14 September 2018

നാഡീജ്യോതിഷം

നാഡീജ്യോതിഷം

ഇന്ത്യന്‍ ജ്യോതിഷത്തിന്റെ ഒരു ശാഖ. നാഡീജ്യോതിഷം മുഖ്യമായും കാണപ്പെട്ടുവരുന്നത് തമിഴ്നാട്ടിലാണ്. എല്ലാ മനുഷ്യരുടെയും ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പണ്ടുള്ള സന്ന്യാസിവര്യന്മാര്‍ താളിയോലകളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നാണ് വിശ്വാസം.

നാഡീജ്യോതിഷം എഴുതപ്പെട്ടിട്ടുള്ളത് വട്ടെളുത്ത് എന്നറിയപ്പെടുന്ന പുരാതന തമിഴ് ഭാഷയിലാണ്. അഗസ്ത്യമുനിയാണ് ഇത് എഴുതിയത് എന്നാണ് പൊതുവേയുള്ള വിശ്വാസം.

തമിഴ്നാട്ടിലെ വൈത്തീശ്വരന്‍അമ്പലത്തിനു ചുറ്റുമായി ഇപ്പോഴും നാഡീജ്യോതിഷികളുണ്ട്.

തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സരസ്വതിമഹല്‍ ലൈബ്രറിയിലായിരുന്നു ആദ്യം ഇത്തരം താളിയോലകള്‍ സംരക്ഷിച്ചുപോന്നിരുന്നത്. അന്നത്തെ ബ്രിട്ടീഷ് അധികാരികള്‍ ഈ താളിയോലകളില്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ അന്നത്തെ നാഡീജ്യോതിഷികള്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ വിസമ്മതിച്ചു. അങ്ങനെ കുറച്ച് താളിയോലകള്‍ അവിടെ നശിച്ചുപോവുകയും ബാക്കിയുള്ളവ ലേലത്തില്‍ വില്ക്കുകയും ചെയ്തു.

ഈ താളിയോലകള്‍ വൈത്തീശ്വരന്‍അമ്പലത്തിനു ചുറ്റുമായി വസിച്ചിരുന്ന ജ്യോതിഷന്മാരുടെ കുടുംബത്തിലാണ് എത്തിച്ചേര്‍ന്നത്. തലമുറകളായി ഈ നാഡീജ്യോതിഷം കൈമാറി വരുന്നു എന്നാണ് പറയപ്പെടുന്നത്.

ജര്‍മനിയിലുള്ള പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അയണ്‍ റേഡിയേഷന്‍ ഒഫ് ഫിസിക്സ് വിഭാഗം നടത്തിയ കാര്‍ബണ്‍ 14-ടെസ്റ്റ് പ്രകാരം നാഡീജ്യോതിഷത്തിന് ഏകദേശം 350 ഓളം വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

നമ്മുടെ വിരലടയാളം ഉപയോഗിച്ചാണത്രെ നാഡീജ്യോതിഷന്മാര്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പ്രവചിക്കാറ്. സ്ത്രീകളുടെ ഇടതുകൈയുടെ വിരലടയാളവും പുരുഷന്മാരുടെ വലതുകൈയുടെ വിരലടയാളവുമാണ് ഇതിന് ഉപയോഗിക്കാറ്. വിരലടയാളം ലഭിച്ച ജ്യോതിഷികള്‍ നമ്മുടെ വിരലടയാളവുമായി യോജിക്കുന്ന താളിയോലകള്‍ എടുക്കും. ഓരോ താളിയോലയും ഓരോ മനുഷ്യന്റെ ജനനം മുതലുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നവയായിരിക്കും.

നാഡീജ്യോതിഷികളെ ഭാവി കാര്യങ്ങള്‍ അറിയുന്നതിനായി സമീപിച്ചാല്‍ അവര്‍ ആദ്യം ഒരോലയെടുത്ത് 'വായിച്ച്' ഗ്രാഹകന്റെ പേരും മറ്റു വിവരങ്ങളും പറയും. അഴയില്‍ പലതും തെറ്റായിരിക്കും. എങ്കില്‍ അടുത്ത ഓല 'വായിക്കും'. അതിലും കുറെ തെറ്റായ വിവരങ്ങള്‍ കാണും. നാലഞ്ച് ഓല വായിച്ചു കഴിയുമ്പോള്‍ ഗ്രാഹകനെ സംബന്ധിച്ച് പ്രവചിക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ ജ്യോതിഷനും കിട്ടിയിരിക്കും. അടുത്ത ഓലയില്‍ മിക്കവാറും ശരിയായ വിവരങ്ങള്‍ ഉണ്ടായിരിക്കും. 'അതായിരിക്കും' ഗ്രാഹകനെ സംബന്ധിച്ച ഓല. താളിയോലകളില്‍ പ്രധാനമായും 12 കാണ്ഡങ്ങളാണുള്ളത്.

ഒന്നാം കാണ്ഡത്തില്‍ ഒരാളുടെ ജാതകപ്രകാരം അയാളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു വിഹഗവീക്ഷണമായിരിക്കും ഉണ്ടാവുക. കൂടാതെ എല്ലാ കാണ്ഡങ്ങളെക്കുറിച്ചുമുള്ള ഒരു ലഘുവിവരണവും ഉണ്ടായിരിക്കും.

രണ്ടാം കാണ്ഡത്തില്‍ ഒരാളുടെ കുടുംബം, വിദ്യാഭ്യാസം, ധനം മുതലയായവയെക്കുറിച്ചായിരിക്കും പ്രതിപാദിച്ചിരിക്കുക.

മൂന്നാം കാണ്ഡത്തില്‍ സഹോദരങ്ങളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിച്ചിരിക്കും.

നാലാം കാണ്ഡത്തില്‍ അമ്മ, വീട്, ഭൂമി, വാഹനം എന്നിവയെക്കുറിച്ചായിരിക്കും ഉണ്ടാവുക.

അഞ്ചാം കാണ്ഡത്തില്‍ കുട്ടികളും അവരുടെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ആയിരിക്കും ഉണ്ടാവുക.

ആറാം കാണ്ഡത്തില്‍ രോഗങ്ങള്‍ മൂലമോ അല്ലെങ്കില്‍ ശത്രുക്കള്‍ മൂലമോ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളും വിഷമങ്ങളുമാവും പ്രതിപാദിച്ചിരിക്കുക.

ഏഴാം കാണ്ഡത്തില്‍ വിവാഹത്തെക്കുറിച്ച് പ്രധാനമായും ഭാവി വരന്റെ/വധുവിന്റെ പേര്, സ്വഭാവ സവിശേഷതകള്‍, വിവാഹസമയം എല്ലാം പ്രതിപാദിച്ചിരിക്കും.

എട്ടാം കാണ്ഡത്തില്‍ ഒരാളുടെ ജീവിതസമയം എത്രയുണ്ടെന്നും, ജീവിതത്തില്‍ നടക്കാനിരിക്കുന്ന വിഷമതകളുടെ സമയത്തെക്കുറിച്ചും ആണുണ്ടാവുക.

ഒന്‍പതാം കാണ്ഡത്തില്‍ അച്ഛന്‍, ധനം, സന്ദര്‍ശിക്കാനിരിക്കുന്ന പുണ്യസ്ഥലങ്ങള്‍, പുണ്യപുരുഷന്മാര്‍, സാമൂഹ്യജീവിതം തുടങ്ങിയവയായിരിക്കും കാണുക.

പത്താം കാണ്ഡത്തില്‍ ഒരാളുടെ ഔദ്യോഗിക ജീവിതം, അതിലുണ്ടാകുന്ന നല്ലതും, ചീത്തയുമായ കാര്യങ്ങള്‍, ബിസിനസ്സ് തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിച്ചിരിക്കും.

പതിനൊന്നാം കാണ്ഡത്തില്‍ രണ്ടാം വിവാഹത്തെക്കുറിച്ചും, ബിസിനസ്സില്‍ ഉണ്ടാകുന്ന ലാഭത്തെക്കുറിച്ചും കാണാം.

പന്ത്രണ്ടാം കാണ്ഡത്തില്‍ അടുത്ത ജന്മത്തെക്കുറിച്ചും മോക്ഷത്തെക്കുറിച്ചുമായിരിക്കും പ്രതിപാദിക്കുക.

ഈ പന്ത്രണ്ട് കാണ്ഡങ്ങളെക്കൂടാതെ ശാന്തി, പരിഹാരം, ദീക്ഷ കാണ്ഡം, ഔഷധ കാണ്ഡം എന്നിങ്ങനെ മൂന്ന് കാണ്ഡങ്ങള്‍ കൂടിയുണ്ട്.

ചില പൊതുലക്ഷണങ്ങളെ അടിസ്ഥാനമാക്കി തീര്‍ത്തവയാണ് ഈ താളിയോലകള്‍ എന്നു കരുതാം. ജ്യോതിഷന്റെ മികച്ച ഓര്‍മശക്തിയും യുക്തിയും നാഡീജ്യോതിഷത്തില്‍ പരമപ്രധാനമാണ്. അതിനപ്പുറം അതിന് ശാസ്ത്രീയ അടിത്തറ ഉള്ളതായി കരുതുന്നില്ല

വൈത്തീശ്വരന്‍ കോയിലിലെ നാഡീജ്യോതിഷം
➖➖➖➖➖➖➖➖➖
ഭാവികാലത്തെക്കുറിച്ച് അറിയാം താല്‍പര്യമുള്ളവര്‍ക്ക് കൈനോട്ടം, മഷിനോട്ടം, കവടിനിരത്തല്‍ അങ്ങനെ പലകാര്യങ്ങളുണ്ട്. ഇത്തരത്തില്‍ ഭാവി പ്രവചിക്കുന്ന ഒരു ജ്യോതിഷമാണ് നാഡീജ്യോതിഷം. തമിഴ്നാട്ടിലാണ് ഇത്തരത്തില്‍ ഒരു ജ്യോതിഷ രീതി നിലനില്‍ക്കുന്നത്.

ഭൂമിയില്‍ ജനിക്കുന്ന എല്ലാ മനുഷ്യരുടേയും ഭൂത, ഭാവി, വര്‍ത്തമാന കാലത്തെക്കുറിച്ച് പ്രാചീനകാലത്ത് ജീവിച്ചിരിക്കുന്ന സന്യാസിമാര്‍ താളിയോലകളി‌ല്‍ എഴുതിവച്ചിട്ടുണ്ടെന്ന വിശ്വാസമാണ് ഈ ജ്യോതിഷത്തിന് പിന്നില്‍. ഭാവി അറിയാന്‍ ചെല്ലുന്ന ആളുടെ വിരലടയാളവുമായി ഒത്തുചേരുന്ന താളിയോലയെടുത്ത് നോക്കിയാല്‍, അതില്‍ അയാളെക്കുറിച്ച് എഴുതിയിട്ടുണ്ടെന്നാണ് വിശ്വാസം.

വൈത്തീശ്വരന്‍ ക്ഷേത്രം തമിഴ്നാട്ടിലെ നവഗ്രഹക്ഷേത്രങ്ങളില്‍ ഒന്നായ വൈത്തീശ്വരന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് നാഡീ ജ്യോതിഷം അറിയാന്‍ ആളുകള്‍ എത്താറുള്ളത്. വൈത്തീശ്വരന്‍ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ വായിക്കാം.

രോഗം മാറ്റുന്ന ദൈവം
➖➖➖➖➖➖➖➖➖
വൈത്തീശ്വരന്‍ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം രോഗം മാറ്റുന്ന ദൈവം എന്നാണ്. വൈത്തീശ്വരനോട് പ്രാര്‍ത്ഥിച്ചാല്‍ രോഗം മാറുമെന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മയിലാടുതുറയ്ക്കും സിര്‍ക്കാഴിയ്ക്കും ഇടയിലായാണ്. സിര്‍ക്കാഴിയില്‍ നിന്ന് 7 കിലോമീറ്ററും, മൈലാടുതുറയില്‍ നിന്ന് 16 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

സിദ്ധാമൃതം കുളം
➖➖➖➖➖➖➖➖➖
ഈ ക്ഷേത്രത്തിന് മുന്നില്‍ ഒരു കുളമുണ്ട്. സിദ്ധാമൃതക്കുളമെന്നാണ് ഇതിന്റെ പേര്. ഇതില്‍ മുങ്ങിക്കുളിച്ചാല്‍ രോഗങ്ങള്‍ സുഖമാകുമെന്നാണ് വിശ്വാസം.

ഐതീഹ്യം
➖➖➖➖➖➖➖➖➖
ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. രാമയണകാലത്ത് രാമ ലക്ഷ്മണന്‍മാര്‍ ഇവിടെ വച്ച് ശിവനെ ആരാധിച്ചിരുന്നതായി ഐതീഹ്യത്തില്‍ പറയുന്നു. രാവണന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജഡായുവിന്റെ ശവദാഹം നടത്തിയത് ഇവിടെ വച്ചാണെന്നും ഒരു വിശ്വാസമുണ്ട്.

ഉത്സവങ്ങള്‍
➖➖➖➖➖➖➖➖➖
ജനുവരി – ഫെബ്രുവരി മാസങ്ങളിലാണ് ഇവിടുത്തെ വാര്‍ഷിക ഉത്സവമായ ബ്രഹ്മോത്സവം ആഘോഷിക്കപ്പെടുന്നത്. നവംബര്‍ മാസത്തിലെ കാര്‍ത്തിക ഉത്സവവും ഇവിടെ കൊണ്ടാടാറുണ്ട്.

എത്തിച്ചേരാന്‍
➖➖➖➖➖➖➖➖➖
സീര്‍ക്കാഴിയില്‍ നിന്നും മൈലാടു തുറയില്‍ നിന്നും ഇവിടേക്ക് ബസുകള്‍ ലഭ്യമാണ്. ചെന്നൈയില്‍ നിന്ന് 235 കിലോമീറ്ററും തഞ്ചാവൂരില്‍ നിന്ന് 110 കിലോമീറ്ററും ചിദംബരത്ത് നിന്ന് 27 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

സരസ്വതി മഹല്‍ ലൈബ്രറി
➖➖➖➖➖➖➖➖➖
നാഡീ ജ്യോതിഷവുമായി ബന്ധപ്പെട്ട താളിയോലകള്‍ തഞ്ചാവൂരിലെ സരസ്വതി മഹല്‍ ലൈബ്രറിയിലായിരുന്നു സംരക്ഷിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ ഈ താളിയോലകളുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ജ്യോതിഷന്‍മാര്‍ താളിയോലകളെല്ലാം വൈത്തീശ്വരന്‍ ക്ഷേത്രത്തിന് ചുറ്റുമായി ജീവിച്ചിരുന്ന ജ്യോതിഷരുടെ ഭവനങ്ങളില്‍ എത്തിക്കുകയായിരുന്നു.

No comments:

Post a Comment