9 February 2018

ക്ഷേത്രായനംഉപനിഷത്തിലൂടെ

ക്ഷേത്രായനംഉപനിഷത്തിലൂടെ
🎀🎀🎀☬❉☬🎀🎀🎀
സാധകന്റെ അവസാനകാലത്തെ പ്രാര്‍ത്ഥനയാണ് ഈശാവാസ്യോപനിഷത്തിലെ അവസാനത്തെ നാല് മന്ത്രങ്ങള്‍. ആദിത്യമണ്ഡലത്തിലെ സത്യാത്മാവിനോടുള്ള പ്രാര്‍ത്ഥനയാണിത്.സൂര്യമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന സത്യസ്വരൂപനായ ബ്രഹ്മത്തിലേക്കുള്ള പ്രവേശനകവാടം വളരെ തേജസ്സുള്ള സ്വര്‍ണപാത്രം പോലെയുള്ള മൂടികൊണ്ട് മറച്ചിരിക്കുകയാണ്. അല്ലയോ സൂര്യദേവാ (പൂഷാവേ) സത്യസ്വരൂപനായ അങ്ങയെ ഉപാസിക്കുന്ന, സത്യധര്‍മ്മനായ എനിക്ക് സത്യാത്മാവായ അങ്ങയെ കാണുന്നതിന് ആ മൂടിയെ നീക്കി തന്നാലും.”ഹിരണ്‍മയേന പാത്രേണ സത്യസ്യാപിഹിതംമുഖംതത്ത്വം പൂഷന്നപാവൃണു സത്യധര്‍മ്മായ ദൃഷ്ടയേ”ബ്രഹ്മലോകത്തിലേക്കുള്ള പ്രവേശന കവാടമാണ് സൂര്യദേവന്‍. ലോകത്തെ പോഷിപ്പിക്കുന്ന പൂഷാവായ സൂര്യനോടാണ് പ്രാര്‍ത്ഥന.

നമുക്കേവര്‍ക്കും പ്രത്യക്ഷ ബ്രഹ്മവും ആദിത്യന്‍ തന്നെ. ആദിത്യപുരുഷനെ ബ്രഹ്മമായി ഉപാസിക്കണമെന്ന് ബൃഹദാരണ്യകം തുടങ്ങിയ ഉപനിഷത്തുകളും പറയുന്നു. പ്രകാശമാനമായ സ്വര്‍ണപാത്രം പോലെയുള്ള മൂടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കാമിനീ കാഞ്ചനാദികളായ സുഖഭോഗവസ്തുക്കളെയാണ്. ഇവ നമ്മെ ആകര്‍ഷിച്ച് സത്യസ്വരൂപത്തെ മറച്ചിരിക്കുന്നു. അത് നീക്കിത്തരണേ എന്ന അന്ത്യകാലത്തെ പ്രാര്‍ത്ഥന വളരെ ഗംഭീരമായിരിക്കുന്നു.

സൂര്യദേവനോടുള്ള പ്രാര്‍ത്ഥന തീര്‍ന്നില്ല. ഇനിയുമുണ്ട് ”പൂഷന്നേകര്‍ഷേ യമ സൂര്യ പ്രാജാപത്യ വ്യൂഹ രശ്മീന്‍സമൂഹതേജോ യത്തേ രൂപം കല്യാണതമം തന്നേ പശ്യാമിയോസാവസൗ പുരുഷഃ സ്യേഹമസ്മി”ലോകത്തെ പോഷിപ്പിക്കുന്നവനും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവനും എല്ലാറ്റിനെയും നിയന്ത്രിക്കുന്നവനും രശ്മികളെയും രസങ്ങളെയും പ്രാണങ്ങളെയും ആകര്‍ഷിച്ചെടുക്കുന്നവനും പ്രജാപതിയുമായ സൂര്യദേവാ, അങ്ങയുടെ തീഷ്ണ രശ്മികളെ ഒതുക്കി മാറ്റിനിര്‍ത്തൂ. തേജസ്സാര്‍ന്ന മനോഹരമായ രൂപം ഞാന്‍ കാണുന്നു (കാണട്ടെ). സൂര്യമണ്ഡലത്തിലെ പുരുഷനും ഞാനും ഒന്നുതന്നെ… അതേ ഒന്നുതന്നെ.

ഒരേ ആള്‍ തന്നെയാണ് ആദിത്യമണ്ഡലത്തിലും എന്നിലും ഉള്ളത്. ഒരിക്കലും വേറെയല്ല. ‘ഭൂര്‍ഭുവഃസ്വഃ’ എന്ന മഹാവ്യാക്യതികളാകുന്ന അവയങ്ങളോടുകൂടിയവനും ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നവനുമായ ആ പുരുഷനും ഞാനും തമ്മില്‍ ഭേദമില്ല. അതുതന്നെ ഞാന്‍, ഇത് എനിക്ക് അനുഭവമായി. ഭൂലോകമാകുന്ന ശിരസ്, ഭുവര്‍ലോകമാകുന്ന കൈകള്‍, സുവര്‍ലോകമാക്കുന്ന പാദങ്ങള്‍. പ്രാണനായും ബുദ്ധിയായും ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്ന ആ പുരുഷന്‍ തന്നില്‍നിന്ന് വേറെയല്ല. പൂര്‍ണതകൊണ്ട് പുരുഷന്‍ എന്നും ശരീരമാകുന്ന പുരത്തില്‍ ശയിക്കുന്നതുകൊണ്ട് പുരുഷന്‍ എന്നും പുരുഷ ശബ്ദത്തിന് അര്‍ത്ഥം.

പരിപൂര്‍ണതയാല്‍ എങ്ങും നിറഞ്ഞ പുരുഷന്‍ തന്നെയാണ് ഓരോ ശരീരത്തിലും കുടികൊള്ളുന്ന ആത്മാവ് എന്ന് താത്പര്യം. അവസാനകാലത്തെങ്കിലും ഇതിനെ നമുക്ക് ഉറയ്ക്കണം.ഈ മന്ത്രത്തിന്റെ ആദ്യ രണ്ടു പാദങ്ങളില്‍ പ്രാര്‍ത്ഥനയും മൂന്നാം പാദത്തില്‍ ദര്‍ശനവും നാലാം പാദത്തില്‍ അനുഭൂതിയും കാണാം. ‘പശ്യാമി’ എന്ന വാക്ക് ദര്‍ശനത്തെയും ‘സ്യേഹമസ്മി’എന്നത് അഭേദമായ അനുഭൂതിയെയും കുറിക്കുന്നു. മുന്‍പ് ഉണ്ടായിരുന്ന വേറെ, വേറെ എന്ന തോന്നല്‍ (ഭേദഭാവം) ശരിയായ ദര്‍ശനം ലഭിക്കുമ്പോള്‍ നീങ്ങുകയും ഒന്നാണെന്ന അനുഭവം ഉണ്ടാകുകയും ചെയ്യുന്നു.”വായുരനിലമമൃതമഥേഭം ഭസ്മാന്തം ശരീരംഓം ക്രതോസ്മര കൃതംസ്മര ക്രതോസ്മര കൃതംസ്മര”മരണാസന്നനായ സാധകന്റെ പ്രാര്‍ത്ഥന ഇനിയുള്ളതും കേമം തന്നെ.

ദേവത ഉപാസനയിലും വിഹിത കര്‍മ്മങ്ങളുടെ അനുഷ്ഠാനത്തിലും മുഴുകിക്കഴിഞ്ഞ സാധകന്റെ അതിഗംഭീര പ്രാര്‍ത്ഥനയാണ് ഉപനിഷത്ത് ഇവിടെ അവതരിപ്പിക്കുന്നത്. എന്റെ പ്രാണവായു എല്ലായിടവും നിറഞ്ഞതായ സമഷ്ടി വായുവുമായി ചേരട്ടെ. എന്റെ സ്ഥൂല ശരീരം ഭസ്മായിത്തീരട്ടെ. മനസ്സുകൊണ്ട് വേണ്ടതിനെ സ്മരിക്കാന്‍ കഴിയണേ. മനസ്സേ ഇതുവരെ ചെയ്ത  എല്ലാ നല്ല കാര്യങ്ങളെയും സ്മരിക്കൂ… ഇനി വേണ്ടതിനെയും നന്നായി സ്മരിക്കൂ. പ്രാണവായു ശരീരമാകുന്ന ഉപാധിയില്‍ പരിമിതനായിരിക്കുകയായിരുന്നു. ഇനി സര്‍വ ഉപാധികള്‍ക്കും അപ്പുറത്തുള്ള എല്ലാമായി വിലസുന്ന സമഷ്ടി സ്വരൂപനും സൂത്രാത്മാവ് എന്നപേരില്‍ അറിയപ്പെടുന്നവനുമായ വായുവുമായി ചേരണേ. ജ്ഞാനകര്‍മ്മങ്ങളാല്‍ സംസ്‌കരിക്കപ്പെട്ട ലിംഗശരീരം സ്ഥൂലശരീരത്തെ വിട്ട് ഊര്‍ദ്ധ്വഗതിയെ പ്രാപിക്കണേ.

പഞ്ചഭൂതങ്ങളെക്കൊണ്ട് നിര്‍മ്മിതമായ സ്ഥൂലശരീരം ഭസ്മമാകുന്ന അന്തത്തോടുകൂടിയതാകട്ടെ (ഭസ്മമായിത്തീരട്ടെ). സ്ഥൂലശരീരം അഗ്നിയില്‍ ദഹിക്കുംമുമ്പേ പ്രാണന്‍ അങ്ങയില്‍ എത്തണേ. സങ്കല്‍പ സ്വരൂപമായ മനസ്സേ വേണ്ടതിനെ ഓര്‍ക്കൂ. മരണസമയത്ത് എന്ത് സ്മരിക്കുന്നുവോ അപ്രകാരമായിരിക്കും തുടര്‍ഗതി. അതുകൊണ്ട് അപ്പോള്‍ വിട്ടുപോകാതെ നല്ലത് സ്മരിക്കാനാകണം. സങ്കല്‍പ സ്വരൂപനായ അഗ്നിദേവാ ഞാന്‍ ചെയ്ത സത്കര്‍മ്മങ്ങളെ ഓര്‍മ്മിച്ച് എനിക്ക് സദ്ഗതിയെ നല്‍കണേ എന്ന പ്രാര്‍ത്ഥനയുണ്ട്. ഞാന്‍ ഇത്രയുംകാലം അങ്ങയെ ഉപാസിച്ചതിനെയും ചെയ്ത കര്‍മ്മങ്ങളെയും ഓര്‍ത്തുകൊണ്ട് എനിക്ക് സഹായം ചെയ്യുവാനുള്ള അവസരമാണ് ഇതെന്ന് കണക്കാക്കി ഇപ്പോള്‍ തന്നെ ചെയ്തുതരണേ.

ആദരവിനെ കാണിക്കാന്‍ വേണ്ടിയാണ് ‘ക്രതോസ്മര കൃതംസ്മര’ എന്നത് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്. കാര്യത്തിന്റെ ഗൗരവമനുസരിച്ച് നമ്മള്‍ പലപ്പോഴും ഒരുകാര്യം തന്നെ രണ്ടും മൂന്നും വട്ടം ഒരേസമയം പറയാറുണ്ടല്ലോ.”അഗ്നേ നയ സുപഥാരായേ അസ്മാന്‍വിശ്വാനി ദേവ വയുനാനി വിദ്വാന്‍യുയോധ്യസ്മ ജ്ജുഹുരാണ മേനോഭൂയിഷ്ഠാം തേ നമ ഉക്തിം വിധേമ”അഗ്നിദേവാ അങ്ങ് എല്ലാ കര്‍മ്മങ്ങളെയും ജ്ഞാനങ്ങളെയും അറിയുന്നതുകൊണ്ട് എന്നെ നല്ല വഴിയിലൂടെ നയിക്കണേ. എന്നിലെ കുടിലമായ പാപത്തെ നശിപ്പിക്കണേ. അങ്ങേക്ക് വളരെയധികം നമസ്‌കാരം. എല്ലാവരുടെയും കര്‍മ്മങ്ങളെയും ഉപാസനകളെയും അറിയുന്ന അഗ്നിദേവനോട് നല്ല മാര്‍ഗത്തിലൂടെ അഥവാ ഉത്തരായന മാര്‍ഗത്തിലൂടെ കൊണ്ടുപോകണേ എന്നതാണ് ഇതിലെ പ്രധാന പ്രാര്‍ത്ഥന. അഗ്നിയെ പ്രതീകമാക്കി പ്രകാശസ്വരൂപനായ പരമാത്മാവിനോടാണ് ഉണര്‍ത്തിക്കുന്നത്.

മരണാനന്തരം മനുഷ്യന് ദക്ഷിണായനം, ഉത്തരായനം എന്നിങ്ങനെ രണ്ട് ഗതി. ദക്ഷിണായനത്തെ പിതൃയാനം, ധൂമമാര്‍ഗം എന്നും ഉത്തരായനത്തെ ദേവയാനം, അര്‍ച്ചിതമാര്‍ഗം എന്നും വിളിക്കുന്നു. ദക്ഷിണായന മാര്‍ഗത്തിലൂടെ പോയാല്‍ ചന്ദ്രലോകത്തെത്തി സുഖമനുഭവിച്ച് ഭൂമിയിലേക്ക് മടങ്ങണം. ഉത്തരായനമാര്‍ഗത്തില്‍ സൂര്യലോകം വഴി ബ്രഹ്മലോകത്ത് വന്ന് കല്പം കഴിയും വരെ അവിടെ. പിന്നീട് മുക്തി കിട്ടും. ഇത് ക്രമമുക്തിയാണ്. ആ നല്ല മാര്‍ഗത്തിലൂടെ കൊണ്ടുപോകണമെന്നാണ് പ്രാര്‍ത്ഥന. തിരിച്ചുവരവില്ലാത്ത മാര്‍ഗമാണത്. അലച്ചിലായിരുന്നു ഇതുവരെ, വന്നും പോയും (ജനിച്ചും മരിച്ചും). ഇനി നല്ല വഴി മതി.അതിന് തടസ്സമായി നില്‍ക്കുന്ന പാപങ്ങള്‍ ഉണ്ടെങ്കില്‍ അവയെ ഇല്ലാതാക്കണം. അതിന് വീണ്ടും വീണ്ടും നമസ്‌കാര വാക്കുകളെക്കൊണ്ട് പ്രസാദിപ്പിക്കുന്നു.

ദേവതാ ഉപാസനയും സ്വധര്‍മ്മാനുഷ്ഠാനവും വേണ്ടവിധം ചെയ്ത ഒരു യോഗിയുടെ ഒടുവിലെ പ്രാര്‍ത്ഥനയാണിത്. ആത്മനിഷ്ഠനായ ജ്ഞാനിയുടെ പ്രാര്‍ത്ഥനയല്ല എന്നത് വളരെ ശ്രദ്ധേയമാണ്. ജ്ഞാനിക്ക് ദക്ഷിണായനമാര്‍ഗവും ഉത്താരയന മാര്‍ഗവും ബാധകമേയല്ല.ഓം പൂര്‍ണമദഃ… എന്ന ശാന്തിമന്ത്രത്തോടെ തന്നെയാണ് ഈശാവസേ്യാപനിഷത്ത് അവസാനിക്കുന്നതും. എല്ലാം പൂര്‍ണമാണെന്നറിഞ്ഞ് ആ പൂര്‍ണതയാകാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ. അതിന് എല്ലാ ശാന്തിയും ഉണ്ടാകട്ടെയെന്ന് കരുതാം. സര്‍വം നിറഞ്ഞ ഈശനുമുന്നില്‍ പ്രണാമങ്ങള്‍ വീണ്ടും വീണ്ടും..

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍).

No comments:

Post a Comment