4 May 2018

കൃഷ്ണസ്മരണം

കൃഷ്ണസ്മരണം

കൃഷ്ണസ്മരണം  മറ്റ് എല്ലാ ആചാരങ്ങൾക്കും ഉപരിയാണ്.   ഒരായിരം ജന്മപാപങ്ങളെ പഞ്ഞിയെ അഗ്നിപോലെ  ഒരറ്റ ഹരിസ്മരണം കൊണ്ട് കരിച്ചു കളയാനാവും .  സംസാരസാഗരതരണം അവനിൽ  ഭക്തിശ്രദ്ധയുള്ളവർക്ക് എളുപ്പമാണ്.  പത്ത് അശ്വമേധത്തിനു തുല്യമാണ് ഒരു പ്രാവിശ്യം ശ്രദ്ധാപൂർവ്വ വിഷ്ണുവിനെ നമസ്ക്കാരം ചെയ്യുന്നത്. അശ്വമേധം ചെയ്യുന്നവന് പുനർജന്മമുണ്ട്, കൃഷ്ണ ഭക്തർക്ക് പുനർജന്മമില്ല. അതസീപുഷ്പസദൃശേമേനിയും പീതാംബരപ്പട്ടുമായ്  ആ നീലാഭസുവർണ്ണജോതി ദർശിച്ചവർ അഭയരാണ്.   ശംഖചക്രധാരിയായ ആ പ്രകാശനാദബ്രഹ്മം പരമപുരുഷൻ പരമപുരുഷാർത്ഥദായകൻ  സർവ്വജീവാത്മാക്കളിലും ചരാചരങ്ങളിലും  സർവ്വത്ര  വ്യാപിച്ച് നിറഞ്ഞാടിയിരിക്കുന്ന ശക്തി. ഇക്കാണുന്ന സർവ്വം ഒരറ്റ ഏകദേവൻ  ഇതറിഞ്ഞ വിവേകികൾ ശാശ്വതപരമാനന്ദം  അനുഭവിക്കുന്നു , തന്നിൽതന്നെ അവനെ ഉണരുന്നു.  പരമശാന്തി അനുഭവിക്കുന്നു.   അവർക്ക് രോഗമോ ശോകമോ ഇല്ല ജനനമരണമോ ഇല്ല, അസമത്വങ്ങളില്ല,  ഓങ്കാരത്തോടുകൂടി തന്നെ ഉപാസിക്കുന്നവരെ  ഹരി തന്നിൽ ചേർക്കുന്നു.  അവനേകൻ  സൃഷ്ടിക്കുമ്പോൾ ബ്രഹ്മനെന്നും, രക്ഷിക്കുമ്പോൾ വിഷ്ണുവെന്നും, സംഹരിക്കുമ്പോൾ  ശിവനെന്നും  പേരുകൾ മാറി മാറി എടുക്കുന്നവൻ,   രൂപങ്ങൾ മാറി മാറി സ്വീകരിക്കുന്നവൻ,  വിജ്ഞാനമല്ലാതെ മറ്റ് യാതൊന്നും ത്രികാലാത്തിലും എങ്ങും ഉണ്ടായിട്ടില്ല. വിജ്ഞാനം പലതായി തോന്നുമെങ്കിലും  ഉണ്മയിൽ ഒന്നേയുള്ളു.  സ്വന്തം കർമ്മങ്ങളുടെ ഗതി അനുസരിച്ച്  വ്യത്യാസം ഉണ്ടെന്നതോന്നലാണ്.  പൂർണ്ണവും ശുദ്ധവും സാത്വികവും വേദനരഹിതവുമായ വിജ്ഞാനമാണ് ഈശ്വരൻ  .  ഏകവും ശാശ്വതവുമായ ആ വിജ്ഞാനം അഥവാ വിദ്യ തന്നെ വാസുദേവൻ  അതല്ലാതൊന്നില്ല.  ഈ ഉലകത്തിൽ നീ ഞാൻ  മുതലായ ഭേദഭാവനകളൊടെ  പരസ്പരം കലഹിക്കുന്നതിൽ അർത്ഥമില്ല.   വർണ്ണരഹിതമായ ആകാശം വെളുപ്പും നീലയും ചുവപ്പുമൊക്കെയായി  നിറം മാറി തോന്നുന്നതുപോലെ  ഏകമായ അവനെ പലതായി തോന്നിക്കുന്നു.  അച്ചുതനല്ലാതെതൊന്നിൽ ഞാൻ കാണുന്നില്ല, കേൾക്കുന്നില്ല , അറിയുന്നില്ല, അനുഭവിക്കുന്നില്ല.  ഞാൻ അച്യുതം, വാസുദേവം, പുരുഷോത്തമം, ജഗദീശ്വരം.  എൻ്റെ ഹൃദയസരസ്സിൽ ആ ഗുരുമാരുതഹംസം ശാശ്വതമായി വസിക്കുന്നു.  ഭൂമീദേവി സത്യം മാത്രം വദിക്കുന്നു.  ഞാനും നീയും സർവ്വവും നാരായണനാണ് .  അവൻ്റെ ശക്തി രൂപങ്ങൾ  നിത്യവും നിരന്തരവുമാണ്. ഏറ്റകുറച്ചെലുകൾ ഇല്ലാത്ത പരമാനന്ദ സ്വരൂപമാണവൻ. ലോകകല്യാണാർത്ഥം നാനാരൂപമെടുക്കുന്ന പരമാത്മാവ് എൻ്റെ രൂപഭാവങ്ങളും എടുത്തിരിക്കുകയാണ്. അവിദ്യയിൽ നിന്ന്  മോചിപ്പിച്ച് എനിക്ക് വിദ്യതന്നത് ലോകകല്യാണത്തിനു വേണ്ടിയാണ്. ധർമ്മസംരക്ഷണത്തിനും ധർമ്മസംസ്ഥാപനത്തിനും വേണ്ടിയാണ്.   ഇപ്രകാരം ഞാൻ എന്നിൽ ഹരിയെ കാണുന്നു,  കേൾക്കുന്നു, അനുഭവിക്കുന്നു, അവനെ കുറിച്ച് കീർത്തനങ്ങൾ പാടുന്നു.  എന്നിലെ അവനെ അവനിലെ എന്നെ സഹസ്രരൂപങ്ങളിൽ സ്തുതിച്ചു പാടുന്ന അദ്വൈതലഹരിയുടെ   പ്രസാദ മധുരം അനാദികാലമായി  ശ്രുതിസ്മൃതിപ്രോക്തമായ ഋഷിവാക്യമെന്ന അറിവിൽ വിനീതനാകുന്നു .........

No comments:

Post a Comment