12 January 2018

ദശാവതാരവും മനുഷ്യനും

ദശാവതാരവും മനുഷ്യനും

ദശാവതാരങ്ങളെ അവതാരത്തിലുപരിയായി ചിന്തിച്ചാൽ വളരെ മനോഹരമായി നമുക്ക് നമ്മുടെ തന്നെ ഭാവമാക്കാനാകും. മനുഷ്യന്റെ എവല്യൂഷനായി തന്നെ നമുക്ക് ദശാവതാരങ്ങളെ മാറ്റാനാകും. മത്സ്യം മുതൽ കൽകി  വരെയുള്ള അവതാരങ്ങളെ മറ്റൊരു തരത്തിൽ ചിന്തിക്കുന്നത് വളരെ രസകരവും അവതാരതത്ത്വം മനസ്സിലാക്കാനും സാധിക്കും.

മത്സ്യം

മത്സ്യം ആണ് ആദ്യത്തെ അവതാരം. മത്സ്യം തൊട്ടുകൂട്ടുക എന്ന വാചകം നാം ഓർക്കാറുമുണ്ട്. എന്തുകൊണ്ടാണ് മത്സ്യാവതാരം തന്നെ ആദ്യം. സംസാരസാഗരത്തിൽ ഉഴറുന്ന നമ്മെ തന്നെ മത്സ്യമായി കണ്ടാൽ മതിയാകും.  സാധാരണ ഭാഷയിൽ പറഞ്ഞാൽ ഏതൊരു വ്യക്തിയും ശുദ്ധതത്ത്വത്തെ മനസ്സിലാക്കുവാൻ ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രാണനെ സ്വാധീനീക്കുക. ഈ സംസാരസാഗരത്തിൽ നിന്ന് ഉയരുവാനുള്ള ആഗ്രഹം വരുമ്പോൾ ആദ്യം വേണ്ടത് പ്രാണനെ അടക്കുക എന്നതാണ്. യോഗദർശനത്തെ ആധാരമാക്കി നോക്കുയാണെങ്കിൽ ഇഡ-പിംഗള നാഡികളെയാണ് മത്സ്യം കാണിക്കുന്നത് കാരണം ശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം തന്നെ ഇവയെ ഗംഗയും യമുനയുമായി ആണ് പറയുന്നത്. അതിലെ മത്സ്യങ്ങളായി ആണ് ഈ രണ്ട് നാഡിയെ തുലനം ചെയ്യുന്നത്. ഇവിടെയും കുണ്ഡലിനിശക്തിയെ ഉയർത്തുന്നതിനുള്ള ആദ്യ പടിയായി നാഡി ശുദ്ധി ചെയ്യുക എന്നർത്ഥം.

കൂർമം

മത്സ്യം കഴിഞ്ഞാൽ അടുത്തത് കൂർമാവതാരമാണ്. കൂർമം  എന്നത് എപ്പോഴും നാം ക്ഷേത്രങ്ങളിൽ കാണുന്നതാണ്. കൂർമത്തെ എന്തിനാണ് അമ്പലത്തിൽ വച്ചിരിക്കുന്നത് എന്നു ആലോചിച്ചാൽ വളരെ എളുപ്പമായി പറയാം. കയ്യും തലയും കാലും ഉള്ളിലേക്ക് വലിച്ചാൽ കൂർമത്തിന് പ്രകൃതിയിലെ എല്ലാത്തിൽ നിന്ന് പിൻവലിയാം. കൂർമത്തെ നമ്മുടെ പഞ്ചേന്ദ്രിയവുമായി ബന്ധിപ്പിച്ചാൽ ശ്വാസനീയന്ത്രണം മാത്രമല്ല മനോനിയന്ത്രണത്തിന് വേണ്ടത് നമ്മുടെ രൂപ രസ ഗന്ധ സ്പർശ ശബ്ദം തുടങ്ങിയ എല്ലാത്തിൽ നിന്നും പിൻവലിഞ്ഞ് പഞ്ചേന്ദ്രിയങ്ങളേയും അടക്കണം. അതായത് ഉൾവലിയണം എന്നർത്ഥം. അതാണ് കൂർമാവതാരം. സാധകൻ എല്ലായിപ്പോഴും പ്രകൃതിയുടെ മായാവലയത്തിൽ നിന്ന് ഉൾവലിയണം എന്നർത്ഥം...

വരാഹം

വരാഹം എങ്ങിനെയാണോ ചളിയിൽ കിടക്കുന്നത് അതെ പോലെ തന്നെയാണ് മനുഷ്യരും. അവിടെ സ്ഥൂലരൂപമായ ചളിയിലാണെങ്കിൽ നാം കിടക്കുന്നത് ലോഭമോഹ മദ മാത്സര്യാദികളായ ചളിയിലാണ്. ആദ്യത്തെ പടിയായ പ്രാണനേയും പഞ്ചേന്ദ്രിയങ്ങളേയും അടക്കുമ്പോൾ പ്രകൃതിയുടെ എല്ലാ മായയിൽ നിന്നും മാറി നമുക്ക് ഭൂമിയെ ഉയർത്താനാകും. സാത്വികമായ അഭിവാഞ്ച ഉണ്ടാകുമ്പോൾ സ്വയം കാമക്രോധാദികളാകുന്ന സമുദ്രത്തിലേക്ക് ഇറങ്ങി അവയെ നശിപ്പിച്ച് സ്വന്തം സത്ത്വസ്വരൂപത്തെ ഉയർത്തണം. വരാഹം ഭൂമിയെ ഉയർത്തുന്നു എന്നു പറയുന്നതും ഇതുകൊണ്ട് തന്നെ. ഭൂമിയെ എപ്പോഴും മൂലാധാരമായി ആണ് പറയുക.  അതായത് ഒരു സാധകന്റെ ആദ്യ പടി സ്വന്തം സത്വശുദ്ധിയെ ചളിയിൽ നിന്നു ഉയർത്തുക എന്നത് തന്നെ.

നരസിംഹം

മനുഷ്യരുടെ ഉയർച്ചയിൽ പകുതി മനുഷ്യനും പകുതി മൃഗവും ആയ സ്വരൂപം ആയി മാറുന്നു. അതായത് തമോഗുണപ്രധാനിയായ രൂപം.  എപ്പോഴും ആദ്യപടിയായി നമുക്ക് എപ്പോഴും മൃഗസ്വരൂപം ആണ് അതായത് തമോഗുണം.  സംഹാരരൂപിയായ നരസിംഹം എപ്പോഴും തമോരൂപിയായി നിൽക്കുന്നു. പക്ഷെ അതോടൊപ്പം തന്നെ നല്ല ഗുണവും. സ്നേഹം ദയ ഇങ്ങിനെ മാറി മാറി വരുന്നു. അതാണ് പകുതി മനുഷ്യനും പകുതി മൃഗവും. എപ്പോഴും മനുഷ്യന്റെ സ്വാഭാവികമായ മൃഗസ്വരൂപവും മനുഷ്യസ്വരൂപവും മാറി മാറിവരുന്നത് തന്നെ നാം ആണ് നരസിംഹത്തിൽ കാണുന്നത്.

വാമനൻ

വാമനൻ ജനിച്ചപ്പോഴെ തന്നെ വളർന്നവനായി ആണ് പറയുന്നത്.  അതായത് മനുഷ്യൻ മൃഗത്തിൽ നിന്ന് പൂർണരൂപമായ മനുഷ്യനിലേക്ക് എത്തിചേരുന്നു എന്നർത്ഥം.  എപ്പോഴാണോ മനുഷ്യനിൽ ഭാവശുദ്ധിയും ചിത്തശുദ്ധിയും ഉണ്ടാകുന്നത് അവിടെ തത്ത്വബോധം ഉണ്ടാകുന്നു. ഒന്നുകൂടി പറഞ്ഞാൽ പഞ്ചേന്ദ്രിയങ്ങളും, പഞ്ചഭൂതങ്ങളും, പഞ്ചകോശങ്ങളും ചേർന്ന ഭൂരൂപമാണ് വാമനൻ. ചെറിയ രൂപമായ വാമനൻ. പക്ഷെ മൂന്നുലോകങ്ങളേയും അളക്കുവാൻ യോഗ്യനായിട്ടും സ്വയം വിനീതനായി നിൽക്കുന്ന ഭാവവും വാമനനാണ്. അതായത് ഒരു സാധകൻ ആദ്യം പഠിക്കേണ്ട പാഠം ശാസ്ത്രാഹങ്കാരത്തേയും സ്വാഭാവമാകുന്ന അഹങ്കാരത്തേയും കളയുക എന്നതാണ്..

പരശുരാമൻ

ഇവിടെ ബ്രാഹ്മണനാണെങ്കിലും പരശുരാമൻ രജോഗുണം കാണിക്കുന്നു.. ക്ഷത്രിയന്മാരെ നിഗ്രഹിക്കുക എന്ന് കാണിക്കുമ്പോൾ ഇവിടെ സാധകന്റെ രജോഗുണങ്ങളുമായി ഉള്ള യുദ്ധത്തെ കാണിക്കുന്നു. പരശു കൊണ്ട് സ്വന്തം അമ്മയെ വധിക്കുന്നതിലൂടെ സാധകനിൽ ഉണ്ടാകേണ്ട വിരക്തിഭാവത്തേയും പരശുരാമൻ പഠിപ്പിച്ചുതരുന്നു.  സാധകന് രജോഗുണം എപ്പോഴും മുന്പിലേക്കുള്ള പാതയെ തടസ്സപ്പെടുത്തുന്നു അതുകൊണ്ട് തന്നെ അവയെ നശിപ്പിക്കുക എന്നതാണ് ആദ്യ പടി.

ശ്രീരാമൻ

അടുത്തത് ശ്രീരാമനാണ് അവിടെ രജോ ഗുണത്തിൽ നിന്ന് മുക്തനായി പൂർണരൂപമായ സത്വഗുണപ്രധാനിയായ മനുഷ്യനായി മാറുന്നു. ഉത്തമപുരുഷനായ രൂപം. അതുകൊണ്ട് തന്നെയാണ് ശ്രീരാമനെ ഉത്തമപുരുഷനെന്ന് നാം പറയുന്നത്.. അതായത് ഒരു സാധകൻ സ്വയം എല്ലാ ദുർഗുണങ്ങളേയും നശിപ്പിച്ച് ഉത്തമപുരുഷനായി മാറുന്നു എന്നർത്ഥം.

ബലരാമൻ

ബലരാമന്റെ അർത്ഥം എടുത്താൽ ബലേന രാമോ രമണം യസ്യ എന്നാണ്.  ബലം എന്നതിന് ആകട്ടെ ബലതേ വിപക്ഷാൻ ഹന്തീതി. എല്ലാ ക്രോധമോഹ മദമാത്സ്യര്യാദികളേയും ത്രിഗുണങ്ങളേയും നശിപ്പിച്ച് ത്രിഗുണാതീതിനായി ശുദ്ധസ്വരൂപമായ ജ്ഞാനത്തിൽ രമിക്കുന്നവനായി  മാറുന്നവനാണ് ബലരാമൻ. അവിടെ സാധകൾ ശുദ്ധമുക്തരൂപമായി ത്രിഗുണതീതനായി മാറുന്നു.

ശ്രീകൃഷ്ണൻ

ശ്രീകൃഷ്ണൻ ത്രിഗുണസ്വരൂപത്തെ അതായത് മായയെ അറിഞ്ഞ് ത്രിഗുണാതീതനായി ജീവിക്കുന്നു.  അതായത് മനുഷ്യനും സത്യത്തെ അറിഞ്ഞ് അതായത് മായയെ മനസ്സിലാക്കി ജീവിതത്തെ ലീലയായി ആടണം എന്നർത്ഥം.  ജീവിതത്തിൽ ഒരു സമയവും കൃഷ്ണനെന്ന വ്യക്തിയിൽ ദുഃഖത്തെ കാണിക്കുന്നവനായി പറയാറില്ല. ഇതെല്ലാം മായയാണെന്ന് അറിഞ്ഞു ത്രിഗുണാതീതനായി ജീവിതത്തെ സാധകൻ സ്വീകരിക്കണം എന്ന് ശ്രീകൃഷ്ണാവതാരം കാണിച്ചുതരുന്നു.

കൽക്കി

രൂപമില്ലാത്ത ഒന്ന്. മത്സ്യത്തിൽ നിന്ന് തുടങ്ങി കൽക്കിയിലെത്തുമ്പോൾ സാധകൻ സ്വയം ബ്രഹ്മസ്വരൂപമായി മാറുന്നു. ബ്രഹ്മജ്ഞഃ ബ്രഹ്മൈവ ഭവതി.. രൂപമില്ലാത്ത ശുദ്ധബ്രഹ്മസ്വരൂപം. അതാണ് കൽക്കി..

No comments:

Post a Comment