9 July 2018

താലിയിലുണ്ട് ഈശ്വരൻ

താലിയിലുണ്ട് ഈശ്വരൻ

ഹൈന്ദവ വിവാഹത്തിലെ പ്രധാന താരം താലിയാണ്. വരനെയും വധുവിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രതീകം. വിവാഹം എന്നാൽ താലികെട്ടു തന്നെ. എന്തുകൊണ്ട് വിവാഹത്തിൽ താലിക്ക് ഇത്ര പ്രാധാന്യം?  വലിയൊരു തത്ത്വശാസ്ത്രത്തിന്റെ ചെറിയൊരു പ്രതീകമാണു താലി. പ്രകൃതി പുരുഷസങ്കൽപത്തിന്റെ നേർക്കാഴ്ച. പ്രപഞ്ചത്തിന്റെ നിയന്താവായ പരമാത്മാവാണു പുരുഷൻ. ആ പരമാത്മാവിന്റെ ശക്തിയാണു പ്രകൃതി അഥവാ സ്ത്രീ. ഈ പ്രകൃതിയും പരമാത്മാവും തമ്മിലുള്ള സംഗമമാണു താലി കൊണ്ടു സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ നിലനിൽപു തന്നെ പ്രകൃതിപുരുഷ സംഗമത്തിലാണ്. പ്രകൃതിയാകുന്ന സ്ത്രീയില്ലെങ്കിൽ പുരുഷൻ അശക്തനാണെന്നു ശങ്കരാചാര്യർ പോലും പറയുന്നു:  ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും... എന്ന്.അങ്ങനെ പുരുഷനെ ശക്തനാക്കുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാണു താലി. സ്ത്രീയാകുന്ന ശക്തിയില്ലെങ്കിൽ പുരുഷനു സ്പന്ദിക്കാൻ പോലും കഴിയില്ലെന്നും ശങ്കരാചാര്യർ പറയുന്നു.  

താലിയിലുണ്ട്, ഈശ്വരൻ
➖➖➖➖➖➖➖➖➖
താലി എന്നതു വെറുമൊരു സ്വർണപ്പൊട്ടല്ല. ആലിലയുടെ ആകൃതിയിൽ തയാറാക്കുന്ന സ്വർണത്താലിയിൽ ത്രിമൂർത്തികളായ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ശിവന്റെയും സാന്നിധ്യമുണ്ടെന്നാണു ഹൈന്ദവസങ്കൽപം. ഇതു വ്യക്തമാക്കാനായി ആലിലത്താലിയിൽ ഓംകാരം കൊത്തിവയ്ക്കുന്നു. ആലിലയാകുന്ന പ്രകൃതിയിൽ ഓംകാരമാകുന്ന പരമാത്മാവ് അന്തർലീനമായിരിക്കുന്നു എന്നു സങ്കൽപം. സ്ത്രീപുരുഷലയത്തിന്റെ ഒന്നാന്തരം പ്രതീകം. അങ്ങനെ, സ്ത്രീയും പുരുഷനും ഒറ്റമനസ്സായി നിന്നാലേ കുടുംബബന്ധം നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നു താലി എന്ന സങ്കൽപം നമ്മോടു പറയുന്നു.

No comments:

Post a Comment