് മൂന്ന് വേദങ്ങള്‍ എന്നും ത്രേതായുഗത്തിലെന്നും പറയാം. നല്ല കര്‍മ്മഫലം ആഗ്രഹിക്കുന്നവര്‍ ഇവയെ വേണ്ടപോലെ അനുഷ്ഠിക്കണം. മൂന്ന് വേദങ്ങളിലും വിധിച്ച അഗ്നിഹോത്രം മുതലായ കര്‍മ്മങ്ങള്‍ ചെയ്യുകതന്നെ വേണം.

വേദങ്ങളിലും വേദാംഗങ്ങളിലും പറഞ്ഞ അപരവിദ്യയെയാണ് ഇവിടെ വിവരിക്കുന്നത്. കര്‍മ്മാനുഷ്ഠാനവും അവയുടെ ഫലവുമാണ് അപരവിദ്യയില്‍. ഇത് അനുഷ്ഠിച്ച്‌ വിരക്തി വന്നാല്‍ പിന്നെ പരവിദ്യയിലേക്ക് കടക്കാനുള്ള യോഗ്യതയായി. പിന്നെ മോക്ഷവും നേടാം. അതുകൊണ്ട് ആദ്യം കര്‍മമാര്‍ഗത്തെക്കുറിച്ച്‌ വിവരിക്കുകയാണ്.

കര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായ അഗ്നിഹോത്രത്തെ പറയുന്നു-

യദാ ലേലായതേ ഹ്യര്‍ച്ചിഃ സമിദ്ധേ ഹവ്യവാഹനേ

തദാജ്യഭാഗാവന്തരേണ ഹുതീഃ പ്രതിപാദയേത്

ചമതകളാല്‍ നന്നായി ജ്വലിച്ച്‌ ഇളകിക്കൊണ്ടിരിക്കുന്ന അഗ്നിജ്വാലകളില്‍ ആജ്യഭാഗങ്ങളുടെ മധ്യത്തില്‍ ആഹുതികളെ ചെയ്യണം (സമര്‍പ്പിക്കണം). മദ്ധ്യത്തിലെ ആവാപസ്ഥാനത്ത് ദേവതകള്‍ക്ക് ആഹുതി നടത്തണം.

അഗ്നിഹോത്രം കര്‍മ്മങ്ങളില്‍ വച്ച്‌ വളരെ പ്രധാനപ്പെട്ടതും നിത്യം ചെയ്യേണ്ടതുമാണ്. അഗ്നിഹോത്രത്തിനുള്ള ആഹവനീയാഗ്നിയുടെ ദക്ഷിണ, ഉത്തരഭാഗങ്ങളില്‍ 'അഗ്നയേ സ്വാഹാ' 'സോമായ സ്വാഹാ' എന്ന മന്ത്രങ്ങളാല്‍ ദര്‍ശമെന്നും പൂര്‍ണമാസമെന്നും പേരുള്ള രണ്ട് ആജ്യ ആഹുതികള്‍ സമര്‍പ്പിക്കുന്നു. ഇതു രണ്ടിന്റേയും മധ്യഭാഗമാണ് ആവാപസ്ഥാനം. അവിടെയാണ് മറ്റു യാഗങ്ങള്‍ ചെയ്യുന്നത്. അല്ലെങ്കില്‍ മറ്റു ദേവതകള്‍ക്ക് ഹോമിക്കുന്നത്. ഈ ആഹുതികള്‍ ഹോതാവിന് ഇഷ്ടലോകങ്ങളെയും ഫലങ്ങളെയും നല്‍കും. വളരെ ശ്രദ്ധയോടെ ചെയ്യേണ്ടവയാണ് ഈ ആഹുതി കര്‍മ്മങ്ങള്‍.

കര്‍മ്മമാര്‍ഗ്ഗം അനുഷ്ഠിക്കാന്‍ പ്രയാസമാണ് പിഴവുണ്ടാകും.

യസ്യാനി ഹോത്രമദര്‍ശപൗര്‍ണ്ണമാസ-

മചാതുര്‍മാസ്യമനാഗ്രയണമതിഥിവര്‍ജിതം ച

അഹുതമവൈശ്വദേവമവിധിതാ ഹുത-

മാസപ്തമാം സ്തസ്യ ലോകാന്‍ ഹിനസ്തി

ആരുടെ അഗ്നിഹോത്രമാണോ ദര്‍ശം, പൂര്‍ണമാസം, ചാതുര്‍മാസ്യം, ആഗ്രയണം, അതിഥിപൂജനം, ഹോമം, വൈശ്യദേവം എന്ന ഏഴുകര്‍മ്മങ്ങളില്‍ ഏതെങ്കിലും ഒന്ന് ഇല്ലാത്തതായും വിധിയനുസരിച്ചല്ലാതെ തെറ്റായി ഹോമിക്കുന്നത് അയാളുടെ എല്ലാ ലോകങ്ങളും ഇല്ലാതാകുന്നു. (ഹരിക്കുന്നു).

അഗ്നിഹോത്രം വേണ്ടപോലെ ചെയ്താല്‍ ഭൂ, ഭുവഃ സൂവാ, മഹഃ ജനഃ തപഃ, സത്യം എന്നീ ലോകങ്ങളില്‍ എത്താന്‍ കഴിയും. എന്നാല്‍ പിഴവ് പറ്റിയാല്‍ ഇവ നഷ്ടപ്പെടും. ഊര്‍ദ്ധ്വ ഗതി ഇല്ലാതാകും. അതുകൊണ്ടുതന്നെ കര്‍മ്മമാര്‍ഗ്ഗം എളുപ്പമല്ല. അഗ്നിഹോത്രം തെറ്റായി ചെയ്താല്‍ താന്‍ ഉള്‍പ്പെടെയുള്ള പിതൃപുത്ര പരമ്ബരകള്‍ നഷ്ടപ്പെടുമെന്നോ അല്ലെങ്കില്‍ 7 തലമുറകള്‍ക്ക് ദോഷമുണ്ടാകുമെന്നോ കരുതാം.

ദര്‍ശം എന്ന കര്‍മ്മം ജീവിച്ചിരിക്കുന്ന കാലമത്രയും ചെയ്യേണ്ടതാണ്. ഇല്ലെങ്കില്‍ അഗ്നിഹോത്രത്തിന് ന്യൂനതയായി. പൗര്‍ണ്ണമാസാദികള്‍ക്കും ഇതുപോലെതന്നെ. പൗര്‍ണ്ണമാസം ചാതുര്‍മാസ്യം എന്നീ കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുക, ശരത് മുതലായ ഋതുക്കളില്‍ പുത്തരികൊണ്ട് ആശ്രയന്തം ചെയ്യാതിരിക്കുക, അതിഥിയെ പൂജിക്കാതിരിക്കുക, ഹോമം വിധിപ്രകാരമാകാതിരിക്കുക, വൈശ്വദേവ കര്‍മ്മം നടത്താതിരിക്കുക തുടങ്ങിയവകൊണ്ട് ഏഴ് ലോകങ്ങളുടെ നാശമുണ്ടാകും. കര്‍മ്മം ശരിയായി ചെയ്താല്‍ മാത്രമേ സത്യലോകം വരെയുള്ള 7 ലോകങ്ങള്‍ ലഭിക്കൂ.

കര്‍മ്മമാര്‍ഗം ഇത്രയും പ്രയാസമുള്ളതും വേണ്ടത്ര ശ്രദ്ധയുണ്ടായില്ലെങ്കില്‍ വിപരീത ഫലത്തെ തരുന്നതുമാണെന്ന് കാണിക്കുവാനാണ് ഇങ്ങനെ പറഞ്ഞത്. സാധകനായ ഒരാള്‍ കര്‍മമാര്‍ഗത്തില്‍പ്പെട്ട് കുടുങ്ങിപോകാതിരിക്കുവാനാണ് ഉപനിഷത്ത് ഇക്കാര്യത്തെ ഇവിടെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വേണ്ടപോലെ കര്‍മ്മമാര്‍ഗത്തെ കര്‍മയോഗമായി അനുഷ്ഠിക്കുന്നയാള്‍ക്ക് ചിത്തശുദ്ധി കൈവരിച്ച്‌ ആത്മാന്വേഷണത്തിനായി മുന്നോട്ട് പോകാനും ആത്മസാക്ഷാത്കാരം നേടാനുമാകും.

അഗ്നിഹോത്രം ഐശ്വര്യത്തിന്റെ കവാടം

എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും ഉണ്ടാവാന്‍ ആദ്യകാലത്തെ ഋഷീശ്വരന്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്ന രഹസ്യമായ ഹോമമാര്‍ഗമാണ് അഗ്നിഹോത്രം. സമൃദ്ധി, ധനം, വിദ്യ, ആരോഗ്യം, ആയുസ്സ്, ഭാഗ്യം, സല്‍സന്താനം, കീര്‍ത്തി, യശസ്സ്, ബുദ്ധി തുടങ്ങിയവ ലഭിക്കാനാണ് അഗ്നിഹോത്രം ചെയ്തുവന്നത്. നിരന്തരം പ്രശ്‌നങ്ങളും, ദുരന്തങ്ങളും, ദുരിതങ്ങളും വേട്ടയാടിയ നിരവധി പേരാണ് അഗ്നിഹോത്രത്തിലൂടെ തങ്ങളുടെ പ്രതിസന്ധികളെ ഇല്ലാതാക്കിയത്.

പ്രാചീന ഭാരതീയര്‍ പരമ്പരാഗതമായി ഉഷഃസന്ധ്യയിലും സായംസന്ധ്യയിലും ചെയ്തു പോന്ന അഗ്നിഹോത്രത്തെ ദേവയജ്ഞമെന്നും വിളിക്കാറുണ്ട്. ഒരു ഗൃഹസ്ഥന്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളില്‍ പ്രധാനപ്പെട്ടതാണ് ദേവയജ്ഞം
 
സര്‍വ്വ ദേവതകളും സാനിദ്ധ്യമരുളുന്ന അഗ്നിഹോത്രം

‘കാളീ കരാളീച മനോജവാ ച സുലോഹിതാ യാച സുധൂമ്രവര്‍ണാ
സ്ഫുലിംഗിനീ വിശ്വരുചീ ച ദേവീ ലേലായമാനാ ഇതി സപ്ത ജിഹ്വാഃ’ (മുണ്ഡകോപനിഷത്ത് 1.2.4)

മുപ്പത്തിമുക്കോടി ദേവതകളുടെയും അദൃശ്യമായ സാന്നിദ്ധ്യം കൊണ്ട് പരിപാവനമായ ഒരേ ഒരു ഹോമമാണ് അഗ്നിഹോത്രം. ഹിന്ദുക്കളുടെ അടിസ്ഥാന ഗ്രന്ഥമായ വേദങ്ങളില്‍ പറയുന്നത് ഈ മുപ്പത്തിമുക്കോടി ദേവതകളെയും സാക്ഷാല്‍ ജഗദീശ്വരനേയും സാക്ഷാത്ക്കരിക്കാനുള്ള ഒരേ ഒരു വഴി അഗ്നിഹോത്രമാകുന്നു എന്നാണ്. അഗ്നി രൂപത്തിലുള്ള ഈ ഗണപതിയും, മഞ്ഞ തുകില്‍ ചാര്‍ത്തിയ മഹാവിഷ്ണുവും, അഗ്നിനാളം പോലെ നാക്ക് നീട്ടിയ ഭദ്രകാളിയും ഇതേ അഗ്നിഹോത്രത്തില്‍ സാന്നിദ്ധ്യമായി വന്നണയുന്നു. കാവിയുടുത്ത് സര്‍പ്പത്തിന് മേല്‍ ചവിട്ടി നില്‍ക്കുന്ന വേലായുധന്‍ അഗ്നിഹോത്രത്തിലെ അഗ്നിയാണെന്ന് ഋഗ്വേദം പറയുന്നു. കാളി മുതലുള്ള സപ്ത മാതാക്കളും അഗ്നിഹോത്രത്തിലെ അഗ്നിയുടെ ഏഴ് നാവുകളാണെന്ന് ഉപനിഷത്തുക്കളും പറയുന്നു. അതു കൊണ്ടുതന്നെ അവതാര പുരുഷന്മാരായ ശ്രീരാമനും ശ്രീകൃഷ്ണനും മുടങ്ങാതെ അഗ്നിഹോത്രം ചെയ്തിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വൈദിക ഋഷിമാരുടെ സര്‍വ്വ കാമനകളേയും സാക്ഷാത്ക്കരിച്ചത് അഗ്നിഹോത്രങ്ങളിലുടെ ആയിരുന്നു.

 നമ്മുടെ പൂര്‍വ്വസൂരികളായ ശ്രീരാമനും ലക്ഷ്മണനും പ്രതിദിനം അഗ്നിഹോത്രം ചെയ്യുമായിരുന്നു. നമ്മളും അതാണ് അനുവര്‍ത്തിക്കേïത്. വാല്മീകി രാമായണത്തിലേക്ക് നമുക്ക് പ്രവേശിക്കാം.

കുമാരാവപി താം രാത്രിമുഷിത്വാ സുസമാഹിതൗ പ്രഭാതകാലേ ചോത്ഥായ പൂര്‍വ്വാം സന്ധ്യാമുപാസ്യ ച പ്രശുചീ പരമം ജാപ്യം സമാപ്യ നിയമേന ച ഹുതാഗ്നിഹോത്രമാസീനം
വിശ്വാമിത്രം വന്ദതാമ്
(വാല്മീകി രാമായണം ബാലകാണ്ഡം)

രാമനും ലക്ഷ്മണനും സാവകാശം രാത്രി അവസാനിച്ച ശേഷം പ്രഭാതവേളയില്‍ ഉണര്‍ന്നെഴുന്നേറ്റ് സന്ധ്യോപാസന ചെയ്തു. അത്യന്ത പവിത്രമായ ഗായത്രീ ജപം നിയമപൂര്‍വ്വം അനുഷ്ഠിച്ചു. അതിനെതുടര്‍ന്ന് അവര്‍ രണ്ടുപേരും ചേര്‍ന്ന് അഗ്നിഹോത്രം ചെയ്ത് ഗുരുവായ വിശ്വാമിത്രനെ വന്ദിച്ചു.

ഭഗവദ് ഗീത ഉപദേശിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒരിക്കലും ഒരു കാരണവശാലും മുടക്കാതെ ചെയ്തു പോന്ന ആരാധനയായിരുന്നു അഗ്നിഹോത്രഹോമം. ദൂതിന് പോകുമ്പോള്‍ പോലും അഗ്നിഹോത്രം മുടക്കിയില്ലെന്ന് മഹാഭാരതം പറയുന്നു.

“അവതീര്യ രഥാത് തൂര്‍ണം കൃത്വാ ശൗചം യഥാവിധി
രഥമോചനമാദിശ്യ സന്ധ്യാമുപവിശേഷ ഹ.
(മഹാഭാരതം – ഉദ്യോഗപര്‍വ്വം 83-21)

കൃതോദകാനുജപ്യഃ സ ഹുതാഗ്നിഃ സമലങ്കൃതഃ (ഉദ്യോഗപര്‍വ്വം 83-6)

ദൂതകര്‍മ്മത്തിന്നായി ഹസ്തിനപുരിയിലേക്ക് പോകുന്നവഴി സന്ധ്യയായി സന്ധ്യാവന്ദനത്തിനായി തേരു നിറുത്തി അതു നിര്‍വ്വഹിച്ചു. ഹസ്തിനപുരിയിലെത്തി പ്രഭാതത്തില്‍ കൗരവസഭയിലേക്ക് പോകുന്നതിനു മുമ്പ് അഗ്നിഹോത്രം ചെയ്തു.
ഇങ്ങനെ ശ്രീരാമനും, ലക്ഷ്മണനും, ശ്രീകൃഷ്ണനും അനുഷ്ഠിച്ച ഒരേ ഒരു ഹോമമാണ് അഗ്നിഹോത്രം. അതിൽനിന്നുതന്നെ അതിൻറെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം...

No comments:

Post a Comment