28 March 2018

ചെങ്ങന്നൂർ മഹാദേവക്ഷേത്രം

ചെങ്ങന്നൂർ മഹാദേവക്ഷേത്രം

ചെങ്ങന്നൂർ മഹാക്ഷേത്രത്തിലെ പ്രധാന മൂർത്തികൾ പാർവ്വതീ പരമേശ്വരന്മാരാണ്

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം. വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു.  കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തെയാണ്. പരബ്രഹ്മസ്വരൂപനായ ഭഗവാൻ പരമശിവനും, ആദിപരാശക്തിയായ ശ്രീ പാർവതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും പാർവതിദേവിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ലോകമാതാവായ പാർവതീദേവിയുടെ തൃപ്പൂത്ത് ആറാട്ട് പ്രസിദ്ധമാണ്. ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിലാണിത്. തുടർന്ന് പന്ത്രണ്ടു ദിവസത്തെ ഭഗവതീ ദർശനം സർവ ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. ഈ സമയത്ത് ഹരിദ്ര പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇഷ്ടവിവാഹം നടക്കുവാനും, ദീർഘമംഗല്യത്തിനും, ആഗ്രഹസാഫല്യത്തിനും ദേവീദർശനം ഉത്തമമെന്ന് കരുതപ്പെടുന്നു. ഇവിടെ ഉമാമഹേശ്വരപൂജ, സംവാദസൂക്ത അർച്ചന എന്നീവ നടത്തി പ്രാർത്ഥിച്ചാൽ ദാമ്പത്യകലഹം ഒഴിയുമെന്ന് വിശ്വാസമുണ്ട്. വിഷ്ണു അവതാരമായ പരശുരാമൻ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. ആദിപരാശക്തിയായ ജഗദീശ്വരിക്ക് കൂടുതൽ പ്രാധാന്യം ഉള്ളതിനാൽ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും ചെങ്ങന്നൂർ വരുന്നുണ്ട്. പ്രതിമാസ ഉത്രം നാളിലെ "ഉത്രം തൊഴീൽ" നവകാഭിഷേകം, നവരാത്രി വിദ്യാരംഭം, ശിവരാത്രി, ധനുമാസ തിരുവാതിര എന്നീ ദിവസങ്ങൾ ഇവിടെ പ്രധാനമാണ്.

ഐതിഹ്യം
➖➖➖➖➖➖➖➖➖
നിരവധി ഐതിഹ്യ കഥകളാൽ സമ്പന്നമാണ് ചെങ്ങന്നൂർ ക്ഷേത്രം. ശിവപാർവ്വതീ വിവാഹവുമായി ബന്ധപ്പെട്ട ഒരു കഥയാണ് അവയിൽ ഏറ്റവും പ്രസിദ്ധം. അതിങ്ങനെ:

പാർവ്വതീപരമേശ്വരന്മാരുടെ വിവാഹത്തിൽ ബ്രഹ്മാവ്, വിഷ്ണു, ഇന്ദ്രൻ തുടങ്ങി ദേവന്മാരുടെയും മഹർഷിമാരുടെയും ഒരു നീണ്ടനിര തന്നെ പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം ഭാരം കാരണം ഭൂമി ചരിഞ്ഞുപോകുമോ എന്നായിരുന്നു എല്ലാവരുടെയും ഭയം. അപ്പോൾ ഭഗവാൻ ഇതിനൊരു പരിഹാരമായി അഗസ്ത്യമുനിയെ തെക്കുഭാഗത്തിരുത്തി. ഉയരം കുറഞ്ഞ ശരീരപ്രകൃതിയായിരുന്ന അഗസ്ത്യമുനിയ്ക്ക് എങ്ങനെ ഭൂമിയുടെ ചരിവ് പരിഹരിയ്ക്കാനാകുമെന്നായി ദേവന്മാരുടെ സംശയം. എന്നാൽ, തെക്കുഭാഗത്തെ ശോണാദ്രിയിൽ (ഇന്നത്തെ ചെങ്ങന്നൂർ) തപസ്സിരുന്നുകൊണ്ട് അഗസ്ത്യമുനി ഭൂമിയെ ചരിയാതെ നിലനിർത്തി. തന്റെ ദിവ്യദൃഷ്ടി കൊണ്ട് മുനി ശിവപാർവ്വതീ പരിണയം കണ്ടു. വിവാഹശേഷം ഭഗവാൻ പാർവ്വതീസമേതനായി അഗസ്ത്യമുനിയെ കാണാൻ ശോണാദ്രിയിലെത്തി. പിന്നീട് അവിടെ ഉമാമഹേശ്വര സങ്കൽപ്പത്തിൽ ക്ഷേത്രമുയർന്നുവന്നു. അതാണ് ഇന്ന് ചെങ്ങന്നൂർ നഗരത്തിന്റെ തിലകക്കുറിയായി, കൈലാസതുല്യമായി നിലനിൽക്കുന്ന ചെങ്ങന്നൂർ മഹാദേവക്ഷേത്രം.

ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിനു പിന്നിലെ ഐതിഹ്യം
➖➖➖➖➖➖➖➖➖
ഒരു ദിവസം ശാന്തിക്കാരൻ കുളിച്ചു ചെന്നു ദേവിയുടെ നടതുറന്നു നിർമ്മാല്യം വാങ്ങിയപ്പോൾ ഉടയാടയിൽ രജസ്സു കാണുകയാൽ സംശയിച്ചു നിർമ്മാല്യത്തോടു (പൂവ്, മാല മുതലായവയോടു) കൂടെ ഉടയാട പതിവുപോലെ പുറത്തിടുകയും സംശിയിക്കപ്പെട്ട സംഗതി സ്വകാര്യമായി കഴകക്കാരൻ വാര്യരോടു പറയുകയും ചെയ്തു.

വാരിയർ ആ സംഗതി ദേവസ്വക്കാരെ അറിയിക്കുകയും അവരുടെ നിയോഗ പ്രകാരം ആ ഉടയാട പൊതിഞ്ഞു കെട്ടി വഞ്ഞിപ്പുഴ മഠത്തിൽ കൊണ്ടുപോയി അകത്തു കൊടുപ്പിച്ചു വലിയ തമ്പുരാട്ടിയെ കാണിക്കുകയും വലിയ തമ്പുരാട്ടി നോക്കി പരിശോധിച്ചു ദേവി ഋതുവായതു തന്നെയാണന്നു തീർച്ചപ്പെടുത്തുകയും എങ്കിലും താഴമൺ മഠത്തിൽ കൊണ്ടു പോയി അവിടുത്തെ വലിയ അന്തർജ്ജനത്തെക്കൂടെ കാണിച്ചേക്കണം എന്നു കല്പിച്ചു ഉടയാട മടക്കിക്കൊടുക്കുകയും ചെയ്തു.

വാരിയർ ഉടയാട താഴമൺ മഠത്തിലും കൊണ്ടുപോയി ദാസികൾ മുഖാന്തിരം അകത്തു കൊടുത്തു കാണിച്ചു. അവിടുത്തെ വലിയ അന്തർജ്ജനവും നോക്കി വലിയ തമ്പുരാട്ടി കല്പിച്ചതു പോലെ തന്നെ തീർച്ചപ്പെടുത്തി പറഞ്ഞു.

ഇങ്ങനെ സംഗതി തീർച്ചയായതിന്റെ ശേ‌ഷം തന്ത്രിയായ താഴമൺ പോറ്റി അമ്പലത്തിൽ ചെന്നു പടിഞ്ഞാറെ ചുറ്റമ്പലത്തിന്റെ വടക്കെ മൂലയിൽ (വായു കോണിൽ) ഉള്ള ഒരു മുറി ദേവസ്വക്കാർ മുഖാന്തിരം കെട്ടി വിതാനിച്ചു അലങ്കരിപ്പിച്ചു ദേവിയെ ശ്രീ കോവിലനകത്തു നിന്നു എഴുന്നള്ളിച്ചു ആ മുറിയിലിരുത്തി ഉടനെ ശ്രീകോവിലടച്ചുപൂട്ടുകയും ചെയ്തു.

പിന്നെ മൂന്നു ദിവസത്തേയ്ക്കു ദേവിയ്ക്കു പൂജ, ദീപാരാധന മുതലായവയെല്ലാം ദേവിയെ എഴുന്നുള്ളിച്ചിരുത്തിയ സ്ഥലത്തു വച്ചു തന്നെ നടത്തി. രാത്രിയിൽ ദേവിയ്ക്കു തുണയായി മൂന്നു ദിവസം പടിഞ്ഞാറെ ചുറ്റമ്പലത്തിൽ കിടക്കുന്നതിനു നാലു നായർ സ്ത്രീകളെ ഏർപ്പെടുത്തുകയും ചെയ്തു

ഇങ്ങനെ മൂന്നു ദിവസം കഴിഞ്ഞതിന്റെ ശേ‌ഷം നാലാം ദിവസം രാവിലെ ദേവിയെ തൃപ്പൂത്താറാട്ടിനായി (ഋതുസ്നാനതിനായിട്ട്) പിടിയാനപ്പുറത്തു കയറ്റി പമ്പാനദിയുടെ കൈവഴിയായ മിത്രപ്പുഴക്കടവ്' എന്ന സ്ഥലത്തേയ്ക്കു വാദ്യഘോ‌ഷങ്ങളോടുകൂടി എഴുന്നള്ളിച്ചു കൊണ്ടുപോയി.

അന്തർജ്ജനങ്ങളുടെ ഋതുസ്നാനം പോലെ മണ്ണാത്തി മാറ്റു മുതലായ ഉപകരണങ്ങളോടും പരിചയപ്പെട്ട സ്ത്രീകളുടെ സാഹചര്യത്തോടും കൂടി ആറാടിച്ചു. തന്ത്രി, പരികർമ്മികൾ മുതലായവർ ചെന്നു സാധാരണമായി ആറാട്ടുകൾക്കുള്ള ചടങ്ങുകളോടു കൂടി പുണ്യാഹം, പൂജ മുതലായവയും കഴിച്ചു ദേവിയെ പിടിയാനപ്പുറത്തുതന്നെ വാദ്യഘോ‌ഷങ്ങളോടുകൂടി തിരികെ എഴുന്നള്ളിച്ചു മതിൽക്കകത്തെത്തിയപ്പോൾ പതിവുള്ള എതിരുത്ത (കാലത്തെയുള്ള) ശീവേലിയ്ക്ക് ദേവനെയും എഴുന്നള്ളിച്ചു.

പിന്നെ രണ്ടു എഴുന്നള്ളത്തുകളും കൂടി മൂന്നു പ്രദിക്ഷണം കഴിഞ്ഞു ദേവനെ ദേവന്റെ ശ്രീകോവിലിലേയ്ക്കും ദേവിയെ ദേവിയുടെ ശ്രീകോവിലിലേയ്ക്കും എഴുന്നള്ളിച്ചു. അങ്ങിനെ ആ അടിയന്തിരം അവസാനിച്ചു.

അടുത്തമാസത്തിലും ദേവി ഋതുവായി. അപ്പോഴും ശാന്തിക്കാരൻ മുന്മാസത്തിലേതുപോലെ ഉടയാട നിർമ്മാല്യത്തോടെയെടുത്തു പുറത്തിടുകയും സംഗതി വാരിയരോടു സ്വകാര്യമായി പറയുകയും ചെയ്തു. വാരിയർ ഉടയാട വഞ്ഞിപ്പുഴമഠത്തിലെ വലിയ തമ്പുരാട്ടിയേയും താഴമൺ മഠത്തിലെ അന്തർജനത്തിനെയും കാണിച്ചു സംഗതി തീർച്ചപ്പെടുത്തുകയും വിവരം ദേവസ്വക്കാരെ അറിയിക്കുകയും തന്ത്രി മുതലായവർ കൂടി തൃപ്പൂത്താറാട്ടുവരെയുള്ള സകല കാര്യങ്ങളും യഥാപൂർവം ഭംഗിയായി നടത്തുകയും ചെയ്തു.

അനന്തരം വഞ്ഞിപ്പുഴത്തമ്പുരാൻ മുതലായവർ യോഗം കൂടി ദേവി പിന്നെയും മാസം തോറും ഋതുവാകുമെന്നു തന്നെ തീർച്ചപ്പെടുത്തി. അതു സംബന്ധിച്ചു വേണ്ടുന്ന ചെലവിലേയ്ക്കായി മുതൽ വകവെച്ചു ദേവസ്വം വക പതിവു കണക്കിൽ ചേർത്തെഴുതിക്കുകയും ദേവിയുടെ പരിചയപ്പെട്ടവരായി ചില വീട്ടുകാരെ നിശ്ചയിക്കുകയും അവർക്കും ചില അനുഭവങ്ങൾ നിശ്ചയിക്കുകയും ചെയ്തു.

ആ അടിയന്തിരം പിന്നെ മുറയ്ക്കു നടന്നു കൊണ്ടിരുന്നു. അനന്തരം ഏതാനും ശതാബ്ദങ്ങൾ കഴിഞ്ഞപ്പോൾ അമ്പലത്തിനു അഗ്നിബാധയുണ്ടായി. അപ്പോൾ ബിംബഹാനി വരരുതെന്നു കരുതി ജനങ്ങൾ കൂടി ആദ്യം ശിവന്റെ ശ്രീകോവിലിനകത്തു ചെളി കോരി കൊണ്ടു വന്നിട്ടു നിറച്ചു. പിന്നെ ദേവിയുടെ ശ്രീകോവിലിനകത്തു കൂടെ അപ്രകാരം ചെയ്യുന്നതിനു ചെന്നപ്പോഴേയ്ക്കും തീജ്വാലകൊണ്ട് ആർക്കും അങ്ങോട്ട് അടുക്കാൻ വയ്യാതെയായിപ്പോയതിനാൽ അമ്പലം വെന്തു വെണ്ണീറായതിനോടു കൂടിദേവിയുടെ വിഗ്രഹം പൊട്ടിത്തകർന്നുപോയി.

അഗ്നിബാധയിൽപ്പെട്ട് അമ്പലവും, കൂത്തമ്പലവും ഗോപുരങ്ങളുമെല്ലാം നിശ്ശേ‌ഷം അഗ്നിക്കിരയായിതീർന്നു. അധികം താമസിയാതെ അമ്പലവും മറ്റും യഥാപൂർവ്വം പുത്തനായി പണികഴിപ്പിചു. കൂത്തമ്പലം പണിയുന്നതിനു അറിയാവുന്ന ആശാരിമാരില്ലാതെയിരുന്നതിനാൽ അതുമാത്രം പണിയിച്ചില്ല.

കുക്കുടാണ്ഡാകൃതിയിലുള്ള അതിന്റെ തറ ഇപ്പൊഴും അവിടെ കാണ്മാനുണ്ട്. അമ്പലം പണികഴിഞ്ഞതിന്റെ ശേ‌ഷം ദേവീ വിഗ്രഹം ഉണ്ടാക്കാനുള്ള ആലോചനയായി ലക്ഷണപ്പിഴ കൂടാതെ ശാസ്ത്രപ്രകാരം ബിംബം പണിയാൻ പഠിപ്പും പരിചയവുമുള്ള ശില്പാചാരി എവിടെയുണ്ടന്നു അന്വേ‌ഷിച്ചുകൊണ്ടിരിക്കുന്ന കാലത്തു അന്നു താഴമൺ മഠത്തിൽ മൂപ്പായിരുന്ന നീലകണ്ഠൻ പോറ്റി ഒരു ദിവസം അത്താഴം കഴിഞ്ഞു കിടന്നുറങ്ങിയപ്പോൾ അദ്ദേഹത്തിനു ഒരു സ്വപ്നമുണ്ടായി.

അദ്ദേഹത്തിന്റെ അടുക്കൽ ആരോ ചെന്നു "ഗ്രന്ഥം നോക്കണം എന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം. ഉടനെ അദ്ദേഹം ഉണർന്നു നോക്കീട്ട് അവിടെ ആരെയും കണ്ടില്ല. "എന്തോ സാരമില്ല" എന്നു വിചാരിച്ചു അദ്ദേഹം പിന്നെയും കണ്ണടച്ചുറങ്ങിയപ്പോൾ വീണ്ടും മേൽപ്രകാരം സ്വപ്നമുണ്ടായി. അങ്ങിനെ അന്നു മുതൽ നാലഞ്ചു ദിവസം അടുപ്പിച്ചു രാത്രി തോറും നാലുമഞ്ചും പ്രാവശ്യം സ്വപ്നം കണ്ടു. അതിന്റെ സാരമെന്താണന്നു മനസ്സിലായില്ലങ്കിലും "ഗ്രന്ഥം നോക്കണം" എന്നു പറഞ്ഞതായിട്ടാണല്ലോ സ്വപ്നമുണ്ടായത്.

ഏതെങ്കിലും ഗ്രന്ഥങ്ങളഴിച്ചു പരിശൊധിക്കുക തന്നെ എന്നു വിചാരിച്ചു അദ്ദേഹം അടുത്ത ദിവസം ഗ്രന്ഥപ്പെട്ടിതുറന്നു ഓരോ ഗ്രന്ഥങ്ങളഴിച്ചു പരിശോധിച്ചു തുടങ്ങി. അപ്പോൽ ഒരു ഗ്രന്ഥത്തിൽ "പെരുന്തച്ചൻ ഒരിക്കൽ ഇവിടെ വന്നിരുന്നു അദ്ദേഹം ഇനി ഏതാനും ശതബ്ദങ്ങൾ കഴിയുമ്പോൾ ഇവിടെ അമ്പലത്തിനു അഗ്നിബാധ ഉണ്ടാവുകയും അമ്പലത്തോടു കൂടി ദേവീവിഗ്രഹവും നഷ്ടപ്പെട്ടു പോവുകയും ചെയ്യും. അപ്പോൾ ആ വിഗ്രഹത്തിനു പകരം ഈ വിഗ്രഹം പ്രതിഷ്ഠിച്ചു കൊള്ളണം എന്നു പറഞ്ഞു പഞ്ചലോഹ നിർമിതമായ ഒരു ദേവീവിഗ്രഹം തന്നിട്ടാണു പോയത്. ആ വിഗ്രഹം ഇവിടെ വടക്കു വശത്തുള്ള പുഴവക്കത്തു കാണുന്ന പാറയുടെ സമീപ മുള്ള കയത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. ആവശ്യപ്പെടുമ്പോൾ എടുത്തു കൊള്ളണം" എന്നു ഏഴുതിയിരിക്കുന്നതായി കണ്ടു.

ആ വിവരം നീലകണ്ഠൻപോറ്റി വഞ്ഞിപ്പുഴ തമ്പുരാൻ മുതലായവരെ അറിയിച്ചു. ഉടനെ തമ്പുരാൻ അനേകമാളുകളെ അയച്ചു കയത്തിൽ മുങ്ങിതപ്പി നോക്കിച്ചു. ഒരു ഫലവുമുണ്ടായില്ല.
അങ്ങിനെയിരിക്കെ കരുനാഗപ്പള്ളിക്കാരായ ചില മരയ്ക്കാന്മാർ വഞ്ചികളിൽ കയറി വല വീശി മത്സ്യംപിടിചു നടന്ന കൂട്ടത്തിൽ മേല്പറഞ്ഞ കയത്തിനു സമീപം വഞ്ചികളടുപ്പിച്ചു കരയ്ക്കിറങ്ങി കയത്തിൽ കുളിച്ചു.

അപ്പോൾ അതിൽ ഒരുത്തന് കയത്തിന് എത്രമാത്രം ആഴമുണ്ടന്നു നോക്കണമെന്നു തോന്നി.അവൻ ആ കയത്തിൽ മുങ്ങി അടിയിൽ ച്ചെന്നപ്പോൾ ഘനമുള്ള എന്തോ ഒരു വസ്തു അവന്റെ കാലിൽ തടഞ്ഞു. അവൻ അതെടുത്തു കരയ്ക്കു കൊണ്ടുവന്നു. അതു ഒരു ദേവീവിഗ്രഹം തന്നെയായിരുന്നു. ഉടനെ ഈ വിവരം വഞ്ഞിപുഴതമ്പുരാൻ മുതലായവരറിഞ്ഞു. ചിലരെപ്പറഞ്ഞയച്ചു ആ മരയ്ക്കാന്മാരെകൊണ്ടു തന്നെ ആ വിഗ്രഹമെടുപ്പിച്ചു പടിഞ്ഞാറെ ഗോപുരത്തിങ്കൽ വരുത്തി. അപ്പോൾ ആ മരയ്ക്കാന്മാർ വിശപ്പുകൊണ്ട് ഏറ്റവും വലഞ്ഞിരുന്നു. എങ്കിലും അന്നു ശിവരാത്രി ആയിരുന്നതിനാൽ അവർക്കു കരിയ്ക്ക്, പഴം മുതലായവ ധാരാളമായി കൊടുത്തു സന്തോ‌ഷിപ്പിച്ചു അവരെ പറഞ്ഞയച്ചു.

പിന്നെ നവീകരണക്രിയാദികളോടുകൂടി ശുഭ മുഹൂർത്തത്തിങ്കൽ ദേവിയുടെ ബിംബപ്രതിഷ്ഠയും, കലശവും, ഉത്സവവും മറ്റും യഥാവിധി നടത്തുകയും ക്ഷേത്രകാരങ്ങളെല്ലാം യഥാപൂർവ്വം മുറയ്ക്കു നടന്നു തുടങ്ങുകയും ചെയ്തു. എങ്കിലും ആ നവീനപ്രതിഷ്ഠ കഴിഞ്ഞതിൽപ്പിന്നെ അവിടെ ദേവിയുടെ ചൈതന്യം ലേശം പോലും ഇല്ലാതായിതീർന്നു.

അവിടെ ഭജനത്തിനായും ദർശനത്തിനായും ആരും വരാതെയും വഴിപാടുകളൊന്നും ഇല്ലാതെയുമായി. ഇങ്ങിനെയൊക്കെ ആയിതീർന്നതു പ്രതിഷ്ഠ മുതലായവ നടത്തിയ തന്ത്രിക്കു തപശക്തിയും, മനഃശുദ്ധിയും മന്ത്രതന്ത്രാദികളിൽ പാണ്ഡിത്യവും പരിചയവുമില്ലാഞ്ഞിട്ടാണെന്നു പറഞ്ഞു ജനങ്ങൾ അദ്ദേഹത്തെ പരിഹസിപ്പാനും തുടങ്ങി. ക്രമേണ നീലകണ്ഠൻ പോറ്റിയ്ക്കു പരപരിഹാസവും തന്നിമിത്തമുള്ള മനസ്താപവും അതിനാലദ്ദേഹം ഭക്തിപൂർവ്വം ദേവിയെ ദുസ്സഹമായിത്തീർന്നു. ഭജിക്കുകയും ചില ദിവ്യമന്ത്രങ്ങൾ കൊണ്ട് പതിവായി പു‌ഷ്പാജ്ഞലികളും ചില ദിവ്യ മന്ത്രങ്ങൾ ജപിച്ചു നിവേദ്യങ്ങളിൽ ഉപസ്തരിക്കുകയും മറ്റും ചെയ്തു തുടങ്ങി. അങ്ങിനെ രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴെയ്ക്കും അവിടെ ദേവിയുടെ സാന്നിദ്ധ്യവും ചൈതന്യവുമുണ്ടായിത്തുടങ്ങിയതായി ജനങ്ങൾക്കു തോന്നിത്തുടങ്ങി. അപ്പോഴേയ്ക്കും അവിടെ ഭജനത്തിനായും ദർശനത്തിനായും ജനങ്ങൾ കുറേശ്ശെ വന്നു തുടങ്ങി. വഴിപാടുകളുണ്ടായിത്തുടങ്ങി.

ദേവി ചിലപ്പോൾ ഋതുവായിത്തുടങ്ങുകയും ചെയ്തു. ഇങ്ങിനെ നീലകണ്ഠൻപോറ്റിയുടെ അതിനിഷ്ഠയോടു കൂടിയ ഭജനം ഒരു സംവത്സരമായപ്പോഴേയ്ക്കും അവിടെ ദേവിയുടെ ചൈതന്യം പണ്ടത്തേതിൽ പതിന്മടങ്ങു വർദ്ധിച്ചു. പിന്നെ അതു അവിടെ ഒരിക്കലും കുറഞ്ഞിട്ടില്ല.

ഇപ്പോഴും അതവിടെ പ്രതിദിനമെന്നപോലെ വർദ്ധിച്ചു കൊണ്ടു തന്നെയിരിക്കുന്നു. പത്തു പതിനഞ്ചു ഭജനക്കാരെങ്കിലും ഒരിക്കലും ഇല്ലാതെ വരാറില്ല, ചിലപ്പോൾ നൂറും നൂറ്റമ്പതും പേരുണ്ടായിയെന്നു വരും.പ്രതിദിനം ദർശനത്തിനായി അസംഖ്യമാളുകൾ വരുന്നുണ്ട്. കണക്കില്ലാത്ത വഴിപാടികളുമുണ്ടാകുന്നുണ്ട്. ആ ദേവി സകല ജനങ്ങൾക്കും സകലാഭീഷ്ടങ്ങളും സാധിപ്പിച്ചു കൊടുക്കുന്നുമുണ്ട്.

അവിടെ ചെന്നു കണ്ടാൽ ദേവിയെകുറിച്ചുള്ള ഭക്തിയും വിശ്വാസവും പുരു‌ഷന്മാരേക്കാളധികം സ്ത്രീകൾക്കാണെന്നു തോന്നും. ദേവി ഋതുവായിരിക്കുന്ന കാലങ്ങളിൽ അവിടെ ചെന്നു ദർശനം കഴിക്കുന്നതു സന്തതിക്കും സമ്പത്തിനും സഭൗാഗ്യത്തിനും നെടുമാംഗല്യത്തിനും വളരെ നല്ലതാണെന്നുള്ള പ്രസിദ്ധി നിമിത്തം അക്കാലങ്ങളിൽ അവിടെ ദർശനത്തിനായി വരുന്ന സ്ത്രീകൾക്കു കണക്കില്ല.

അപ്രകാരം തന്നെ തൃപ്പൂത്താറാട്ടു സംബന്ധിച്ചുള്ള എഴുന്നള്ളത്തിന്റെ മുൻപിൽ താലപ്പൊലി എടുക്കുന്നതിനും അസംഖ്യം ആളുകൾ അവിടെ വന്നു കൂടുന്നുണ്ട് സത്യം ചെയ്യുന്നതിനായി അവിടെ ചെന്നാൽ പടിഞ്ഞറേ ഗോപുരത്തിന്റെ അകത്തുവശത്തു വലതുഭാഗത്തുള്ള കട്ടിളക്കാലിലോട് ഒട്ടടുത്ത് തറയ്ക്ക് അല്പം താഴത്തുമായിട്ടുള്ള ദ്വാരത്തിൽ കൈവിരലിട്ടുകൊണ്ട് ഗോപുരപ്പടിയിന്മേൽ നിന്നു കൊണ്ടാണു സത്യം ചെയുക പതിവ്.

കള്ളസത്യമാണങ്കിൽ ദ്വാരത്തിലിടുന്ന കൈവിരലിന്മേൽ ഒരു സർപ്പം ദംശിക്കുകയും സത്യം ചെയ്യുന്ന ആൾ ഗോപുരത്തിനു പുറത്തേയ്ക്കു മലർന്നു വീഴുകയും മരിയ്ക്കുകയും ഉടനെ കഴിയും. ഈ ഏർപ്പാടിന്റെ ഭയങ്കരത്വം നിമിത്തം വളരെക്കാലമായിട്ട് ഇവിടെ സത്യം ചെയ്യാൻ ആരും സന്നദ്ധരാകാറില്ല. ചെങ്ങന്നൂർ പടിഞ്ഞാറെ നടയിലെ സത്യം എന്നു കേൾക്കുന്നതു തന്നെ ജനങ്ങൾക്കു ഭയമാണ്.

ശ്രീകോവിൽ
➖➖➖➖➖➖➖➖➖
അതിഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടത്തേത്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ സ്വയംഭൂലിംഗവും തൊട്ടപ്പുറത്ത് പടിഞ്ഞാട്ട് ദർശനമായി ദേവീപ്രതിഷ്ഠയുമാണ്. ശിവന്റെ ഗർഭഗൃഹം മൂന്ന് മുറികൾക്കുള്ളിലാണ്. ആദ്യത്തെ മുറി ശ്രീകോവിലിൽ പ്രവേശനം അനുവദിച്ചിട്ടുള്ള മൂത്തത് പോലുള്ള പരിചാരകർക്കാണ്. മറ്റ് രണ്ടിടത്തും ശാന്തിക്കാർ മാത്രമേ കയറാവൂ. മൂന്നുമുറികൾക്കും നല്ല വലിപ്പമുണ്ട്. ശിവലിംഗത്തിന് ഏകദേശം മൂന്നടി ഉയരം കാണും. സ്വയംഭൂലിംഗമായതിനാൽ ചെത്തിമിനുക്കലുകളൊന്നും നടന്നിട്ടില്ല. മാത്രവുമല്ല, ഇവിടെ മുഴുവൻ ചളിയിട്ട് നിറച്ചിരിയ്ക്കുന്നുമുണ്ട്. ശിവലിംഗത്തിന്റെ പിന്നിൽ ഒരു വാതിലുണ്ട്. ഇതുവഴിയാണ് ഭഗവതീ നടയിലേയ്ക്ക് കടക്കുക. ദേവീപ്രതിഷ്ഠ പഞ്ചലോഹനിർമ്മിതമാണ്. മൂന്നടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. രണ്ട് കൈകളേയുള്ളൂ. അവയിൽ വരദാഭയമുദ്രകൾ ധരിച്ചിരിയ്ക്കുന്നു. രണ്ടിടത്തും ഒരേ മേൽശാന്തി തന്നെയാണ് പൂജ നടത്തുന്നത്. ഈ ശ്രീകോവിൽ പെരുന്തച്ചൻ നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ നടന്ന അഗ്നിബാധയിൽ നശിയ്ക്കാതെ അവശേഷിച്ചത് ഈ ശ്രീകോവിൽ മാത്രമാണ്. ശ്രീകോവിലിൽ ചളിയിട്ട് നിറച്ചതുകൊണ്ടാണത്രേ ഇത്.

നമസ്കാരമണ്ഡപം
➖➖➖➖➖➖➖➖➖
ക്ഷേത്രത്തിൽ രണ്ട് നമസ്കാരമണ്ഡപങ്ങളുണ്ട്. ഒന്ന്, കിഴക്കേനടയിൽ ശിവനുമുമ്പിലും മറ്റേത് പടിഞ്ഞാറേനടയിൽ ദേവിയ്ക്കുമുമ്പിലും സ്ഥിതിചെയ്യുന്നു. കിഴക്കേനടയിലുള്ളത് വളരെ വലുതും മനോഹരവുമായ മണ്ഡപമാണ്. ജീവൻ തുടിയ്ക്കുന്ന ധാരാളം ദാരുശില്പങ്ങൾ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. 1001 കലശം വരെ വച്ച് പൂജിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്നതിനാൽ മണ്ഡപത്തിന്റെ വലിപ്പം ഊഹിയ്ക്കാമല്ലോ! എന്നാൽ പടിഞ്ഞാറേനടയിലുള്ളത് വളരെ ചെറുതും ശില്പഭംഗിയില്ലാത്തതും സൗകര്യം കുറഞ്ഞതുമായ സാധാരണ മണ്ഡപമാണ്. കിഴക്കേ മണ്ഡപത്തിൽ ശിവവാഹനമായ നന്തികേശന്റെ പ്രതിമയുമുണ്ട്.

നാലമ്പലം
➖➖➖➖➖➖➖➖➖
ഓടുമേഞ്ഞതാണ് ഇവിടത്തെ നാലമ്പലം. അത്യാവശ്യം വലിപ്പമുണ്ട്. നാലുഭാഗത്തും പ്രവേശനകവാടങ്ങളുണ്ട്. ശിവക്ഷേത്രമായതിനാൽ പൂർണ്ണപ്രദക്ഷിണം അനുവദനീയമല്ല. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളി സ്ഥിതി ചെയ്യുന്നു. ശ്രീകോവിലിനു ചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.

ആനക്കൊട്ടിൽ
➖➖➖➖➖➖➖➖➖
ക്ഷേത്രത്തിൽ കിഴക്കേനടയിലും പടിഞ്ഞാറേനടയിലുമായി രണ്ട് ആനക്കൊട്ടിലുകളുണ്ട്. രണ്ടും വളരെ വലുതാണ്. അഞ്ച് ആനകൾക്ക് വരെ നിൽക്കാനുള്ള സൗകര്യം രണ്ടിടത്തുമുണ്ട്. കിഴക്കേ ആനക്കൊട്ടിലിൽ ഭജനയും സഹസ്രനാമജപവും പടിഞ്ഞാറേ ആനക്കൊട്ടിലിൽ ചോറൂണ്, വിവാഹം തുടങ്ങിയവയും നടത്തുന്നു.

കൂത്തമ്പലം
➖➖➖➖➖➖➖➖➖
കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിലായിരുന്നു കൂത്തമ്പലം. അണ്ഡാകൃതിയിൽ പെരുന്തച്ചൻ തീർത്തതായിരുന്നു ഈ കൂത്തമ്പലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. പണ്ട് ഇവിടെ സ്ഥിരം കൂത്തും കൂടിയാട്ടവും നടന്നിരുന്നു. ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയിൽ കൂത്തമ്പലം പൂർണ്ണമായും നശിച്ചുപോയി. തുടർന്ന് പുനർനിർമ്മാണത്തിന് ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇന്ന് അവിടെ കൂത്തമ്പലത്തിന്റെ തറമാത്രമേ കാണാനുള്ളൂ.

ഗോപുരങ്ങൾ
➖➖➖➖➖➖➖➖➖
ക്ഷേത്രത്തിന്റെ നാലുഭാഗത്തും ഗോപുരങ്ങളുണ്ട്. കിഴക്കേനടയിലുള്ളതാണ് ഏറ്റവും വലുത്. കേരളീയശൈലിയിൽ തീർത്ത ഏറ്റവും വലിയ ഗോപുരങ്ങളിലൊന്നാണ് ഇവിടത്തെ കിഴക്കേ ഗോപുരം. പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ ഭാഗങ്ങളിലുള്ള ഗോപുരങ്ങൾ താരതമ്യേന വളരെ ചെറുതാണ്.

ദേവതാ സങ്കല്പം
💧💧💧💧💧💧💧💧💧

തൃച്ചെങ്ങന്നൂരപ്പൻ (പരമശിവൻ)
➖➖➖➖➖➖➖➖➖
ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. രൗദ്രതയാർന്ന മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും ഭഗവാന്റെ കണ്ണുകളിൽ നിറയെ രൗദ്രത നിഴലിക്കുന്നുവെന്നാണ് വിശ്വാസം. മഹാദേവന്റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്. ഇവിടുത്തെ ശിവനെ 'ചെങ്ങന്നൂരപ്പൻ' എന്നാണ് ഭക്തർ വിളിച്ചു പോരുന്നത്.

തൃച്ചെങ്ങന്നൂരമ്മ (ഭഗവതി)
➖➖➖➖➖➖➖➖➖
പശ്ചിമദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ഭഗവാന് പുറകിലായി പരാശക്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീ പാർവ്വതീദേവിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ദക്ഷപുത്രിയായ സതിയായും സങ്കല്പമുണ്ട്. ഭഗവതിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയും മംഗല്യവരദായിനിയുമാണ്.

ഉപദേവപ്രതിഷ്ഠകൾ
💧💧💧💧💧💧💧💧💧
ഗണപതി
➖➖➖➖➖➖➖➖➖
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉപദേവനായി സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ടാകും. ഏതൊരു കർമ്മവും തടസ്സങ്ങളില്ലാതെ തീരാൻ ഗണപതിപൂജയോടെയാണ് ഹിന്ദുക്കൾ തുടങ്ങുന്നത്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ പ്രധാന ശ്രീകോവിലിന്റെ തെക്കേനടയിൽ തെക്കോട്ട് ദർശനമായാണ് ഗണപതി കുടികൊള്ളുന്നത്. മൂന്നടി ഉയരമുള്ള ശിലാവിഗ്രഹം സാധാരണ ഗണപതി വിഗ്രഹങ്ങളുടേതു പോലെയാണ്. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല തുടങ്ങിയവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.

ദക്ഷിണാമൂർത്തി
➖➖➖➖➖➖➖➖➖
ഗണപതി പ്രതിഷ്ഠയോടൊപ്പമാണ് ശിവസ്വരൂപനും വിദ്യാദായകനുമായ ദക്ഷിണാമൂർത്തിയുടെയും പ്രതിഷ്ഠ

No comments:

Post a Comment