എന്താണ് ചിത്തം? എന്താണ് ചിത്തവൃത്തി?
എന്താണ് ചിത്തം?
ചിത്തം എന്നാൽ ബുദ്ധി/മനസ്സ് എന്ന് മനസ്സിലാക്കാം. ചിന്തകൾ ഉദിക്കുന്നത് ചിത്തത്തിലാണ്. ചിത്തത്തിന് പ്രധാനമായും 5 അവസ്ഥകൾ ആണ് ഉള്ളത്.
1. ക്ഷിപ്തം: ഈ അവസ്ഥ ഏറ്റവും ചഞ്ചലമായതാണ്. ഈ അവസ്ഥയിൽ രജോഗുണത്തിന്റെ ആധിക്യമാണ് ഉള്ളത്.
2. മൂഢം: നിർവ്യാപാരാവസ്ഥ. തമോഗുണത്തിന്റെ ആധിക്യമാണ് ഈ അവസ്ഥയ്ക്ക് കാരണം. നിദ്ര, ആലസ്യം, ദ്രോഹാസക്തി എന്നിവ ഈ അവസ്ഥ മൂലം ഉണ്ടാകുന്നു.
3. വിക്ഷിപ്തം: ഈ അവസ്ഥയിൽ അസ്ഥിരതയും സ്ഥിരതയും മാറി മാറി അനുഭവപ്പെടുന്നു. പൊതുവെ ചഞ്ചലമാണെങ്കിലും ഇടയ്ക്ക് അൽപ നേരം ഏകാഗ്രത അനുഭവപ്പെടാം. ഈ അവസ്ഥയിൽ രജോഗുണം പ്രധാനമാണെങ്കിലും സത്വഗുണത്തിന്റെ നിഴലാട്ടം കാണുന്നു.
4. എകാഗ്രം: ചിത്തത്തെ കുറെ നേരം ഒരു വിഷയത്തിൽ(ഏക അഗ്രത്തിൽ) സ്ഥിരമായി നിർത്തുക. സത്വഗുണം പ്രധാനമാണെങ്കിലും പൂർവാനുഭൂതമായ ബാഹ്യവിഷയങ്ങളുടെ സ്വഭാവം ചിത്തത്തിലുള്ളതിനാൽ ഏകാഗ്രതയ്ക്ക് ഭംഗം സംഭവിക്കാം. അതിനാൽ ഏകാഗ്രത നിലനിർത്താൻ അഭ്യാസം അനിവാര്യമാണ്.
5. നിരുദ്ധം: സകല ചിത്തവൃത്തികളേയും നിരോധിക്കുമ്പോൾ നിരുദ്ധാവസ്ഥ എത്തുന്നു. ചിത്തം ശാന്തവും നിശ്ചലവും ആകുന്നു.
യോഗദർശനപ്രകാരം ആദ്യ മൂന്ന് അവസ്ഥകളിലും സമാധി ഉണ്ടാകില്ല. ഈ അവസ്ഥകളിൽ ചിത്തം ഇന്ദ്രിയദ്വാരാ നിരന്തരം ബാഹ്യവിഷയങ്ങളുമായി ബന്ധപ്പെടുന്നതിനാലാണിത്.
എന്താണ് ചിത്തവൃത്തി?
വൃത്തി എന്നാൽ വ്യാപാരം. കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങൾ ബാഹ്യവിഷയങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നതാണ് വ്യാപാരം. ചിത്തം ഇന്ദ്രിയങ്ങളുടെ ദാസനാവുന്നു. ക്ഷിപ്തം, മൂഢം, വിക്ഷിപ്തം എന്നീ അവസ്ഥകളിൽ നിന്ന് യോഗാനുഷ്ഠാനത്തിലൂടെ എകാഗ്ര-നിരുദ്ധ അവസ്ഥ പ്രാപിക്കും. വൃത്തിനിരോധമാണ് യോഗം. നിരോധം എന്നാൽ 'തടയൽ' അല്ല - വിഷയചിന്തയും അതിലൂടെ ഉണ്ടാകുന്ന ആസക്തിപൂർവകമായ പ്രവർത്തിയും ഇല്ലാതിരിക്കൽ ആണു യോഗം.
No comments:
Post a Comment