വിഷ്ണു പുരാണം
പതിനെട്ടു മഹാപുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമാണ് വിഷ്ണുപുരാണം . ആകൃതികൊണ്ടു ചെറുതാണെങ്കിലും ശാസ്ത്രീയത കൊണ്ടും പ്രാചീനത കൊണ്ടും ഭക്തി , ജ്ഞാനം , ചരിത്രം എന്നിവയുടെ വിപുലത കൊണ്ടും പുരാണങ്ങളിൽ മുഖ്യമായി ശോഭിക്കുന്നു . ലോകനാഥനായ ഭഗവാൻ വിഷ്ണുവിന്റെ മാഹാത്മ്യമാണ് ഇതിൽ വർണ്ണിക്കപ്പെടുന്നത് . ഭഗവാൻ വിഷ്ണുവിൽ ഭക്തിഭാവം വളർത്തുവാനും , അദ്ദേഹത്തിന്റെ സത്യസ്വരൂപത്തെക്കുറിച്ചു മർത്യരെ ബോധ്യപ്പെടുത്താനുമാണ് ഈ പുരാണം ശ്രമിക്കുന്നത്. ഭാഗവതം പോലെ ഭക്തിസാന്ദ്രവും , സ്കന്ദപുരാണം പോലെ ശാസ്ത്രീയവുമാണ് വിഷ്ണുപുരാണം . ആചാര്യന്മാർ പുരാണത്തിനു വിധിച്ചിട്ടുള്ള പഞ്ചമഹാലക്ഷണങ്ങൾ തികഞ്ഞ പുരാണമാണിത് .
ആറ് ഭാഗങ്ങളാണ് ഈ പുരാണത്തിനുള്ളത്. ഓരോ ഭാഗത്തെയും ഓരോ അംശങ്ങൾ എന്നു പറയുന്നു . ഇത്തരത്തിൽ പ്രഥമ അംശം (ഒന്നാം അംശം) , ദ്വിതീയ അംശം (രണ്ടാം അംശം ), തൃതീയ അംശം (മൂന്നാം അംശം) , ചതുർത്ഥ അംശം (നാലാം അംശം), പഞ്ചമാംശം (അഞ്ചാം അംശം), ഷഷ്ഠ അംശം (ആറാം അംശം) ഇങ്ങനെ ആറ് അംശങ്ങളുണ്ട് .
ഒന്നാം അംശം
ഇതിൽ 22 അദ്ധ്യായങ്ങളുണ്ട് . മൈത്രേയ പരാശര സംവാദം മുതൽ വിഷ്ണുവിഭൂതി വരെ പറഞ്ഞിരിക്കുന്നു .
രണ്ടാം അംശം
ഇതിൽ 16 അദ്ധ്യായങ്ങൾ പ്രസക്തങ്ങളാണ് .
മൂന്നാം അംശം
ഇതിൽ അദ്ധ്യായങ്ങളുടെ എണ്ണം (18 )പതിനെട്ടാണ് . ബൗദ്ധന്മാരെ നഗ്നർ എന്ന് വിവക്ഷിച്ചിരിക്കുന്നതും , ആദിമ ബൗദ്ധനായ മായബോധം വിഷ്ണുവിൽ നിന്നും അവതരിക്കുന്നതും ഇതിൽ പറഞ്ഞിരിക്കുന്നു .
നാലാം അംശം
സൂര്യചന്ദ്ര വംശങ്ങളുടെ വിശദമായ കഥ പറയുന്ന ഈ ഭാഗം 24 അദ്ധ്യായങ്ങളുള്ളതാണ് .
അഞ്ചാം അംശം
ഇതിൽ ഭഗവാൻ കൃഷ്ണന്റെ ജീവിതകഥ പൂർണ്ണമായും ആഖ്യാനം ചെയ്തിരിക്കുന്നത് കാണാം . ശ്രീകൃഷ്ണന്റെ ജനനം മുതൽ അദ്ദേഹത്തിൻറെ വൈകുണ്ഠയാത്ര വരെയുള്ള ഭാഗങ്ങൾ വിവരിച്ചിരിക്കുന്ന ഈ ഭാഗം മഹാഭാരതത്തിന്റെ അനുബന്ധം കൂടിയാണ് .ഏറ്റവും വലിയ ഈ അംശത്തിൽ 38 അദ്ധ്യായങ്ങളുണ്ട് .
ആറാം അംശം
8 അദ്ധ്യായങ്ങളുള്ള ഈ അംശം കലികാല വർണ്ണനയും പ്രളയ വർണ്ണനയും ചേർന്നതാണ് .
നൈമിശാരണ്യത്തിൽ വച്ച് സൂതപൗരാണികൻമുനിമാർക്കു വിവരിച്ചു കൊടുക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം . ഈ വിഷ്ണുപുരാണം പരാശര മഹർഷി , മൈത്രേയമുനിക്ക് ചൊല്ലിക്കൊടുക്കുന്നതായിട്ടാണ് സൂതൻ വിവരിക്കുന്നത് .
പരീക്ഷിത്തിന്റെ കാലത്താണ് ഇതിന്റെ ആഖ്യാനം നടക്കുന്നത് . BC പത്താം നൂറ്റാണ്ടിനപ്പുറമാണ് പരീക്ഷിത്തിന്റെ കാലം . ഭാവികഥനം എന്ന രീതിയിൽ പലതും ഇതിൽ വർണ്ണിച്ചിരിക്കുന്നതും കാണാവുന്നതാണ് . നന്ദരാജാക്കന്മാരെക്കുറിച്ചും കൗടില്യനെക്കുറിച്ചും ഇതിൽ വർണ്ണിച്ചിട്ടുണ്ട് . എന്നാലും അവയെല്ലാം ഭാവികഥനങ്ങൾആണ് . ബൗദ്ധധർമ്മത്തെ വളരെയേറെ എതിർത്തു കൊണ്ടുള്ള ഇതിലെ വർണ്ണന ഇതിന്റെ പ്രാചീനതയ്ക്കു തെളിവാണ് . എന്നാലും ബൗദ്ധമായ പിൽക്കാല രീതികളെക്കുറിച്ചും യവനരാജ്യത്തെക്കുറിച്ചും സൂചനയുണ്ട് . തുടർന്നുള്ള ഗവേഷണത്തിൽ ബോധ്യപ്പെട്ടത് വിഷ്ണുപുരാണം BC മൂന്നാം നൂറ്റാണ്ടിലോ BC രണ്ടാം നൂറ്റാണ്ടിലോ ആണ് ഇത് രൂപം കൊണ്ടതെന്നാണ് .
നാരദീയ പുരാണത്തിൽ വിഷ്ണുപുരാണത്തിന്റെ ശ്ളോകസംഖ്യ 24000 എന്നാണ് കാണുന്നത് . എങ്കിലും ഇന്ന് ലഭ്യമായ മൂലത്തിൽ ഏതാണ്ട് 6500 ശ്ളോകങ്ങൾ മാത്രമേയുള്ളൂ . ആറ് അംശങ്ങളിലായി 126 അദ്ധ്യായങ്ങളുണ്ട് . ഈ പുരാണത്തിനു വലിയൊരു അനുബന്ധമുണ്ടായിരുന്നെന്നും , അത് നഷ്ടപ്പെട്ടു പോയെന്നും ഒരു അഭിപ്രായമുണ്ട് .
No comments:
Post a Comment