സത്യം പറയുക
സർവ്വദേശങ്ങളിലും ധർമ്മങ്ങളിലും അങ്ങേയറ്റം മാന്യവും പ്രമാണവുമാണിത്. സത്യത്തിന്റെ മഹത്ത്വം എങ്ങനെ വർണ്ണിക്കാനാണ്! സൃഷ്ടിയുടെ ഉത്പത്തിക്കു മുന്നേ ഋതവും സത്യവും ഉണ്ടായെന്നും ഇവയിലാണ് ആകാശം, പൃഥ്വി, വായു മുതലായ പഞ്ചഭൂതങ്ങൾ നിലനില്ക്കുന്നതെന്നുമാണ് വേദത്തിൽ സത്യത്തിന്റെ മഹത്ത്വം വർണ്ണിക്കുന്നത്.
'സത്യേനോത്തഭിതാഭൂമിഃ' (ഋ.10.85.1),
ഋതഞ്ച സത്യഞ്ചാഭീര്ദ്ധാത്ധ്യപസോ ജായത (ഋ.10.190.1)
തുടങ്ങിയ മന്ത്രങ്ങളിൽ ഇതാണ് ഓതിയിട്ടുള്ളത്. 'സത്യം' എന്ന പദത്തിന്റെ ധാത്വർത്ഥവും 'വർത്തിക്കുന്നത്', ഒരിക്കലും നശിക്കാത്തത്, അഥവാ മൂന്നു കാലങ്ങളും ബാധിക്കാത്തത് എന്നാണ്. അതിനാൽ സത്യത്തെപ്പറ്റി പറയുന്നത്, സത്യമല്ലാതൊരു ധർമ്മവും ഇല്ലെന്നും, സത്യമാണ് പരബ്രഹ്മമെന്നുമാണ്. മഹാഭാരതത്തിൽ പലയിടത്തും 'നാസ്തിസത്യാത് പരോ ധർമ്മ' സത്യത്തിന്നുപരിയൊരു ധർമ്മമില്ലെന്നും.
"അശ്വമേധസഹസ്രം ച സത്യം ച തുലയാ ധൃതം
അശ്വമേധസഹസ്രാദ്ധി സത്യമേവ വിശിഷ്യതേ '"
അശ്വമേധമായിരവും ഒരു സത്യവും തമ്മിൽ തൂക്കിനോക്കിയാൽ സത്യമായിരിക്കും ശ്രേഷ്ഠം'
വാച്യർത്ഥാ നിയതാഃ സർവ്വേ വാങ്മൂലാ വാഗ്വിനിസൃതാഃ
താംതു യ സ്തേനയേദ്വാചം സ സർവ്വസ്തേയകൃന്നരഃ
'മനുഷ്യർ എല്ലാം ചെയ്യുന്നത് വാണിയാലത്രേ. ഒരുവന്റെ ആശയം അന്യനു പകരാൻ വാണിയല്ലാതെ മറ്റൊന്നില്ല. അതത്രേ വാണിയുടെ മൂലസ്രോതസ്സും പ്രവൃത്തികളുടെ അടിസ്ഥാനവും. ആരാണോ അതിനെ മലിനമാക്കുന്നത്. വഞ്ചിക്കുന്നത്, അവൻ അടിമുടി കട്ടുകളയും.
' അതിനാലത്രേ, 'സത്യപൂതം വദേദ്വാചം' (മനു. 6.46) '
സത്യത്താൽ പവിത്രമാക്കിയതേ പറയാവൂ' എന്നു മനു അരുളിയത്. മറ്റു ധർമ്മങ്ങളെ അപേക്ഷിച്ച് സത്യത്തിനുമാത്രം ഒന്നാം സ്ഥാനം നല്കേണ്ടതിനാണ്
'സത്യം വദ ധർമ്മം ചര' (തൈ.1.11.1)
എന്ന് ഉപനിഷത്തിലും ഉപദേശിച്ചിരിക്കുന്നത്.
പ്രാണൻ വെടിയുംമുന്പ് ശരശയ്യയിൽ കിടന്ന് ഭീഷ്മപിതാമഹൻ സർവ്വധർമ്മങ്ങളെയും യുധിഷ്ഠിരന് ഉപദേശിച്ചപ്പോൾ
'സത്യേഷു യതിതവ്യം വഃ സത്യം ഹി പരമം ബലം'
എന്നു പറഞ്ഞ് സത്യത്തിനു നിരക്കുന്നതു ചെയ്ക എന്ന ആഹ്വാനം എല്ലാ മനുഷ്യർക്കും നല്കിയതും വെറുതെയല്ല.
ഇപ്രകാരം നിത്യവുമായ കാര്യത്തിന് എന്തെങ്കിലും അപവാദമുണ്ടെന്നു സങ്കല്പിക്കാനാകുമോ? പക്ഷേ, ദുഷ്ടന്മാർ നിറഞ്ഞ ഈ ലോകത്തിൽ കഴിച്ചുകൂട്ടുന്നതു വളരെ പ്രയാസമാണ്. കള്ളന്മാർ ഓടിച്ചുകൊണ്ടുവന്ന ചിലർ നിങ്ങൾ കാണെ എവിടെങ്കിലും കയറി ഒളിച്ചെന്നു വിചാരിക്കുക. ഊരിയ വാളുമായി നിങ്ങളുടെ മുന്പിലെത്തിയ കള്ളന്മാർ അവരെവിടെ എന്നു ചോദിക്കുന്നു. നിങ്ങൾ എന്തു പറയും? സത്യം പറഞ്ഞ് നിങ്ങൾ അവരെ കൊലയ്ക്കു കൊടുക്കുമോ അതോ ഹിംസയിൽ നിന്നു രക്ഷിക്കുമോ? നിരപരാധികളുടെ ഹിംസ തടയുന്നതും സത്യത്തിനു തുല്യം മഹത്ത്വമുള്ള ധർമ്മമാണ്. ചോദിക്കാതെ പറയരുത്, അന്യായമായി ചോദിച്ചാലും ഉത്തരം പറയരുത്, അറിയാമെങ്കിലും നൊസ്സനെപ്പോലെ 'ആ' 'ഓ' എന്നൊക്കെ മൂളി തടിതപ്പിക്കൊള്ളണം.
'നാപൃഷ്ടഃ കസ്യ ചിദ് ബ്രൂയാന്ന ചാന്യായേന പൃച്ഛതഃ' 'ജാനന്നപി ഹി മേധാവീ ജഡവല്ലോക ആചരേത്' (മനു.2.1.10, മ.ഭാ.ശ.287-37)
ശരി, ആ ഓ എന്നു പറഞ്ഞ് തടിതപ്പുന്നത് ഒരു പ്രകാരത്തിൽ കള്ളം പറയുകയല്ലേ?
'ന വ്യാജേന ചരേദ്ധർമ്മം'
ധർമ്മത്തെ വഞ്ചിച്ച് മനസ്സിനെ സമാധാനിപ്പിക്കരുത്, ധർമ്മത്തെ ചതിക്കാനാവില്ല, നിങ്ങൾ തന്നെ ചതിയിൽ പെടുകയേ ഉള്ളൂ എന്ന് മഹാഭാരതത്തിൽ പലേടത്തും പറഞ്ഞിട്ടുണ്ട്. ഇനി, ആ ഓ പറഞ്ഞ് തടിതപ്പാൻ സമയമില്ലെങ്കിൽ എന്തു ചെയ്യും? വാളുമൂരി കള്ളൻ നിങ്ങളുടെ നെഞ്ചത്തു കയറിയിരുന്ന് പണമെവിടെ എന്നു ചോദിക്കുന്നെന്നു കരുതൂ. ഉത്തരം പറഞ്ഞില്ലെങ്കിൽ തല പോകുമെന്നുറപ്പാണ്. അപ്പോഴെന്തു പറയും?
അകൂജനേന ചേന്മോക്ഷോ നാവകൂജേത്കഥംചന.
അവശ്യം കൂജിതവ്യേ വാ ശംകേരൻ വാപ്യകൂജനാത്.
ശ്രേയസ്തത്രാനൃതം വക്തും സത്യാദിതി വിചാരിതം.
'മിണ്ടാതെ രക്ഷ കിട്ടുമെങ്കിൽ മിണ്ടിയേക്കരുത്. മിണ്ടേണ്ടിവന്നാലോ മിണ്ടാതിരുന്നാൽ അന്യർക്കു സംശയം തോന്നുമെങ്കിലോ കള്ളം പറഞ്ഞേക്കുകയാണ് നന്നെന്ന് ആലോചിച്ചു തീർച്ചപ്പെടുത്തിയിട്ടുണ്ട്.' സത്യാചരണം വെറും ഉച്ചാരണത്തിനു മാത്രമുള്ളതല്ലെന്നതാണിതിനു കാരണം. ഏത് ആചാരമാണോ ഏവർക്കും നന്മ വരുത്തുന്നത്, അത് ഉച്ചാരണം അയഥാർത്ഥമായിപ്പോകയാൽ നിന്ദ്യമാണെന്നു കരുതാവുന്നതേയല്ല. എല്ലാവർക്കും നാശമുണ്ടാക്കുന്നത് സത്യവുമല്ല, അഹിംസയുമല്ല.
"സത്യസ്യ വചനം ശ്രേയഃ സത്യാദപി ഹിതം വദേത്.
യദ്ഭൂതഹിതമത്യന്തം ഏതത്സത്യം മതം മമ".
സത്യം പറയുന്നത് നന്ന്. അതിലും നന്ന് എല്ലാ ജീവികൾക്കും നന്മവരുത്തുന്നതു പറയുകയാണ്.
സത്യമേ പറയൂ എന്ന പ്രതിജ്ഞക്കാരനായ യുധിഷ്ഠിരൻ ദ്രോണാചാര്യരോട്,
'നരോ വാ കുഞ്ജരോ വാ'
എന്നു പറഞ്ഞ് സന്ദേഹം ജനിപ്പിച്ചതെന്തിന് (അപ്രിയമായ വാർത്ത കേട്ടാലേ യുദ്ധത്തിൽ താൻ ആയുധം താഴെവെക്കൂ എന്നു ദ്രോണാചാര്യർ പ്രതിജ്ഞചെയ്തിരുന്നു. സ്വപുത്രനായ അശ്വത്ഥാമാവ് മരിച്ചു എന്ന്, കള്ളം പറയാത്ത യുധിഷ്ഠിരൻ പറഞ്ഞു.
അശ്വത്ഥാമാ ഹതഃ നരോ വാ കുഞ്ജരോ വാ
(അശ്വത്ഥാമാവ് മരിച്ചു, മനുഷ്യനോ ആനയോ) എന്നതിലെ കുഞ്ജരോ വാ എന്ന ഭാഗം ദ്രോണർ കേട്ടില്ല. ശ്രീകൃഷ്ണന്റെ ശംഖനാദത്തിൽ അതമർന്നുപോയി എന്നു കഥ. ) ഇതിനെല്ലാം കാരണം മുന്പു പറഞ്ഞതല്ലാതെ മറ്റൊന്നുമല്ല.
സത്യം പറഞ്ഞാൽ നിരപരാധികളുടെ ജീവന് പോകുമെന്നു ശങ്കിക്കാവുന്ന അവസരങ്ങളിൽ എന്തു ചെയ്യണം?
സത്യസ്യ വചനം ശ്രേയഃ സത്യാദപി ഹിതം വദേത്.
യദ്ഭൂതഹിതമത്യന്തം ഏതത്സത്യം മതം മമ.
സത്യം പറയുന്നത് നന്ന്. അതിലും നന്ന് എല്ലാ ജീവികൾക്കും നന്മവരുത്തുന്നതു പറയുകയാണ്.
No comments:
Post a Comment