അന്നം ബ്രഹ്മം എന്ന സന്ദേശസാരം
ഭക്ഷ്യദ്രവ്യം ബ്രഹ്മമാണ്. ജീവചൈതന്യത്തെ, ശരീരമാകുന്ന ക്ഷേത്രത്തില്‍ നിലനിര്‍ത്തുന്നതും ജീവചൈതന്യത്തെ ശരീരത്തിന് കൊടുക്കുന്നതും ഒരുപോലെയാണല്ലോ. അതുകൊണ്ട് ജീവചൈതന്യത്തെ അഥവാ ആത്മചൈതന്യത്തെ ശരീരത്തില്‍ നിലനിര്‍ത്തുന്നതേതാണോ അത് അന്നമായതിനാല്‍ ഉപനിഷത്തുകള്‍, അന്നം ബ്രഹ്മമാണ് എന്ന് വ്യക്തമാക്കുന്നു. യജ്ഞാഗ്നിയില്‍ ഹവിസുപോലെ, ദഹനക്രിയയുടെ അഗ്നിയിലെ ഹവിസ്സാണ് ഭക്ഷണം. അന്നം മാംസാഹാരമായാല്‍ അത് ശവശരീരത്തിന്റെ ഭാഗമാണ്. അതിനെ ബ്രഹ്മമെന്ന മഹത് വചനത്തിലൂടെ ചിന്തിക്കുവാന്‍പോലും സാധ്യമല്ല. നാം കഴിക്കുന്ന ഭക്ഷണം കുറേക്കാലത്തേയ്ക്ക് നിര്‍ത്തിയെന്നുവിചാരിക്കുക. ശരീരം ശോഷിച്ച് ശരീരത്തിന്റെ ഓരോ അവയവത്തിന്റെയും സെല്ലിന്റെയും ബയോകെമിക്കല്‍ പ്രവര്‍ത്തനം ഇല്ലാതാകും. ഈ ശരീരത്തിലെ താപം നിലനിര്‍ത്തുന്നതും ചെവി, കണ്ണ്, മൂക്ക്, ഹൃദയം ഇവയില്‍ ചെറിയരീതിയില്‍ ബയോ ഇലക്ട്രിസിറ്റി ഉല്‍പ്പാദിപ്പിച്ച് ഓരോ ജ്ഞാനേന്ദ്രിയത്തെയും പ്രവര്‍ത്തിപ്പിക്കുന്നതും. തൊണ്ടയില്‍ കമ്പനംകൊണ്ട് ശബ്ദഊര്‍ജം ഉണ്ടാകുന്നതും ശരീരത്തിലെ സമഗ്രമായ ജൈവരാസ പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ രാസ ഊര്‍ജ്ജം ഉണ്ടാകുന്നതും, കണ്ണില്‍ പ്രകാശ ഊര്‍ജ്ജത്തെ സംസ്‌കരിക്കുന്നതും മൂക്കില്‍ ഘ്രാണശക്തി തരുന്നതും, ശരീരത്തിലെ എല്ലാ ചലനപ്രവര്‍ത്തനങ്ങള്‍ക്കും ആധാരമായ പ്രവര്‍ത്തനങ്ങള്‍ ആയി വരുന്നതുമെല്ലാം നാം കഴിക്കുന്ന ഭക്ഷണമാണ്. ഭക്ഷണം അഥവാ അതിന്റെ ദഹനക്രിയ നിന്നാല്‍ അതോടുകൂടി പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍ ഇവയുടെയെല്ലാം കര്‍മ്മങ്ങള്‍ നിലനില്‍ക്കുന്നത് അന്നത്തിലെ തന്മാത്രകള്‍ ഊര്‍ജ്ജമായി, വിഘടനത്തിലൂടെ മാറുന്നതുകൊണ്ടാണ്. സിട്രിക് ആസിഡ് സൈക്കിളും അന്നത്തെ ഊര്‍ജ്ജമാക്കി മാറ്റി ശരീരത്തില്‍ ജീവാത്മചൈതന്യം നിലനില്‍ക്കുന്നതിനു കാരണമായിത്തീര്‍ന്നു. അതിനാല്‍ ജീവാത്മ ചൈതന്യത്തിന്റെ ശരീരത്തിലെ ആധാരമെന്നത് അന്നമാണ്. ആധാരത്തിതന്നാധാരമായ ചൈതന്യവും ബ്രഹ്മചൈതന്യമാണ്. ഈ ഭക്ഷണത്തിലെ കാര്‍ബണും നൈട്രജനും ഹൈഡ്രജനും ഓക്‌സിജനുമല്ലേ വിഘടിച്ച്/വിഘടിപ്പിച്ച് അനേകം തരത്തിലുള്ള എന്‍സൈമുകളും ഹോര്‍മോണുകളുമെല്ലാമായി മാറുന്നത്. ഈ പുതിയ പുതിയ ആയിരക്കണക്കിന് സംയുക്തങ്ങളുടെ മോളികുലാര്‍ ഭാരം (പലതിനും) പതിനായിരക്കണക്കിന് യൂണിറ്റുകള്‍ വരും, ഈ തന്മാത്രകളെയുണ്ടാക്കാനുള്ള ജ്ഞാനം ശരീരത്തിനകത്തു തന്നെയുള്ളതല്ലേ? ഈ ആഹാരഘടകങ്ങളാണ് ചുവന്നതും വെളുത്തതുമായ രക്താണുക്കളെയുണ്ടാക്കുന്നത്. ഈ ആഹാരഭാഗമാണ് പല്ലും എല്ലും മുടിയും നഖവും രക്തവും മാംസവുമെല്ലാമായി മാറുന്നത്. ഈ ആഹാരഭാഗമാണ് ശരീരമായി മാറുന്നത്. ആഹാരമാണ് ജീവാത്മാവായും നിലനില്‍ക്കുന്നത്. അതുകൊണ്ട് ശരീരത്തിന്റേയും മനസ്സിന്റേയും ആത്മാവിന്റെയും അടിസ്ഥാനം ആഹാരമാണ് അഥവാ അന്നമാണ് അപ്പോളത് ബ്രഹ്മമല്ലേ? ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മകര്‍മ്മ സമാധിനഃ (ഭഗവത്ഗീത) എന്ന വരിയില്‍ ഹവിസ്, അഗ്നി, ആഹുതി, അര്‍പ്പണം, എല്ലാം ബ്രഹ്മമാണെന്നും അവയെല്ലാം ബ്രഹ്മചൈതന്യത്തിലേയ്ക്ക് തന്നെ എത്തിച്ചേരുന്നു എന്നും വിവരിക്കുന്നു. ഇത് അത്യദ്ഭുതകരമായ ശാസ്ത്രസത്യമാണ്. ഒരു ബ്രഹ്മം മറ്റൊരു ബ്രഹ്മത്തില്‍ ലയിക്കുന്നതായിട്ടാണോ വിവരിക്കുന്നത്? ബ്രഹ്മത്തിന്റെ ഒരു ഭാഗം മറ്റൊന്നിനോടു ചേരുന്നു എന്ന് വീക്ഷിക്കാം. നദിയിലെ ജലം, സാഗരത്തില്‍ ചേര്‍ന്ന് ഒന്നാകുന്നതുപോലെ, വൈദ്യുത ഊര്‍ജ്ജം, താപോര്‍ജ്ജമായും പ്രകാശ ഊര്‍ജ്ജമായും ശബ്ദ ഊര്‍ജ്ജമായും പ്രതിഫലിക്കുന്നതു പോലെയാണത്. അതുപോലെ തിരിച്ചും സംഭവിക്കുന്നുണ്ട്. അപ്രകാരമൊരു ശാസ്ത്ര സത്യമാണ് മേലുദ്ധരിച്ച ഭഗവത് ഗീതാവരിയിലുള്ളത്. ബ്രഹ്മം, ദ്രവ്യകര്‍മ്മങ്ങളായും, ദ്രവ്യ-കര്‍മ്മങ്ങള്‍ ബ്രഹ്മമായും കാണാവുന്നതാണ്. കാരണം പ്രപഞ്ചത്തിലെ സര്‍വ്വതും ബ്രഹ്മചൈതന്യമാണ്. അതായത് matter and energy! അവസാനമായി വിവരിക്കാനുള്ളത് സഗുണ ബ്രഹ്മം നിര്‍ഗുണ ബ്രഹ്മം എന്നീ പ്രതിഭാസങ്ങളാണ്. ഊര്‍ജ്ജത്തിന് രണ്ടവസ്ഥകളുണ്ടോ? ചൈതന്യവത്തായ അസ്തിത്വത്തിന്റെ ഒരവസ്ഥമാത്രമാണ് ഊര്‍ജ്ജത്തിനുള്ളത്. രണ്ടവസ്ഥയുണ്ടെന്ന് തോന്നലുണ്ടാകാമോ? ബാഹ്യമായി നോക്കിയാല്‍ രണ്ട് അവസ്ഥയുണ്ടോ? ഉണ്ടെങ്കില്‍ അവ പരസ്പര വിരുദ്ധമായി വര്‍ത്തിക്കുന്നതാണോ? ഉത്തരത്തില്‍നിന്ന് ചോദ്യത്തിലേക്ക് വരാം. ഒരു ആറ്റത്തില്‍ അത്യുജ്ജ്വല വേഗത്തോാടെ ഇലക്‌ട്രോണുകള്‍ ന്യൂക്ലിയസിനു ചുറ്റും പായുന്നു. ന്യൂക്ലിയസ് ഭ്രമണം ചെയ്യുന്നുമുണ്ട്. ഇത്തരത്തിലുള്ള ആറ്റങ്ങളാല്‍ നിര്‍മിതമായ മോളിക്യൂളുകളുള്ള ജലം, കടുക്, മണ്ണ് തുടങ്ങി കോടിക്കണക്കിന് ദ്രവ്യങ്ങള്‍ എല്ലാം തന്നെ നിശ്ചലമായി നില്‍ക്കുന്നു. നിശ്ചലമായി, നമ്മുടെ കയ്യില്‍ ഇരിക്കുന്ന ഒരു മണല്‍ത്തരിയില്‍ പോലും അത്യുജ്ജ്വലവേഗത്തോടെ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്ന ആറ്റങ്ങളിലെ കണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതില്‍നിന്ന് വ്യക്തമാകുന്നത്, ഓരോ ദ്രവ്യത്തിലും ചലനാത്മകമായ ആറ്റങ്ങളുടെ സഗുണത്വം നിലനില്‍ക്കുമ്പോള്‍ തന്നെ ബാഹ്യമായി നോക്കുമ്പോള്‍ ചലനമില്ലാത്ത അവസ്ഥയായ നിര്‍ഗുണത്വവും ദര്‍ശനയോഗ്യമാകുന്നു എന്നാണ്. അത്യുജ്വലവേഗത്തില്‍ ഭൂമിയും സൗരയൂഥവും ഈ ഗാലക്‌സികളും തിരിയുമ്പോഴും ഭൂമിയില്‍ ജീവിക്കുന്ന നമുക്ക് ഭൂമി അനങ്ങാതെ നില്‍ക്കുന്നതുപോലെ തോന്നുന്നു. സഗുണാവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെ ദൃശ്യമാകുന്ന നിര്‍ഗുണാവസ്ഥയാണല്ലോ ഇത്.
No comments:
Post a Comment