8 March 2018

മാരീചവധം

മാരീചവധം

അസാധാരണ സൗന്ദര്യമുള്ള പൊന്മാനിനെ കിട്ടണമെന്ന് സീതയ്‌ക്കൊരുമോഹം തോന്നി. രാമനോടു പറയുന്നു: ”ഭര്‍ത്താവേ ഒരു കനകമയമൃഗത്തെ കണ്ടില്ലേ? വളരെ വിചിത്രമായിരിക്കുന്നു. രത്‌നങ്ങള്‍കൊണ്ട് അലംകൃതമാണ്. നമ്മുടെ അടുത്തേയ്ക്കുവരുന്നു. മനുഷ്യരോട് വളരെ ഇണക്കമുണ്ടെന്ന് തോന്നുന്നു. ഇതിനോട് കളിക്കാന്‍ വളരെ സുഖമായിരിക്കും. വിളിച്ചാല്‍ വരുമെന്നു തോന്നുന്നു. വേഗം പിടിച്ചുകൊണ്ടുവരുക.”

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തഞ്ചു വര്‍ഷമായി. ഇക്കാലയളവില്‍ ഒരു പൂച്ചക്കുട്ടിയെപ്പോലും പിടിച്ചുതരണമെന്ന് സീത ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ പൊന്‍മാനുമായി കളിക്കണമെന്നു തോന്നിയതെന്തുകൊണ്ട്? കഷ്ടകാലം വരുമ്പോഴാണ് ഓരോരോ ആഗ്രഹങ്ങള്‍ തലയില്‍ കയറുന്നത്. ഇത് സാധാരണ സ്ത്രീയായ മായാ സീതതന്നെ. ഈ മായയാണ് മാനിനെ പിടിക്കാനാവശ്യപ്പെടുന്നത്. ആ മായ തന്നെയാണ് രാവണനെ തന്നിലേയ്ക്കാകര്‍ഷിക്കുന്നതും. ശ്രീരാമന്‍ പിടിക്കാന്‍ ചെന്നപ്പോള്‍ മാന്‍ ഓടിയകന്നു. പിന്നെ അടുത്തുവന്നു.

  വീണ്ടും അടുക്കുമ്പോള്‍ ഓടിക്കളയും. രാമനെ കുറശ്ശെയായി അകറ്റുകയാണ് ലക്ഷ്യമെന്ന് ലക്ഷ്മണന് മനസ്സിലായി. ”ജ്യേഷ്ഠാ, ഇതു മാനല്ല. മുഖം കണ്ടില്ലേ, പണ്ടുനാം കൊല്ലാതെവിട്ട മാരീചനാണ്.” ഇക്കാര്യം രാഘവനുമറിയാം. മാനിന്റെ ലക്ഷ്യമെന്താണെന്നും രാമനറിയാം. രാമന്‍ ലക്ഷ്മണനോട് ”നീ സീതയുടെ അടുത്തുതന്നെ നില്‍ക്കണം. രാക്ഷസന്മാരുള്ള കാടാണ്.” എന്നുപറഞ്ഞു. സീതയില്‍നിന്നും രാമന്‍ അകന്നു മാറണം. ഇതു മാരീചന്റെ ലക്ഷ്യം. അതുതന്നെ രാമേച്ഛയും. എങ്കിലേ രാവണനെ കൊല്ലാനും കഴിയൂ. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല് എന്നുപറഞ്ഞതുപോലെ മാരീചന്‍ രാമനെ കുറെ അകലെയെത്തിച്ചു.

  രാവണനുവേണ്ടി മായാപ്രയോഗം നടത്തുന്ന ഇവനും ജീവിച്ചിരിക്കേണ്ട. ശ്രീരാമന്‍ അസ്ത്രം തൊടുത്ത് മാരീചന്റെ മാറുപിളര്‍ന്നു. മരിക്കാന്‍ നേരത്ത് അവന്‍ ”ഹാഹാ, ലക്ഷ്മണാ, സഹോദരാ, ഹാ സീതേ, എന്നെ രക്ഷിക്കണേ!” എന്ന് ശ്രീരാമന്റെ ശബ്ദത്തില്‍ അലറിവിളിച്ചു. രാക്ഷസ ശരീരമെടുത്തു പിടഞ്ഞുവീണു മരിച്ചു. രാവണനോട് ഉണ്ടചോറിന് ഇവന്‍ നന്നായി കൂറുകാണിച്ചു. എന്നാല്‍ ശ്രീരാമന്റെ ആര്‍ത്തനാദം കേട്ട് സീത പരിഭ്രമിച്ചു. ”ലക്ഷ്മണാ നീ ചെന്നുനോക്ക്. ആര്യപുത്രന് എന്തോ ആപത്തു സംഭവിച്ചു” എന്നുപറഞ്ഞു ലക്ഷ്മണന്‍ കുലങ്ങിയില്ല.

  ”ദേവീ, ഇതു ജ്യേഷ്ഠന്റെ ശബ്ദമല്ല. ജ്യേഷ്ഠനില്‍നിന്ന് ഇത്തരം ആര്‍ത്തനാദം ഉണ്ടാവുകയുമില്ല. ഇത് മായാവികളായ രാക്ഷസന്മാരുടെ സൂത്രമാണ്. ഞങ്ങളെ അകറ്റിയിട്ട് ദേവിയെ തട്ടിക്കൊണ്ടുപോകാനുള്ള രാക്ഷസന്മാരുടെ അടവാണ്.” വീരശൂരന്മാരായ ഖരദൂഷണാദികളേയും പതിന്നാലായിരം രാക്ഷസപ്പടയേയും അരയാമം കൊണ്ടു വധിച്ച രാമന് ഒരാപത്തും വരുകയില്ലെന്ന് ലക്ഷ്മണന് നന്നായിട്ടറിയാം.

  അഥവാ എന്തെങ്കിലും ആപത്തുണ്ടായാലും രക്ഷിക്കണേയെന്ന നിലവിളി രാമനില്‍ നിന്നൊരിക്കലുമുണ്ടാകുകയുമില്ല. വാല്‍മീകി രാമായണത്തില്‍ ഇങ്ങനെയാണ് ലക്ഷ്മണന്‍ പറയുന്നത്. ”പന്നഗങ്ങള്‍ക്കോ, അസുരന്മാര്‍ക്കോ, ദേവന്മാര്‍ക്കോ, രാക്ഷസന്മാര്‍ക്കോ, ഭവതിയുടെ ഭര്‍ത്താവിനെ ജയിക്കാന്‍ കഴിയില്ല. ഹേ ദേവീ, ദേവന്മാര്‍, മനുഷ്യര്‍, ഗന്ധര്‍വന്മാര്‍, പക്ഷികള്‍, പിശാചന്മാര്‍, കിന്നരന്മാര്‍, മൃഗങ്ങള്‍, ഭയങ്കരന്മാരായ ദാനവന്മാര്‍ ഇവര്‍ക്കൊന്നും യുദ്ധത്തില്‍ രാമനെ വധിക്കാന്‍ കഴിയില്ല. ഈ മൂന്നുലോകത്തിലുമുള്ള സര്‍വ അധിപന്മാരും ദേവന്മാരും എല്ലാവരും ഒന്നിച്ചുവെന്നതിര്‍ത്താലും അദ്ദേഹത്തിന്റെ ശക്തി നശിപ്പിക്കാന്‍ സാധിക്കുകയില്ല. അദ്ദേഹം മായാവിയായ ആ മാനിനെ കൊന്നിട്ട് മടങ്ങിവരും.” ഇതൊക്കെ പറഞ്ഞിട്ടും സീത വിശ്വസിക്കുന്നില്ല.

  ലക്ഷ്മണന്‍ കുലുങ്ങാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ സീതാദേവിയുടെ നിയന്ത്രണം വിട്ടു. എത്ര ധീരകളായാലും ദേവിയായാലും സ്ത്രീ മനക്കട്ടിയില്ലാത്തവളാണെന്ന് കാണിക്കാനാണോയെന്നറിഞ്ഞില്ല. സീത കടുത്ത ഭാഷയില്‍ ലക്ഷ്മണനെ ശകാരിക്കുകയാണ്.
നീയും രാക്ഷസകുലത്തില്‍ പിറന്നതാണ്. ദുഷ്ടാ, ജ്യേഷ്ഠന്റെ മരണം നീയാഗ്രഹിക്കുന്നു. ഇത്രയും കാലം ഞാനിതോര്‍ത്തില്ല. ഭരതന്റെ നിയോഗപ്രകാരം രാമനു നാശം വരുത്താനായിട്ടാണ് നീ കൂടെ പോന്നത്. രാമന്‍ മരിച്ചാല്‍ രഹസ്യമായി എന്നെക്കൊണ്ടുപോകാനാണോ നീ വന്നത്? ഒരിക്കലും എന്നെ നിനക്കു കിട്ടുകയില്ല. ഞാനിന്നുതന്നെ പ്രാണത്യാഗം ചെയ്യും. സ്വന്തം ഭാര്യയെ അപഹരിക്കാന്‍ കൂടെവന്നവനാണ് നീയെന്ന് കഷ്ടം ആ രാമന്‍ ധരിച്ചിട്ടേയില്ല. രാമനെയൊഴിഞ്ഞ് മറ്റൊരു പുരുഷനെ ഞാന്‍ തൊടുകപോലുമില്ല. സത്യം. ഇങ്ങനെ പറഞ്ഞ് സീത മാറത്തലച്ച് കരയാന്‍ തുടങ്ങി.

  അതി കഠിനമായ കൊള്ളിവാക്കുകളാണ് സീത പറഞ്ഞത്. ലക്ഷ്മണനെ ഓടിച്ചുവിടുകയാണ് ലക്ഷ്യം. അതിനല്പം കടുത്തപ്രയോഗം നടത്തിയെന്നു ധരിച്ചാല്‍ മതി. പക്ഷേ ഈ വാക്കുകള്‍ സീതയെത്തന്നെ തിരിഞ്ഞടിക്കുന്നുമുണ്ട്. രാവണവധം കഴിഞ്ഞ് രാമന്‍ സീതയോടുപറയുന്ന കടുത്ത വാക്കുകള്‍ നമുക്കപ്പോള്‍ നോക്കാം.

  സ്വപ്‌നത്തില്‍പോലും ചിന്തിക്കാന്‍ കഴിയാത്തതരത്തിലുള്ള സീതയുടെ വാക്ശരങ്ങള്‍ ലക്ഷ്മണനില്‍ ചെന്നു തറച്ചു. താനിതുവരെ മാതൃതുല്യയായി കണ്ടിരുന്ന സീത ഇങ്ങനെയൊക്കെ പറയുമെന്ന് വിചാരിക്കാന്‍പോലും കഴിയില്ല. ലക്ഷ്മണന്‍ ചെവിപൊത്തി.

  നിനക്കുനാശമടുത്തിരിക്കുന്നു പാരമെനിക്കു നിരൂപിച്ചാല്‍ തടുത്തുകൂടാതാനും
ഇത്തരം ചൊല്ലീടുവാന്‍ തോന്നിയതെന്തേചണ്ഡി ധിക് ദിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്ലാം.
എന്ന് ലക്ഷ്മണനും കടുത്തവാക്കുകള്‍ പ്രയോഗിക്കുന്നു. തീര്‍ച്ചയായും നിനക്കു നാശമടുത്തിരിക്കുന്നു. അതു ഞാന്‍ വിചാരിച്ചാല്‍ തടുത്തുനിറുത്താന്‍ കഴിയില്ല. അല്ലെങ്കില്‍ ഹേ ചണ്ഡീ (കോപിഷ്‌ടേ), കഷ്ടം, കഷ്ടം എല്ലാ സ്ത്രീകള്‍ക്കും ക്രൂരചിത്തമാണല്ലോ! എന്നുപറഞ്ഞ് സീതയുടെ ആഗ്രഹപ്രകാരം ലക്ഷ്മണന്‍ രാമന്റെയടുത്തേക്കു തിരിക്കുന്നു.

  പോകുംമുമ്പ് വനദേവതമാരെ, മനുവംശാധീശ്വരനായ രാമന്റെ പത്‌നിയെ വഴിപോലെ നിങ്ങള്‍ സംരക്ഷിക്കണം എന്ന് വനദേവതമാരോടപേക്ഷിക്കുന്നു. ലക്ഷ്മണന്‍ രാമാശ്രമത്തിനുചുറ്റും ഒരു വൃത്തം വരച്ചുവെന്നും അതിനുപുറത്തിറങ്ങരുതെന്ന് സീതയോട് ചട്ടംകെട്ടിയെന്നും തുളസീദാസരാമായണത്തില്‍ പറയുന്നു.

No comments:

Post a Comment