മധുകര വൃത്തി എന്ന ഹിന്ദു ഇക്കണോമിക്സ്
ധനവാൻ നരകത്തിൽ പോകും എന്നൊരു സങ്കൽപ്പമേ ഹിന്ദുവിനുണ്ടാകാൻ പാടില്ല. നമ്മുടെ നരകവും സ്വർഗ്ഗവും നമുക്ക് ചുറ്റും തന്നെയാണ്. ആവശ്യത്തിന് ചിലവാക്കാൻ ധനം ഇല്ലാത്തവനാണ് നരകത്തിൽ ജീവിക്കുന്നത്.
അപ്പോൾ എങ്ങനെയാണ് ധനം സമ്പാദിക്കുന്നത്? എത്ര ധനം സമ്പാദിക്കണം? അങ്ങനെ കൃത്യമായി കണക്കൊന്നും പറയുന്നില്ലെങ്കിലും നിങ്ങൾക്ക് ആവശ്യമുള്ളതിലുമധികം അതുണ്ടാക്കണം എന്ന് തന്നെയാണ് നിർദ്ദേശം. നിങ്ങളുടെ ആവശ്യങ്ങൾ, നിങ്ങളുടെ ധർമ്മവും ആഗ്രഹങ്ങളും അനുസരിച്ചിരിക്കും.
എന്തുതരം പ്രവർത്തി ചെയ്താണ് ധനം ഉണ്ടാക്കേണ്ടത് എന്നതാണ് അടുത്ത ചോദ്യം. മൂന്നുതരം വൃത്തികളെകുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
ആദ്യത്തേത് അംഗഹാര വൃത്തി. അതായത് കാട് കത്തിച്ച് അതിൽനിന്ന് വിറകും കരിയും എടുത്ത് ഉപയോഗിക്കുന്ന രീതി. രണ്ടാമത്തേത്
മലാക വൃത്തി. കാട്ടിൽ നിന്ന് പൂക്കളും ഫലങ്ങളും ശേഖരിക്കാം. പക്ഷേ വൃക്ഷങ്ങളേയും സസ്യങ്ങളേയും വെറുതെ വിടുന്നു.
മൂന്നാമത്തേതാണ് ഏറ്റവും ഉത്തമമായ മധുകര വൃത്തി. അതായത് ഒരു തേനീച്ച പൂക്കളിൽ നിന്ന് തേൻ ശേഖരിക്കുന്നത് പോലെയുള്ള പ്രവർത്തി. തേനീച്ച പൂക്കളെ നശിപ്പിക്കുന്നില്ല. നേരേ മറിച്ച് പൂക്കളെ പരാഗണത്തിന് സഹായിക്കുക കൂടി ചെയ്ത ശേഷം മാത്രമാണ്, തേൻ ശേഖരിക്കുന്നത്. താൻ അങ്ങനെ ശേഖരിച്ച തേൻ, തന്റെ വിശപ്പടക്കാൻ ആവശ്യത്തിന് ഭക്ഷിച്ച ശേഷം, മിച്ചം വരുന്നത് മറ്റുള്ളവർക്കായി സ്വന്തം കൂട്ടിൽ ശേഖരിച്ചു വയ്ക്കുന്നു. പ്രകൃതിയേയും, ആവാസവ്യവസ്ഥയേയും, മറ്റുള്ള ഒന്നിനേയും നശിപ്പിക്കാതെയുള്ള മനോഹരവും ഉദാത്തവുമായ ഈ പ്രവർത്തി ആണ്, ഏകദേശം ഏഴായിരം വർഷങ്ങൾക്ക് മുൻപ് വേദങ്ങളിൽ ഋഷിമാർ നിർദ്ദേശിച്ച മധുകര വൃത്തി. ഇതാണ് ഹിന്ദു ഇക്കണോമിക്സിന്റെ അടിസ്ഥാനം.
ഇനി എന്തിനാണ് ധനം? ധർമ്മാർത്ഥ കാമമോക്ഷങ്ങളേക്കുറിച്ച് കേട്ടിട്ടുണ്ടാവും. സ്വന്തം ധർമ്മം അത് എന്തുതന്നെയായാലും കൃത്യതയോടും ആത്മാർത്ഥതയോടും കൂടി ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. അതിൽ നിന്ന് അർത്ഥം (ധനം) സമ്പാദിക്കാം. എല്ലാ ആഗ്രഹങ്ങളും (കാമം) സാധിക്കാനാണ് ധനം. അത് പൂർണ്ണമായി മതിയാകുമ്പോഴേ മോക്ഷത്തിന് അർഹതയുള്ളൂ.
അടുത്ത തലമുറകൾക്ക് കൈകാര്യം ചെയ്യാനും, കൈമാറാനും അല്ല ധനം സമ്പാദിക്കേണ്ടത്. സ്വന്തമായി ഉണ്ടാക്കിയ ധനംകൊണ്ട് കാമം പൂർത്തീകരിച്ചാൽ മാത്രമേ ആത്മ സംതൃപ്തി ലഭിക്കൂ. മക്കൾക്ക് ഈ സംതൃപ്തി ലഭിക്കാൻ ഉള്ള അവസരം നിഷേധിക്കരുത്.
മിച്ചം വരുന്ന ധനത്തിന്റെ ശരിയായ വിനിയോഗം ആപത്തു കാലത്ത് സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നാണ് ഹിന്ദു സങ്കല്പം. ദേവാലയങ്ങൾ ആയിരുന്നു ആ സമ്പത്ത് സൂക്ഷിച്ചിരുന്ന സ്ഥലം. അതിന്റെ ഉദാഹരണമാണ് തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം.
ഹിന്ദുവിന്റെ ധർമ്മത്തിന്റേയും, ധനത്തിന്റേയും പ്രതീകമാണ് വിഷ്ണുവും ലക്ഷ്മിയും. പക്ഷേ ധർമ്മത്തിന്റെ പ്രതീകമായ വിഷ്ണുവിന്റെ കാൽക്കൽ ആണ് ധനത്തിന്റെ പ്രതീകമായ ലക്ഷ്മിയുടെ സ്ഥാനം. ധനം ധർമ്മത്തിന്റെ തലയിൽ ആകാൻ പാടില്ല എന്നർത്ഥം.
ഇതാണ് ഹിന്ദു ഇക്കണോമിക്സിന്റെ രത്നച്ചുരുക്കം.
No comments:
Post a Comment