3 September 2018

ബ്രഹ്മാണ്ഡപുരാണം

ബ്രഹ്മാണ്ഡപുരാണം

പതിനെട്ടു മഹാപുരാണങ്ങളുടെ പരമ്പരയിൽ അവസാനത്തെ പുരാണമാണ് ബ്രഹ്‌മാണ്ഡ മഹാപുരാണം.

ബ്രഹ്മാ ബ്രഹ്‌മാണ്ഡ മാഹാത്മ്യം അധികൃത്യാ ബ്രവീത് പുനഃ

തച്ച ദ്വാദശ സാഹസ്റം ബ്രഹ്‌മാണ്ഡം ദ്വിശതാധികം

ഇത്യാദി വചനേന, സാക്ഷാൽ ബ്രഹ്‌മാവ്‌ തന്നെ ബ്രഹ്മാണ്ഡത്തെപ്പറ്റി പന്തീരായിരം ശ്ളോകങ്ങളിൽ വിവരിച്ചതാണ് മാഹാത്മ്യമേറിയ ബ്രഹ്‌മാണ്ഡപുരാണം. ശ്ളോകസംഖ്യ കൃത്യമായി പറഞ്ഞാൽ 12200 ആണ്. സൂതപൗരാണികൻ നൈമിഷാരണ്യത്തിലെ മുനിമാർക്കു പറഞ്ഞുകൊടുക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം. എന്നാൽ ഈ പുരാണം ആദ്യം ബ്രഹ്‌മാവ്‌ വായുവിനും, വായു ഉശനസ്സിനും, ഉശനസ്സു സൂര്യനും, സൂര്യൻ യമനും, യമൻ ഇന്ദ്രനും, ഇന്ദ്രൻ വസിഷ്ഠനും ഉപദേശിച്ചു. തുടർന്ന് 21 ഓളം കാതോട് കാതു വായ്മൊഴികൾ കഴിഞ്ഞാണ് ഒടുവിൽ വ്യാസനും പിന്നീട് സൂതനും ലഭിച്ചത്. സൂതനിൽ നിന്നും മുനിമാർക്കു ലഭിച്ചു.

ഈ പുരാണത്തിനു നാല് ഭാഗങ്ങളുണ്ട്. അവയെ പാദങ്ങൾ എന്ന് പറയുന്നു .

1 . പ്രക്രിയാപാദം .

2 . അനുഷംഗപാദം .

3 . ഉപോദ്‌ഘാതപാദം.

4 . ഉപസംഹാരപാദം.

ഇവ കൂടാതെ, ലളിതോപാഖ്യാനം എന്ന പേരിൽ ഒരു തുടർച്ച കൂടിയുണ്ട് .

പ്രക്രിയാപാദത്തിനു 5, അനുഷംഗപാദത്തിനു 33, ഉപോദ്‌ഘാതപാദത്തിനു 74, ഉപസംഹാരപാദത്തിനു 4, ലളിതോപാഖ്യാനത്തിനു 40 എന്നിങ്ങനെയാണ് അദ്ധ്യായങ്ങളുടെ എണ്ണം. ലളിതോപാഖ്യാനം പിന്നീട് കൂട്ടിച്ചേർത്തതാണെന്നു അഭിപ്രായമുണ്ട്. പൂർവ്വ ഭാഗം, മദ്ധ്യഭാഗം, ഉത്തര ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് ബ്രഹ്മാണ്ഡപുരാണം വിഭജിച്ചിരിക്കുന്നത്. പൂർവ്വ ഭാഗത്ത് പ്രക്രിയ പാദത്തിലും അനുഷംഗ പാദത്തിലുമായി 38 അദ്ധ്യായങ്ങളും 3783 ശ്ലോകങ്ങളുമുണ്ട്. മദ്ധ്യഭാഗം ഉപോഘാത പാദമെന്ന് അറിയപ്പെടുന്നു. ഇതിൽ 74 അദ്ധ്യായങ്ങളും 5844 ശ്ലോകങ്ങളുമുണ്ട്. ഉത്തര ഭാഗത്ത് ഉപസംഹാര പാദത്തിലും ലളിതോപാഖ്യാനത്തിലുമായി ആകെ 44 അദ്ധ്യായങ്ങളും 3472 ശ്ലോകങ്ങളുമുണ്ട്. ആകെ 156 അദ്ധ്യായങ്ങളിലായി 13099 ശ്ലോകങ്ങൾ അടങ്ങിയതാണ് ബ്രഹ്മാണ്ഡപുരാണം.

No comments:

Post a Comment