21 June 2018

വീട് - മുറികളുടെ സ്ഥാനം

വീട് - മുറികളുടെ സ്ഥാനം 

വാസ്തു ശാസ്ത്രത്തിന്റെ പ്രധാന ഭാഗമാണ് ഗൃഹ വാസ്തു. പ്രപഞ്ചത്തില്‍ നിന്നും പ്രസരിക്കുന്ന വിവിധ തരംഗങ്ങള്‍ വീട്ടില്‍ ഉള്ളവരെ എങ്ങനെ സ്വാധീനിക്കും എന്ന് മനസ്സിലാക്കിയാണ് വാസ്തുവിലെ നിയമങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് . എല്ലാ മുറികളും വാസ്തു ശാസ്ത്രത്തിലെ ആയാദി ഷഡ്വര്‍ഗ നിയമം അനുസരിച്ച് വേണം തയ്യാറാക്കാന്‍ . ആധുനിക ശാസ്ത്രത്തില്‍ ഇല്ലാത്തതും , വാസ്തുവില്‍ ഉള്ളതുമായ ഒരേ ഒരു കാര്യം ആയാദി ഷഡ് വര്‍ഗമാണ്. പ്രധാന വാതിലിന്റെ നേരെ മുന്‍പിലായി മരമോ തൂണ് കളോ ഒന്നും വരരുത്. അത് വേധം ആയി വരും. പ്രത്യേകിച്ച് മാവ് വരരുത്. മരണം, സന്താന നാശം, ബന്ധനം എന്നിവ ഫലം. 

കുളിമുറി - ശാസ്ത്രം അനുസരിച്ച് കുളിമുറി വീടിന്റെ കിഴക്ക് ഭാഗത്ത്‌, വടക്ക് ഭാഗത്തും ആകാം.

കിടപ്പുമുറി - യഥാര്‍ത്ഥത്തില്‍ നാം നമ്മുടെ ജീവിതത്തിന്റെ മൂന്നില്‍ ഒരു ഭാഗം സമയം ഉറങ്ങാനായ്‌ എടുക്കുന്നു. അതുകൊണ്ട് തന്നെ കിടപ്പ് മുറിക്ക് ഉണ്ടാകുന്ന വാസ്തു ദോഷം നമ്മളെ ബാധിക്കും എന്നതില്‍ തര്‍ക്കം ഇല്ല. പ്രധാന കിടപ്പ് മുറി വീടിന്റെ തെക്ക് പടിഞ്ഞാറ് ആയിരിക്കണം. ഒരിക്കലും തല വടക്ക് വച്ച് കിടക്കരുത്. തല തെക്ക് വച്ച് വേണം കിടക്കാന്‍ . അതുപോലെ വീടിന്റെ തെക്ക് കിഴക്ക് മുറിയിലും ദമ്പതിമാര്‍ കിടക്കരുത്. എന്നും കലഹം ആയിരിക്കും ഫലം. കിടപ്പ് മുറിയില്‍ വിലപിടിച്ച സാധനങ്ങള്‍ വയ്ക്കുന്ന അലമാര മുറിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്‌ വടക്കോട്ട്‌ തുറക്കത്തക്ക തരത്തില്‍ വേണം വയ്ക്കുവാന്‍ .

കുട്ടികളുടെ പഠനമുറി - കുട്ടികളുടെ പഠനമുറി പടിഞ്ഞാറോ, കിഴക്കോ, വടക്കോ ആകാം. കോണ്‍ ദിക്കിലെ മുറികള്‍ ഒഴിവാക്കണം. മുറിയില്‍ മങ്ങിയ പച്ച വെളിച്ചം ഉണ്ടായാല്‍ അത് കുട്ടികളുടെ ബുദ്ധി ശക്തിയെ വളര്‍ത്തും. സരസ്വതി ദേവിയെയും, കൃഷ്ണ ഭഗവാനെയും പ്രാര്‍ത്ഥിക്കുന്നത്‌ പഠനത്തിനു നല്ലതാണ്. 

അടുക്കള - വീടിന്റെ തെക്ക് കിഴക്ക് ഭാഗം ആണ് അടുക്കളക്ക് ഉചിതം. ഏക യോനിയോ ഗജ യോനിയോ ആവാം. കിഴക്ക് ഭാഗത്ത്‌ ജനല്‍ ഉണ്ടാവണം. വാതില്‍ കോണുകളില്‍ വരരുത്. ഫ്രിഡ്ജ്‌ വടക്ക് കിഴക്കും, തെക്ക് പടിഞ്ഞാറും ആവരുത്. പാചകം കിഴക്ക് നോക്കി ചെയ്യുവാന്‍ പറ്റണം. സ്ഥലം കൂടുതല്‍ ഉള്ളവര്‍ക്ക് അടുക്കള വേറിട്ടു പണിയാം. അങ്ങനെ ചെയ്യുമ്പോള്‍ വീടും അടുക്കളയും തമ്മിലുള്ള ദൂരം, ചുറ്റുമതിലും അടുക്കളയും തമ്മിലുള്ള ദൂരത്തേക്കാള്‍ കുറവായിരിക്കണം.

നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ തിരിച്ചറിയൂ 
സമ്പൂര്‍ണ്ണ ജാതകത്തിലൂടെ (പരിഹാര സഹിതം) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയൂ

പൂജാമുറി - പൂജാമുറി വടക്ക് കിഴക്ക് ഭാഗത്തോ, കിഴക്ക് ഭാഗത്തോ, ബ്രഹ്മ സ്ഥാനത്തോ, വടക്ക് കിഴക്കിന്റെ കിഴക്കോ ആകാം. അതുകൊണ്ട് ധനവും മനസ്സമാധാനവും ലഭിക്കും. ദേവന്‍ പടിഞ്ഞാറ് നോക്കിയിരിക്കണം. കിഴക്കോട്ട് നോക്കി വേണം നമ്മള്‍ തൊഴാന്‍ . ദേവന്റെ വടക്ക് ദര്‍ശനവും നല്ലതാണ്. മറ്റു സ്ഥലങ്ങളിലെ പൂജാ മുറി നമുക്ക് അസ്വസ്ഥത നല്‍കും. മരിച്ചു പോയവരുടെ പടം പൂജാമുറിയില്‍ വയ്ക്കരുത്. പൂജാ സാധങ്ങള്‍ അല്ലാതെ മറ്റൊന്നും അവിടെ വയ്ക്കരുത്. വിഗ്രഹങ്ങളെ മുഖാമുഖം വക്കരുത്. പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വച്ച് പൂജിക്കരുത്. വീട്ടില്‍ രണ്ടു ശിവ ലിംഗങ്ങള്‍ , മൂന്നു ഗണപതി, രണ്ടു ശങ്കുകള്‍ ,മൂന്നു ദേവി പ്രതിമകള്‍ ,രണ്ടു സാളഗ്രാമങ്ങള്‍ എന്നിവ ഒരുമിച്ചു പൂജിക്കരുത്. 

ചുരുക്കത്തില്‍ ഗുണപരമായ ഒരു വീട് വെക്കണം എങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമേ വാസ്തു അനുസരിച്ചുള്ള ഒരു വീട് നമുക്ക് ലഭിക്കു. അതുകൊണ്ട് ഈശ്വരനോട് പ്രാര്‍ത്ഥിക്കുക . വീട് പണിയും മുന്‍പ് ജാതകം ഒന്ന് പരിശോധിക്കണം. അനുകൂല സമയം എങ്കില്‍ മാത്രമേ വീട് പണിക്കു തുടക്കം ഇടാവൂ. അതും നല്ല മുഹൂര്‍ത്തത്തില്‍ മാത്രം ചെയ്യണം. വര്‍ഷങ്ങളായി പണി തീരാത്ത വീടുകള്‍ നമ്മള്‍ കാണുന്നത് ആണല്ലോ. 

ധര്‍മദേവതയെ പ്രാര്‍ത്ഥിക്കുന്നത് എല്ലാ കാര്യത്തിനും നല്ലതാണ്. ഒരു നല്ല വീട് ഉണ്ടാവാന്‍ ധര്‍മദേവതകള്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

No comments:

Post a Comment