24 September 2018

പറയിപെറ്റ പന്തിരുകുലം

പറയിപെറ്റ പന്തിരുകുലം

വരരുചി 
➖➖➖➖➖➖➖➖➖
ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യ പഞ്ചമിയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിത ശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി. നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുമ്പ് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ടിരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്ന് വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമാർ പറഞ്ഞത്‌. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ...
"രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം"
എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യാനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട (വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.

അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾ കഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി. ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി പഞ്ചമി ആവശ്യപ്പെട്ടു.

വളരെ ബുദ്ധിമതിയായ പഞ്ചമിയ്ക്കു വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും പഞ്ചമി അച്ഛനു വിവരിച്ചുകൊടുത്തു.

പഞ്ചമിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും പഞ്ചമിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു. നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, പഞ്ചമി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കുപ്രായശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂപോകാൻ തീരുമാനിച്ചു.

ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായഉണ്ടോ എന്നു ചോദിക്കുകയും പഞ്ചമി ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു "വായില്ലാക്കുന്നിലപ്പൻ" എന്ന് അറിയപ്പെടുകയും ചെയ്തു.

ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യ പഞ്ചമിയ്ക്കും ജനിച്ച സന്തതിപരമ്പരയാണു പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌. 

മക്കൾ
➖➖➖➖➖➖➖➖➖
1- മേഴത്തോൾ അഗ്നിഹോത്രി
2- പാക്കനാർ
3- രജകൻ
4- കാരയ്ക്കലമ്മ
5-അകവൂർ ചാത്തൻ
6- വടുതല നായർ
7- വള്ളോൻ / തിരുവള്ളുവർ
8- ഉപ്പുകൂറ്റൻ
9- പാണനാർ
10- ഉളിയന്നൂർ പെരുന്തച്ചൻ
11- വായില്ലാക്കുന്നിലപ്പൻ
12- നാറാണത്ത് ഭ്രാന്തൻ

1- മേഴത്തോൾ അഗ്നിഹോത്രി
➖➖➖➖➖➖➖➖➖
പറയി പെറ്റ പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ്‌ മേഴത്തോൾ അഗ്നിഹോത്രി. ബ്രഹ്മദത്തൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം. "യജ്ഞസ്ഥാനം സംരക്ഷ്യം" എന്ന കലിദിനമനുസരിച്ച് കലി വർഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ്‌ അഗ്നിഹോത്രി ജനിച്ചത്‌ എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ നിളാതീരത്തു നിന്നും, വേമഞ്ചേരി മനയിലെ അന്തർജ്ജനം കണ്ടെടുത്ത്‌ വളർത്തി. വളരെ കുഞ്ഞുനാളിലേ കുട്ടിയിൽ ഒരു ദിവ്യ ചേതസ്സ്‌ കാണപ്പെട്ടു. ഒരു ദിവസം അന്തർജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക്‌ പോയപ്പോൾ കൂടെ ചെന്ന കുട്ടി, അവരുടെ താളിക്കിണ്ണത്തിൽ, പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവിൽ വെച്ച്‌ പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തിൽ (താളിക്കിണ്ണത്തിൽ) പ്രതിഷ്ഠിച്ചതു കൊണ്ട്‌ അത്‌ തിരുത്താല അപ്പനും പിന്നീട്‌ തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നിൽക്കുന്നതിനു ചുറ്റും ഉള്ള നാട്‌ തൃത്താല എന്ന പേരിൽ അറിയപ്പെടുകയുണ്ടായി.

ബുദ്ധ, ജൈന സംസ്കാരങ്ങളുടെ വ്യാപനം മൂലം, യജ്ഞ സംസ്കാരം ഇല്ലാതായി മാറിയ കാലമായിരുന്നു അത്‌. അഗ്നിഹോത്രി, യജ്ഞ സംസ്കാരത്തെ പുനരുത്ഥരിയ്ക്കാനായി 100 സോമയാഗങ്ങൾനടത്തി. നൂറു സോമയാഗങ്ങൾ നടത്തുന്ന പുരുഷൻ ഇന്ദ്രപദത്തിന്‌ പ്രാപ്തനാണ്‌ എന്നാണ്‌ വിശ്വാസം. തൊണ്ണൂറ്റി ഒൻപതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രൻ‍ നേരിട്ട്‌ യാഗശാലയിൽ എത്തുകയും നൂറാമത്തെ യാഗം നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട്‌ അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ, താൻ യാഗം നടത്തുന്നത്‌ ഇന്ദ്രപദവിയ്ക്കു വേണ്ടിയല്ല എന്നും, യജ്ഞസംസ്കാരത്തിന്റെ പുനരുത്ഥാരണം മാത്രമാണ്‌ തന്റെ ലക്ഷ്യം എന്നും അതു കൊണ്ട്‌ യാഗം നടത്താതിരിക്കാൻ പറ്റില്ല എന്നും അഗ്നിഹോത്രി ഇന്ദ്രനോട്‌ പറഞ്ഞു.

32 മനകളിൽ 7 മനകൾ മാത്രമായിരുന്നു അഗ്നിഹോത്രിയൊട്‌ യാഗങ്ങളിൽ സഹകരിച്ചിരുന്നത്‌. ദേവേന്ദ്രൻ, ആ ഏഴ്‌ ഋത്വിക്കുകൾക്കും അഗ്നിഹോത്രിയോടൊപ്പം, തനിയ്ക്ക്‌ തുല്യമായ പദവി നൽകുകയും നൂറാമത്തെ യാഗത്തിന്‌ ആശംസകൾ നേരുകയും ചെയ്തു എന്നും ഐതിഹ്യം.

അഗ്നിഹോത്രി യാഗങ്ങൾ നടത്തിയ സ്ഥലം പിന്നീട്‌ യജ്ഞേശ്വരം എന്നറിയപ്പെട്ടു. യാഗത്തിന്‌ അഗ്നി ജ്വലിപ്പിയ്ക്കാനായി യജ്ഞശാലയ്ക്ക്‌ തെക്കായുള്ള അരയാലിന്റെ വടക്കോട്ടുള്ള കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഇപ്പോഴും സോമയാഗങ്ങൾക്ക്‌ അരണിയായി ഈ മരത്തിന്റെ കൊമ്പാണ്‌ കൊണ്ടു പോകുന്നത്‌. യാഗം നടക്കുന്ന സമയത്ത്‌ ഋത്വിക്കുകൾക്കും, യജമാനനും, പത്തനാടിയ്ക്കും (യജമാന പത്നി) എന്തെങ്കിലും അസ്വാസ്ഥ്യങ്ങൽ ഉണ്ടായാൽ അവരെ ചികിൽസിക്കനായി വൈദ്യമഠം എന്ന മനയിലെ വൈദ്യന്മാരെയാണ്‌ നിയോഗിച്ചിരുന്നത്‌. ഇവരെ ശാലാവൈദ്യർ എന്ന പേരു കൊടുത്ത്‌ ആദരിയ്ക്കുകയും പിന്നീട്‌ ഈ കുടുംബത്തിൽ പിറന്ന പുരുഷന്മാരെല്ലാം അഷ്ടവൈദ്യന്മാരായി തീരുകയും ചെയ്തു.

അഗ്നിഹോത്രി, മന്ദനമിശ്ര എന്ന പേരിൽ ഭാവനാവിവേകം, സ്ഫോടസിദ്ധി, ബ്രഹ്‌മസിദ്ധി എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.

അഗ്നിഹോത്രി തന്റെ നൂറാമത്തെ യാഗം അവസാനിപ്പിച്ചത്‌ കലിവർഷം 3479 ആമാണ്ട്‌ (AD378), കുംഭമാസം 28 ചൊവ്വാഴ്ച്ച ആയിരുന്നുവെന്നും, അന്ന് അദ്ദേഹത്തിന്‌ 34 വർഷം, പതിനൊന്ന് മാസം 26 ദിവസം പ്രായമായിരുന്നുവെന്നും ചരിത്രം.

പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന്‌, വായില്ലാക്കുന്നിലപ്പൻ ഒഴികെ ഉള്ള പതിനൊന്ന് പേരും അഗ്നിഹോത്രിയുടെ ഇല്ലത്തിൽ ഒത്തു ചേരാറുണ്ടായിരുന്നതായി പറയപ്പെടുന്നു.

2- പാക്കനാർ
➖➖➖➖➖➖➖➖➖
പറയിപെറ്റ പന്തിരു കുലത്തിലെ രണ്ടാമനാണ്‌ പാക്കനാർ. പാക്കനാരെ പറയ സമുദായത്തിൽപെട്ട മാതാപിതാക്കളാണ്‌ എടുത്തുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.

തൃത്താലയിലെ മേഴത്തോൾ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാർ കോളനി അഥവാ ഈരാറ്റിങ്കൽ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയിൽ പെട്ടവർ 18 വീടുകളിലായി ഈ കോളനിയിൽ താമസിക്കുന്നു.

ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവൻ ആയ ആഴ്വാഞ്ചേരി തമ്പ്രാക്കളെ തമ്പ്രാക്കൾ ആയി വാഴിച്ചത് പാക്കനാർ ആണെന്നു കരുതപ്പെടുന്നു.

പാക്കനാരെ കുറിച്ച് കുണ്ടൂർ നാരായണമേനോന്റെ പ്രശസ്തമായ പാക്കനാർ എന്ന പേരിൽ ഒരു കവിതയുണ്ട്.

3- രജകൻ
➖➖➖➖➖➖➖➖➖
പറയിപെറ്റ പന്തിരു കുലത്തിലെ മൂന്നാമനാണ്‌ രജകൻ. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ നിളാതീരത്ത്‌ താമസിച്ചിരുന്ന ഒരു അലക്കുകാരനാണ്‌ എടുത്തുവളർത്തിയതെന്ന് കരുതപ്പെടുന്നു. അഞ്ച് പെണ്മക്കൾ മാത്രമുണ്ടായിരുന്ന ആ അലക്കുകാരൻ തനിക്കു ലഭിച്ച ആൺകുട്ടിയെ സന്തോഷത്തോടെ സ്വീകരിച്ച്‌ രജകൻ എന്ന് നാമകരണവും ചെയ്ത്‌ വളർത്തി എന്നാണ്‌ ഐതിഹ്യം.

വൈദിക വിദ്യാലയം എന്ന വേദപാഠശാല രജകൻ സ്ഥാപിച്ചു. കടവല്ലൂരിലെ ഈ സ്ഥാപനമാണ് പിന്നീട് വേദപഠനത്തിന്റെ മാറ്റു നോക്കുന്ന പ്രധാന കേന്ദ്രമായ കടവല്ലൂർ അന്യോന്യത്തിന്റെ കേന്ദ്രമായി മാറിയത്.

രജകനും അദ്ദേഹത്തിന്റെ ഗുരുവായ കുമാരിലഭട്ടനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം പൂർവ്വമീമാംസ രണ്ട് ശാഖകളായി പിരിഞ്ഞ് രജകന്റെ പ്രഭാകര ചിന്താധാരയും കുമാരിലഭട്ടന്റെ ഭട്ട ചിന്താധാരയും ആയി മാറി. ഭട്ട-ചിന്താധാരയായിരുന്നു കേരളത്തിൽ കൂടുതൽ പ്രചാരത്തിലായത്. കാലക്രമേണ രജകന്റെ വിദ്യാലയം നാമാവശേഷമാവുകവും തൃശ്ശൂർ, തിരുനാവായ വിദ്യാപീഠങ്ങൾ കടവല്ലൂർ അന്യോന്യം ഏറ്റെടുക്കുകയും ചെയ്തു.

4- കാരയ്ക്കലമ്മ
➖➖➖➖➖➖➖➖➖
പറയിപെറ്റ പന്തിരു കുലത്തിലെ ഏകസ്ത്രീ ജന്മമാണ്‌ കാരയ്ക്കലമ്മ. കവളപ്പാറ സ്വരൂപമെന്ന രാജവംശജരാണ് പറയി പെറ്റ പന്തിരു കുലത്തിലെ ഏക സ്ത്രീ ജന്മമായ കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. മേഴത്തോൾ മനയുമായി ഈ രാജവംശം പുല ആചരിയ്ക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ്.

പരമശിവൻ ഇവരെ അമ്മ എന്ന് വിളിച്ചതിനാലാണ് കാരക്കലമ്മ എന്ന പേർ വന്നതെന്നാണ് ഐതിഹ്യം. മഹാശിവഭക്തയായിരുന്ന ഇവർ ചോള ദേശത്താണ് വസിച്ചിരുന്നത്.

ഭർത്താവായ 'പരമദത്തനൊപ്പം' ഇവർ കാരക്കലിലായിരുന്നു താമസം. ഒരിക്കൽ ഒരു യാത്ര കഴിഞ്ഞെത്തിയ പരമദത്തൻ കാരക്കലമ്മക്ക് രണ്ട് മാമ്പഴം നൽകി. അവരത് വീട്ടിൽ സൂക്ഷിച്ച് വെക്കകയും ചെയ്തു. പിന്നീട് വീട്ടിൽ വന്ന ഒരു ഭിക്ഷക്കാരന് അമ്മ അതിൽ നിന്ന് ഒരു മാമ്പഴം നൽകി. എന്നാൽ പരമദത്തൻ പിന്നീട് ആ മാമ്പഴത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർ ബാക്കിയുള്ള ഒന്ന് അദ്ദേഹത്തിനും നൽകി. മാമ്പഴത്തിന്റെ സ്വാദ് നന്നായി പിടിച്ച പരമദത്തൻ രണ്ടാമത്തെ മാമ്പഴത്തെ കുറിച്ച് ചോദിച്ചു. ശിവഭക്തയായിരുന്ന അമ്മ അപ്പോൾ തന്നെ ശിവനെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി ഒരു മാങ്ങ കൂടെ ചോദിച്ച് വാങ്ങി ഭർത്താവിന് നൽകി. ഇത് കണ്ട പരമദത്തൻ തന്റെ ഭാര്യ ദിവ്യയാണെന്നും അവരുമായി ബന്ധം തുടരുന്നത് പാപമാണെന്നും കരുതി കാരക്കലിൽ നിന്നും നാട് വിട്ട് പോയി. അദ്ദേഹം എത്തിച്ചേർന്നത് പാണ്ഡ്യദേശത്താണ്. അവിടെ അദ്ദേഹം വേറെ വിവാഹം കഴിക്കുകയും പുത്രകളത്ര സമേതം ജീവിക്കുകയും ചെയ്തു. ഇതറിഞ്ഞ കാരക്കലമ്മ സന്യാസം സ്വീകരിച്ച് കൈലാസം പൂകിയെന്നും അവിടെന്ന് ശിവന്റെ നിർദ്ദേശത്താൽ തിരുവാലങ്കാട് എന്ന പ്രദേശത്തേക്ക് വരികയും അവിടെത്തെ ശിവക്ഷേത്രത്തിൽ ശിഷ്ടകാലം കഴിച്ചു എന്ന ഒരു ഐതിഹ്യം ഇന്നുമുണ്ട്.

അവിടെന്ന് ഇവർ ധാരാളം ശിവസ്തോത്രങ്ങൾ രചിച്ചതായി പറയപ്പെടുന്നു. "ഇരട്ടൈ തിരുമാലൈ" "തിരുവാലങ്കാട് മൂത്തതിരുപ്പതികം " "അർപ്പുവതത്തിരുന്താതി" എന്നിവ ഇവരുടെ കൃതികളാണെന്ന് കരുതുന്നു. ശിവനടിയാർ എന്ന സ്ഥാനം നൽകപ്പെട്ടിട്ടുളള 63 ഭക്തരിൽ ഒരാളാണ് കാരക്കലമ്മ.

5-അകവൂർ ചാത്തൻ
➖➖➖➖➖➖➖➖➖
പറയി പെറ്റ പന്തിരുകുലത്തെപ്പറ്റിയുള്ള ഐതിഹ്യപ്രകാരം വരരുചി എന്ന ബ്രാഹ്മണന് പറയിയിൽ ജനിച്ച പന്ത്രണ്ടു സന്താനങ്ങളിൽ ഒരാളാണ് അകവൂർ ചാത്തൻ. ഐതിഹ്യപ്രകാരം ചാത്തൻ ചൊവ്വരയ്ക്കടുത്തുള്ള അകവൂർ മനയ്ക്കലെ ഭൃത്യനായി കാലയാപനം ചെയ്തിരുന്നു. അന്നത്തെ അച്ഛൻ നമ്പൂതിരിപ്പാട്, അഗമ്യയായ ഒരു സ്ത്രീയെ പ്രാപിച്ചതിന്റെ പാപം പരിഹരിക്കാൻ തീർഥസ്നാനത്തിനു പുറപ്പെട്ടു. നമ്പൂതിരി ആടിയ തീർഥങ്ങളിലൊന്നിലും ചാത്തൻ കുളിക്കാൻ കൂട്ടാക്കാതെ താൻ കയ്യിലെടുത്തിരുന്ന ഒരു കയ്പൻ ചുരയ്ക്ക വെള്ളത്തിൽ മുക്കിയെടുക്കുകമാത്രം ചെയ്തു. പാപം പരിഹൃതമായെന്ന വിശ്വാസത്തോടെ മടങ്ങിയെത്തിയ നമ്പൂതിരി ഒരു ദിവസം ചാത്തന്റെ ചുരയ്ക്ക നുറുക്കിയിട്ടുണ്ടാക്കിയ കറി കൂട്ടിയിട്ട് കയ്ക്കുന്നെന്നു പരാതിപ്പെട്ടു. കറിക്കു ചേർത്തത് തീർഥങ്ങളിൽ മുക്കിയെടുത്ത ചുരയ്ക്കയുടെ കഷണങ്ങളാണെന്നും അത് കയ്ക്കുന്നെങ്കിൽ 'തിരുമനസ്സി'ലെ പാപങ്ങൾ തീർഥസ്നാനം കൊണ്ടു തീർന്നിട്ടില്ലെന്നും ചാത്തൻ സമാധാനം പറഞ്ഞു. നമ്പൂതിരിപ്പാട് ലജ്ജിതനായി. പാപമോചനത്തിന് പശ്ചാത്താപവും മനശ്ശുദ്ധിയുമാണ് വേണ്ടതെന്നും അവ കൂടാതെയുള്ള തീർഥസ്നാനാദികൾ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം ചാത്തനിൽനിന്നു പഠിച്ചു.

പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ. നമ്പൂതിരി ദിവസവും ഏഴര നാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു  പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസ്സില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി. ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസ്സിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.

6- വടുതല നായർ
➖➖➖➖➖➖➖➖➖
പറയിപെറ്റ പന്തിരു കുലത്തിലെ ഒരംഗമാണ്‌ വടുതല നായർ. വടുതല നായർ` ആയോധനകലകളിൽ പ്രാവീണ്യമുള്ളയാളായിരുന്നുവെന്നും ഇപ്പോഴത്തെ തൃത്താലയിലുള്ള, കുണ്ടൂലി നായർ കുടുംബത്തിൽ പെട്ടവരാണ്‌ അദ്ദേഹത്തെ എടുത്തുവളർത്തിയതെന്നുമാണ്‌ പരക്കേയുള്ള വിശ്വാസം. പറയി പെറ്റ പന്തിരുകുലം കൊട്ടാരത്തില് ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിൽ വിശദമായി പ്രതിപാദിച്ചിരിയ്ക്കുന്നു. എറണാകുളത്തെ വടുതല എന്ന സ്ഥലം ഈ കഥാപാത്രത്തിന്റേതാണെന്ന് ഒരു വിശ്വാസം നിലനിൽക്കുന്നു.

7- വള്ളോൻ / തിരുവള്ളുവർ
➖➖➖➖➖➖➖➖➖
പറയിപെറ്റ പന്തിരു കുലത്തിലെ നാ‍ലാമത്തെ അംഗമായിരുന്നു 'വള്ളോൻ‍'. വള്ളോനെ വളർത്തിയത് വള്ളക്കാരനായ കാട്ടുമാടനായിരുന്നു എന്നു പറയപ്പെടുന്നു. പക്ഷേ വള്ളുവന് അസാധാ‍രണ പാണ്ഡിത്യം ഉണ്ടായിരുന്നു.

തമിഴ് ഭാഷയിലെ സാഹിത്യ ശ്രേഷ്ഠനും ദ്രാവിഡ വേദത്തിന്റെ (തിരുക്കുറലിന്റെ) കർത്താവുമായ തിരുവള്ളുവർ പന്തിരുകുലത്തിലെ വള്ളോൻ ആണെന്നു വിശ്വസിക്കപ്പെടുന്നു. പരമ്പര്യമായി വള്ളുവർ എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്ന അദ്ധ്യാപകരും ജ്യോതിശാസ്ത്ര വിശാരദരും മന്ത്രവാദികളും വൈദ്യരുമാണ്.

തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന തിരു എന്ന പദത്തിൽ നിന്നും വള്ളുവൻ എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ വള്ളുവർ എന്നീ പദവും കൂടിച്ചേർന്നാണ്‌. കേരളത്തിൽ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ഒരു വാദമുണ്ട്. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ തിരുക്കുറൾ.

8- ഉപ്പുകൂറ്റൻ
➖➖➖➖➖➖➖➖➖
പറയിപെറ്റ പന്തിരു കുലത്തിലെ ഒരംഗമാണ്‌ ഉപ്പുകൂറ്റൻ. വരരുചിയുടെ തീർത്ഥയാത്രക്കിടയിൽ പൊന്നാനിയിൽ വച്ചാണ്‌ ഉപ്പുകൂറ്റൻ ജനിച്ചതെന്നു കരുതപ്പെടുന്നു. അദ്ദേഹത്തെ എടുത്തുവളർത്തിയത്‌ മുസ്ലിം സമുദായത്തിൽ പെട്ട മാതാപിതാക്കളാണെന്നാണ്‌ കരുതപ്പെടുന്നത്‌.

അദ്ദേഹത്തിന്റെ ഭ്രാന്തമായ കച്ചവട രീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പാലക്കാട്ടുനിന്നും പൊന്നാനിയിലേയ്ക്ക്, പൊന്നാനിയിൽ വളരെയേറെ സുലഭമായ ഉപ്പ് കൊണ്ടുവരികയും പകരം പൊന്നാനിയിൽ നിന്നു പാലക്കാട്ടേയ്ക്ക് അവിടെ സുലഭമായിരുന്ന പരുത്തി കൊണ്ടുപോകുകയും ചെയ്ത് ഉപ്പുകൂറ്റൻ വ്യാപാരം ചെയ്തിരുന്നു എന്ന് പറയെപ്പെടുന്നു. മറ്റു പന്തിരുകുല അംഗങ്ങളുടെ ചെയ്തികളെപ്പോലെ വളരെയേറെ താത്വികമായ അർത്ഥങ്ങൾ ഈ വ്യാപാരത്തിൽ കാണാനാകും.

9- പാണനാർ
➖➖➖➖➖➖➖➖➖
പറയിപെറ്റ പന്തിരു കുലത്തിലെ എട്ടാമത്തെ ആൾ ആ‍ണ് പാണനാർ. പാണനാരെ ഒരു ദരിദ്രനായ പാണനാണ് എടുത്തുവളർത്തിയത്. പാണനാർക്ക് ശിവ-പാർവതിമാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്നാണ് പറപ്പെടുന്നത്.

തുകിലുണർത്തൽ പാടുന്നത് പാണന്മാരാണ്. തമിഴ് വ്യാകരണ ഗ്രന്ഥമായ തൊൽക്കാപ്പിയം, ശങ്കര കാലഘട്ടത്തിലെ കൃതികളായ അകത്തുനൂറ്, പുറത്തുനൂറ് എന്നിവയിൽ പാണനാരെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കേരളത്തിലെ വടക്കൻ പാട്ടുകളിലും പാണനാരെ കുറിച്ച് പരാമർശിക്കുന്നു.

10- ഉളിയന്നൂർ പെരുന്തച്ചൻ
➖➖➖➖➖➖➖➖➖
കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ ഒരു അംഗമാണ്‌ പെരുന്തച്ചൻ‍. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും ഇദ്ദേഹമാണു തച്ചു ശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം. പെരുംതച്ചന്റെ ചെറുപ്പത്തിൽ രാമൻ എന്നാണു വിളിച്ചിരുന്നത്‌. വിശ്വകർമ്മ ആണ് കുലദൈവം. ഭാരതത്തിലെ എഞ്ചിനിയർ ആണ് പെരുംതച്ചൻ. കേരളത്തിലെയും തമിഴുനാട്ടിലെയും പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം. കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉദാഹരണമാണ്.

11- വായില്ലാക്കുന്നിലപ്പൻ
➖➖➖➖➖➖➖➖➖
പറയിപെറ്റ പന്തിരു കുലത്തിലെ അവസാനത്തെ അംഗമാണ്‌ വായില്ലാക്കുന്നിലപ്പൻ. വായില്ലാത്തവനായിത്തീർന്ന ഈ പുത്രനെ വരരുചി ഒരു മലമുകളിൽ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം.

വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെടുന്ന ഈ അംഗത്തെ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിലെ വായില്യാംകുന്നു് ക്ഷേത്രത്തിലാണു് വായില്ലാക്കുന്നിലപ്പനെ (വായില്യാംകുന്നപ്പനെ) പ്രതിഷ്ഠിച്ചിരിക്കുന്നതു്.

12- നാറാണത്ത് ഭ്രാന്തൻ
➖➖➖➖➖➖➖➖➖
കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ്‌ നാറാണത്ത്‌ ഭ്രാന്തൻ. കേവലം ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്‌. ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂർ മന) ആണ് അദ്ദേഹം വളർന്നത് എന്നു കരുതപ്പെടുന്നു. പിന്നീട് പഠനത്തിനായി രായിരനല്ലൂരുള്ള അഴവേഗപ്പുറ ഇല്ലത്തു വന്നു. മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ ‘സിസിഫസ്‘ എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ. ഈ ഇഷ്ടവിനോദത്തിനിടയ്ക്ക് ഒരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷയാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീർത്ഥം. ബ്രാഹ്മണനായി പിറന്നിട്ടും ആചാരങ്ങൾ തെറ്റിച്ചതിനാലാകണം ഇളയതായത്.

എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തൻ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കിൽ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തൻ എത്തിച്ചേർന്നതു ഒരു ചുടുകാട്ടിലായിരുന്നു. അവിടെ അന്നു ഒരു ശവം ദഹിപ്പിക്കൽ ഉണ്ടായിരുന്നതിനാൽ ധാരാളം തീക്കനൽ കിട്ടാനുണ്ടായിരുന്നു. ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാൽ അടുപ്പുകല്ലിൽ കയറ്റിവച്ചു ഭ്രാന്തൻ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും (ഭദ്രകാളി) പരിവാരങ്ങളും അവിടെ എത്തിച്ചേർന്നതു. അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവർ ഭീകരശബ്ദങ്ങൾ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു

ചുടലപ്പറമ്പിൽ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാൻ പറഞ്ഞപ്പോളാദ്യം താൻ മരിക്കാൻ ഇനി എത്ര ദിവസം ഉണ്ടെന്നു ചോദിച്ചു. കാളി ഉത്തരം പറഞ്ഞ്പ്പോൾ ഏനിക്ക് ഒരു ദിവസം കൂടുതൽ ആയുസ്സു വേണമെന്നു പറഞ്ഞു. അതു നടക്കില്ലെന്നായി കാളി. ശരി ഒരു ദിവസം കുറവു മതി ആയുസ്സെന്നായി ഭ്രാന്തൻ. അതും സാധ്യമല്ല. എങ്കിൽ ഒന്നു പോയിത്തരണമെന്നു ഭ്രാന്തൻ. ആ ദിവ്യന്റെ മുമ്പിൽ എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന അപേക്ഷയായി. ശരി തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടിൽനാറാണത്തുഭ്രാന്തൻ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെയും വരം ശാപം എന്നിവയുടെയും നിരർത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തൻ എന്നുപറയാം.

1 comment:

  1. നാറാണത്ത് ഭ്രാന്തൻ്റെ യഥാർത്ഥ പെരു എന്താണു?
    ഭ്രാന്തൻ എന്ന് ആരും പെരു വിലിക്കില്ലല്ലോ?

    ReplyDelete