സോപാനസംഗീതം
കേരളത്തിന്റെ തനതു സംഗീതശൈലി, കേരളീയ ക്ഷേത്രങ്ങളിലാണ് ഇതിന്റെ തുടക്കം. രാഗാധിഷ്ഠിതമാണ് ഈ സംഗീതം. കര്‍ണാടക സംഗീതത്തിന്റെ ആലാപനരീതിയില്‍ നിന്നും സോപാന സംഗീതം വ്യത്യസ്തത പുലര്‍ത്തുന്നു.
'സോപാനം' എന്നത് ക്ഷേത്രത്തിലെ ശ്രീകോലിവിനു മുന്നിലുള്ള ചവിട്ടുപടിയാണ്. അതിനാല്‍ സോപാനസംഗീതത്തെ, സോപാനത്തില്‍ നിന്നുകൊണ്ടുള്ള പാട്ടാണെന്ന് സാമാന്യമായി അര്‍ത്ഥം പറയാം. സംഗീതപരമായി ഇതിന് മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. ഒരു രാഗത്തിന്റെ ആരോഹണാവരോഹണ ക്രമം, സോപാനം പോലെയാണ്. ചില സ്വരങ്ങളെ സ്ഥായിയായി സ്വീകരിച്ചു കൊണ്ടും ചിലതിനെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടും വിളംബിത കാലത്തില്‍ തുടങ്ങി പടിപടിയായി ഉച്ചസ്ഥായിയില്‍ എത്തിയശേഷം, ക്രമേണ താഴേയ്ക്ക് ഇറക്കിക്കൊണ്ടുവരുന്ന ശൈലിയാണിത്.
സോപാനസംഗീതത്തിന് രണ്ടു കൈവഴികളുണ്ട് - കൊട്ടിപ്പാടിസേവ, രംഗസോപാനം. ക്ഷേത്രത്തിന്റെ സോപാനത്തില്‍ നിന്നുകൊണ്ട് പൂജാവേളയില്‍ മാരാര്‍, ഇടയ്ക്കകൊട്ടി പാടുന്നതിനെയാണ് 'കൊട്ടിപ്പാടിസേവ' എന്നുപറയുന്നത്. ഇതിന്റെ തുടക്കത്തില്‍ പ്രധാന മൂര്‍ത്തിയെ വന്ദിക്കുന്ന കീര്‍ത്തനമാണ് ചൊല്ലുക. തുടര്‍ന്ന് ജയദേവകവിയുടെ 'ഗീതഗോവിന്ദ'ത്തിലെ അഷ്ടപദിയും പാടുന്നു. ശിവസ്തുതികളും കീര്‍ത്തനങ്ങളുമൊക്കെ അപൂര്‍വ്വമായി പാടാറുണ്ട്.
ദ്രാവിഡസംഗീതത്തിന്റെ തുടര്‍ച്ചയായിട്ടുവേണം സോപാനസംഗീതത്തെ കാണാന്‍. സംഘകാലം മുതല്‍ ചേര കാലം വരെയുള്ള കാലഘട്ടത്തിലെ (എ.ഡി.4 മുതല്‍ 10 വരെയുള്ള നൂറ്റാണ്ടുകള്‍) സംഗീതത്തെയാണ് 'ദ്രാവിഡസംഗീതം' എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പ്രാചീനതമിഴ്ഗാനങ്ങള്‍, തേവാരം പാട്ടുകള്‍ എന്നിവയാണ് പ്രധാനമായും ഇതില്‍ വരുന്നത്. രാഗാധിഷ്ഠിത സംഗീതത്തെക്കുറിച്ച് സംഘം കൃതിയായ ഇളം കോവടികളുടെ 'ചിലപ്പതികാരം' വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ചിലപ്പതികാരത്തിലെ നായികയായ 'മാധവി' നൃത്തസംഗീതാദി കലകളില്‍ നിപുണയായിരുന്നു. സംഗീതാചാര്യനുണ്ടായിരിക്കേണ്ട യോഗ്യത, വിവിധ സംഗീത പ്രമാണങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവയെ കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ ആ കൃതിയില്‍ നിന്നും ലഭ്യമാണ്. സപ്തസ്വരങ്ങളെ വഴിക്കു വഴികുറള്‍, തൂത്തം, കൈക്കിളൈ, ഉഴൈ, ഇള്ളി, വിളറി, താരം എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. ശ്രുതിക്ക് 'അലഹ്' എന്നും രാഗത്തിന് 'പണ്‍' എന്നും പറഞ്ഞിരിക്കുന്നു. അനേകം കമ്പികളോടു കൂടിയ 'യാഴ്' എന്ന സംഗീതോപകരണം അക്കാലത്തുണ്ടായിരുന്നു. ദേശങ്ങളുടെ പേരിനോടു ചേര്‍ത്ത് രാഗങ്ങള്‍ അറിയപ്പെട്ടു. നൈതല്‍ പണ്‍, പാലൈപണ്‍, മരുതം പണ്‍, കുറിഞ്ചി പണ്‍, മുല്ലൈപണ്‍ എന്നിങ്ങനെ.
എ.ഡി. എട്ടാം നൂറ്റാണ്ടോടുകൂടി പൂര്‍ണ്ണതയിലെത്തിയ ആര്യാധിനിവേശത്തിന്റെ ഫലമായി കേരളത്തില്‍ ക്ഷേത്രങ്ങള്‍ രൂപപ്പെട്ടുവന്നു. ശൈവവൈഷ്ണവ ക്ഷേത്രങ്ങളില്‍ സംഗീതാര്‍ച്ചന ഉടലെടുത്തത് ഇക്കാലത്തായിരിക്കണം. വിഷ്ണുക്ഷേത്രങ്ങളില്‍ 'തിരുവായ്മൊഴിയും' ശൈവക്ഷേത്രങ്ങളില്‍ 'തേവാരം പാട്ടുകളും' അര്‍ച്ചനയുടെ ഭാഗമായി പാടിപ്പോന്നു. ഏതാണ്ട് ഇരുപത്തെട്ടോളം രാഗങ്ങള്‍ 'തേവാരംപാട്ടുകള്‍, പാടാന്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. തമിഴ് സംഗീതത്തിന്റെ സത്തായ കൗശികം, വ്യാഴക്കുറിഞ്ചി, പഴംപഞ്ചുരം, ഗാന്ധാരപഞ്ചമം, തക്കേശി, സദാരി, ചെന്തുരുത്തി, ശെവ്വഴി, തിരുത്താണ്ഡവം, പഴം തക്ക, ഇന്ദളം, ഗാന്ധാരം, പുറനീര്‍മൈ, കൊല്ലി എന്നീ രാഗങ്ങള്‍ ഉപയോഗിച്ചിരുന്നു.
കുലശേഖരവര്‍മ്മന്റെ കാലഘട്ടത്തില്‍ (എ.ഡി. എട്ടാം നൂറ്റാണ്ട്) ആണ് ക്ഷേത്രകലയായ കൂടിയാട്ടം വളര്‍ന്നത്. 'സ്വരിക്കല്‍' എന്ന രാഗാധിഷ്ഠിത സംഗീതം കൂടിയാട്ടത്തിലും ഉണ്ടായിരുന്നു.
എ.ഡി. 12-ാം നൂറ്റാണ്ടോടുകൂടി വംശദേശത്തെ ജയദേവകവിയുടെ 'ഗീതഗോവിന്ദം' സംഗീതരൂപത്തിലും നൃത്തരൂപത്തിലും കേരളത്തില്‍ പ്രചരിക്കുകയുണ്ടായി. ക്ഷേത്രസോപാനത്തില്‍ ഇടയ്ക്ക കൊട്ടി പാടിയിരുന്ന ഈ സംഗീതവും രാഗാധിഷ്ഠിതമായിരുന്നു. ആഹരി, കല്യാണി, കാമോദരി, കേദാരഗൗള, കേദാരപന്ത്, ഗുര്‍ജ്ജരി, ഘണ്ട, ദേവ ഗാന്ധാരി, ദേശാക്ഷി, പന്തുവരാളി, പുന്നഗവരാളി, ഭൂപാളം, മധ്യമാവതി, മലഹരി, മാള്‍വ, മുഖാരി, രാമക്രിയ, വസന്തഭൈരവി, ശങ്കരാഭരണം, സൗരാഷ്ട്രം എന്നിവയാണ് കൊട്ടിപ്പാടി സേവയ്ക്ക് ഉപയോഗിച്ചിരുന്ന രാഗങ്ങള്‍.
സോപാന സംഗീതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖയാണ് 'അരങ്ങുസംഗീതം'. ഇതിനെ അഭിനയ സംഗീതം എന്നുപറയാം. മുടിയേറ്റ്, അര്‍ജ്ജുനനൃത്തം എന്നീ നാടന്‍ കലകളിലും കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി എന്നീ ക്ലാസിക് കലകളിലും ഉപയോഗിച്ചു വരുന്ന സംഗീതം ഇതാണ്. അഭിനയത്തിനു വിധേയമായിട്ടാണ് ഈ സംഗീതം ഉള്ളത്. ഇത് തൗര്യത്രികാധിഷ്ഠിതമാണ്. അരങ്ങില്‍ ഗായകന്‍ പാടുകയും വാദ്യക്കാരന്‍ കൊട്ടുകയും നടന്‍ അതിനനുസരിച്ച് വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് അഭിനയിക്കുകയും ചെയ്യുന്നു. ഇവിടെ പ്രേക്ഷകനില്‍ കഥാവസ്തുവും കഥാപാത്രനിലയും വിശദീകരിക്കുന്ന കര്‍ത്തവ്യമാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. കഥാപാത്രങ്ങളുടെ ഭാവത്തെ പോഷിപ്പിക്കുന്ന രാഗങ്ങളും താളങ്ങളും ഈ സംഗീതശൈലിയുടെ പ്രത്യേകതയാണ്.
മുടിയേറ്റിലെ പാട്ടുകള്‍ ആലപിക്കുന്നത് സോപാനസംഗീത ശൈലിയിലാണ്. ഇതില്‍ കേദാരഗൗള, തോടി, ഖരഹരപ്രിയ തുടങ്ങിയ രാഗങ്ങള്‍ ഉപയോഗിക്കുന്നു.
ചെണ്ട, വീക്കന്‍ ചെണ്ട, ചേങ്ങില, ഇലത്താളം, ശംഖ്, എന്നിവയാണ് ഇതിലെ വാദ്യങ്ങള്‍. ഏകം, ത്രിപുട, ചെമ്പട, ചമ്പ, അടന്ത, മുറിയടന്ത എന്നീ താളങ്ങളില്‍ തൗര്യത്രികം ചിട്ടപ്പെടുത്തിയിരിക്കുന്നു.
No comments:
Post a Comment