യാഥാര്‍ത്ഥ്യം എന്ത്?
മാക്‌സ്മുള്ളറാണ് 1853-ല്‍ ആദ്യമായി ആര്യന്‍ എന്ന പദത്തെ വംശീയമായ അര്‍ത്ഥത്തില്‍ ഇംഗ്ലീഷ് ഭാഷയിലേക്കു കൊണ്ടുവന്നതെന്ന് ജൂലിയന്‍ ഹക്‌സിലി തന്റെ റെയ്‌സ് ഇന്‍ യൂറോപ്പ് എന്ന പുസ്തകത്തില്‍ വിലപിക്കുന്നു. അത് തീവ്രദേശീയവാദികളുടെയും ഉത്‌സുകരായ ചരിത്രകാരന്മാരുടെയും ഭാവനകളെ ഉദ്ദീപ്തമാക്കുകയും അവര്‍ ആര്യന്‍ വംശത്തെപ്പറ്റി വര്‍ണ്ണശബളമായ വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്തു
പുരാവസ്തുശാസ്ത്രം ആര്യവംശത്തെക്കുറിച്ചോ അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും വശത്തെക്കുറിച്ചോ തെളിവു നല്‍കുന്നില്ല. ഇക്കാര്യത്തില്‍ അതു പൂര്‍ണ്ണമായും നിശ്ശബ്ദമാണ്. ആര്യന്മാരുമായി ബന്ധപ്പെട്ട കാലഗണനയുടെ കാര്യത്തിലും അഭിപ്രായ ഐക്യം ഇല്ല. ഡൊണാള്‍ഡ് എ. മക്കന്‍സി പറയുന്നത് - ഈ ആക്രമണം എത്ര അളവോളം സാംസ്‌കാരികം എന്നതിനേക്കാള്‍ വംശീയമായിരുന്നു എന്നു നിശ്ചയിക്കാന്‍ വിഷമമാണ്- എന്നാണ്. മാത്രമല്ല ആദ്യമായി, ഇന്ത്യയാണ് പാശ്ചാത്യ സമൂഹങ്ങളുടെ ആദിമവംശത്തിന്റെ ജന്മദേശം, എന്ന ചരിത്ര പ്രാധാന്യമുള്ള ഒരു ഊഹാധിഷ്ഠിത സിദ്ധാന്തം ഷ്‌ളെഗല്‍ 'ലാംഗ്വേജ് ആന്‍ഡ് ദി വിസ്ഡം ഓഫ് ദി ഹിന്ദൂസ്' എന്ന തന്റെ പുസ്തകത്തില്‍ (1808) മുന്നോട്ടു വെക്കുകയും ചെയ്തു.
പ്രസിദ്ധ ഈജിപ്‌റ്റോളജിസ്റ്റും ഫിസിസിസ്റ്റും ആയ ഡോക്ടര്‍ തോമസ് യങ്ങ് 'ഇന്‍ഡോ-യൂറോപ്യന്‍' എന്ന സങ്കരപദം 1813-ല്‍ പ്രയോഗിച്ച ശേഷമാണ് ആര്യന്മാര്‍ എന്നത് ഒരു വംശത്തിന്റെ പേരായി പ്രചാരത്തില്‍ വരുന്നത്. ജര്‍മ്മന്‍ ഫിലോളജിസ്റ്റ് ആയ ക്‌ളാപ്പ്രോത്ത് 1823- ല്‍ തികച്ചും വംശീയാര്‍ത്ഥത്തില്‍ 'ഇന്‍ഡോ-ജെര്‍മാനിക്' എന്ന, കുറേ ഭാഷകളുടെ കൂട്ടത്തെ സൂചിപ്പിക്കുന്ന പദമുണ്ടാക്കിയതും ഇതിന് സഹായകമായി. ഈ രണ്ടു പദങ്ങളും, ആര്യന്മാരാണ് പാശ്ചാത്യരുടെയും ഇന്ത്യക്കാരുടെയും പൊതുപൂര്‍വികര്‍ എന്ന ആശയത്തിന്റെ ഉല്‍ഭവത്തിനും വികാസത്തിനും ആധികാരികത നല്‍കാന്‍ ചരിത്രകാരന്മാരെയും ഫിലോളജിസ്റ്റുകളെയും ലിംഗ്വിസ്റ്റുകളെയും നിര്‍ബന്ധിതരാക്കി.
അതിനും മുമ്പ്, 1786-ല്‍, കല്‍ക്കട്ടാ സുപ്രീംകോടതിയുടെ ചീഫ്ജസ്റ്റിസ്സും ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന സര്‍ വില്ല്യം ജോണ്‍സ്, ഗ്രീക്ക്, ഗോഥിക്, ലാറ്റിന്‍, കെല്‍റ്റിക്, ഓള്‍ഡ് പേര്‍ഷ്യന്‍, സംസ്‌കൃതം എന്നിവ ഒരു ഭാഷാകുടംബമാണ് എന്ന കാഴ്ച്ചപ്പാട് മുന്നോട്ടു വെച്ചു. ഇത്, ഈ ഭാഷകള്‍ സംസാരിക്കുന്ന സമൂഹങ്ങള്‍ ഒരേ വംശക്കാരാകാമെന്ന നിഗമനത്തിനു വഴിവെച്ചു. ഭാഷാപരമായ സാദൃശ്യം എപ്പോഴും സാമൂഹ്യമായ ഏകതയുടെ കൃത്യമായ സമവാക്യമാകണമെന്നില്ല.
ഉദാഹരണത്തിന് മലയാളത്തിന്റെ കാര്യമെടുക്കാം. അതിന്റെ വ്യാകരണപരമായ ഘടനയുടെ വിവിധവശങ്ങള്‍ പരിശോധിച്ചാല്‍ മറ്റ് ഇന്ത്യന്‍ഭാഷകളെ അപേക്ഷിച്ച് ഇംഗ്ലീഷ് ഭാഷയുമായി അതിന് വളരെയേറെ അടുപ്പമുണ്ടെന്നു കാണാം- പ്രത്യേകിച്ചും ലിംഗം, സംഖ്യകളെക്കുറിക്കുന്ന വര്‍ത്തമാനകാലത്തിന്റെ നേരിയ വ്യത്യാസമൊഴികെയുള്ള ക്രിയാപ്രയോഗങ്ങള്‍ എന്നിവയില്‍. ഭാഷാപരമായ ഈ സാദൃശ്യം വംശീയമായ സാദൃശ്യത്തേക്കാളേറെ മലയാളികളും ഇംഗ്ലീഷുകാരും തമ്മിലുള്ള വംശീയമായ വലിയ വ്യത്യാസത്തെയാണല്ലോ കാണിക്കുന്നത്. മറ്റൊരു ഉദാഹരണമെടുക്കാം. അമേരിക്കന്‍ ഇന്ത്യക്കാര്‍, ഐസ്‌ലാന്‍ഡുകാര്‍, നീഗ്രോകള്‍ എന്നീ കൂട്ടര്‍ ഇംഗ്ലീഷാണല്ലോ മാതൃഭാഷയായ് കരുതി സംസാരിക്കുന്നത്. പക്ഷെ അവര്‍ക്ക് കെല്‍റ്റ്‌സ്, ട്യൂട്ടണ്‍സ്, ഏംഗിള്‍സ്, സാക്‌സണ്‍സ്, നോര്‍മന്‍സ് എന്നിവയുടെ സങ്കരസമൂഹമായ ഇംഗ്ലീഷുകാരുമായി വംശപരമായി ഒരുതരത്തിലുള്ള ബന്ധവും ഇല്ലല്ലോ.
മാക്‌സ്മുള്ളറാണ് 1853-ല്‍ ആദ്യമായി ആര്യന്‍ എന്ന പദത്തെ വംശീയമായ അര്‍ത്ഥത്തില്‍ ഇംഗ്ലീഷ് ഭാഷയിലേക്കു കൊണ്ടുവന്നതെന്ന് ജൂലിയന്‍ ഹക്‌സിലി തന്റെ റെയ്‌സ് ഇന്‍ യൂറോപ്പ് എന്ന പുസ്തകത്തില്‍ വിലപിക്കുന്നു. അത് തീവ്രദേശീയവാദികളുടെയും ഉത്‌സുകരായ ചരിത്രകാരന്മാരുടെയും ഭാവനകളെ ഉദ്ദീപ്തമാക്കുകയും അവര്‍ ആര്യന്‍ വംശത്തെപ്പറ്റി വര്‍ണ്ണശബളമായ വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്തു. ശാസ്ത്രജ്ഞരുടെയും മാനുഷിക മൂല്യവാദികളുടെയും, ആര്യന്‍ വംശത്തിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുവാന്‍ കഴിയുമോ എന്ന വെല്ലുവിളികളെ നേരിടേണ്ടിവന്നപ്പോള്‍, മുപ്പത്തിയഞ്ചുവര്‍ഷത്തിനു ശേഷം, വിചക്ഷണനായ മാക്‌സ്മുള്ളര്‍, 1888-ല്‍, വംശീയാര്‍ത്ഥത്തിലല്ല സാധര്‍മ്മ്യമുള്ള കുറെ ഭാഷകളുടെ കൂട്ടം എന്ന അര്‍ത്ഥത്തിലാണ് താന്‍ ആ പദത്തെ പ്രയോഗിച്ചത് എന്ന ശക്തവും വ്യക്തവുമായ വിശദീകരണം നല്‍കുകയുണ്ടായി.
മാക്‌സ്മുള്ളറുടെ വിശദീകരണം ഇപ്രകാരമായിരുന്നു - നിറവും രക്തവും എന്തുതന്നെയായാലും ആര്യന്‍ ഭാഷ സംസാരിക്കുന്നവരാണ് ആര്യന്‍മാര്‍. ആര്യന്‍മാര്‍ എന്നവരെ വിളിക്കുന്നത് അവരുടെ ഭാഷയുടെ വ്യാകരണം ആര്യന്‍ ആയതുകൊണ്ടാണ്, മറ്റൊരര്‍ത്ഥത്തിലുമല്ല. ഞാന്‍ ആര്യന്‍ എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് രക്തമോ, എല്ലോ, തലമുടിയോ, തലയോട്ടിയോ അല്ല തികച്ചും ആര്യന്‍ഭാഷ സംസാരിക്കുന്നവരെന്നു മാത്രമാണ് എന്നു വീണ്ടും വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ഡോലിക്കോസഫാലിക് ഡിക്ഷ്ണറിയെക്കുറിച്ചോ ബ്രാക്കിസെഫാലിക് വ്യാകരണത്തെക്കുറിച്ചോ (രണ്ടും മനുഷ്യന്റെ തലയോട്ടിയുടെ ആകൃതിയെ വിശദമാക്കുന്ന ശരീരശാസ്ത്രഭാഗം) പറയുന്ന ലിംഗ്വിസ്റ്റി (ഭാഷാശാസ്ത്രജ്ഞന്‍) നേപ്പോലെ, ആര്യന്‍ വംശം, ആര്യന്‍ രക്തം, കണ്ണുകള്‍, തലമുടി എന്നെല്ലാം പറയുന്ന ഒരു വംശശാസ്ത്രജ്ഞന്‍ (എത്‌നോളജിസ്റ്റ്) പാപിയാണ്.
പക്ഷേ, ആര്യവംശത്തെ ചൊല്ലി നടന്ന ചൂടുപിടിച്ച വാഗ്വാദങ്ങള്‍ക്കിടയില്‍ മാക്‌സ്മുള്ളറുടെ വിശദീകരണം പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയില്ല. ആര്യന്‍വാദത്തെ ആത്മാര്‍ത്ഥമായി വിശ്വസിച്ച പലരും ആര്യന്മാരുടെ യഥാര്‍ത്ഥദേശം അന്വേഷിച്ചുപോയി. എത്‌നോളജിയുടെയും ഫിലോളജിയുടെയും സക്രിയ വിദ്യാര്‍ത്ഥിയായിരുന്ന ഡോക്ടര്‍ റോബര്‍ട്ട് ഗോള്‍ഡന്‍ ലാത്തം, 1851-നു ശേഷം, പടിഞ്ഞാറുഭാഗത്തുള്ള അവ്യക്തമായ ഏതോ പ്രദേശമാണെന്നു കണ്ടെത്തി. 1887-ല്‍ പ്രൊഫസര്‍ എ. എച്ച്. സെയ്‌സ്, മാഞ്ചസ്റ്ററിലെ ബ്രിട്ടീഷ് അസോസിയേഷനു വേണ്ടി ചെയ്ത ആന്ത്രോപ്പോളജി സംബന്ധമായ തന്റെ പ്രഭാഷണത്തില്‍, ആര്യന്‍ ഭാഷകളുടെ തൊട്ടില്‍ യൂറോപ്പാണെന്ന് അവകാശപ്പെട്ടു. സ്വീറ്റ് ഹെന്റ്‌റി പറയുന്നത് ആര്യന്‍ ആദിമമാതൃക, സ്വീഡനിലെ ഗ്രാമജില്ലകളില്‍ വിശ്വസ്തതയോടെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട് എന്നാണ്. ഹിസ്റ്ററി ഓഫ് ലാംഗ്വേജസ് എന്ന തന്റെ പുസ്തകത്തില്‍ ഇദ്ദേഹം പറയുന്നു- അവര്‍ ഏഷ്യന്‍വംശം ആയിരുന്നു എന്നു മാത്രമല്ല യൂറോപ്പിലെ ആദിമനിവാസികളായ ശിലായുഗത്തിലെ പ്രാകൃത (സാവേജസ്) രുടെ പിന്‍മുറക്കാരുമായിരുന്നുവെന്നും എല്ലാ തെളിവുകളും ഏതാണ്ടു ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ അവസാനം സ്വീറ്റ് ഹെന്റ്‌റി പറയുന്നത് ആര്യന്മാരുടെ തൊട്ടുമുമ്പുള്ള തലമുറ ഒരു സങ്കരവംശമായിരുന്നു എന്നുമാണ്.
അതിനാല്‍ ചില വംശശാസ്ത്രജ്ഞരും ഭാഷാശാസ്ത്രജ്ഞരും പാശ്ചാത്യ വംശലക്ഷണവും ആര്യന്‍ ഭാഷയുടെ പ്രത്യേകതകളും ചേര്‍ക്കാനുതകുന്ന തരത്തിലുള്ള കുറിയ തലയുള്ള ആര്യന്‍ ജനതയെ സൃഷ്ട്ക്കാന്‍ പരിശ്രമിച്ചു. ഭാഷാപരമായി ആര്യന്‍ എന്നു കരുതാവുന്ന പല സമൂഹങ്ങളും വംശപരമായി ഒന്നാകണമെന്നില്ല. അതുകൊണ്ട് ആര്യന്‍ വംശം എന്നത് തികച്ചും സാങ്കല്‍പ്പികം മാത്രമാണെന്ന് പ്രൊഫസര്‍ കിര്‍ച്ചോവ് തീര്‍ത്തു പറയുന്നു. ശാസ്ത്രീയമായി ആര്യന്‍ എന്ന പദം ദ്രവീഡിയന്‍ എന്നതുപോലെ ഭാഷാപരമാണ്. വംശപരമല്ല. പക്ഷേ സര്‍വസാധാരണമായി ആര്യന്‍ ഭാഷ സംസാരിക്കുന്ന ഒരു ജനത എന്നര്‍ത്ഥം അതിനു വന്നു ചേര്‍ന്നു എന്ന് ഡബ്ല്യു. എച്ച്. മോര്‍ലാന്റും പറയുന്നു.
No comments:
Post a Comment