നാഗദേവതകൾ വാഴും അത്തിപ്പറ്റ മന
പാലക്കാട് ജില്ലയിലെ ചെത്തല്ലൂർ ആണു അത്തിപ്പറ്റ മന സ്ഥിതി ചെയ്യുന്നത്. സർപ്പാരാധനയ്ക്ക് പേരു കേട്ട മനയാണു അത്തിപ്പറ്റ മന. വള്ളുവനാട്ടിലെ പ്രസിദ്ധമായ നമ്പൂതിരി ഗൃഹമാണു അത്തിപ്പറ്റ മന.
സാത്വിക നമ്പൂതിരി കുടുംബമാണു ഇവരുടെത്. ശുകപുരം ഗ്രാമക്കാരാണു . ഗ്രാമപരദേവത ശുകപുരത്തപ്പൻ ആണു. സർപ്പാരാധനയ്ക്കാണു പ്രസിദ്ധി കേട്ടവരാണു ഇവർ. ഏകദേശം 800 ഓളം വർഷം പഴക്കം കാണും ഈ പരമ്പരയ്ക്ക്.
അത്തിപ്പറ്റ മന നാലുകെട്ടാണു . ഏകദേശം 200 കൊല്ലം പഴക്കമുണ്ടാകും ഈ നാലുകെട്ടിനു. പണ്ട് ഇത് എട്ട്കെട്ടായിരുന്നു. തട്ടുൾപ്പടെ നാലു നിലയുള്ള മാളിക കാണേണ്ട കാഴ്ചയാണു. 10 ഓളം മുറികളും, കോണികളും, കാറ്റോട്ടം കിട്ടുന്ന ജനലുകളും, എല്ലാം മനോഹരമായ കാഴ്ചയാണു. പഴമ വിളിച്ചോതുന്ന കെട്ടിടമാണു. മുറിയിൽ തട്ടിൽ കൊത്തിയിരിക്കുന്ന കൊത്തുപ്പണികൾ ഒരു അദ്ഭുതമാണു. അഷ്ടദളം ഉൾപ്പടെ വാസ്തുവിദ്യയുടെ മകുടോദാഹരണമായ വസ്തുക്കൾ അനവധിയുണ്ട് മനയിൽ. മുറികൾ എല്ലാം തട്ടിട്ട മുറികളാണു , ചെറിയ മുറികളായത് കൊണ്ട് നല്ല തണുപ്പുണ്ട്. വെട്ടുകല്ലാൽ തീർത്ത മാളിക പഴമ വിളിച്ചോതുന്ന ഒന്നാണു. പ്രകൃതി ഭംഗി അത്തിപ്പറ്റ മനയ്ക്ക് മാറ്റേകുന്നു.
നൂറ്റാണ്ടുകൾക്ക് മുന്നെ ഇവിടുത്തെ ഒരു കാരണവർ വൈക്കത്തു തൊഴാൻ പോയി പോരുന്ന സമയം അദ്ദേഹത്തിന്റെ ഓലക്കുടയിൽ ഒരു സർപ്പം അവിടെ നിന്നു കൂടെ ഇല്ലത്തെക്ക് വന്നു എന്ന് ഐതിഹ്യം. (അത്തിപ്പറ്റക്കാരുടെ വാരം വൈക്കത്തഷ്ടമിയാണു) അങ്ങനെയാ ആണു തറവാട്ടിലെ സർപ്പാരാധാനയ്ക്ക് തുടക്കം. നടുമുറ്റത്ത് ആണു നാഗങ്ങളുടെ മൂലസ്ഥാനം. മരത്തിനു കീഴെ സർപ്പപുറ്റിലാണു മൂലസ്ഥാനം. നാഗകന്യ പ്രതിഷ്ഠയായി ശ്രീ കോവിലിൽ നാഗ ദൈവ പ്രതിഷ്ഠയുണ്ട്. കൂടെ നാഗങ്ങളും ഉണ്ട്. തറവാട്ടിലെ ശ്രീലകത്ത് ഉണ്ടായിരുന്ന ദുർഗ്ഗ ദക്ഷിണാമൂർത്തി വിഷ്ണു ഭദ്രകാളി എന്നീ മൂർത്തികളെയും ശ്രീകോവിലിൽ നാഗങ്ങളുടെ കൂടെ പ്രതിഷ്ഠിച്ചു. കുലദേവത ദുർഗ്ഗ. വിഷ്ണു പരദേവത. ശ്രീകോവിലിനോട് ചേർന്ന് ഏക്കറോളം ഭൂമിയിൽ സർപ്പ കാവ് ഉണ്ട് . അനവധി വൃക്ഷലതാദി പക്ഷി മൃഗാദികൾ ഉള്ള കാവ്. അവിടെ 500 ഓളം വർഷം പഴക്കമുള്ള ആഞ്ഞിലി മരത്തിനു താഴെ ചിത്രകൂട കല്ലിൽ സർപ്പ പ്രതിഷ്ഠയുണ്ട്. അവിടെ എല്ലാ വർഷവും തൈപ്പൂയത്തിന്റെ തലേ ദിവസം പൂജയുണ്ട്. ശ്രീകോവിലിൽ എല്ലാ ദിവസവും പൂജയുണ്ട്. ഇവിടുത്തെ കാവ് കാണേണ്ട സംഭവം തന്നെയാണു . ആധുനികത തൊട്ടു തീണ്ടാത്ത കാവ്. ഭീമാകാരൻ ആഞ്ഞിലി മരവും, അപൂർവ്വ ജൈവസസ്യങ്ങളും, ഒക്കെ കാവിനു മാറ്റു കൂട്ടുന്നു. സർപ്പ കാവിനു 500 അധികം വർഷം പഴക്കമുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെയ്ക്ക് ഭക്തർ വരാറുണ്ട്. കാവും അനുഷ്ഠാനങ്ങളും എല്ലാം അതി മനോഹരമായി, തന്നെ അത്തിപ്പറ്റ മനക്കാർ പരിപാലിക്കുന്നുണ്ട്.
No comments:
Post a Comment