"ഗണപതിക്ക് ഏത്തമിടുന്നത് എന്തിന് വേണ്ടി ആണ്?"
ഗണപതി ഭഗവാനു മുൻപിൽ ഏത്തമിടുമ്പോൾ ചൊല്ലേണ്ട മന്ത്രം ചുവടെ ചേർക്കും വിധമാണ്:
"വലം കൈയ്യാൽ വാമശ്രവണവുമിടങ്കൈ വിരലിനാൽ
വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയിൽ
നിലം കൈമുട്ടാലെ പലകുറി തൊടുന്നേ അടിയനി-
ന്നലം കാരുണാബ്ധേ, കളക മമ വിഘ്നം ഗണപതേ!"
"വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും, കാലുകൾ പിണച്ചു നിന്നുകൊണ്ടും, കൈമുട്ടുകൾ പലവട്ടം നിലം തൊടുവിച്ചും, അടിയൻറെ എല്ലാ വിഘനങ്ങളും മാറ്റാനായി ഗണപതി ഭഗവാനെ കരുണാനിധിയെ നിൻമുൻപിൽ ഞാൻ കുമ്പിടുന്നേ..."
അതായത്, ഇടതു കാലിൻമേൽ ഊന്നിനിന്ന് വലത്തെ കാൽ ഇടത്തുകാലിൻറെ മുമ്പിൽ കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരൽ മാത്രം നിലത്തു തൊടുവിച്ച് നിൽക്കണം.... ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിൻറെ മുൻവശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം... എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്... ഇതാണ് യഥാർത്ഥ ഏത്തമിടൽ... ഇങ്ങനെ ഓരോ തവണ ഏത്തമിടുമ്പോഴും ഭഗവാൻ സന്തോഷംകൊണ്ട് ആയിരം തവണ ചിരിക്കുമത്രെ... ആ അനുരോധ ഊർജം നമ്മളിൽ എത്തിച്ചേരുകയും നമ്മളെ ബാധിച്ചിട്ടുള്ള പ്രതികൂല ഊർജം നമ്മെവിട്ട് പോവുകയും ചെയ്യുന്നു... ഗണപതി ഭഗവാനു മുൻപിൽ 36, 24, 16, 12, 7, 5, 3 ഇതിൽ ഏതെങ്കിലും തവണ ഏത്തമിടാം... ഇത് 72000 നാഡികളേയും ഉണർത്തി നമ്മെ ഉന്മേഷവാനാക്കുമെന്നുള്ളത് പരമസത്യം...
പരശുരാമനാണ് ആദ്യമായി ഗണപതി ഭഗവാനെ നോക്കി ഏത്തമിട്ടത്. മഹാദേവനെ കൈലാസത്തിൽ കാണാനെത്തിയ പരശുരാമനെ ഗണപതി ഭഗവാൻ തടയുകയും അവർ തമ്മിൽ യുദ്ധം ഉണ്ടാകുകയും ചെയ്തത് ഏവർക്കും പറഞ്ഞു തരേണ്ടതില്ലല്ലോ...? (ബ്രഹ്മാണ്ഡപുരാണത്തിലെ ഉപോദ്‌ഘാതപാദം വായിക്കുക)
ആ യുദ്ധത്തിൽ പരശുരാമൻ തൻറെ ആയുധമായ മഴു കൊണ്ട് ഗണപതി ഭഗവാൻറെ ഇടത്തെ കൊമ്പ് ഛേദിക്കുന്നുണ്ട്... പരശുരാമൻറെ ആ പ്രഹരം യഥാർത്ഥത്തിൽ ഗണപതി ഭഗവൻ തടയാതിരുന്നത്, ആ മഴു അച്ഛൻ മഹാദേവൻ കൊടുത്തതായതുകൊണ്ടായിരുന്നു. അത് തടഞ്ഞാൽ അച്ഛനെ നിന്ദിക്കുന്നതിന് തുല്യമാണല്ലോ എന്നതായിരുന്നു കാരണം. ഏതായാലും മുറിഞ്ഞ കൊമ്പ് താഴെവീഴാതെ ഗണപതി ഭഗവാൻ വലം കൈയ്യിൽ പിടിച്ചു. മകന് വന്ന വിഷമ സ്‌ഥിതി മഹാദേവനെയും മഹാദേവിയെയും കോപാകുലരാക്കുകയും, പരശുരാമനെതിരെ തിരിയാൻ പ്രേരിപ്പിക്കുകയും ചെയ്തു. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ പരശുരാമൻ പൊടുന്നനെ ഗണപതി ഭഗവാനു മുൻപിൽ ഏത്തമിടുകയും, ഇത് കണ്ട് ഗണപതി ഭഗവാൻ എല്ലാം മറന്ന് കുലുങ്ങി കുലുങ്ങി പൊട്ടി പൊട്ടി ചിരിച്ചു എന്നും കഥ... ഏതായാലും ഈ മുറിഞ്ഞ കൊമ്പ് പേനയാക്കിയാണ് വേദവ്യാസമഹർഷിക്കൊപ്പമിരുന്ന് ഗണപതി ഭഗവാൻ മഹാഭാരതം എഴുതി പൂർത്തിയാക്കിയത്...
ഓർക്കുക, ഗണപതി ഭഗവാൻറെ കൊമ്പ് ബ്രഹ്മാണ്ഡപുരാണത്തിൽ പരശുരാമൻ ഛേദിക്കുന്നതായും, സ്കന്ദപുരാണത്തിൽ സ്വയം ഛേദിക്കുന്നതായും, ഭവിഷ്യപുരാണത്തിൽ സഹോദരൻ ഷൺമുഖൻ ഛേദിക്കുന്നതായും, പത്മപുരാണത്തിൽ ബലരാമൻ ഛേദിക്കുന്നതായും കാണുന്നു... ഏതായാലും ഗണപതി ഭഗവാനെ സന്തോഷിപ്പിക്കാൻ ഏത്തമിടൽ തന്നെ ശരണം...
No comments:
Post a Comment