16 February 2018

ആശ്രമങ്ങൾ

ആശ്രമങ്ങൾ

ആശ്രമങ്ങൾ നാലുവിധമുണ്ട് അവയ്ക്ക് ഓരോന്നിനും നാലുവിധം   വിഭാഗങ്ങളുമുണ്ട്. അങ്ങനെ പതിനാറു വിഭാഗങ്ങളുണ്ട്.  

1-ബ്രഹ്മചാരികൾ:
1.ഗായത്രൻ
2.ബ്രാഹ്മണൻ
3.പ്രജാപത്യൻ
4.ബൃഹൻ

ഗായത്രൻ:- യജ്ഞോപവീതം ധരിച്ചതിനുശേഷം മൂന്ന് രാത്രി ഉപ്പില്ലാതെ ആഹരം കഴിച്ച്  ഗായത്രി ഉപാസിക്കുന്നവനെ ഗായത്രൻ എന്നു പറയുന്നു. 

ബ്രാഹ്മണൻ:- നാൽപ്പത്തെട്ടു വർഷം വേദദ്ധ്യായനാർത്ഥം  ബ്രഹ്മചാര്യം അനുഷ്ഠിക്കുകയോ, ഓരോ വേദവും പന്ത്രണ്ടു വർഷം വീതം ചെലവഴിച്ച് പഠിക്കുകയോ , നല്ലതുപോലെ വേദദ്ധ്യായനം സിദ്ധിക്കുന്നതുവരെ  യമനിയമാദികൾ പരിപാലിക്കുകയോ ചെയ്യുന്നവർ ബ്രാഹ്മണൻ  എന്നു പറയുന്നു.

പ്രജാപത്യൻ:- സ്വപത്നീനിരതനായി  ഋതുകാലങ്ങളിൽ മാത്രം സംഭോഗം ചെയ്യുന്നവനും,  സദാ പരസ്ത്രീപരങ്മുഖനായിരിക്കുന്നവനും,  അല്ലെങ്കിൽ  ഇരുപത്തിനാലു വർഷം ഗുരുകുലവാസം അനുഷ്ഠിക്കുന്ന ബ്രാഹ്മണനും , നാൽപ്പത്തിയെട്ടു വർഷം ഇപ്രകാരം അനുഷ്ഠിക്കുന്നവനും  പ്രജാപത്യൻ എന്നു പറയുന്നു.

ബൃഹൻ:-  മരണം വരെ ഗുരുവിനെ ഉപേക്ഷിക്കതെ ഇരിക്കുന്ന  നൈഷ്ഠിക ബ്രഹ്മചാരി  ബൃഹൻ എന്നു പറയപ്പെടുന്നു.

2-ഗൃഹസ്ഥൻ :- 
1.വാർത്താകവൃത്തി
2.ശാലീനവൃത്തി
3.യായാവരൻ
4.ഘോരസന്യാസികൾ.

വാർത്താകവൃത്തി:-  കൃഷിപശുപാലനാദികൾചെയ്തും,    അനിന്ദിതമായ  വാണിജ്യാദികൾ ചെയ്തും, അനേക ശതം വർഷങ്ങൾ യജ്ഞം ചെയ്തും  ആത്മാവിനെ ഉപാസിക്കുന്നു.

ശാലീനവൃത്തി:-  ഇവർ സ്വയം യജ്ഞം ചെയ്യുന്നു,  എന്നാൽ യജ്ഞം ചെയ്യിക്കുന്നില്ല.  പഠിക്കുന്നു, എന്നാൽ പഠിപ്പിക്കുന്നില്ല. ദാനം കൊടുക്കുന്നു, എന്നാൽ ദാനം  സ്വീകരിക്കുന്നില്ല. ഇപ്രകാരം ചെയ്തുകൊണ്ട് ആത്മാവിനെ ഉപാസിക്കുന്നു.

യായാവരൻ:- ഇവർ യജ്ഞം ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്നു, പഠിക്കുകയും  പഠിപ്പിക്കുകയും ചെയ്യുന്നു.  ദാനം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.    ഇപ്രകാരം അയാൾ യജ്ഞം അനുഷ്ഠിച്ചുകൊണ്ട് ആത്മാവിനെ ഉപാസിക്കുന്നു. 

ഘോരസന്യാസികൻ:- തപോനിരതാനായിരുന്നു കൊണ്ട് യജ്ഞാദികൾ ചെയ്തുകൊണ്ടും ആത്മാവിനെ ഉപാസിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നു.

3-വാനപ്രസ്ഥന്മാർ:-
1. വൈഖാനസൻ
2.ബാലഖില്യൻ
3.ഉദുംബരൻ
4.ഫേനപൻ

വൈഖാനസൻ:- സ്വയം മുളച്ചതും പചിക്കാത്തതും , ഗ്രാമിണരാൽ ഉപേക്ഷിക്കപ്പെട്ടതുമായ ചെടികളിൽ നിന്നും വൃക്ഷങ്ങളിൽ നിന്നും കിട്ടുന്നവയെ അഗ്നിപരിചരണം ചെയ്ത്  പഞ്ചമഹായജ്ഞം ചെയ്തുകൊണ്ട് ആത്മാവിനെ ഉപാസിക്കുന്നു.

ബാലഖില്യൻ:- ജടാ, ജീർണവസ്ത്രം വൽക്കലം  എന്നിവ ധരിച്ച് കാർത്തികമാസം പൗണമിനാളിൽ  പുഷ്പഫലങ്ങൾ  വെടിഞ്ഞ് ചതുർമ്മാസ്യം  ഒഴിച്ച് ശേഷമുള്ള എട്ടുമാസവും വൃത്തിയെ ഉപാജ്ജിച്ച്  അഗ്നിപരിചരണം ചെയ്തും പഞ്ചമഹായജ്ഞം ചെയ്തും ആത്മാവിനെ ഉപാസിക്കുന്നു.  

ഉദുംബരൻ:- പ്രഭാതത്തിൽ തന്നെ എഴുന്നേറ്റ്  എവിടെ നിന്നെങ്കിലും ബദരനീവാരാദികൾ  ശേഖരിച്ച് അഗ്നിഹോത്രം ചെയ്ത്  പഞ്ചമഹായജ്ഞം ചെയ്ത്   ആത്മാവിനെ  ഉപാസിക്കുന്നു.

ഫേനപൻ:- ഉന്മാത്തനെപ്പോലെ ശീർണ്ണപർണ്ണഫലാഹാരിയായി എവിടെ സ്ഥലം കിട്ടുന്നുവോ അവിടെ താമസിച്ച്  അഗ്നിയെ പരിചരിച്ചും പഞ്ചമഹായജ്ഞം ചെയ്തും,  ആത്മതത്ത്വവിചന്തനം ചെയ്യുന്നു.  

4-സന്ന്യാസിമാർ:-
1.കുടീചരൻ
2.ബഹൂദകൻ
3.ഹംസൻ
4.പരമഹംസൻ

കുടീചരൻ:- തന്റെ പുത്രാദികളുടെ ഗൃഹങ്ങളിൽ നിന്നും ഭിക്ഷസ്വീകരിച്ച് ആത്മവിചിന്തനം ചെയ്യുന്നു.

ബഹൂദകൻ:-  ത്രിദണ്ഡം, കമണ്ഡലു, ശികുപക്ഷം, ജലം, പവിത്രം, പാത്രം,  പാദുകം, ആസനം, ശിഖ,  യജ്ഞോപവീതം , കൗപീനം , കാഷായവസ്ത്രം,   എന്നിവ ധരിച്ചും, സഞ്ചരിച്ചും,  ആത്മധ്യാനനിരതന്മാരായി വസിക്കുന്നു. 

ഹംസൻ:- ഏകദണ്ഡം ധരിച്ചും , ശിഖാവിഹീനനായും,  യജ്ഞോപവീതം  ധരിച്ചും, ശിക്യം കമണ്ഡലു എന്നിവ  ധരിച്ചും,  ഗ്രാമത്തിൽ ഒരു രാത്രി മാത്രം വസിച്ചും,    നഗരങ്ങളിലും തീർത്ഥങ്ങളിലും അഞ്ചുരാത്രി മാത്രം വസിച്ചും,  ഒന്നോ, രണ്ടോ, മൂന്നോരാത്രി  കൃച്ച്രചാന്ദ്രായണാദികൾ  സ്വീകരിച്ചും,

പരമഹംസൻ:- ദണ്ഡവിഹീനനായും , മുണ്ഡിതശിരസ്കനായും, കന്ഥകൗപീനധാരിയായും,   അവ്യക്തലിംഗ(ചിഹ്ന)ത്തോടു കൂടിയവനായും,  നിഗൂഢങ്ങളായ ആചരനങ്ങളോടുകൂടിയവനായും,   ധീരനായും, ശന്തനായും, ഉന്മത്തനല്ലെങ്കിലും ഉന്മത്തനെപ്പോലെ തോന്നിപ്പിക്കുന്നവനായും,  ത്രിദണ്ഡം, കമണ്ഡലു, ശിക്യപക്ഷം, ജലം,  പവിത്രം, പാദം, പാദുകം,  ആസനം, ശിഖ, യജ്ഞോപനീതം, എന്നിവയെല്ലാം ഉപേക്ഷിച്ചവനായും,   ജീർണിച്ച ഗൃഹങ്ങളിലോ ക്ഷേത്രങ്ങളിലോ  വസിക്കുന്നവനായും ഭവിക്കുന്നു.  അവർക്ക് ധർമ്മാധർമ്മവിചിന്തനമോ  സത്യാസത്യവിവേചനമോ ഇല്ല.  അവർ എന്തും സഹിക്കാൻ കഴിവുള്ളവരും,   സമദർശിക്കളും,    ചാതുർവർണ്ണ്യങ്ങളിൽ നിന്നും   യഥാബ്ധമായ ഭിക്ഷ സ്വീകരിക്കുന്നവരും, ആത്മാവിനെ ബന്ധനവിമുക്തരാക്കുന്നവരും അതായത് മോക്ഷ സാധകരും ആകുന്നു.

No comments:

Post a Comment