16 June 2018

തന്ത്രശാസ്ത്രം

തന്ത്രശാസ്ത്രം

തന്ത്രം എന്ന വാക്കിന് പല ഘടകങ്ങള്‍ ചേര്‍ന്നുള്ള സംരംഭം എന്ന വാച്യാര്‍ഥമായിരുന്നു ആദ്യമുണ്ടായിരുന്നത്. വേദത്തിലാ കട്ടെ, തുണിനെയ്യുന്ന പ്രക്രിയയെ വ്യവഹരിക്കാന്‍ തന്ത്രം എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. മഹാഭാഷ്യത്തില്‍ ഒരു പ്രത്യേക വിജ്ഞാനശാഖ എന്ന അര്‍ഥത്തിലാണ് തന്ത്രം എന്ന പദം പ്രയോഗിച്ചുകാണുന്നത്. ശങ്കരാചാര്യര്‍, സാംഖ്യദര്‍ശനത്തെ കപിലന്റെ തന്ത്രം എന്നു വിളിച്ചിരുന്നു. ബുദ്ധമതത്തെ വൈനാസിക തന്ത്രം എന്ന പേരിലായിരുന്നു വിശേഷിപ്പിച്ചിരുന്നത്. അറിവിനെ വ്യാപിപ്പിക്കുന്നത് (തന്യതേ വിസ്താര്യതേ അനേന ഇതി തന്ത്രം) എന്ന അര്‍ഥത്തില്‍ ‘തന്’ ശബ്ദത്തിന്റെ നിഷ്പന്നരൂപമാണ് തന്ത്രം എന്ന പദം. തൃ എന്ന ശബ്ദത്തിന്റെ രക്ഷിക്കുക എന്ന അര്‍ഥത്തില്‍ നിന്ന് (ത്രാണനം) തന്ത്രപദം രൂപപ്പെട്ടതായും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ലൌകിക കഷ്ടതകളില്‍ നിന്നു രക്ഷിച്ച് ആത്മസാക്ഷാത്കാരത്തിനു പ്രാപ്തരാക്കുന്ന വിദ്യ എന്ന നിലയില്‍ തന്ത്രപദത്തിനും തന്ത്രശാസ്ത്രത്തിനും സ്വീകാര്യത ലഭിച്ചു. തത്ത്വവും മന്ത്രവും ചേര്‍ന്ന ഗ്രന്ഥസമാഹാരം എന്ന അര്‍ഥത്തിലും തന്ത്രപദത്തിന് നിഷ്പത്തി കല്പിക്കുന്നവരുണ്ട് (തനോതി വിപുലാ നര്‍ഥാന്‍ തത്ത്വമന്ത്ര സമന്വിതം).

ശിവതത്ത്വത്തിനു പ്രാധാന്യം നല്കുന്ന തന്ത്രഗ്രന്ഥങ്ങള്‍ ആഗമങ്ങള്‍ എന്ന പേരിലും വൈഷ്ണവമായവ സംഹിതകള്‍ എന്ന പേരിലുമാണ് പ്രസിദ്ധി നേടിയത്. ശാക്തഗ്രന്ഥങ്ങള്‍ തന്ത്രങ്ങള്‍ എന്ന പേരിലും അറിയപ്പെട്ടു. എന്നാല്‍ പ്രാദേശികഭേദമനുസരിച്ച് തന്ത്രപദം ഈ മൂന്ന് വിഭാഗങ്ങളില്‍പ്പെടുന്ന എല്ലാ ഗ്രന്ഥങ്ങളെയും പരാമര്‍ശിക്കുന്നതായും കാണുന്നുണ്ട്. കേരളത്തില്‍ ശൈവ, വൈഷ്ണവ, ശാക്ത പൂജകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ മിക്കതും തന്ത്രഗ്രന്ഥങ്ങള്‍ എന്ന പേരില്‍ത്തന്നെയാണു പ്രസിദ്ധമായിട്ടുള്ളത്. ശിവപാര്‍വതിമാരുടെ സംഭാഷണ രൂപത്തില്‍ തന്ത്ര വിഷയങ്ങള്‍ അവതരിപ്പിക്കുന്ന രീതി പല തന്ത്രഗ്രന്ഥങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. ശിവന്‍ പാര്‍വതിക്കു ഉപദേശിക്കുന്നവയ്ക്ക് ആഗമങ്ങള്‍ എന്നും പാര്‍വതി ശിവനോടു പറയുന്നവയ്ക്ക് നിഗമങ്ങള്‍ എന്നുമാണ് പേര്. ശൈവ, വൈഷ്ണവ, ഗാണപത്യ, സൌര, ശാക്തതന്ത്രങ്ങളിലേതെങ്കിലും നിഷ്ഠയോടുകൂടി അനുഷ്ഠിക്കുന്ന വരെ പഞ്ചോപാസകര്‍ എന്നു വിളിക്കുന്നു. മന്ത്രാക്ഷരങ്ങളുടേയും യന്ത്രങ്ങളുടേയും മറ്റും ശക്തി വിശദീകരിക്കുന്ന ‘ജ്ഞാനം’, മനസ്സിനെ ഏകാഗ്രമാക്കുന്ന സിദ്ധികള്‍ വിശദീകരിക്കുന്ന ‘യോഗം’, തന്ത്രാനുഷ്ഠാനത്തിനുവേണ്ട ക്ഷേത്ര ശില്പ നിര്‍മാണം തുടങ്ങിയവ വിവരിക്കുന്ന ‘ക്രിയ’, തന്ത്രാനുഷ്ഠാനങ്ങളെല്ലാം വിവരിക്കുന്ന ‘ചര്യ’ ഈ നാല് വിഷയങ്ങളാണ് തന്ത്രഗ്രന്ഥങ്ങളില്‍ പ്രധാനമായി വിശദീകരിച്ചിരിക്കുന്നത്. പുരാണ ഗ്രന്ഥങ്ങള്‍ക്ക് പഞ്ച ലക്ഷണം (സര്‍ഗം, പ്രതിസര്‍ഗം, വംശം, മന്വന്തരം, വംശാനുചരിതം ഇവയുടെ വര്‍ണനം) ഉണ്ടെന്നു പറയുന്നതുപോലെ തന്ത്ര ഗ്രന്ഥങ്ങള്‍ക്കും ഈ നാല് ഘടകങ്ങള്‍ ഉണ്ടാകണം എന്നാണ് സങ്കല്പം. എന്നാല്‍ ഗ്രന്ഥത്തിലെ വിഷയത്തിനു നല്കുന്ന പ്രാധാന്യമനുസരിച്ച് ഈ നാല് വിഷയങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്കിയിട്ടില്ലാത്ത തന്ത്രഗ്രന്ഥങ്ങളുമുണ്ട്.

മന്ത്രാക്ഷര സംയുക്തമായ തന്ത്രാനുഷ്ഠാനത്തിലൂടെ ഈശ്വര ചൈതന്യത്തെ ആവാഹിച്ച് സപരിവാര പൂജയിലൂടെ അഭീഷ്ട സിദ്ധിനേടുന്ന ശാസ്ത്രമാണ് തന്ത്രശാസ്ത്രം. ഗുപ്ത രാജവംശ കാലഘട്ടത്തില്‍ത്തന്നെ തന്ത്രശാസ്ത്രം പ്രചരിച്ചിരുന്നതിനു തെളിവാണ് കുബ്ജികാമതം എന്ന തന്ത്രഗ്രന്ഥത്തിന് ഗുപ്ത ലിപിയിലുള്ള രേഖകള്‍ ലഭ്യമായിട്ടുള്ളത്. തെന്നിന്ത്യന്‍ തന്ത്രങ്ങളെപ്പറ്റി കൈലാസനാഥ ക്ഷേത്രത്തിലെ ശിലാലേഖനങ്ങളില്‍ 6-ാം ശ.-ത്തില്‍ രാജസിംഹവര്‍മന്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകള്‍ അക്കാലത്തു തന്നെ തെക്കേ ഇന്ത്യയിലും തന്ത്രശാസ്ത്രം വികാസം പ്രാപിച്ചിരുന്നു എന്ന ദിശയിലേക്കുള്ള ചൂണ്ടുപലകയായി കരുതാം. അനുഷ്ഠാനങ്ങളും സംസ്കൃതത്തിലുള്ള മന്ത്രങ്ങളും അവയുടെ അര്‍ഥവും വിശദീകരിച്ചുകൊണ്ട് പ്രാദേശിക ഭാഷകളില്‍ ആധുനിക കാലത്തും തന്ത്രഗ്രന്ഥങ്ങള്‍ രചിക്കപ്പെടുന്നുണ്ട്.

പ്രപഞ്ചശക്തികളെ ശരീരസാധനയിലൂടെ കണ്ടെത്തുന്ന പൂജാവിധികള്‍ തന്ത്രശാസ്ത്രത്തില്‍ വിവരിക്കുന്നു. ധ്യാനം, യോഗസാധന ഇവയിലൂടെ ശരീരത്തില്‍ അന്തര്‍ലീനമായുള്ള ശക്തിയെ ഉണര്‍ത്തി, പ്രപഞ്ചശക്തിയെ കണ്ടെത്തി, ലൌകിക രീതിയിലുള്ള പൂജാസമര്‍പ്പണമാണ് അനുഷ്ഠാനങ്ങളില്‍ പ്രധാനം. സാധനയിലൂടെ കുണ്ഡലിനീശക്തിയെ ഉണര്‍ത്തി സുഷുമ്ന വഴി ശിരസ്സിലെത്തിച്ച് സഹസ്രാരവിന്ദവുമായി സംയോജിപ്പിക്കുന്നതാണ് യോഗസാധനയിലെ പരമമായ കര്‍മം. അപ്പോള്‍ ധ്യാനമൂര്‍ത്തി മനസ്സില്‍ തെളിയുകയും ഈ മൂര്‍ത്തിയെ മുന്‍പിലുള്ള വിഗ്രഹത്തില്‍ സങ്കല്പിച്ച് പൂജ സമര്‍പ്പിക്കുകയും ചെയ്യുന്നു. മന്ത്രാക്ഷര സംയുക്തമായ പൂജ പര്യവസാനിച്ച് വിഗ്രഹമൂര്‍ത്തിയെ ഉദ്വസിക്കുന്നതുവരെയും ഈ മൂര്‍ത്തിയെ സ്വന്തം മനസ്സിലും വിഗ്രഹത്തിലും ദര്‍ശിക്കുവാന്‍ സാധകനു കഴിയുന്നു. താന്ത്രിക വിധിയിലൂടെയുള്ള ഈ ചൈതന്യദര്‍ശനം വേദാന്തത്തിലെയും മറ്റും ആത്മസാക്ഷാത്കാരത്തിനു തുല്യമാണത്രേ. വേദാന്തത്തില്‍ ജ്ഞാന മാര്‍ഗത്തിലൂടെ ആത്മസാക്ഷാത്കാരം ലഭ്യമാക്കുമ്പോള്‍ തന്ത്രശാസ്ത്രത്തില്‍ വിശ്വാസപൂര്‍വമുള്ള തന്ത്രാനുഷ്ഠാനത്തിലൂടെ ആത്മസാക്ഷാത്കാരം നേടാന്‍ കഴിയുന്നു. അദ്വൈതാചാര്യനായിരുന്ന ശങ്കരാചാര്യര്‍ തന്ത്രശാസ്ത്രപ്രകാരമുള്ള ദേവ്യുപാസകന്‍ കൂടിയായിരുന്നു എന്നത് ഈ രണ്ട് മാര്‍ഗങ്ങളും പരസ്പരപൂരകങ്ങളാണെന്നതിനു തെളിവാണ്.

തന്ത്രശാസ്ത്രത്തില്‍ പൂജാവിധികള്‍ പ്രധാനമാണ്. അതിനോടനുബന്ധിച്ചാണ് പ്രശ്നം, ശില്പശാസ്ത്രം, താന്ത്രികവിധികള്‍ ഇവ ഉണ്ടാകുന്നത്. വൈദികം, താന്ത്രികം, മിശ്രം (രണ്ടും കൂടിച്ചേര്‍ന്നത്) എന്ന് മൂന്ന് വിഭാഗങ്ങള്‍ തന്ത്രശാസ്ത്രത്തിലുണ്ട്. പൂജയോടൊപ്പം ഹോമാദികര്‍മങ്ങളും നടത്താറുണ്ട്. വേദത്തില്‍ നിന്നുതന്നെയാണ് തന്ത്രശാസ്ത്രം രൂപപ്പെട്ടിട്ടുള്ളത്. ഈശ്വരന് നിഷ്കളമെന്നും സകളമെന്നും രണ്ട് രൂപങ്ങള്‍ വേദത്തിലുണ്ട്. ഇതിനെ നിഷ്കളബ്രഹ്മമെന്നും സകളബ്രഹ്മമെന്നും പറയുന്നു. സകളോപാസനയില്‍ക്കൂടിയാണ് നിഷ്കളോപാസനയിലേക്കു കടക്കുന്നത്. ഇത് പൂരുഷസൂക്തത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. നിഷ്കളബ്രഹ്മം തന്നെ പ്രപഞ്ചസൃഷ്ടിക്കുവേണ്ടി സകളസ്വരൂപം സ്വീകരിക്കുന്നു. ആദ്യം ബ്രഹ്മാണ്ഡമുണ്ടായിട്ട് അതുവിരിഞ്ഞ് വിരാട് സ്വരൂപം ഉണ്ടാകുന്നു. ആ വിരാട് പുരുഷനെയാണ് ‘സഹസ്രശീര്‍ഷാ പുരുഷഃ’ എന്നു തുടങ്ങുന്ന മന്ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. സൂക്ഷ്മമായ വിരാട് സ്വരൂപത്തില്‍ നിന്ന് വിശ്വരൂപം ഉണ്ടാകുന്നു. ഇത് ദൃശ്യപ്രപഞ്ചമാണ്. താന്ത്രികവിധിയില്‍ വിശ്വരൂപധ്യാനവും വിഗ്രഹധ്യാനവും ഉണ്ട്. ഇതു രണ്ടില്‍ക്കൂടിയും നിഷ്കളബ്രഹ്മത്തെ പ്രാപിക്കാവുന്നതാണ്. വിശ്വരൂപത്തെയാണ് മഹര്‍ഷീശ്വരന്മാര്‍ പൂജാവിധിയിലുള്ള വിഗ്രഹരൂപമായി കല്പിക്കുന്നത്. വിശ്വരൂപത്തെത്തന്നെ ത്രിഗുണ ഭേദമനുസരിച്ച് ശൈവം, ശാക്തേയം, വൈഷ്ണവം എന്നു മൂന്നായി തിരിച്ചിരിക്കുന്നു. പ്രധാനപ്പെട്ട ഏഴ് ദേവതാപൂജകളാണ് തന്ത്രസമുച്ചയത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ശേഷസമുച്ചയത്തില്‍ ഇതിനോടനുബന്ധിച്ച വേറെയും ദേവതാപൂജകള്‍ വിധിച്ചിരിക്കുന്നു. ‘വിശേഷേണ ഗൃഹ്യതേ ഇതിവിഗ്രഹഃ’ എന്നാണ് ‘വിഗ്രഹ’ശബ്ദത്തിന്റെ വ്യുത്പത്തി. ആത്മചൈതന്യത്തിന്റെ ഉപാധിയായ ശരീരമാണ് വിഗ്രഹം. വിശ്വരൂപത്തില്‍ ആത്മചൈതന്യമാണ് ഈശ്വരന്‍. ദൃശ്യപ്രപഞ്ചം ഈശ്വരന്റെ ശരീരവുമാണ്. ഈ തത്ത്വത്തിന്റെ ചെറിയ രൂപമായിട്ടാണ് വിഗ്രഹത്തില്‍ ഈശ്വരചൈതന്യമുണ്ടാകുന്നത്.

ലൗകിക സുഖങ്ങള്‍ക്കതീതമായ ആത്മസാക്ഷാത്കാരം എന്ന പരമമായ ലക്ഷ്യത്തെ പലപ്പോഴും വിസ്മരിക്കുവാന്‍ വാമമാര്‍ഗാചാരങ്ങള്‍ കാരണമാകുന്നു. മദ്യം, മാംസം, മൈഥുനം തുടങ്ങിയ മകാര പഞ്ചകങ്ങളെ പ്രതീകാത്മകങ്ങളായി കാണാന്‍ ശ്രമിക്കേണ്ടതാണെന്ന് പല തന്ത്രശാസ്ത്രങ്ങളിലും പറയുന്നുണ്ട്. കുണ്ഡലിനീ സഹസ്രാര ശക്തികളുടെ സംയോഗത്താലുള്ള അമൃതാനുഭവത്തെ മദ്യം എന്ന വാക്കു പ്രതിനിധീകരിക്കുന്നതായും ശരീരത്തേയും വ്യക്തിത്വത്തേയും ഇല്ലായ്മ ചെയ്യുന്ന തത്ത്വത്തെ മാംസം എന്ന വാക്കു പ്രതിനിധീകരിക്കുന്നതായും ജീവാത്മപരമാത്മൈക്യത്തെ മൈഥുനം എന്ന വാക്കു പ്രതിനിധീകരിക്കുന്നതായും ഇവര്‍ കണക്കാക്കുന്നു. ഇങ്ങനെയല്ലാതെയുള്ള ചിന്താഗതിയോടെ ചെയ്യുന്ന അനുഷ്ഠാനങ്ങള്‍ക്ക് ലക്ഷ്യപ്രാപ്തി കൈവരില്ല എന്നും വ്യക്തമാക്കുന്നു.

No comments:

Post a Comment