25 September 2018

സുദര്‍ശന ഹോമം

സുദര്‍ശന ഹോമം

ഹൈന്ദവ ആചാരപ്രകാരം സ്ഥല, ദൃഷ്ടി, പ്രേതബാധ, ശത്രുമാരണങ്ങൾ എന്നിവ ഒഴിപ്പിച്ചു സ്ഥലത്ത് ഐശ്വര്യം നൽകുന്ന പൂജയാണു സുദർശന ഹോമം. വിഷ്ണുദേവ സങ്കൽ‌പത്തിൽ അധിഷ്ഠിതമാണിത്. സുദർശനമന്ത്രം ആയിരം, പതിനായിരം തവണകൾ വീതം ആവർത്തിക്കും. സുദർശനചക്രത്തിന്റെ കളം വരച്ച് അതിൽ ഹോമകുണ്ഡം തീർത്താണു പൂജ നടത്തുന്നത്. ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ച് എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാല്‍പ്പായസം എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. പൂജാവിധിപ്രകാരമുള്ള മറ്റു വസ്തുക്കളും സമർപ്പിക്കും. ഹോമത്തിനൊപ്പം ദോഷ ശാന്തിക്കായി മഹാസുദര്‍ശന യന്ത്രധാരണവും നടത്താറുണ്ട്. രണ്ടു മുതൽ മൂന്നു വരെ മണിക്കൂർ നീണ്ടുനിൽക്കുന്ന ഹോമത്തിനൊടുവിൽ കളത്തിനു പുറത്തായി കുമ്പളങ്ങ മുറിച്ച് ഗുരുതി തർപ്പണം ചെയ്യും. തുടർന്ന് ആവാഹിച്ച ശക്തികളെ വെള്ളത്തിൽ ഒഴുക്കിക്കളയുന്നതോടെ പൂജ അവസാനിക്കും.

സുദർശനം എന്നുപറയുന്നത് വിഷ്ണുവിന്റെ വലതുകൈയ്യിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധമാണ്. സുദർശനം എന്ന പേരിൽനിന്നുതന്നെ അതിന്റെ അർത്ഥം പ്രകടമാണ്. സു ദർശനം = നല്ല ദൃഷ്ടി. ഏതെങ്കിലും ദോഷദൃഷ്ടികൾ നമ്മളെ സ്വാധീനിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സുദർശനമൂർത്തിയുടെ ആയിരം പല്ലുകളുള്ള (ആരങ്ങളുള്ള) ചക്രംകൊണ്ട് അറുത്തുനീക്കി നമ്മളിലേക്ക് ഈശ്വരന്റെ ശുഭദർശനം ലഭ്യമാക്കുക എന്നതാണ് സുദര്‍ശ ചക്രത്തെ ധ്യാനിക്കുന്നതിന്റെ ലക്ഷ്യം.

സുദര്‍ശന ചക്രത്തെയും അതിലൂടെ മഹാവിഷ്ണുവിനെയും പ്രീതിപ്പെടുത്താനും ഉദ്ദിഷ്ട ഫലപ്രാപ്തിയ്ക്കും വേണ്ടി ചൊല്ലുന്ന മന്ത്രമാണ് സുദര്‍ശന മഹാമന്ത്രം.മഹാവിഷ്ണുവിന് പ്രധാന ദിവസം വ്യാഴാഴ്ചകളാണ്. അതുകൊണ്ടു തന്നെ എല്ലാ വ്യാഴാഴ്ചയും ചൊല്ലുന്നത് അങ്ങേയറ്റം ശ്രേഷ്ഠമാണ്. ജാതകവശാലോ പ്രശ്നവശാലോ ബുധനും വ്യാഴത്തിനും അനിഷ്ട സ്ഥിതിയാണെങ്കില്‍ സുദര്‍ശന ഹോമം നടത്തുകയാണ് പരിഹാരം. പുരുഷന്മാര്‍ മാത്രമാണ് ചൊല്ലേണ്ടത്. മൂലമന്ത്രമായതു കൊണ്ട് സ്ത്രീകള്‍ ചൊല്ലരുത് എന്ന് വ്യവസ്ഥയുണ്ട്. ചൊല്ലുന്ന സമയത്തു മനസ്സും ശരീരവും ശുദ്ധമായിരിക്കണം. പീഠത്തില്‍ ഇരുന്നു വേണം ചൊല്ലാന്‍. രാവിലെ കുളി കഴിഞ്ഞ് അലക്കിയ വസ്ത്രം ധരിച്ചു വേണം ചൊല്ലേണ്ടത്. ഹോമം കഴിയ്ക്കുന്നവര്‍ക്ക് വൈകുന്നേരം ചൊല്ലാം. വിഷ്ണുപ്രീതി കുറവായിരിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് സുദര്‍ശ മന്ത്രം.

ഇന്നത്തെ തിരക്കു പിടിച്ച ജീവിതസാഹചര്യത്തില്‍ സുദര്‍ശന മന്ത്രം എല്ലാ ദിവസവും ചൊല്ലിയില്ലെങ്കിലും വ്യാഴാഴ്ചകളില്‍ ചൊല്ലേണ്ടതാണ്.സമയമുണ്ടെങ്കില്‍ മൂലമന്ത്രം മാത്രം ഏറ്റവും കുറഞ്ഞത് 108 തവണ ചൊല്ലുന്നത് അത്യുത്തമമാണ്. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതിന്റെ നേര്‍പകുതി 54 തവണ ചൊല്ലിയാലും മതി. പക്ഷെ വ്യാഴാഴ്ചകളില്‍ മുഴുവന്‍ മന്ത്രവും ചൊല്ലണം.

കല്‍പ്പാന്തര്‍ക്കപ്രകാശം ത്രിഭുവനമഖിലംതേജസാ പൂരയന്തം
രക്താക്ഷം പിംഗകേശം രിപുകുലഭയദംഭീമദംഷ്ട്രാട്ടഹാസം
ചക്രം ശംഖം ഗദാബ്‌ജേ പുഥുതരമുസലംചാപപാശാങ്കുശാന്‍ സ്വൈര്‍-
ബിഭ്രാണം ദോര്‍ഭിരാദ്യം മനസി മുരരിപുംഭവനയേച്ചക്രസംജ്ഞം.

കല്‍പ്പാന്തസൂര്യനെപ്പോലെ അതിപ്രകാശമാനനും സ്വതേജസ്സുകൊണ്ടു മൂന്നു ലോകത്തേയും പ്രകാശിപ്പിയ്ക്കുന്നുവെന്നും ചുവന്ന നേത്രങ്ങളോടുകൂടിവനും, പിംഗളവര്‍ണ്ണമായ കേശഭാരമുളളവനും, ശത്രുക്കള്‍ക്കു ഭയങ്കരനും ഭയങ്കരമായ ദംഷ്ട്രങ്ങളോടും അട്ടഹാസത്തോടും കൂടിയവനും, ചക്രവും ശംഖും ഗദയും താമരപ്പൂവും വലിയ ഇരുമ്പുലയ്ക്കയും വില്ലും കയറും തോട്ടിയും കൈകളില്‍ ധരിച്ചവനും ആദിമൂര്‍ത്തിയും ചക്രസ്വരൂപിയുമായ മഹാവിഷ്ണുവിനെ മനസ്സില്‍ ധ്യാനിയ്ക്കുന്നു. അങ്ങനെയുള്ള സുദർശനമൂർത്തിയെയാണ് സുദർശന ഹോമത്തിൽ സ്മരിച്ച് മന്ത്രം ജപിച്ച് ഹോമത്തിലൂടെ സംപ്രീതനാക്കുന്നത്.

സുദര്‍ശന മന്ത്രം

ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്രയന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ
പരജ്യോതിഷേ ഹും ഫട്

1 comment: