31 August 2018

അതിബല, ബല

അതിബല, ബല

വിശപ്പും ദാഹവും അകറ്റാനുള്ള രണ്ടു മന്ത്രങ്ങൾ രാമലക്ഷ്മണന്മാർക്കു പറഞ്ഞുകൊടുത്തത് വിശ്വാമിത്ര മഹർഷിയാണ്. ‘‘രാക്ഷസപ്പരിഷകൾ യാഗം മുടക്കുന്നു. ആശ്രമകവാടങ്ങൾ അവർ അശുദ്ധമാക്കുന്നു. കാട്ടിൽ മുനിമാർക്കു ജീവിക്കുവാൻ നിവൃത്തിയില്ലാതായി. മുനിമാരുടെ മാനം കാക്കാൻ ഈ ബാലകന്മാരെ എന്നോടൊപ്പം അയയ്ക്കണം.’’ – വിശ്വാമിത്രന്റെ വാക്കുകൾ കേട്ടു ദശരഥൻ ദുഃഖിതനായി. എങ്ങനെ ദുഃഖിക്കാതിരിക്കും. ലാളിച്ചു കൊതി തീർന്നില്ല, കൊട്ടാരത്തിലെ സുഖസൗഭാഗ്യങ്ങളിൽ ആറാടി, നല്ല ഭക്ഷണവും കഴിച്ചു കളിച്ചു നടക്കേണ്ട കുട്ടികളെയാണു കൊടുംകാട്ടിലേക്കു പറഞ്ഞുവിടുന്നത്.

കാനന യാത്ര കഠിനമായിരുന്നു. അവരുടെ മൃദുല പാദങ്ങൾ വേദനിച്ചു. ആശ്രമത്തിലെത്തിയ രാമലക്ഷ്മണന്മാരോട് വിശ്വാമിത്രൻ പറഞ്ഞു: ‘‘വനവാസം ദുഃസ്സഹമാണ്. വെയിലും മഴയും, മഞ്ഞും തണുപ്പും സഹിക്കാൻ പഠിക്കണം. രാജകൊട്ടാരത്തിൽ സുഖസമൃദ്ധമായി ഉണ്ടുറങ്ങിയവരാണ് നിങ്ങൾ. ഇവിടെ ഭക്ഷണമായി കിട്ടുക കായ്കനികളും അരുവിയിലെ തെളിനീരും മാത്രമാകാം. വിശപ്പ് സഹിക്കവയ്യാതെ പറയക്കുടിലിൽ നിന്ന് അഭക്ഷ്യം മോഷ്ടിച്ചു ഭക്ഷിച്ച വിശ്വാമിത്രൻ വിശപ്പിന്റെ വില നന്നായി അറിഞ്ഞയാളാണ്. കഠിനമായ വിശപ്പിനെ കീഴടക്കാൻ കഴിയണം. ക്ഷുത്തിനെ നിയന്ത്രിക്കാൻ നിങ്ങളീ മന്ത്രങ്ങൾ പഠിക്കണം – ബല, അതിബല. ‘‘രാമ! രാഘവ! രാമ! ലക്ഷ്മണ കുമാര! കേൾ കേമന്മാരായുള്ള ബാലന്മാരല്ലോ നിങ്ങൾ ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത ദേഹങ്ങളല്ലോ മുന്നം നിങ്ങൾക്കെന്നതുമൂലം ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ് മാഹാത്മ്യമേറുന്നൊരു വിദ്യകളിവരണ്ടും ബാലകന്മാരേ! നിങ്ങൾ പഠിച്ചു ജപിച്ചാലും. ബലയും പുനരതിബലയും മടിയാതെ ദേവനിർമിതികളീ വിദ്യകളെന്നു രാമദേവനുമനുജനുമുപദേശിച്ചു മുനി ക്ഷുൽപിപാസാദികളും തീർന്ന ബാലന്മാരുമാ– യപ്പോഴേ ഗംഗ കടത്തീടിനാൻ വിശ്വാമിത്രൻ. (അധ്യാത്മ രാമായണം – എഴുത്തച്ഛൻ)

വിശപ്പകറ്റാൻ മന്ത്രമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇന്ന് മനുഷ്യർ ആ മന്ത്രം ഹൃദിസ്ഥമാക്കണമെന്നില്ല. നന്നായി വിശക്കാനും നല്ല ഭക്ഷണം വയറു നിറയെ കഴിക്കാനും എന്നും കൊതിക്കുന്നവരാണു മനുഷ്യർ. യഥാർഥത്തിൽ തന്റെ ദൗത്യ നിർവഹണത്തിനു രാമനെ സജ്ജനാക്കുകയായിരുന്നു മുനി. മനസ്സിനെ ബലപ്പെടുത്തുന്നതാണു മന്ത്രങ്ങൾ. മനസ്സുണ്ടെങ്കിൽ എന്തും നേടിയെടുക്കാം. മനസ്സിന്റെ കരുത്തും സംരക്ഷണവുമാണു സന്യാസിമാരുടെ ബലം. അമിത ഭക്ഷണം ആയുസ് കുറയ്ക്കും. കല്ലിലും മുള്ളിലും കിടന്നുറങ്ങി മഹർഷിമാർ ഉറക്കത്തെ കീഴ്പ്പെടുത്തുന്നു; കാട്ടിലെ പച്ചിലകളുടെ ചവർപ്പ് കുടിച്ച് രുചിയെയും. ദുഃഖത്തെ ഇല്ലാതാക്കാൻ സുഖത്തെ വർജിക്കുകയാണവർ.

പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടാനുള്ള ഊർജമാണ് വിശ്വാമിത്രൻ ഉപദേശിക്കുന്ന മന്ത്രത്തിലെ പൊരുൾ എന്നു പറയാം. പിന്നീട് വനവാസകാലത്ത് ഫലമൂലാദികൾ മാത്രം കഴിച്ചു ജീവിക്കാൻ രാമന് കഴിയുന്നത് വിശ്വാമിത്ര മന്ത്രങ്ങളിൽ രൂപപ്പെടുത്തിയ മഹാശക്തികൊണ്ടാണ്. ഒരു ഇലപോലും ഭക്ഷിക്കാതെ ‘അപർ‌ണ’യായ പാർവതിദേവിക്ക് ഉഗ്രതപസ് അനുഷ്ഠിക്കാനയതും മനോബലം കൊണ്ടാണ്.

അമിതാഹാരം മനുഷ്യനെ വീഴ്ത്തിയേക്കാം. ഉപവാസം നല്ല ഭക്ഷണമാണെന്നു പറയാറുണ്ട്. അതു ശരീര അവയവങ്ങൾക്കു വിശ്രമം നൽകുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. മനസ്സ് ബലപ്പെടുമ്പോൾ വിശപ്പിനെ മാത്രമല്ല ഏതു പ്രതികൂല സാഹചര്യത്തെയും നമുക്കു കീഴ്പ്പെടുത്താനാകുന്നു. വിശ്വാമിത്രൻ രാമലക്ഷ്ണ ബാലകന്മാർക്ക് പകർന്നു നൽകിയ മന്ത്രത്തിന്റെ പൊരുൾ അതായിരിക്കാം. പാതകൾ കല്ലും മുള്ളും നിറഞ്ഞതാകട്ടെ, ഏതു പ്രതിസന്ധിയും സധൈര്യം നേരിടാനാകും. 

വിശപ്പ്, ദാഹം മുതലായവ അകറ്റുന്നതിനു ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടു മന്ത്രങ്ങളാണ് അതിബല, ബല. സാവിത്രിയുപനിഷത്തിലാണ് ഇവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.

അതിബല, ബല എന്നതു രണ്ടു മന്ത്രങ്ങളാണെങ്കിലും ഒന്നായിട്ടാണ് പ്രതിപാദിതമായിരിക്കുന്നത്.

ധ്യാനശ്ലോകം
➖➖➖➖➖➖➖➖➖
അമ്രുതേ കരതലാഗ്രൗ സർവ്വ സഞീവനാഡ്യഊ
അഘഹരണ സുദക്ഷൗ വേദസാരൗ മയൂഖൗ
പ്രണവമയ വികാരൗ ഭാസ്കരാകാരദേഹൗ
സതതമനുഭവേബഹം തൗ ബലാതീബലാഖൗ

ഋഷി;വിരാട് പുരുഷൻ, ഛന്ദസ്സ്:ഗായത്രി, ദേവത:ഗായത്രി, ബീജം:അകാരം, ശക്തി:ഉകാരം, കീലകം:മകാരം, ന്യാസം:അഥക്ളീംകാരദി ബീജാക്ഷരൈ:ഷഡംഗന്യാസം,

ബലമന്ത്രം
➖➖➖➖➖➖➖➖➖
ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ
ക്ലീം ചതുർവിധ പുരുഷാർത്ഥ സിദ്ധിപ്രദേ

തത്സവിതുർ വരദാത്മികേ ഹ്രീം വരേണ്യം
ഭർഗോ ദേവസ്യ വരദാത്മികേ

അതിബലമന്ത്രം
➖➖➖➖➖➖➖➖➖
അതിബലേ സർവ്വദയാമൂർതേ ബലേ
സർവ്വേക്ഷുദ്ഭ്രമോപനാശിനി ധീമഹി

ധീയോ യോന ജാനേ പ്രചുര്യ:
യാ പ്രചോദയാദാത്മികേ

പ്രണവശീരസ്ക്കാത്മികേ ഹും ഫട് സ്വാഹ

30 August 2018

ഒരു യഥാര്‍ത്ഥ ഗുരു യഥാര്‍ത്ഥ വഴി കാട്ടിയാണ്

ഒരു യഥാര്‍ത്ഥ ഗുരു യഥാര്‍ത്ഥ വഴി കാട്ടിയാണ്

സാധനകൊണ്ടുമാത്രം ഞാനെന്ന ഭാവം നഷ്ടപ്പെടുത്തുവാന്‍ പ്രയാസമാണ്. അഹംഭാവം നീങ്ങണമെങ്കില്‍ ഉത്തമനായ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം. ഗുരുവിന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍ നമ്മള്‍ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദര്‍ശത്തെയാണു കാണുന്നത്. ആ ആദര്‍ശത്തെയാണു നമിക്കുന്നത്. നമുക്കും ആ തലത്തിലെത്തുന്നതിനു വേണ്ടിയാണത്. വിനയത്തിലൂടെയേ ഉന്നതി ഉണ്ടാവുകയുള്ളൂ. വിത്തില്‍ വൃക്ഷമുണ്ട്. പക്ഷേ, അതും പറഞ്ഞു പത്തായത്തില്‍ കിടന്നാല്‍ എലിക്കാഹാരമാകും. അതു മണ്ണിന്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ അതിന്റെ സ്വരൂപം വെളിയില്‍ വരുന്നു. കുടയുടെ ബട്ടണ്‍ താഴ്ത്തിക്കൊടുക്കുമ്പോള്‍ അതു നിവരുന്നു. മറ്റുള്ളവരെ വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കാന്‍ കഴിയുന്നു.

മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിര്‍ന്നവരെയും അനുസരിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ നമ്മള്‍ വളരുകയായിരുന്നു. അറിവു നേടുകയായിരുന്നു. നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളര്‍ത്തുകയായിരുന്നു. അതു പോലെ ഗുരുവിന്റെ മുന്നിലെ ശിഷ്യന്റെ അനുസരണമൂലം അവന്‍ വിശാലതയിലേക്കു ഉയരുകയാണു ചെയ്യുന്നത്. നാളെ രാജാധിരാജനാകുന്നതിനു വേണ്ടിയാണത്. മാവിനു വേലി കെട്ടി, വെള്ളവും വളവും നല്കി വളര്‍ത്തുന്നതു മാങ്ങയ്ക്കുവേണ്ടിയാണ്. ഗുരുവിനെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതു് ആ തത്ത്വത്തിലെത്തുന്നതിനുവേണ്ടിയാണ്. ത്യാഗത്തിന്റെ മൂര്‍ത്തരൂപമാണു ഗുരു. സത്യം, ധര്‍മ്മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്നു നമുക്കറിയാന്‍ കഴിയുന്നതു ഗുരുക്കന്മാര്‍ അതില്‍ ജീവിക്കുന്നതുകൊണ്ടാണ്. അവയുടെ ജീവന്‍ ഗുരുവാണ്. അവരെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മിലും ആ ഗുണങ്ങള്‍ വളരുന്നു.

വിമാനത്തില്‍ കയറുമ്പോള്‍ ബെല്‍റ്റിടാന്‍ പറയും. അതവരുടെ വലുപ്പം കാട്ടുവാനല്ല, നമ്മുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ്. അതുപോലെ യമനിയമങ്ങളും മറ്റു ചിട്ടകളും പാലിക്കുവാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നത്, ശിഷ്യന്റെ ഉയര്‍ച്ചയ്ക്കു വേണ്ടിയാണു്. ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളില്‍നിന്നും അവനെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണ്. ഞാനെന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പു്, അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നു ഗുരുവിനറിയാം. ട്രാഫിക്ക്‌ പോലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടി കൈകള്‍ കാണിക്കുമ്പോള്‍ നമ്മള്‍ അനുസരിക്കുന്നില്ലേ? അതുമൂലം എത്രയോ അപകടങ്ങള്‍ ഒഴിവായിക്കിട്ടുന്നു. ഞാനെന്നും എന്റെതെന്നും ഉള്ള ഭാവംവച്ചു നമ്മള്‍ സ്വയം നശിക്കാന്‍ പോകുന്ന സാഹചര്യങ്ങളില്‍ സദ്ഗുരു നമ്മളെ രക്ഷിക്കുന്നു. ഭാവിയില്‍ ആ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ തക്കവണ്ണം പരിശീലനം നല്കുന്നു. അവരുടെ സാമീപ്യംതന്നെ നമുക്കു ശക്തി പകരുന്നു.

ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല. ശിഷ്യന്റെ സുരക്ഷിതത്വം അതുമാത്രമാണവരുടെ ലക്ഷ്യം. യഥാര്‍ത്ഥ വഴി കാട്ടിയാണു ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്നേഹം മാത്രമാണവര്‍ക്കുള്ളത്. സ്വയം പരാജയപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നതു കാണുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

അക്ഷമാല

അക്ഷമാല

മഹാത്രിപുരസുന്ദരിയുടെ മഹാകാളീരൂപം ചിത്രങ്ങളില്‍ക്കൂടി ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് കാളിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന അസ്സുരശിരസ്സുകളോടുകൂടിയ മാല ഓര്‍മ്മവരും. 51 ശിരസ്സുകളാണ് ആ മാലയിലുള്ളത്. അ എന്ന അക്ഷരം മുതല്‍ ക്ഷ എന്ന അക്ഷരം വരെയുള്ള 51 അക്ഷരങ്ങളെയാണ് ആ മാല പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് 'അക്ഷ'മാല എന്ന പേരുണ്ടായി. സ്വരങ്ങളും വ്യഞ്ജനങ്ങളുമുള്‍പ്പെടെയുള്ള അമ്പത് അക്ഷരങ്ങള്‍ കൂടാതെ ക്ഷ എന്ന അക്ഷരം അമ്പത്തൊന്നാമതായി ഈ മാലയുടെ മേരുവായി കല്‍പിക്കപ്പെട്ടിരിക്കുന്നു.

ഷഡാധാരചക്രങ്ങളിലെ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാണ് ആ ആറ് ആധാരചക്രങ്ങള്‍.

വിശുദ്ധി എന്ന ചക്രത്തിന് പതിനാറ് ദളങ്ങളുണ്ട്. ഓരോ ദളവും അ മുതല്‍ അഃ വരെയുള്ള പതിനാറ് സ്വരങ്ങളുടെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടള്ളുന്നവയാണ്.

താഴെയുള്ള അനാഹതചക്രത്തിന് പന്ത്രണ്ട് ദളങ്ങളുള്ളതില്‍ ഓരോദളവും അനുക്രമമായി ക മുതല്‍ ഠ വരെയുള്ള പന്ത്രണ്ട് വ്യഞ്ജനങ്ങൾ

മണിപൂരകം എന്ന ചക്രത്തിന് പത്ത് ദളങ്ങളുള്ളതില്‍ ഓരോ ദളവും ശേഷമുള്ള ഡ മുതല്‍ ഫ വരെയുള്ള പത്ത് വ്യഞ്ജനങ്ങൾ

സ്വാധിഷ്ഠാനമെന്ന അടുത്ത ചക്രത്തിന് ആറ് ദളങ്ങളുള്ളതില്‍ ഓരോ ദളവും ബ മുതല്‍ ല വരെയുള്ള ആറ് വ്യഞ്ജനങ്ങൾ

മൂലാധാരചക്രത്തില്‍ ആകെ നാല് ദളങ്ങളുള്ളതില്‍ വ,ശ,ഷ,സ എന്ന നാല് ഊഷ്മാക്കൾ

പുരികമദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തിന് രണ്ട് ദളങ്ങളുള്ളതില്‍ വലതുവശത്തുള്ള ദളത്തില്‍ ഹ എന്നും ഇടതുവശത്തുള്ള ദളത്തില്‍ ക്ഷ എന്നുമുള്ള രണ്ട് അക്ഷരങ്ങളുടെയും സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഇപ്രകാരം ആകെ അമ്പത് അക്ഷരങ്ങളും [16+12+10+6+4+2] അമ്പത് ദളങ്ങളിലായി സ്പന്ദനസ്വഭാവത്തോടെ വിരാജിക്കുന്നു എന്ന് യോഗതന്ത്രശ്ശാസ്ത്രങ്ങള്‍. ഒരക്ഷരമുച്ചരിക്കുമ്പോള്‍ മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മം എന്ന ചക്രത്തില്‍ ആയിരം ദളങ്ങളുള്ളതില്‍ ഓരോ ദളത്തില്‍ ഓരോ അക്ഷരമെന്ന പ്രകാരം ഇരുപത് ആവൃത്തി സ്പന്ദനസംഘാതമുണ്ടാകുന്നു. യോഗസാധനയില്‍ക്കൂടി സിദ്ധി കൈവന്ന യോഗി തന്റെ ഇച്ഛാശക്തി പൂര്‍ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്ന മന്ത്രത്തിലെ ഓരോ അക്ഷരവും അതത് ചക്രത്തിലെ അതത് ദളങ്ങളെ സ്പന്ദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമ്പോള്‍ മൂര്‍ദ്ധാവില്‍ അതേ അവസരത്തില്‍ ഓരോ അക്ഷരവും ഇരുപതുവീതം ദളങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അനേകതന്ത്രികളില്‍നിന്ന് ശ്രുതിലയമായുണ്ടാകുന്ന സ്വരധാരപോലെയുള്ള നാദത്തോടുകൂടി പ്രകമ്പിതമായിക്കൊണ്ടിരിക്കുന്ന ശരീരത്തിനുള്ളില്‍ കുണ്ഡലിനീശക്തി ഉണര്‍ന്നാടുന്നു. യോഗികള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ആ ശബ്ദത്തെ ഝങ്കാരം എന്നു യോഗശാസ്ത്രത്തില്‍ പേരിട്ടിരിക്കുന്നു. 'ഝങ്കാരനാദമിവ യോഗീന്ദ്രരുള്ളില്‍...' എന്ന് ഹരിനാമകീര്‍ത്തനം. ദളങ്ങള്‍ എന്നു പറയുമ്പോള്‍ അതിസൂക്ഷ്മമായ നാഡീകേന്ദ്രങ്ങളെന്നും അക്ഷരവിന്യാസം എന്നു പറയുമ്പോള്‍ ആ നാഡീകേന്ദ്രങ്ങളില്‍ ഓരോ അക്ഷരത്തിനുമുണ്ടാകുന്ന പരാദ്യവസ്ഥകളുമാണെന്ന് അറിയുക. 15 സ്വരങ്ങള്‍ 15 യോഗിനിമാരുടെ മൂലപ്രതീകങ്ങളായി തന്ത്രശാസ്ത്രം വിവരിക്കുന്നു. എട്ട് ദുര്‍ഗ്ഗാപരിചാരികമാരും സപ്തമാതൃക്കളുമടങ്ങിയതാണ് ഈ 15 യോഗിനിമാര്‍.

അഷ്ടപരിചാരിണിമാര്‍ ഇവരാണ്: മാര്‍ജ്ജനി, കര്‍പ്പൂരതിലക, മലയഗന്ധിനി, കൗമുദിക, ഭേരുണ്ഡ, മാതാലി, നായിക, ജയ.

സപ്തമാതൃക്കള്‍:- ബ്രാഹ്മീ, മാഹേശ്വരീ, കൗമാരീ, വൈഷ്ണവീ, മാഹേന്ദ്രീ, വാരാഹീ, ചാമുണ്ഡീ.

ഈ സപ്തമാതൃക്കളില്ലാത്ത ഒരു ക്ഷേത്രവും കാണുകയില്ല. ശ്രീകോവിലിന്റെ തെക്കുവശത്തായി, ചുറ്റമ്പലത്തിനുള്ളില്‍ത്തന്നെ ബലിതൂകുന്ന വഴിയില്‍ ഈ ശിലകള്‍ കാണാവുന്നതാണ്.

ബ്രഹ്മവും മായയും

ബ്രഹ്മവും മായയും

ബ്രഹ്മം എന്നത് ആദിമദ്ധ്യാന്തങ്ങൾ ഇല്ലാത്തതും , സ്വയം പ്രകാശമുള്ളതും, പ്രപഞ്ചത്തിന് അവിഷയമായിട്ടുള്ളതും, നാശമില്ലത്തതും, നിർഗുണവും, കാലദേശവസ്തു ഭേദമില്ലാത്തതും, നിത്യവും ആനന്ദമായിട്ടുള്ളതും ആകുന്നു. അതല്ലാതെ മറ്റൊരുവസ്തു വേറെയില്ല. .എല്ലാം തന്നെ ആ ബ്രഹ്മതന്നെ...

ആ സ്ഥ്തിക്ക്  നാനത്വം എങ്ങനെ സംഭവിച്ചു,  വള, കിങ്ങിണി, മോതിരം, തുടങ്ങിയ  സ്വർണ്ണംകൊണ്ട് ഉണ്ടാക്കിയതാണന്നിരിന്നലും അവക്ക്  കങ്കണം തുടങ്ങിയ നാമങ്ങൾ ജനങ്ങളാൽ കൽപ്പിക്കപ്പെട്ടിട്ടുള്ളതണ്, സൂക്ഷമതയോടുകൂടി നോക്കിയാൽ സ്വർണ്ണമല്ലാതെ മറ്റൊന്നും അവയിൽ കാണുന്നില്ല, അവ ഉരുക്കിനോക്കിയാലും സ്വർണ്ണമായിതന്നെ കാണുന്നു. അതുപോലെ മായകൊണ്ട് ബ്രഹ്മത്തിനും നാനത്വം സംഭവിക്കുന്നു.....

ബ്രഹ്മം ഏകം തന്നെ മറ്റുവസ്തുക്കൾ ഒന്നുതന്നെയില്ല. നിശ്ചയം,  അപ്പോൾ പിന്നെ ആ മായ എങ്ങനെ എവിടെയുണ്ടായി അതിന് ബ്രഹ്മത്തിനോട് എങ്ങനെ  ചേർച്ച സംഭവിച്ചു.

മായ ആദിഹീനയും അജ്ഞാനപൂർണ്ണയും കർമ്മസ്വരൂപിണിയും ആണ്. ശുദ്ധയായ അത് ബ്രഹ്മത്തിൽ ഒട്ടിയും ഒട്ടാതെയും സദാ നിൽക്കുന്നു. മായ ബ്രഹ്മം ഇത് രണ്ടിനും അനാദിത്വമുണ്ട്, എന്നാൽ മായ നിശ്ചയമായും നശിക്കും ബ്രഹ്മം ഒരിക്കലും നശിക്കുകയില്ല.  മായക്ക് നാശമുണ്ട് എന്നതിനാൽ - അദ്വതീയവും പരമവും ഏകവുമാണ് ബ്രഹ്മം.. എന്ന അദ്വൈതസിദ്ധി ബ്രഹ്മത്തിനു ഭവിക്കുന്നു. പ്രപഞ്ചത്തിൽ കാണപ്പെടുന്ന വസ്തുക്കളിൽ ബ്രഹ്മാംശങ്ങളായിട്ട് ജീവസമൂഹം ഭവിക്കുന്നു.

ശരീരികളുടെ ഹൃദയത്തിൽ "ഞാൻ" എന്ന ഒരു ബുദ്ധി വർത്തിക്കുന്നു.   "അഹംബുദ്ധി" എന്ന ആ ഒന്നുതന്നെയാണ് ആ മായ എന്നത്, ആ മായയോട് കൂടാത്തവൻ ദേഹഭൃത്തേയല്ല,.. (ജീവൻ മുക്തൻ ദേഹഭൃത്താണങ്കിലും ദേഹാഭിമാനം ഇല്ലാത്തതു കൊണ്ട് ഈ ആശയത്തിന് വൈരുദ്ധ്യമില്ല)   ഞാൻ സുഖി, ഞാൻ ദുഃഖി, എന്നിങ്ങനെയുള്ള അഹന്ത എല്ലവരിലും നിറഞ്ഞിരിക്കുന്നുണ്ട്,  ആദിയില്ലയ്മയോടുകൂടിയ  - ആ അഹംങ്കാരബുദ്ധി - ആ അഹന്ത തന്നെ മായ എന്ന് പ്രകീർത്തിക്കപ്പെടുന്നു. എൻ്റെ കൈയ് എൻ്റെ പാദം, എൻ്റെ പുത്രൻ എന്നിങ്ങനെയുള്ള വാക്യങ്ങളിൽ നിന്ന് സൂക്ഷതത്ത്വത്തെ പറ്റി ആലോചിച്ച്നോക്കിയാൽ "അഹം" എന്നൊന്നില്ല അതു മായതന്നെ,  അഹം എന്ന പ്രതീതി തന്നെയാണ് വസ്തു, ഇത് സർവ്വത്ര സർവ്വദാ വ്യാപിച്ചിരിക്കുന്നു. എന്നാൽ അഹന്ത വേഷസാമ്യമുണ്ടെങ്കിലും ഭ്രാന്തിമൂലമായതിനാൽ മായ തന്നെയാണ്.

വികാരസ്വഭാവമുള്ള ആ മായ നിർമ്മലമായിട്ടുള്ള ബ്രഹ്മത്തിൽ  സ്വഭാവാൽ തന്നെ - മായാസ്വഭാവം ഹേതുവായിട്ട് - പറ്റിയും പറ്റാതെയും ആണ് നിൽക്കുന്നത്. .. പരിശുദ്ധമായ സ്പടികപാത്രത്തിൽ ചുവന്ന പുഷ്പം വെക്കുന്നതായാൽ ആ പാത്രം ചുവപ്പുനിറമുള്ളതാകും. ആ പുഷ്പം പാത്രത്തിൽ നിന്നെടുത്താൽ പിന്നെ അതിൽ  (പാത്രത്തിൽ) ചുവപ്പു നിറമുണ്ടായിരിക്കുന്നതല്ല. ...അതുപോലെ ആ മായ ബ്രഹ്മത്തിൽ ചേർന്നു നിൽക്കും.  അരയാലിൻ്റെ അണു മാത്രമായുള്ള ബീജത്തിൽ (വിത്തിൽ) കോടിക്കണക്കിനു വൃക്ഷങ്ങൾ എപ്രകാരമാണോ അവ്യക്തമായി സ്ഥിതിചെയ്യുന്നത് അതിൻവണ്ണം മായയിൽ കർമ്മബീജങ്ങൾ വർത്തിക്കുന്നു. ആ കർമ്മ ബീജങ്ങളാകട്ടെ സൃഷ്ടികാലത്ത് പഞ്ചഭൂതങ്ങളോടുകൂടി യോജിച്ച് കർമ്മത്തിനൊത്ത് ജിവനോടുകൂടി ശരീരികളായി തീരുന്നു. സംശുദ്ധമായ ബ്രഹ്മത്തിൽ ചിത്തത്തെ ചേർത്തു നിർത്തിയാൽ പിന്നെ ജന്മം സംഭവിക്കുന്നതല്ല.

ബ്രഹ്മത്തിന് മായയോട് എങ്ങനെ ചേർച്ചയുണ്ടാകുന്നു എന്ന് ചിന്തിച്ച് വൃഥാ മനസ്സിനെ ഭ്രമിപ്പിക്കുന്നതിനേക്കാൾ ഭേദം ബ്രഹ്മത്തിൽ മനോലയം ഉണ്ടാക്കുകയാണ് ശ്രേഷ്ഠമായിട്ടുള്ളത്....

ഒരുവൻ അഗാധമായ (വളരെ താഴ്ചയുള്ള) കിണറ്റി വീണു എന്നിരിക്കട്ടെ അതിൽ നിന്ന് കരകയറുവാനുള്ള വഴി എന്തെന്ന് വിചിന്തനം ചെയ്യാതെ.. അവൻ അവിടെ കിടന്നുകൊണ്ട് കിണറ്റിൻ്റെ ഉത്ഭവകാരണം ചിന്തിക്കുകായണെങ്കിൽ കരക്കെത്തിചേരുവാൻ എങ്ങി ശക്തനായി തീരും...

ബ്രഹ്മസാക്ഷാത്ക്കാരത്തിനുവേണ്ടി ശ്രമിക്കുകയാണ് ശ്രേഷ്ഠമായിട്ടുള്ളത്.......

27 August 2018

ഗുരുവിൻ്റെ ആവിശ്യകത

ഗുരുവിൻ്റെ ആവിശ്യകത

പുസ്തകം നോക്കി പഠിച്ചതുകൊണ്ടുമാത്രം മെഷീനുകള്‍ റിപ്പയറു ചെയ്യുവാന്‍ കഴിയില്ല. വര്‍ക്കുഷോപ്പില്‍പ്പോയി ജോലി അറിയാവുന്ന ഒരാളുടെ കൂടെനിന്നു പരിശീലനം നേടണം. അവര്‍ ചെയ്യുന്നതു കണ്ടുപഠിക്കണം. അതുപോലെ സാധനയില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങളെക്കുറിച്ചു മനസ്സിലാക്കുവാനും അവയെ അതിജീവിച്ചു ലക്ഷ്യത്തിലെത്തുവാനും ഗുരു ആവശ്യമാണു്.

ഔഷധങ്ങളുടെ പുറത്തുള്ള ലേബലില്‍ ഉപയോഗക്രമം എഴുതിയിട്ടുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശംകൂടാതെ അതു കഴിക്കുവാന്‍ പാടില്ല. പൊതുവായ നിര്‍ദ്ദേശം മാത്രമാണു ലേബലിലുള്ളതു്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ശരീരഘടനയും അനുസരിച്ചു് എങ്ങനെ ഉപയോഗിക്കണമെന്നു നിശ്ചയിക്കുന്നതു ഡോക്ടറാണു്. ക്രമം തെറ്റിക്കഴിച്ചാല്‍ ഗുണത്തിനു പകരം ദോഷമായിരിക്കും സംഭവിക്കുക. അതുപോലെ ആദ്ധ്യാത്മികതയെക്കുറിച്ചും സാധനയെക്കുറിച്ചും, സത്സംഗങ്ങള്‍ ശ്രവിച്ചും പുസ്തകങ്ങള്‍ വായിച്ചും മനസ്സിലാക്കുവാന്‍ കഴിയും. പക്ഷേ, സാധന ചെയ്തു് അപകടം കൂടാതെ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഗുരുവില്ലാതെ പറ്റില്ല.

ഒരു ചെടി ഒരു സ്ഥലത്തുനിന്നു പിഴുതു വേറൊരു സ്ഥലത്തേക്കു മാറ്റി നടുമ്പോള്‍ ആദ്യസ്ഥലത്തെ കുറച്ചു മണ്ണുകൂടി അതിന്റെ വേരിനോടൊപ്പം കരുതും. അങ്ങനെയാകുമ്പോള്‍ പുതിയ സ്ഥലത്തു പിടിച്ചുകിട്ടാന്‍ പ്രയാസമുണ്ടാകില്ല. അല്ലെങ്കില്‍ പുതിയ മണ്ണുമായി യോജിച്ചു കിട്ടുവാന്‍ പ്രയാസമാണു്. പുതിയ സാഹചര്യവുമായി ഇഴുകിച്ചേരാന്‍ ആ ചെടിയെ സഹായിക്കുന്ന ആദ്യത്തെ സ്ഥലത്തെ മണ്ണുപോലെയാണു ഗുരുവിന്റെ സാമീപ്യം. ആദ്ധ്യാത്മിക സാധനകള്‍ മുടക്കം കൂടാതെ തുടര്‍ന്നുകൊണ്ടു പോകുക. തുടക്കത്തില്‍ സാധകനു വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഗുരുവിന്റെ സാന്നിദ്ധ്യം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്തു ശിഷ്യനു നല്കുന്നു. ആത്മീയജീവിതത്തില്‍ ഉറച്ചു നില്ക്കുവാനുള്ള ശക്തി പകരുന്നു. ആപ്പിള്‍വൃക്ഷവും മറ്റും വളരണമെങ്കില്‍ അതിനിണങ്ങുന്ന കാലാവസ്ഥ ആവശ്യമാണു്. വേണ്ട സമയത്തു വെള്ളവും വളവും നല്കണം. അതിനെ ആക്രമിക്കുന്ന കൃമികീടങ്ങളെ നശിപ്പിക്കണം. അതുപോലെ, ഒരു സാധകനു സാധനയ്ക്കു യോജിച്ച സാഹചര്യങ്ങള്‍ ഗുരു നല്കുന്നു. അവനെ എല്ലാ പ്രതിബന്ധങ്ങളില്‍നിന്നും ഗുരു സംരക്ഷിക്കുന്നു.

ഏതു സാധനാക്രമമാണു നമുക്കു വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്നതു ഗുരുവാണു്. നിത്യാനിത്യവിവേചനമാണോ, നിഷ്‌കാമസേവനമാണോ യോഗമാണോ, അതോ ജപവും പ്രാര്‍ത്ഥനയും മാത്രം മതിയോ ഇതൊക്കെ തീരുമാനിക്കുന്നതു ഗുരുവാണു്. ചിലര്‍ക്കു യോഗസാധന ചെയ്യുവാന്‍ പറ്റിയ ശരീരക്രമമായിരിക്കില്ല. ചിലര്‍ അധികസമയം ധ്യാനിക്കുവാന്‍ പാടില്ല. ഇരുപത്തിയഞ്ചുപേരെ കയറ്റാവുന്ന വണ്ടിയില്‍ നൂറ്റിയന്‍പതുപേരെ കയറ്റിയാല്‍ എന്താണു സംഭിക്കുക? വലിയ ഗ്രൈന്‍ഡറുപോലെ ചെറിയ മിക്‌സി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയില്ല. അധികസമയം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ ചൂടുപിടിച്ചു എരിഞ്ഞുപോകും. ഓരോരുത്തരുടെയും ശരീരമനോബുദ്ധികളുടെ നിലയനുസരിച്ചാണു ഗുരു സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു്.
നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും സ്വഭാവം നമ്മളെക്കാള്‍ നന്നായറിയാവുന്നതു ഗുരുവിനാണു്. അധികാരിഭേദമനുസരിച്ചാണു ഗുരു ഉപദേശങ്ങള്‍ നല്കുന്നതു്. ഇതൊന്നും ശ്രദ്ധിക്കാതെ, എവിടെനിന്നെങ്കിലും കിട്ടിയ അറിവുവച്ചു്, യാതൊരു നിയന്ത്രണവുമില്ലാതെ സാധന തുടങ്ങിയാല്‍, ചിലപ്പോള്‍ ബുദ്ധിഭ്രമംവരെ സംഭവിച്ചെന്നിരിക്കും.

ധ്യാനം ക്രമത്തിലധികമായാല്‍ തല ചൂടാകും. ഉറക്കം നഷ്ടമാകും. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലാണു ധ്യാനിക്കേണ്ടതെന്നും എത്രസമയം ധ്യാനിക്കണമെന്നും ഓരോരുത്തരുടെയും സ്വഭാവം അനുസരിച്ചു ഗുരു പറയും. ഒരു സ്ഥലത്തേക്കു പുറപ്പെടുമ്പോള്‍ അവിടെ സ്ഥിരമായി താമസിക്കുന്ന എല്ലാ വഴികളും അറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ വേഗം അവിടെയെത്തുവാന്‍ സാധിക്കും. അല്ലെങ്കില്‍, ഒരു മണിക്കൂര്‍ യാത്ര വേണ്ട സ്ഥാനത്തു പത്തു മണിക്കൂര്‍ എടുത്തെന്നിരിക്കും. ‘മാപ്പു’ണ്ടെങ്കിലും ദിക്കുകളറിയാതെ വഴിതെറ്റി അലഞ്ഞെന്നിരിക്കും. ചിലപ്പോള്‍ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും സങ്കേതത്തില്‍ അകപ്പെട്ടെന്നും വരാം. എന്നാല്‍ വഴിയറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ ഒന്നും ഭയപ്പെടേണ്ടതില്ല. ഇതു പോലെയാണു് ആദ്ധ്യാത്മികസാധനയില്‍ ഗുരുവും. എല്ലാ വഴികളും നന്നായറിയാവുന്ന ആളാണു ഗുരു. സാധനയുടെ ഏതു ഘട്ടത്തിലും പ്രതിബന്ധങ്ങളുണ്ടാകാം. ആ സമയങ്ങളില്‍ ഗുരുവില്ലാതെ സാധന തുടരുക പ്രയാസമാണു്. അതിനാല്‍ സദ്ഗുരുവിന്റെ സാമീപ്യംതന്നെയാണു യഥാര്‍ത്ഥ സത്സംഗം. സര്‍വ്വതും ഗുരുവില്‍ ഒതുങ്ങിനില്ക്കുന്നു. അതുപോലെ ഒരു സദ്ഗുരുവില്‍നിന്നുമാണു ദീക്ഷ കിട്ടിയിട്ടുള്ളതെങ്കില്‍ സാധനയില്‍ വളരെവേഗം പുരോഗതി കൈവരിക്കുവാന്‍ കഴിയും. പാലില്‍ പാലൊഴിച്ചുവച്ചാല്‍ തൈരാകില്ല; അല്പം തൈരുതന്നെ ഒഴിക്കണം. അതുപോലെയാണു യഥാര്‍ത്ഥ സദ്ഗുരുവില്‍നിന്നും നേടുന്ന മന്ത്രോപദേശം. അതു സാധകന്റെ ആത്മീയശക്തിയെ ഉണര്‍ത്തുന്നു.