17 April 2018

ഷണ്മുഖൻ

ഷണ്മുഖൻ

പ്രകാശിക്കുന്നതെല്ലാം വൈദിക വങ്മയത്തിൽ ദേവന്മാരാണ്. മാതാവും പിതാവും അതിഥിയുമെല്ലാം ദേവന്മാരാണ്, സൂര്യനും ചന്ദ്രനും   നക്ഷത്രങ്ങളും ഇവക്കെല്ലാം അടിസ്ഥാനമയ അഗ്നിയും ദേവതകളാണ്. സൗരയൂഥത്തിന്റെ ഊർജ്ജം സൂര്യതേജസ്സാണ്. മറ്റുനക്ഷത്രങ്ങൾ മറ്റു യൂഥങ്ങൾക്ക് പ്രകശം നൽകുന്നു.  അപ്പോൾ ചരാചരങ്ങളെല്ലാം ദേവതകളാണെന്നുകാണാം. എന്നാൽ ഈ ദേവതകളുടെയെല്ലാം നായകൻ  അഗ്രണി  - അഗ്നിയാകുന്നു. നമ്മുടെ വയറ്റിലുണ്ടാകുന്ന ജഠയരാഗ്നി  മുതൽ   സൂര്യനിൽ വരെ അഗ്നിയാണുള്ളത്.   ബൃഹത്തായ ബ്രഹ്മമാണ് അഗ്നിയുടെ നിമിത്തകാരണം. ബ്രഹ്മം കാരണമായത് ബ്രഹ്മണ്യമാകുന്നു. സു ഉപസർഗ്ഗം ചേർത്താൽ  സുബ്രമണ്യനായി. ഇങ്ങനെ സകല ദേവകളെയും ചേർത്ത് ഒരു സേനതന്നെയാക്കി  അവയെ  നയിക്കുന്ന അഗ്നിയെ തന്നെയാണ് സുബ്രമണ്യൻ എന്നു  പറയാം. ആറെന്ന സംഖ്യയുമായി അഗ്നിക്ക് വലിയ ബന്ധമുണ്ട്.  ആറ് കൃത്തികകൾ  അഗ്നിയുടെ നക്ഷത്രമായ കാർത്തിക തന്നെയാണ്.   തൈത്തിരീയ ബ്രാഹ്മണത്തിൽ   പറയുന്നത് ഇങ്ങിനെയാണ്. 

"ഏതദ്വാ   അഗ്നേർ നക്ഷത്രം  യത് കൃത്തികഃ "

അഗ്നിയാണ് ഈ ആറ് നക്ഷത്രങ്ങളുടെയും ദേവൻ. സുബ്രമണ്യന്റെ മറ്റൊരുപേരു സ്കന്ദൻ എന്നാണല്ലോ. ഇതും അഗ്നിയാണ് എന്ന് ധാതു നോക്കിയാൽ മനസ്സിലാകും. ഗമിക്കുന്നത് ഉണക്കുന്നത് എന്നി അർത്ഥങ്ങളാണ് സ്കണ്ടിർ എന്ന ധാദുവിനുള്ളത്. അതുകൊണ്ട് സ്കന്ദൻ എന്നാൽ അഗ്നി എന്നർത്ഥമെടുക്കാം .  ആറ് ഋതുക്കളെ കുറിക്കുന്നതാണ് ആറ് കൃത്തികകൾ, സംവത്സരമാണ് ആറ് ഋതുക്കൾ, ശതപഥ ബ്രാഹ്മണത്തിലേക്ക് കടന്നാൽ  അവിടെ ഇങ്ങനെ കാണാം, സംവത്സരത്തിന്റെ ഋതുക്കൾ  അഗ്നിയാകുന്നു. സംവത്സരത്തിന് അഗ്നിയെന്നും പേരുണ്ടെന്ന്  താണ്ഡ്യബ്രാഹ്മണത്തിലും കാണാം.  "സംവത്സരോഗ്നിഃ"  ചരാചരങ്ങൾ കടന്നുപോകുന്നത് ഋതുക്കളിലൂടെയാണ്   സംവത്സരമെന്ന അഗ്നി  അവയുടെ ആയുസ്സിനെ ശോഷിപ്പിക്കുകയും കാലമാകുന്ന പാതയിലൂടെ ഗമിപ്പിക്കുകയും ചെയ്യുന്നു,   സ്കന്ദനായ അഗ്നിക്ക്ആറ്പാദങ്ങളുണ്ട്.  പൃഥിവി, അന്തരീക്ഷം, ദ്യൗലോകം (ബഹിരാകാശം)  ഐശ്വര്യം,  ഔഷധികൾ, വനസ്പദി (സസ്യം) കൾ,  തുടങ്ങിയ പാദങ്ങളുള്ള സ്കന്ദൻ   വൈശ്വാരനാകുന്നുവെന്ന് ഗോപഥ ബ്രാഹ്മണം പറയുന്നു.   കാർത്തികേയനായ   ഷണ്മുഖൺ വൈശ്വാരനായ അഗ്നിയുടെ പ്രതീകമാണ്. ബ്രഹ്മണത്തിൽ തന്നെ പറയുന്നു അഗ്നിയുടെ ഒമ്പാതാം രൂപമാണ് കുമാരനെന്ന് പറയുന്നു.  രുദ്രന്റെ മകനാണെന്നും വേലയുധനെ പറയാറുണ്ട്. ദേവസേന കുമാരന്റെ ഭാര്യയാണെന്നും പുരാണത്തിൽ പറഞ്ഞീട്ടുണ്ട്.  

മയിൽ വാഹനൻ.

സ്കന്ദനെ ശിഖി വാഹനൻ എന്നു പറയാറുണ്ട്. ശിഖി എന്ന വാക്കിന് കോഴിയെന്നും മയിലെന്നും അഗ്നിയെന്നും അർത്ഥമുണ്ട്. ഈ അർത്ഥങ്ങളെല്ലാം സന്നിവേശിപ്പിച്ചുകൊണ്ട് കുമാരനെ  (സുബ്രമണ്യനെ) സ്കന്ദനെ മയിൽ വാഹനൻ എന്നു പറയുന്നതായിരിക്കാം. 

അഗ്നിയുടെ ശിഖകൾ എന്താണ് ? അഗ്നിജ്വാലകളാണ് ശിഖകൾ.   മയിലിനും കോഴിക്കും തലയിൽ ശിഖകൾ കാണാം.

ശിവൻ എന്ന സ്രാഷ്ടാവ് പത്നിയായ പ്രകൃതി (പാർവ്വതിയിൽ) യിൽ  സങ്കൽപശക്തിയാൽ പ്രജോദനം നൽകി  ജഗത്തിനെ സൃഷ്ടിച്ചു.  അഗ്നിയാണ്- ഊർജ്ജം- എല്ലാ സൃഷ്ടികളുടെയും ഉപാദനകാരണം  നിമിത്തകാരണം ഈശ്വരനും. ശിവൻ എന്നത് ഈശ്വരന്റെ  ഗുണങ്ങളിൽ അധിഷ്ഠിതമായ പര്യായനാമമാണ്.  അഗ്നി അഗ്രണിയായി എല്ലാറ്റിനെയും നയിക്കുന്നു. എല്ലാ സങ്കൽപങ്ങളെയും പോലെ  അഗ്നിയെന്ന അതിശ്രേഷ്ഠ നായകന് ഒത്തിണങ്ങിയതാണ് മുരുകന്റെ രൂപവും എന്നു കാണാം.

No comments:

Post a Comment