അഗ്നിനൃത്തം
അഗ്നിയെ മുന്‍നിര്‍ത്തിയുള്ള അനുഷ്ഠാനനൃത്തം.
ആദിമ ജനവര്‍ഗങ്ങളുടെയിടയിലെല്ലാംതന്നെ അഗ്നി നൃത്തം ഒരാചാരമാണ്. ഇന്ത്യയിലും ആഫ്രിക്കയിലും ബള്‍ഗേറിയ, ജപ്പാന്‍, താഹിതി, ഫീജിദ്വീപുകള്‍ എന്നിവിടങ്ങളിലും അഗ്നിനൃത്തം ഇന്നും നിലനിന്നുവരുന്നു.
ആഫ്രിക്കന്‍ കറുത്തവര്‍ഗക്കാരുടെ ഇടയിലുള്ള 'വൂഡു' (Voodoo) എന്ന പിശാചാരാധനയില്‍ അഗ്നിനൃത്തം പ്രാധാന്യമേറിയ ഒരു ചടങ്ങാണ്. പിശാചിന്റെ നൃത്തം (Dance of the Old Master) എന്നും ഇതിനെ പറയാറുണ്ട്.
ശിശിരമധ്യത്തിലും മധ്യവേനല്‍ക്കാലത്തും ആണ് അഗ്നിനൃത്തം നടത്തുക. വെളിമ്പ്രദേശത്ത് ആഴികൂട്ടി അതിനുചുറ്റും നൃത്തം ചെയ്യുന്നു.
ഓരോ നര്‍ത്തകനും ജ്വലിക്കുന്ന തീക്കൊള്ളികള്‍ കൈയിലേന്തി ഒറ്റക്കാലില്‍ നൃത്തംവയ്ക്കുകയും ചക്രംതിരിയുകയും അലറിവിളിക്കുകയും ചെയ്യുന്നു. പുതുതായി സ്ഥാനാരോഹണം ചെയ്യുന്ന ഗോത്രത്തലവനാണ് നൃത്തത്തിന് നേതൃത്വം നല്കുക.
*രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിലും അഗ്നിനൃത്തത്തിനു പ്രചാരമുണ്ട്*.
യോഗാഭ്യാസവിദഗ്ധരായ സിദ്ധജാതവര്‍ഗക്കാര്‍ അവരുടെ കുലഗുരുവായ ഗോരഖ് നാഥിന്റെ സ്മാരകോത്സവത്തോടനുബന്ധിച്ച് മാ.-ഏ. മാസങ്ങളിലാണ് ഈ നൃത്തം നടത്തുന്നത്.
വലിയ അഗ്നികുണ്ഡം ജ്വലിപ്പിച്ച് ഭേരിമുഴക്കി വായ്പ്പാട്ടിന്റെ താളത്തിനൊപ്പിച്ച് നര്‍ത്തകര്‍ നൃത്തംവയ്ക്കുന്നു. താളത്തിന്റെ മുറുക്കം അനുസരിച്ച് നൃത്തം ദ്രുതതരമാകുന്നതോടെ നര്‍ത്തകര്‍ ആഴിയില്‍ ചാടുകയും കനല്‍ വാരി എറിയുകയും ചെയ്യുന്നു.
*കേരളത്തില്‍ വൃശ്ചികം, ധനു മാസങ്ങളില്‍ അയ്യപ്പഭക്തന്‍മാര്‍ ആഴിക്കുചുറ്റും ശരണംവിളിച്ചുകൊണ്ട് താളത്തിന് ചുവടുവച്ച് കൈകൊട്ടി നൃത്തംവയ്ക്കുകയും ആഴിയില്‍ ചാടി കനല്‍ വാരി എറിയുകയും ചെയ്യുന്നു*.
ആദിവാസികള്‍ സന്തോഷസൂചകമായി അഗ്നിക്കു ചുറ്റും നൃത്തം വയ്ക്കാറുണ്ട്. വേട്ടയാടിപ്പിടിച്ച മൃഗങ്ങളുമായി തിരിച്ചെത്തുന്ന വനവാസികള്‍ വലിയ ആഴികൂട്ടി അതില്‍ ആ മൃഗങ്ങളെ ചുട്ടെടുക്കുന്നതിനിടയില്‍ ആഴിക്കുചുറ്റും നൃത്തംവയ്ക്കുന്ന പതിവുണ്ട്. അപരിഷ്കൃതവര്‍ഗങ്ങളുടെ ഇടയില്‍ ഇന്നും അഗ്നിനൃത്തം സര്‍വസാധാരണമാണ്.
അനുഷ്ഠാനപരമായ അഗ്നിനൃത്തമാണ് കനലാട്ടം. തീയാട്ട്, തെയ്യം, തിറ. തീയാട്ടില്‍ കോമരം ഇളകി കനലാട്ടം നടത്തുന്നു. ഒറ്റക്കോലം (വിഷ്ണുമൂര്‍ത്തി), പൊട്ടന്‍തെയ്യം എന്നീ തെയ്യങ്ങള്‍ തീക്കൂമ്പാരത്തില്‍ പലതവണവീഴും. തുടയിലും മുടിയിലും ഉഗ്രമായ പന്തങ്ങള്‍ പിടിപ്പിച്ച് നൃത്തമാടുന്ന തെയ്യങ്ങളും തിറകളുമുണ്ട്. പാണന്‍മാരുടെ തീയെറിമാല, മലയന്‍മാരുടെ അഗ്‌നികണ്ഠാകര്‍ണന്‍ എന്നീ തെയ്യം-തിറകള്‍ അരയില്‍ എട്ടു കെട്ടു പന്തങ്ങള്‍ പിടിപ്പിച്ചാണ് ആടുന്നത്.
No comments:
Post a Comment