എന്തായിരിക്കും കൊന്നകൾ നേരത്തേ പൂക്കുന്നത് ?
പലരും ചോദിക്കുന്ന ഈ ചോദ്യത്തിന് നമ്മുടെ കലണ്ടറുമായി ബന്ധമുണ്ട്..
നിങ്ങൾ സൂര്യൻ ഉദിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ..? കിഴക്കിന്റെ നടുവിൽ കൃത്യമായല്ല സൂര്യൻ ഉദിക്കാറുള്ളത്.. കുറച്ച് നാൾ കിഴക്ക് ഭാഗത്ത് തന്നെ തെക്കോട്ട് നീങ്ങും കുറച്ച് നാൾ വടക്കോട്ടും. ഭൂമിയുടെ അച്ചുതണ്ടിന്റെ 23.5° ചെരിവ് കാരണം സൂര്യൻ (ഭൂമിയെ സംബന്ധിച്ചോളം) ഭൂമധ്യരേഖയിൽ നിന്ന് 23.5° മുകളിലോടും താഴോട്ടും പോയ്ക്കൊണ്ടിരിക്കും. ഉത്തരായനം ദക്ഷിണായനം എന്ന് കേട്ടു കാണുമല്ലോ.. (തെക്കിന്റെ അറ്റത്ത് നിന്ന് ഉത്തര ഭാഗത്തേയ്ക്ക് നീങ്ങുന്ന കാലം ഉത്തരായന കാലം)
സൂര്യൻ ഭൂമധ്യരേഖയുടെ നേരെ മുകളിൽ എത്തുന്ന ദിവസം രാത്രിയുടേയും പകലിന്റേയും ദൈർഘ്യം തുല്യമായിരിക്കും..
അതായത് അന്ന് സമരാത്ര ദിനമായിരിക്കും..
ഭൂമധ്യരേഖയ്ക്ക് നേരെ മുകളിൽ ആവുസോൾ നമ്മൾ സൂര്യൻ വിഷുവ സ്ഥാനത്താണെന്ന് പറയും..
ഭാരതത്തിൽ മുമ്പ് ശാസ്ത്രീയമായ ഒരു കലണ്ടറിന് രൂപം കൊടുത്ത കാലത്ത് വിഷുവസ്ഥാനം മേടം രാശിയുടെ തുടക്കത്തിലായിരുന്നു. രാത്രിയും പകലും തുല്യമായ വർഷാരംഭം..
എന്നാൽ പുരസ്സരണം കാരണം ഭൂ അക്ഷത്തിന്റെ കറക്കം കൊണ്ട് വിഷുവസ്ഥാനം മാറി..
ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ അച്ചുതണ്ട് വൃത്താകൃതിയിൽ ചലിക്കുന്ന പ്രതിഭാസമാണ് പുരസ്സരണം (Precession).
ഭൂമിയുടെ അച്ചുതണ്ടിന് ഇത്തരത്തിൽ ഒരു കറക്കം പൂർത്തീകരിക്കുന്നതിന് ഏതാണ്ട് 26,000 വർഷങ്ങൾ വേണ്ടി വരും. അതായത് ഒരു ഡിഗ്രി കറങ്ങുന്നതിന് 72 വർഷത്തോളം.
ഈ പുരസ്സരണത്തിന്റെ ഫലമായി ഖഗോള മദ്ധ്യ രേഖയും ക്രാന്തിവൃത്തവും പരസ്പരം ഖണ്ഡിക്കുന്ന വിഷുവസ്ഥാനങ്ങളിൽ (സമരാത്ര ദിനം) മാറ്റം ഉണ്ടായി.
പൂർവ്വ വിഷുവ സ്ഥാനത്ത് നിന്ന് ( മേടം-മേഷാദി) പിറകോട്ടാണ് ഇത്തരത്തിൽ മാറ്റം സംഭവിച്ച് കൊണ്ടിരിക്കുന്നത്.
ഈ അയന നീക്കം നമ്മൾ പഞ്ചാംഗങ്ങളിൽ ഉൾപ്പെടുത്താതിരുന്നതുകൊണ്ട് നമ്മുടെ വിഷുവും വിഷുവവും (സമരാത്രദിനവും) തമ്മിൽ ഇപ്പോൾ 24 ദിവസത്തോളം വ്യത്യാസമുണ്ട്
ഇന്ന് ഇത് ഏകദേശം 23 ഡിഗ്രി പിറകോട്ട് മാറി മീനം 7 നടുത്താണ് സ്ഥിതി ചെയ്യുന്നത്.
മീനം 7 എന്നത് ഇംഗ്ലീഷ കലണ്ടർ പ്രകാരം മാർച്ച് 21 ആകും.
അന്നാണ് സമരാത്ര ദിനം അഥവാ വിഷുവം അഥവാ വിഷു.
ഏകദേശം 1650 വർഷങ്ങൾക്ക് മുമ്പ് മേടം 1 ന് ആയിരുന്നു വിഷു. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ കലണ്ടർ മാറാത്തത് മൂലം അത് ഇന്നും തുടർന്ന് വരുന്നു എന്ന് മാത്രം.
കലണ്ടറിന്റെ കാര്യമൊന്നും സസ്യങ്ങൾക്കറിയില്ല.
കാലാവസ്ഥയിലും പ്രകൃതിയിലെ പ്രതിഭാസങ്ങൾക്കും സൂര്യനുള്ള പങ്ക് അവർക്ക് നന്നായി അറിയാം...
സൂര്യൻ വിഷുവ സ്ഥാനത്തെത്തുമ്പോൾ പൂവണിയുക എന്നതാവാം (ആവാം എന്നേ പറയാൻ പറ്റൂ ) കൊന്നയുടെ രീതി..
അത് കൊണ്ടാവും പണ്ട്, വിഷുവിന് ലഭ്യമാകുന്ന പൂവെന്ന രീതിയിൽ കൊന്നയെ ഉപയോഗിച്ചത്..
അങ്ങനെയാണേൽ കൊന്ന ഇപ്പോഴും വിഷുവിന് പൂക്കുന്നുണ്ട്..
സൂര്യൻ വിഷുവസ്ഥാനത്തെത്തുമ്പോൾ...
പക്ഷെ നമ്മുടെ വിഷുവിന് പിന്നെയും 24 ദിവസം കാത്തിരിക്കണം..
No comments:
Post a Comment